Image

ജെയിംസ് കോമി രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോ? (ഏബ്രഹാം തോമസ്)

Published on 13 June, 2017
ജെയിംസ് കോമി രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോ? (ഏബ്രഹാം തോമസ്)
 പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ വെളിപ്പെടുത്തലുകളിലൂടെയും ആരോപണങ്ങളിലൂടെയും മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. പ്രസിഡന്റ് നയം അതിന്റെ വഴിക്ക് പോകുന്നതിന് തടസം നിന്നോ എന്ന് അന്വേഷിക്കുന്ന കമ്മീഷന് മുമ്പാകെ മൊഴി നല്‍കിയും കോമി ഉജ്ജ്വല വെളിച്ചത്തിന്റെ പ്രഭയിലായി.

കോമിയെ സംബന്ധിച്ചിടത്തോളം ക്യാപിറ്റോള്‍ ഹില്ലുമായി ബന്ധപ്പെട്ട കരിയറും അവസരങ്ങളും തല്‍ക്കാലം അവസാനിച്ചു. ഇനിയെന്ത് എന്ന് ചോദ്യം ഉയരുന്നു. ഫെഡറല്‍ ഗവണ്‍മെന്റിന്റെ ജോലി അവസാനിക്കുമ്പോള്‍ ഭരണത്തില്‍ അകത്തളക്കാരായിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ പലര്‍ക്കും നേരിടേണ്ടി വന്ന അവസ്ഥയിലാണ് കോമി.

നെറ്റ് വര്‍ക്കിംഗിന് പ്രാധാന്യം കല്‍പിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സൃഷ്ടിച്ചെടുക്കുന്ന ബന്ധങ്ങള്‍ അവര്‍ സര്‍വീസ് വിടുന്ന നാള്‍ മുതല്‍വലിയ മുതല്‍ക്കൂട്ടായി മാറാറുണ്ട്. എഫ്ബിഐ ഉദ്യോഗസ്ഥരും അറ്റേണി ജനറല്‍മാരും ഗവണ്‍മെന്റ് ജോലിയില്‍ നിന്ന് വിമുക്തരായി കോര്‍പ്പറേറ്റ് മേഖലയില്‍ വളരെ ഉന്നതമായ പദവിയിലെത്തുന്നത് സാധാരണമാണ്. തൊഴിലുടമകള്‍ ഇവര്‍ക്ക് നിയമനം നല്‍കുവാന്‍ താല്‍പര്യം കാണിക്കാറുണ്ട്. സ്‌പെഷ്യല്‍ കൗണ്‍സല്‍ റോബര്‍ട്ട് മുള്ളറും മുന്‍ അറ്റേണി ജനറല്‍ എറിക് ഹോള്‍ഡറും വന്‍കിട നിയമ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന ജോലികളില്‍ ഗവണ്‍മെന്റ് സേവനം കഴിഞ്ഞ ഉടനം തന്നെ കടന്നുകൂടി.

എന്നാല്‍ കോമിയുടെ കാര്യം വ്യത്യസ്തമാണ്. മുന്‍പറഞ്ഞവരാരും കോമിയെ പോലെ വിവാദങ്ങളില്‍ നിറഞ്ഞു നിന്നിട്ടില്ല. കോമിക്ക് ആകര്‍ഷകമായ പ്രതിഫലം നല്‍കി ആകര്‍ഷകമായ ഒരു ജോലി നല്‍കുന്നതിന് മുന്‍പ് തൊഴിലുടമകള്‍ പലയാവര്‍ത്തി ആലോചിക്കും.

ഡെമോക്രാറ്റുകള്‍ ഹിലറി ക്ലിന്റന്റെ ഇമെയിലുകളുടെ പുനരന്വേഷണം കോമി പ്രഖ്യാപിച്ചത് അത്ര പെട്ടെന്ന് മറക്കുകയില്ല. പ്രസിഡന്റ് ട്രംപ് കോമിയെ വിശേഷിപ്പിച്ചത് ഒരു ഷോ ബോട്ട് ആയാണ്. റിപ്പബ്ലിക്കനുകളില്‍ പലര്‍ക്കും ഇതേ അഭിപ്രായമാണ് കോമിയെകുറിച്ചുള്ളത്. കോമി രാഷ്ട്രീയത്തില്‍ പ്രവേശിക്കുവാനുള്ള സാധ്യതകള്‍ ആരായുന്നതായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പരിഗണനയിലില്ല. പാര്‍ട്ടി നേതാക്കള്‍ മൃദു സമീപനം സ്വീകരിക്കുകയില്ല എന്ന് കോമിക്കറിയാം. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ആകെയുള്ള പ്രശ്‌നം ഹിലറിയുടെ ഇമെയില്‍ അന്വേഷണ പ്രഖ്യാപനമാണ്. ഇത് ദിവസങ്ങള്‍ക്കുള്ളില്‍ തിരുത്തി വാര്‍ത്താകുറിപ്പ് ഇറക്കിയിരുന്നു. 2020 തിരഞ്ഞെടുപ്പിന്റെ പ്രൈമറികള്‍ക്ക് ഇനിയും ഒന്നര വര്‍ഷത്തോളമുണ്ട്. സാധ്യത പഠന കമ്മിറ്റി രൂപീകരിക്കുവാനും അവലോകനം നടത്തുവാനും ധാരാളം സമയമുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക