Image

എല്ലാം ശരിയാക്കി എല്‍.ഡി.എഫ്. മദ്യനയം (ഷാജന്‍ ആനിത്തോട്ടം)

ഷാജന്‍ ആനിത്തോട്ടം Published on 12 June, 2017
എല്ലാം ശരിയാക്കി എല്‍.ഡി.എഫ്. മദ്യനയം (ഷാജന്‍ ആനിത്തോട്ടം)
ഒടുവില്‍ അതിനൊരു തീരുമാനമായി; ഒരു വര്‍ഷത്തിലധികമായി ജനം കാത്തിരുന്ന മദ്യനയം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. 2017 ജൂലൈ ഒന്നു മുതല്‍ കേരളത്തില്‍ ത്രീസ്റ്റാര്‍ മുതല്‍ ഉയര്‍ന്ന റാങ്കിലുള്ള എല്ലാ നക്ഷത്ര ഹോട്ടലുകളിലും വിദേശമദ്യം വില്‍ക്കുവാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 'എല്‍.ഡി.എഫ്. വരും, എല്ലാം ശരിയാകും' എന്നായിരുന്നു ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം. എല്ലാം ശരിയായില്ലെങ്കിലും പല ശരികേടുകള്‍ക്കിടയില്‍ ഈ വലിയ ശരി വേറിട്ടുനില്‍ക്കുമെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുസര്‍ക്കാര്‍ അധികാരമേറ്റ കഴിഞ്ഞ വര്‍ഷം മേയ്മാസം മുതല്‍ ഇത്തരമൊരു പ്രഖ്യാപനം നാം പ്രതീക്ഷിച്ചതാണ്. എന്തുകൊണ്ടാണ് ഇതിത്രമാത്രം വൈകുന്നത് എന്നതു മാത്രമായിരുന്നു സന്ദേഹം. എല്‍.ഡി.എഫ്. പ്രകടന പത്രികയിലും തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിലുമെല്ലാം 'മദ്യവര്‍ജ്ജനം ഘട്ടം ഘട്ടമായി നടപ്പിലാക്കും', മദ്യാസക്തി കുറയ്ക്കുവാനും ലഹരി വിരുദ്ധ ചികില്‍സയ്ക്കും പ്രോല്‍സാഹനം നല്‍കും' എന്നിങ്ങനെ അവിടെയുമിവിടെയും തൊടാതെ പറഞ്ഞുപോവുകയും ബാറുടമകളുടെ പക്കല്‍ നിന്നും ആളും അര്‍ത്ഥവും സ്വീകരിക്കുകയും ചെയ്യുന്നത് കണ്ടിരുന്ന അരിയാഹാരം കഴിയ്ക്കുന്ന എല്ലാവര്‍ക്കുമറിയാമായിരുന്നു, ഇടതുമുന്നണി ജയിച്ചാല്‍ സംസ്ഥാനത്ത് നിലനിന്നിരുന്ന അഴകൊഴുമ്പന്‍ മദ്യനയത്തിന് അന്യമാവുമെന്ന്. എങ്കിലും മുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ ഒന്നിനുപിറകെ ഒന്നായി രൂപം കൊണ്ട അനവധി പ്രതിസന്ധികളും വിവാദങ്ങളും കാരണം തീരുമാനം നീണ്ടുപോവുകയായിരുന്നു. ഇനിയങ്ങോട്ട് ബാറുടമകള്‍ക്കും അവരെ നിയന്ത്രിയ്ക്കുന്ന രാഷ്ട്രീയക്കാര്‍ക്കും ചാകരക്കാലം.

വിമര്‍ശനങ്ങള്‍ ഒരുപാടുണ്ടാവുമെങ്കിലും ഇപ്പോള്‍ സര്‍ക്കാര്‍ എടുത്തിരിക്കുന്ന തീരുമാനം തികച്ചും സ്വാഗതാര്‍ഹമാണെന്ന് തന്നെ പറയാം. കേവലം കുറെ വോട്ടുകള്‍ക്കുവേണ്ടി മദ്യനിരോധനമെന്ന ഒരിക്കലും നടപ്പിലാക്കാനാവാത്ത മഹാസ്വപ്‌നവും ജനമനസ്സുകളില്‍ അടിച്ചേല്‍പ്പിയ്ക്കുവാനുള്ള വിലകുറഞ്ഞ തന്ത്രങ്ങളായിരുന്നു നാളിതുവരെ നമ്മള്‍ കണ്ടുകൊണ്ടിരുന്നത്. ചുരുക്കം ചിലതൊഴികെ എല്ലാ രാഷ്ട്രീയക്കാര്‍ക്കും അടഞ്ഞുകിടക്കുന്ന ബാറുകള്‍ തുറക്കുന്നതിലായിരുന്നു താല്‍പ്പര്യം. എങ്കിലും ജനരോഷം എതിരാവുമെന്ന് കരുതി കക്ഷിരാഷ്ട്രീയക്കാരും മതനേതാക്കളും ആ അയഥാര്‍ത്ഥലക്ഷ്യത്തിനുവേണ്ടി വാദിച്ചുകൊണ്ടിരുന്നു. ലോകത്തൊരിടത്തും വിജയകരമായി നടപ്പിലാക്കാന്‍ സാധിക്കാത്ത ഒന്നാണ് മദ്യനിരോധനമെന്ന തിരിച്ചറിവ് ഇല്ലാഞ്ഞിട്ടായിരുന്നില്ല, രാജാവിനേക്കാള്‍ വലിയ രാജഭക്തി പ്രകടിപ്പിച്ചേ തീരുവെന്ന് ശഠിക്കുന്നവര്‍ സൃഷ്ടിച്ച മായികലോകത്തുനിന്നും ഒടുവില്‍ ഉത്തരവാദപ്പെടുവാന്‍ പുറത്തുവന്നുവെന്ന് സമാധാനിക്കാം.

ചാരായനിരോധനം ഏര്‍പ്പെടുത്തിയതോടുകൂടി കേരളത്തിലെ സാധാരണക്കാരുടെ കുടുംബങ്ങളിലെല്ലാം സമാധാനം വിളയാടിയെന്ന് വീമ്പു പറഞ്ഞിരുന്നവരുടെ മുഖത്തേറ്റ അടിയായിരുന്നു തൊട്ടുപിന്നാലെയുണ്ടായ വ്യാജവാറ്റ് കേന്ദ്രങ്ങളുടെ വന്‍വര്‍ദ്ധനയും വളര്‍ച്ചയും. സത്യത്തില്‍ ഏ.കെ.ആന്റണി സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ആ പദ്ധതി അവര്‍ക്കു തന്നെ തിരിച്ചടിയായിക്കൊണ്ടാണ് തൊട്ടുപിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. തകര്‍ന്നടിഞ്ഞത്. പകലന്തിയോളം അദ്ധ്വാനിച്ചതിനുശേഷം വൈകീട്ട് ഇത്തിരി ലഹരിക്കുവേണ്ടി ചാരായഷാപ്പില്‍ കയറുന്ന സാധാരണക്കാരനായ ഒരു തൊഴിലാളി പരമാവധി 100 രൂപ മുടക്കിയ സ്ഥാനത്ത്, നിരോധനത്തിന് പിന്നാലെ ബാറുകളില്‍ കയറി അതിന്റെ മൂന്നിരട്ടിയിലധികം തുക അവന്‍ ചിലവഴിച്ചതോടുകൂടി വീട്ടമ്മമാരും കുട്ടികളും പട്ടിണിയിലാവുകയായിരുന്നു. അതിനെച്ചൊല്ലി നടക്കുന്ന അടിപിടിയും സംഘര്‍ഷങ്ങളും വേറെ. മെല്ലെമെല്ലെ ബാറുകള്‍ പലതും രണ്ട് തരം സേവനങ്ങള്‍ നല്‍കിത്തുടങ്ങി-സമ്പന്നര്‍ക്കു വേണ്ടി എയര്‍ക്കണ്ടീഷന്‍ ചെയ്ത മുന്തിയ മുറികളും തൊഴിലാളികള്‍ക്കിരുന്ന് മദ്യപിക്കുവാനുള്ള തറ കൗണ്ടറുകളും. അതിനേക്കാളേറെ ഭയാനകമായിരുന്നു ചാരായക്കടകളിലും ഗോഡൗണിലും ജോലിചെയ്തിരുന്നവര്‍ക്ക് തൊഴില്‍ നഷ്ടം മൂലം വന്ന സാമ്പത്തികത്തകര്‍ച്ചകള്‍. ഇന്നും ചാരായനിരോധനത്തിന്റെ പേരില്‍ മേനി പറയുന്ന രാഷ്ട്രീയനേതാക്കളോട് സഹതപിക്കുകയല്ലാതെന്തു ചെയ്യാന്‍?

 കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ ബാര്‍ പൂട്ടല്‍ നാടകവും വിലകുറഞ്ഞ രാഷ്ട്രീയതന്ത്രമായിരുന്നുവെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാമറിായം. ആദ്യം പൂട്ടിയ 410 ബാറുകള്‍ തുറക്കുവാന്‍ ഒരു കാരണവശാലും സമ്മതിക്കാതിരുന്ന അന്നത്തെ KPCC പ്രസിഡണ്ട് വി.എം.സുധീരനെ വെട്ടാന്‍ വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബാക്കിയുള്ള ബാറുകള്‍ കൂടി പൂട്ടുകയാണെന്ന് പ്രഖ്യാപിച്ചു. എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്ന അവസ്ഥയായിരുന്നു അത്. പക്ഷേ അതോടുകൂടി ആ വ്യവസായത്തോട് ബന്ധപ്പെട്ട് ജീവിയ്ക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളാണ് പ്രതിസന്ധിയിലായത്. ബാര്‍ മുതലാളിമാര്‍ തട്ടിയും മുട്ടിയും ജീവിച്ചുപോയെങ്കിലും പല സ്ഥലങ്ങളിലും ജീവനക്കാര്‍ പട്ടിണിമൂലം ആത്മഹത്യ ചെയ്തു. ഹോട്ടല്‍ കൗണ്ടറുകളില്‍ ജീവനൊടുക്കിയ പലരുടെയും കഥകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. എന്നിട്ടും കേവലം കുറെ വോട്ടുകള്‍ക്കുവേണ്ടി രാഷ്ട്രീയനേതാക്കള്‍ കപടനാടകം കളിക്കുകയായിരുന്നു.

ബാര്‍ പൂട്ടല്‍ നടപടികള്‍ക്കു ശേഷം കേരളത്തില്‍ മയക്കുമരുന്ന് മാഫിയ വന്‍വളര്‍ച്ചയാണ് നേടിയതെന്ന് കണക്കുകള്‍ പറയുന്നു. വഴിയോരങ്ങളില്‍ മാത്രമല്ല, സ്‌ക്കൂള്‍ കോമ്പൗണ്ടുകളില്‍ വരെ ലഹരിമരുന്ന് വില്‍പ്പന വ്യാപകമായി. കള്ളവാറ്റും കഞ്ചാവ് വില്‍പ്പനയും സംസ്ഥാനത്തിന്റെ സദാചാരജീവിതത്തിന് തന്നെ വെല്ലുവിളിയായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിതജ് സിംഗ് തന്നെ ഈ വസ്തുത പരസ്യമായി വെളിപ്പെടുത്തിയിട്ടുണ്ട്. മ്ദയനിരോധനമല്ലേ ശരിയായ ബോധവല്‍ക്കരണമാണ് വേണ്ടത് എന്ന സത്യം ആരാണ് ഉത്തരവാദപ്പെട്ടവരെ മനസ്സിലാക്കിക്കൊടുക്കുകയെന്ന് ശങ്കിയ്‌ക്കേണ്ടതില്ല; ഉറങ്ങുന്നവനെയേ ഉണര്‍ത്താന്‍ പറ്റുകയുള്ളൂ, ഉറക്കം നടിയ്ക്കുന്നവരെ വിട്ടേക്കുക.

ക്രിസ്ത്യന്‍ മതനേതാക്കളും ഇടയന്മാരുമാണ് സര്‍ക്കാരിന്റെ മദ്യനയത്തെ സ്വാധീനിയ്ക്കുവാന്‍ ഏറ്റവുമധികം  ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സത്യത്തില്‍ അവര്‍ക്ക് അതിനുള്ള ധാര്‍മ്മികാവകാശമില്ലായെന്ന് പറയേണ്ടി വരും.കേരളത്തിലെ മദ്യവ്യവസായികളില്‍ വലിയൊരു പങ്കും ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്നുള്ളവരാണ്. അങ്ങിനെയുള്ളവരുടെ പക്കല്‍ നിന്നും വന്‍ തോതില്‍ സംഭാവനയും പണപ്പിരിവും നടത്തുന്നവരാണ് എല്ലാ സഭക്കാരും. ഇപ്പോള്‍ കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന വമ്പന്‍ ദേവാലയനിര്‍മ്മാണങ്ങളുടെ ഏറ്റവും വലിയ സാമ്പത്തികസ്‌ത്രോതസ്സുകളിലൊന്ന് മദ്യവ്യവസായികളാണ്. ധൂര്‍ത്തിന്റെയും അത്യാഡംബരങ്ങളുടെയും അപലനീയ ദൃഷ്ടാന്തങ്ങളായി, അക്രൈസ്തവമായി മാറിക്കൊണ്ടിരിക്കുന്ന പള്ളിപ്പെരുന്നാളുകളുടെ പ്രസുദേന്തിമാര്‍ പലരും അബ്കാരികളോ അവരുടെ ബിനാമികളോ ആണ്. അങ്ങിനെയുള്ളവരുടെ പണം പറ്റുകയും മദ്യ ഉപഭോഗത്തിന്റെയും ലഭ്യതയുടെയും ദൂഷ്യവശങ്ങളെപ്പറ്റി ഘോരഘോരം പ്രസംഗിക്കുകയും ചെയ്യുന്നവരുടെ ഇരട്ടത്താപ്പും നമ്മള്‍ കാണുന്നു. മദ്യവ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ പണം വേണ്ടായെന്ന് പറയുവാനുള്ള ആര്‍ജ്ജവം ഏത് സഭാനേതാവിനാണുള്ളത്? വൈദ്യാ, സ്വയം ചികില്‍സിയ്ക്കുവെന്ന് വിശ്വാസികള്‍ പറയുമ്പോള്‍ കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ!

നമുക്ക് വേണ്ടത് വൃത്തിയുള്ള മദ്യവില്‍പ്പനകേന്ദ്രങ്ങളും ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളുമാണ്. കൈക്കൂലിയും സ്വാധീനവുമനുസരിച്ച് നക്ഷത്രപദവി അനുവദിയ്ക്കാതെ, കൃത്യമായ പരിശോധനകളോടെയും കൂടെക്കൂടെയുള്ള അവലോകനങ്ങളിലൂടെയും ഹോട്ടലുകളുടെയും മദ്യവില്‍പ്പനകേന്ദ്രങ്ങളുടെയും പദവി നിര്‍ണ്ണയിയ്‌ക്കേണ്ടതാണ്. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ പോലും ഗുണമേന്മയുള്ള മദ്യം ലഭ്യമാവുന്നു. മാന്യമായിരുന്ന് മദ്യപിയ്ക്കാവുന്ന ബാറുകള്‍ വഴിയോരങ്ങളിലും സര്‍വ്വസാധാരണമാണ്. എന്നിട്ടും അവിടങ്ങളിലെങ്ങും കുടിച്ച് പാമ്പായി ആരും റോഡില്‍ കിടക്കുന്നില്ല. മിതമായ വിലയ്ക്ക് ഗുണമേന്മയുള്ള മദ്യം വൃത്തിയും വെടിപ്പുമുള്ള വില്‍പ്പനകേന്ദ്രങ്ങളിലും ബാറുകളിലും ലഭ്യമാക്കുവാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കണം. നക്ഷത്രപദവിയുള്ള ഹോട്ടലുകളില്‍ ചെത്തുകള്ള് വില്‍ക്കുവാനുള്ള പുതിയ മദ്യനയത്തിലെ തീരുമാനം പിന്‍വലിയ്‌ക്കേണ്ടതാണെന്നുകൂടി ഈയവസരത്തില്‍ പറയേണ്ടിയിരിക്കുന്നു. ഇപ്പോള്‍ തന്നെ കള്ള്ഷാപ്പുകളില്‍ വിതരണത്തിന് തദ്ദേശങ്ങളില്‍ ആവശ്യമായ കള്ള് ലഭ്യമല്ലാത്തതു മൂലം പാലക്കാട് നിന്നും തമിഴ്‌നാട്ടില്‍ നിന്നും നിലവാരം കുറഞ്ഞ കള്ള് കൊണ്ട് വന്ന്. പഞ്ചസാരയും ലഹരിപകരുന്ന ഗുളികകളും കലര്‍ത്തിയാണ് വില്‍ക്കുന്നതെന്നത് പരസ്യമായ രഹസ്യമാണ്. അപ്പോള്‍ പിന്നെ സ്റ്റാര്‍ ഹോട്ടലുകളിലേയ്ക്കു കൂടി കള്ള് വിതരണം തുടങ്ങിയാല്‍ മനോഹരമായ ലേബലുകളില്‍ വിഷപാനീയ വില്‍പ്പനയാവും നടക്കാന്‍ പോകുന്നതെന്നത് മുന്‍കൂട്ടി പറയാന്‍ സാധിയ്ക്കും.

പുതിയ മദ്യനയത്തോട് പൊതുവെ ജനങ്ങള്‍ അനുകൂല പ്രതികരണമാണ് നല്‍കുന്നതെന്ന് മാധ്യമവാര്‍ത്തകളിലൂടെ മനസ്സിലാക്കുവാന്‍ പറ്റുന്നുണ്ട്. ടൂറിസം മേഖലയിലും മദ്യവ്യവസായവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഉപമേഖലകളിലും പുതിയ ഉണര്‍വ്വ് സംഭവിയ്ക്കും. എതിര്‍പ്പുകള്‍ ഉണ്ടാവുക സ്വാഭാവികം. വോട്ട്-ബാങ്ക് രാഷ്ട്രീയത്തിലൂന്നിയ അത്തരം പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും പക്ഷേ സാവധാനം തണുത്തുറയുകയുംചെയ്യും. ഇപ്പോള്‍ത്തന്നെ ഐക്യമുന്നണിയിലെ ഷിബുബേബി ജോണും ഐ.ടി.യു.സി നേതൃത്വവും പുതിയ മദ്യനയത്തെ സ്വാഗതം ചെയ്തു കഴിഞ്ഞു. ഇനി സര്‍ക്കാര്‍ ചെയ്യേണ്ടത് പുതിയ മദ്യനയത്തിന്റെ മറവില്‍ വ്യാജമദ്യവും അനധികൃത നിര്‍മ്മാണവും നടത്തുന്നവരെ തടയുക എന്നതാണ്. ഒപ്പം ഗുണമേന്മയുള്ള മദ്യം സുലഭമായി ലഭ്യമാക്കുകയും വേണം. മറ്റ് പല മേഖലകളിലുമുണ്ടായ വീഴ്ചകള്‍ക്ക് ഇനിയങ്ങോട്ടുള്ള നല്ല നടപടികളിലൂടെ പരിഹാരമുണ്ടാക്കാവുന്നതേയുള്ളൂ. വേണ്ടത് അതിനുള്ള നിശ്ചയദാര്‍ഢ്യമാണ്.


എല്ലാം ശരിയാക്കി എല്‍.ഡി.എഫ്. മദ്യനയം (ഷാജന്‍ ആനിത്തോട്ടം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക