Image

24 വര്‍ഷത്തിന് ശേഷം പുഷ്പാംഗതന്‍ നാട്ടിലേയ്ക്ക് മടങ്ങി

Published on 13 June, 2017
24 വര്‍ഷത്തിന് ശേഷം പുഷ്പാംഗതന്‍ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: യാതൊരു രേഖകളും ഇല്ലാതെ 24 വര്‍ഷം സൗദി അറേബ്യയില്‍ പ്രവാസജീവിതം നയിച്ച മലയാളി, നവയുഗം സാംസ്‌കാരികവേദിയുടെയും, സാമൂഹ്യപ്രവര്‍ത്തകരുടെയും സഹായത്തോടെ, നാട്ടിലേയ്ക്ക് മടങ്ങി.

മാവേലിക്കര സ്വദേശിയായ പുഷ്പാംഗദന്‍ 1993ല്‍ സൗദി അറേബ്യയില്‍ ജോലിയ്‌ക്കെത്തുമ്പോള്‍, 33 വയസ്സായിരുന്നു പ്രായം. ആദ്യം ഇക്കാമ എടുത്ത് ജോലി ചെയ്യാന്‍ തുടങ്ങിയെങ്കിലും, സ്‌പോണ്‍സറും, സഹപ്രവര്‍ത്തകരുമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് അയാള്‍ ആ കമ്പനിയില്‍ നിന്നും ഒളിച്ചോടി, സ്വതന്ത്രമായി ജോലി ചെയ്തു ജീവിയ്ക്കാന്‍ തുടങ്ങി.

പാസ്സ്‌പോര്‍ട്ടും, ഇക്കാമയും അടക്കമുള്ള യാതൊരു രേഖകളും ഇല്ലാതെ, സൗദിയിലെ പല പ്രദേശങ്ങളിലായുള്ള ആ ഒളിവു ജീവിതം, 24 വര്‍ഷം നീണ്ടു. ഇതിനിടയില്‍ പല പ്രാവശ്യം സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിയ്ക്കപ്പെട്ടെങ്കിലും, പ്രവാസ ജീവിതം തുടരാനാണ് പുഷ്പാംഗദന്‍ താത്പര്യപ്പെട്ടത്. അവിവാഹിതനായ പുഷ്പാംഗദന്‍ മടങ്ങി വരുന്ന കാര്യത്തില്‍, നാട്ടിലുള്ള ബന്ധുക്കളും വലിയ സമ്മര്‍ദ്ദം ചെലുത്തിയില്ല എന്നതും പ്രവാസജീവിതം നീണ്ടുപോകാന്‍ ഒരു കാരണമായി.

ഇത്തവണ പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോള്‍, ഏറെ റിസ്‌ക്ക് നിറഞ്ഞ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങാന്‍ തീരുമാനിച്ച പുഷ്പാംഗദന്‍, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യ വിഭാഗത്തോട് സഹായം അഭ്യര്‍ത്ഥിച്ചു.
നവയുഗത്തിന്റെ നിര്‍ദ്ദേശപ്രകാരം, ഔട്ട്പാസ്സ് കിട്ടാന്‍ ഇന്ത്യന്‍ എംബസ്സിയ്ക്ക് അപേക്ഷ നല്‍കിയെങ്കിലും, മതിയായ രേഖകളുടെ അഭാവത്തില്‍ എംബസ്സി അപേക്ഷ നിരസിച്ചു. തുടര്‍ന്ന് പുഷ്പാംഗദന്റെ ബന്ധുക്കള്‍ കൊല്ലം സ്വദേശിയായ നവയുഗം മുന്‍കേന്ദ്രകമ്മിറ്റി പ്രസിഡന്റ് കെ.ആര്‍. അജിത്തിന്റെ സഹായത്തോടെ കൊടിക്കുന്നില്‍ സുരേഷ് എം.പിയെ ബന്ധപ്പെട്ട്, ഇന്ത്യന്‍ എംബസ്സിയിലേയ്ക്ക് ശുപാര്‍ശ കത്ത് നല്‍കിയപ്പോള്‍, എംബസ്സി ഔട്ട്പാസ്സ് അനുവദിച്ചു.

യാതൊരു രേഖകളും ഇല്ലാത്ത പുഷ്പാംഗദന് ഫൈനല്‍ എക്‌സിറ്റ് എടുക്കുകയായിരുന്നു അടുത്ത കടമ്പ. അതിനായി നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ പദ്മനാഭന്‍ മണിക്കുട്ടന്‍, സക്കീര്‍ ഹുസ്സൈന്‍ എന്നിവര്‍ പുഷ്പാംഗദനെ ഖഫ്ജി തര്‍ഹീലില്‍ കൊണ്ട് പോയി, അവിടെയുള്ള എംബസ്സി ഹെല്‍പ്‌ഡെസ്‌ക്ക് വോളന്റീര്‍ ജലീലിന്റെ സഹായത്തോടെ ഫിംഗര്‍പ്രിന്റ് എടുത്ത് എക്‌സിറ്റ് അടിച്ചു വാങ്ങി.

നവയുഗം കോബാര്‍ സിറ്റി കമ്മിറ്റി പ്രസിഡന്റ് ബിജിബാല്‍, പുഷ്പാംഗദന് വിമാനടിക്കറ്റ് നല്‍കി. സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ്, പുഷ്പാംഗദന്‍ നാട്ടിലേയ്ക്ക് മടങ്ങി.

24 വര്‍ഷത്തിന് ശേഷം പുഷ്പാംഗതന്‍ നാട്ടിലേയ്ക്ക് മടങ്ങി24 വര്‍ഷത്തിന് ശേഷം പുഷ്പാംഗതന്‍ നാട്ടിലേയ്ക്ക് മടങ്ങി24 വര്‍ഷത്തിന് ശേഷം പുഷ്പാംഗതന്‍ നാട്ടിലേയ്ക്ക് മടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക