Image

അനന്ത ശാന്തമായ പിതൃവാല്‍സല്യത്തിന്റെ ചിര സ്മരണ (എ.എസ് ശ്രീകുമാര്‍)

Published on 13 June, 2017
അനന്ത ശാന്തമായ പിതൃവാല്‍സല്യത്തിന്റെ ചിര സ്മരണ (എ.എസ് ശ്രീകുമാര്‍)
പത്തുമാസം ഉദരത്തില്‍ ചുമന്ന് പ്രസവിച്ച് അമ്മിഞ്ഞപ്പാല്‍ ഇറ്റിച്ചുതന്ന് നമ്മെ പറക്കമുറ്റിച്ച വാല്‍സല്യ നിധിയാണ് അമ്മയെങ്കില്‍ അതേ സ്‌നേഹ പരിലാളനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പ്രതീകങ്ങളാണ് അച്ഛന്‍. അമ്മയെ അകമഴിഞ്ഞ് ആദരിച്ച 'മദേഴ്‌സ് ഡേ' ഏതാനും ആഴ്ചകള്‍ക്ക് മുമ്പായിരുന്നു. അഖിലലോക അച്ഛന്‍മാരെ ബഹുമാനിക്കാനിതാ മറ്റൊരു 'ഫാദേഴ്‌സ് ഡേ' സമാഗതമാവുന്നു. ജൂണ്‍ 18-ാം തീയതിയാണ് പിതൃത്വത്തെ മാനിക്കുന്ന ആ അവിസ്മരണീയമായ ഉല്‍സവ ദിനം. അച്ഛനുറങ്ങാത്ത വീടുകള്‍ സമൂഹത്തിനപമാനമാണ്. അമ്മയെ പോലെതന്നെ പറഞ്ഞറിയിക്കാന്‍ പറ്റാത്തൊരു വികാരമാണ് സ്‌നേഹമുള്ള മക്കള്‍ക്ക് അച്ഛന്‍. കുടുംബനാഥന്‍ എന്ന നിലയില്‍ അച്ഛന് അവഗണിക്കാനാവാത്ത ഒട്ടേറെ റോളുകള്‍ ഉണ്ട്. സഹനത്തിന്റെയും പരിപാലനത്തിന്റെയും പ്രതീകമാണ് അമ്മ. എങ്കില്‍ സൃഷ്ടിയുടെയും സംരക്ഷണത്തിന്റെയും  കരുത്തിന്റെയും വിശേഷണമാണ് അച്ഛന് ചേരുക. കുടുംബത്തിന്റെ കെട്ടുറപ്പും സുരക്ഷയും അച്ഛന്മാരുടെ ചുമലിലാണെന്നും.

ആരോഗ്യകരമായ ഒരു കുടുംബാന്തരീക്ഷത്തിന് ആരോഗ്യമുള്ള ഒരച്ഛന്‍ വേണം.... സ്‌നേഹനിധിയായ ഒരച്ഛന്‍ വേണം...വളരെയധികം പ്ലാനിംഗുള്ള ഒരച്ഛന്‍ വേണം. മക്കളെ ശാസിച്ചും ശിക്ഷിച്ചും വളര്‍ത്തുന്ന അച്ഛന്‍  പലപ്പോഴും അവരുടെ സ്‌നേഹം പ്രകടിപ്പിക്കാറില്ല. അമ്മമാരെ അപേക്ഷിച്ച് അവരുടെ സ്‌നേഹം ആന്തരികമാണ്. മക്കള്‍ പഠിച്ചു വളര്‍ന്ന് സ്വന്തം കാലില്‍ നില്‍ക്കാറാവുമ്പോള്‍ അച്ഛന്‍ അനുഭവിക്കുന്ന നിര്‍വൃതിക്ക് അതിരുകളില്ല. അതേ മക്കള്‍ തന്നെ തങ്ങളെ തങ്ങളാക്കിയ അച്ഛനെ ഒരു ബാധ്യതയായി കണ്ട് വൃദ്ധ സദനത്തിലേയ്ക്ക് വഴിപിരിച്ച് കൊണ്ടുപോകുമ്പോള്‍ പിതൃ ഹൃദയത്തിലുണരുന്ന നൊമ്പരങ്ങള്‍ക്കും സീമകളില്ല.

ശരണാലയത്തിന്റെ മടുപ്പിക്കുന്ന ഏകാന്തതയിലിരുന്ന് വിങ്ങിപ്പൊട്ടുമ്പോഴും വാത്സല്യനിധിയായ അച്ഛന്‍ നമ്മെ അറിഞ്ഞോ അറിയാതെയോ ശപിക്കുന്നുണ്ടോയെന്ന് കാതോര്‍ക്കുക. ഇക്കുറി ഫാദേഴ്‌സ് ഡേ ആഘോഷിക്കുമ്പോള്‍ മുമ്പെന്നെത്തേക്കാളും ഉപരിയായി സ്വന്തം അച്ഛനെ സ്‌നേഹിക്കാനും ആദരിക്കാനും ഒരിക്കലവര്‍ തന്നെ വാത്സല്യം, ഇപ്പോഴും അവര്‍ ചൊരിഞ്ഞുകൊണ്ടിരിക്കുന്ന അളവറ്റ സ്‌നേഹം പതിന്മടങ്ങായി തിരിച്ചു കൊടുക്കാനും പുതുശപഥം ചെയ്യേണ്ടിയിരിക്കുന്നു. ദ്രോഹികളായ അച്ഛന്മാരെ സ്‌നേഹം കൊണ്ടും പരിഗണനകൊണ്ടും കീഴടക്കി കുടുംബത്തിലേയ്ക്ക് മടക്കിക്കൊണ്ടു വരാനും അതുവഴി കുടുംബത്തിന്റെ താളവും പൂര്‍ണതയും വീണ്ടെടുക്കുവാനും ശ്രമിക്കേണ്ടിയിരിക്കുന്നു. ആഘോഷം അങ്ങനെ അര്‍ഥപൂര്‍ണമാകട്ടെ.

''ബാല്യത്തില്‍ ആവശ്യങ്ങളെപ്പറ്റി ഞാന്‍ ചിന്തിച്ചിരുന്നില്ല, പിതാവിന്റെ സംരക്ഷണം ഒഴിച്ച്...''എന്ന സിഗ്മണ്ട് ഫ്രോയ്ഡിന്റെ  വാക്കുകളില്‍ നിന്നും ഒരച്ഛന്റെ സംരക്ഷണത്തിന് നാം എത്രമാത്രം വില കല്‍പ്പിക്കുന്നു എന്ന് വ്യക്തമാകും. ഫാദേഴ്‌സ് ഡേ എന്നത് പിതാക്കന്മാരെക്കുറിച്ചുള്ള ഓര്‍മ പുതുക്കലിന്റെയും ആഘോഷത്തിന്റെയും ദിനമാണ്. കുടുംബാംഗങ്ങളുടെ കൂട്ടായ്മയുടെ ഉത്തമ അവസരം കൂടിയാണിത്. എന്നെ സംബന്ധിച്ച് ഈ ഫാദേഴ്‌സ് ഡേ വേദനയുടെ ദിനമാണ്. കണ്ണീര്‍ തര്‍പ്പണത്തോടെ ഞാന്‍ ഒന്നു പറയട്ടെ എന്റെ അഛനെക്കുറിച്ച്...

അന്ന് തിങ്കളാഴ്ചയായിരുന്നു. ''തിങ്കളാഴ്ച നല്ല ദിവസം...'' എന്ന് ശുഭാപ്തി വിശ്വാസത്തോടെ നമ്മള്‍ മലയാളികള്‍ പറയും. പക്ഷേ, ആ ദിവസം എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ ദുരന്തത്തിന്റെ വേലിയേറ്റം ഹൃദയത്തിലേയ്ക്ക് തിരയടിച്ചെത്തി. കൃത്യമായി പറഞ്ഞാല്‍ 2016 നവംബര്‍ 14. ശിശുദിനമാണന്ന്. കേവലം ശിശുവായ എന്നെ മടിയിലിരുത്തി സ്‌നേഹിച്ച് കൊതിപ്പിച്ച് പരിപാലിച്ച് വളര്‍ത്തി പറക്കമുറ്റിച്ച എന്റെ അച്ഛന്റെ ആത്യന്തികമായ വേര്‍പാട് നേരില്‍ കണ്ട് കണ്ണീര്‍ വറ്റിയ വൈകുന്നേരം. ഏതാണ്ട് ഒരു വര്‍ഷത്തോളമായി വാര്‍ധക്യ സഹജമായ ശാരീരിക ബുദ്ധിമുട്ടുകളാല്‍ ശയ്യാവലംബിയായിരുന്നു സ്‌നേഹ നിധിയായ എന്റെ പ്രിയ പിതാവ്. അദ്ദേഹത്തിന്റെ പ്രതിമാസ പെന്‍ഷന്‍ ചങ്ങനാശേരി ട്രഷറിയില്‍ നിന്ന് വാങ്ങി വീട്ടിലെത്തുമ്പോള്‍ വൈകുന്നേരം അഞ്ച് മണി കഴിഞ്ഞിരുന്നു.

അച്ഛന്റെ കട്ടിലിനരികിലെത്തുമ്പോള്‍ വല്ലാത്തൊരു തിളക്കം ആ കണ്ണുകളില്‍ ഞാന്‍ കണ്ടു. തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ഒരു മാസത്തെ കിടത്തി ചികില്‍സയ്ക്ക് ശേഷം രോഗാവസ്ഥയില്‍ പ്രത്യേകിച്ച് പുരോഗതിയൊന്നും കാണാത്തതിനാല്‍ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ കൊണ്ടു വന്നു. എന്നെയും എന്റെ പ്രിയപ്പെട്ട സഹോദരി ഇന്ദുകലയെയും ഒരുപാട് സ്‌നേഹിച്ച് വര്‍ത്തമാനം പറയുകയും മണ്‍മറഞ്ഞ ബാബുരാജിന്റെയും കെ.പി.സി.സി നാടക സമിതിയുടെയും വയലാര്‍-ദേവരാജന്‍-യേശുദാസ് ഉള്‍പ്പെടെയുള്ളവരുടെയുമൊക്കെ പഴയ പാട്ടുകള്‍ പാടി ഞങ്ങളെ ഉറക്കുകയും ചെയ്ത ആ നാവ് ഏറെ മാസമായി നിശ്ചലമായിരുന്നു. ഒരേ കിടപ്പില്‍ ശരീരം പൊട്ടി വൃണമായതിന്റെ വേദന, അച്ഛന്റെ ദീനമായ ഞരക്കങ്ങളിലൂടെ കേള്‍ക്കുമ്പോള്‍ മനസ് മരവിച്ചു...വിധിയെ പഴിച്ചു. നാലഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശബ്ദമായി എറണാകുളം, ആലപ്പുഴ ജില്ലകളില്‍ അച്ഛന്‍ നിറഞ്ഞു നിന്ന വിപ്ലവ കാലഘട്ടത്തെക്കുറിച്ചാണ് അന്ത്യ നിമിഷങ്ങളില്‍ എനിക്കപ്പോള്‍ ഓര്‍മ വന്നത്.

ഒരു വലിയ, ലാവിഷായ കുടുംബത്തിന്റെ ഭാരം എന്റെ പിതാവിന്റെ ചുമലിലായിരുന്നു. അച്ഛന്റെ  അച്ഛന്‍ വൈദ്യന്‍ എ.എന്‍ നാരായണന്‍ ആചാരി, അദ്ദേഹം തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍ നിന്ന് വൈദ്യകലാനിധി പാസായ ഭിഷഗ്വരനായിരുന്നു. വല്ല്യമ്മയുടെ പേര് കാര്‍ത്ത്യായനി. സുന്ദരിയായിരുന്നു എന്റെ മുത്തശ്ശി കാര്‍ത്യായനി. ആറടി പൊക്കമുള്ള മുത്തശ്ശനും സുമുഖന്‍. സര്‍ക്കാര്‍ ജോലിയുണ്ടായിരുന്നു എങ്കിലും ആതുര സേവനം ഒരു നിയോഗമായി എടുത്ത വൈദ്യന്‍ നാരായണന്‍ ആചാരി നാടുനീളെ നടന്ന് പച്ച മരുന്നുകള്‍ പറിച്ച് ശേഖരിച്ച് എണ്ണയും കഷായവുമൊക്കെ ഉണ്ടാക്കിക്കൊടുത്ത് രോഗികളെ സുഖപ്പെടുത്തിക്കൊണ്ടിരുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ നിഷ്‌കാമ കര്‍മം. അന്നത്തെ ഹിന്ദു പത്രത്തില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ സാമ്പത്തികത്തിന്റെ കാര്യത്തില്‍ ആ ഇംഗ്ലീഷ്, സംസ്‌കൃത പണ്ഡിതന്‍ ഒട്ടും പ്രായോഗിക വാദിയായിരുന്നില്ല.

എന്റെ അച്ഛനാണ് മൂത്ത പുത്രന്‍. രണ്ട് അനുജന്മാരും രണ്ട് അനുജത്തിമാരുമടങ്ങുന്ന കുടുംബത്തെ സംരക്ഷിച്ച് നിലനിര്‍ത്തേണ്ട വലിയ ഉത്തരവാദിത്തം കമ്മ്യൂണിസ്റ്റായ അച്ചന്‍ നെഞ്ചേറ്റി. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയില്‍ ഇഷ്ട കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ അയല്‍വാസിയായിരുന്നു അച്ഛന്റെ കുടുംബം. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഇടവേളകളില്‍ കുലത്തൊഴിലായ സ്വര്‍ണപ്പണിക്കും പോകുമായിരുന്നു. അങ്ങനെ 23-ാമത്തെ വയസില്‍ കമ്പൗണ്ടറായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. വൈദ്യ കലാനിധിയുടെ മകന്‍ ഇംഗ്ലീഷ് മരുന്നുകള്‍ മിക്‌സ് ചെയ്ത് കൊടുക്കുന്ന തൊഴിലിലേയ്ക്ക് പ്രവേശിച്ചു. എന്റെ അച്ഛന്‍ പഠിച്ച 'മെറ്റീരിയ മെഡിക്ക' ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ ഞാന്‍ നിധി പോലെ ഇന്നും സൂക്ഷിക്കുന്നു. 

കഷ്ടപ്പാടിന്റെയും കഠിനാധ്വാനത്തിന്റെയും സംവത്സരങ്ങള്‍ കൊഴിഞ്ഞു പോയി. സഹോദരങ്ങള്‍ പറക്കമുറ്റി. എടത്വായിലുള്ള കളരിക്കല്‍ നീലകണ്ഠന്‍ ആചാരിയുടെ അഞ്ചാമത്തെ മകള്‍ ശാന്തമ്മയെ അച്ഛന്‍ വിവാഹം ചെയ്തു. ഞാന്‍ ആ ദമ്പതികളുടെ മൂത്ത സന്താനമായി ജനിച്ചു...1966 ഓഗസ്റ്റ് 30ന്...ചിങ്ങമാസത്തിലെ ചതയം നാളില്‍. ഞാന്‍ എന്നാണ് അച്ഛനെ കണ്ടത് എന്ന് എനിക്കോര്‍മയില്ല. പക്ഷേ ഇടപ്പള്ളി പോണേക്കരയിലുള്ള വലിയ വീട്ടില്‍ താമസിച്ചത് ഗൃഹാതുര നൊമ്പരത്തോടെ ഓര്‍ത്തെടുക്കാനാവും.

തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന അച്ഛന്‍ ഉച്ചയ്ക്ക് ഊണു കഴിക്കാനെത്തുമ്പോള്‍ വലിയൊരു ചോറ്റു പാത്രത്തില്‍ നിറയെ മൂപ്പന്റെ ചായക്കടയില്‍ നിന്നുള്ള നാലുമണി പലഹാരം നിറച്ചുകൊണ്ടു വന്ന് വച്ചിരിക്കും. ദേവന്‍ കുളങ്ങരയിലെ എല്‍.പി സ്‌കൂളില്‍ നിന്ന് ഉച്ചയൂണിന് ഞാനും സഹോദരിയും മുത്തച്ഛന്റെ കൈകള്‍ പിടിച്ച് വീട്ടിലെത്തും. കിഴക്കു ഭാഗത്തുള്ള റോഡിലേയ്ക്കാവും അപ്പോഴത്തെ നോട്ടം. അല്പം കഷണ്ടിയുള്ള ആളായിരുന്നു അച്ഛന്‍. അങ്ങനെ കിഴക്കോട്ടു നോക്കിയിരിക്കുമ്പോള്‍ അച്ഛന്‍ വേഗത്തില്‍ നടന്നു വരുന്നത് കാണാം. കഷണ്ടി തലയാണ് കാണുന്നത്. ആ നടത്തം മൂപ്പന്റെ ചായക്കടയിലെത്തുമ്പോള്‍ നില്‍ക്കും. അപ്പോള്‍ ഉറപ്പിക്കാം, അച്ഛന്‍ ഉണ്ടമ്പൊരിയും പഴം വറുത്തതും പരിപ്പുവടയുമൊക്കെ വാങ്ങുവാന്‍ നില്‍ക്കുകയാണെന്ന്. 

ആ പതിവ് പലഹാരമാണ് എന്റെയും പെങ്ങളുടെയും ഒക്കെ ഊര്‍ജം. ഇടയ്ക്കിടയ്ക്ക് സ്ഥലം മാറ്റം കിട്ടി ദൂരദിക്കുകളിലേക്ക് അച്ഛന്‍ പോകുമ്പോള്‍ കരച്ചിലടക്കാനാകുമായിരുന്നില്ല. ആ കരച്ചിലിന്റെയും അവധിക്ക് അച്ഛന്‍ എത്തുമ്പോഴുള്ള അതിരറ്റ സന്തോഷത്തിന്റെയും പതിറ്റാണ്ടുകള്‍ കഴിഞ്ഞ് അച്ഛന്റെ മക്കളായ ഞങ്ങളും പഠിച്ച്, ജോലി സമ്പാദിച്ച്, വിവാഹിതരായി. മാതാപിതാക്കളുമായി... അല്ല അങ്ങിനെ ആക്കി. ഞങ്ങളുടെ അമ്മ ശാന്തമ്മ പ്രിയ ഭര്‍ത്താവിന് എന്തിനും ഏതിനും കൈത്താങ്ങായി...തുണയായി...നല്ല വീട്ടമ്മയായി. 

എന്റെ സ്‌കൂള്‍, കോളേജ് പഠനകാലത്ത് വീട്ടില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നിരുന്നു. കൃത്യമായ നിരീക്ഷണങ്ങളും വിശകലനങ്ങളും അച്ഛന്‍ നടത്തുമായിരുന്നു. അച്ഛന്റെ ഇഷ്ട നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. ആലപ്പുഴയില്‍ അദ്ദേഹത്തോടൊപ്പം പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ വിശേഷങ്ങള്‍ അച്ഛന്‍ പറയുമായിരുന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തോടൊപ്പം ഒരു ജീവിതകാലം സഞ്ചരിച്ച അച്ഛന്റെ പഠന മനനങ്ങള്‍ എന്റെ ഹ്രസ്വകാല മാധ്യമ പ്രവര്‍ത്തനത്തില്‍ മുതല്‍ക്കൂട്ടാണിന്നും. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വി.എസിന്റെ ഭാര്യ വസുമതി സിസ്റ്റര്‍ക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്. '''ആചാരി സാര്‍...''' എന്നാണ് വസുമതി സിസ്റ്റര്‍ ആദരവോടെ എന്റെ അച്ഛനെ വിളിക്കാറ്. മരണം വരെയും  യഥാര്‍ത്ഥ സഖാവായി ജീവിക്കാന്‍ അച്ഛന് സാധിച്ചു. ആലപ്പുഴ ജില്ലാ മെഡിക്കല്‍ സ്റ്റോര്‍ സൂപ്രണ്ട് ആയാണ് ഔദ്യോഗിക രംഗത്തുനിന്നും വിരമിച്ചത്. ചങ്ങനാശ്ശേരിയില്‍ ഞങ്ങള്‍ സ്ഥിര താമസമാക്കിയതുമുതല്‍ ''സൂപ്രണ്ട് സാര്‍...'' എന്ന വിളിപ്പേരും സമ്പാദിച്ചു.

എന്റെ ശാദ്വലമായ ഓര്‍മ വിചാരത്തിന് ബ്രേക്കിട്ട് അങ്ങേ മുറിയില്‍ നിന്ന് അമ്മയുടെ നിലവിളി കേട്ടു. ഓടിച്ചെന്നപ്പോള്‍ വല്ലാതെ ശ്വാസം വലിക്കുകയായിരുന്നു അച്ഛന്‍.  മൂക്കില്‍ ഇട്ടിരിക്കുന്ന ഭക്ഷണ-മരുന്ന് ട്യൂബിലലൂടെ അല്പം വെള്ളം കൊടുത്തു. ശ്വാസം വലിക്കുന്നത് കൂടിക്കൂടി വന്നു. അച്ഛന്‍ എന്റെ കണ്ണുകളിലേക്ക് നോക്കുകയാണ്. ആ കണ്ണുകള്‍ എന്തൊക്കെയോ സംസാരിക്കുന്നു. അച്ഛന്റെ ശോഷിച്ച ശരീരത്തില്‍ നിന്ന് പ്രാണന്‍ വിട്ടകലുകയാണ്...കട്ടിലില്‍ ഇരുന്നുകൊണ്ട് അമ്മ കണ്ണീരിറ്റിച്ച് അച്ഛന്റെ നെഞ്ച് തടവിക്കൊടുത്തു. ഞാന്‍ തൊട്ടടുത്ത നിമിഷമുണ്ടാകുന്ന ഒരപകടം മണത്തു. പള്‍സ് നോക്കി. ഒരനക്കവും അനുഭവപ്പെട്ടില്ല. അച്ഛന്‍ അപ്പോള്‍ അവസാനത്തെ ശ്വാസം വലിക്കുകയായിരുന്നു. മരണം നേരില്‍ കാണാന്‍ ത്രാണിയില്ലാതിരുന്നതിനാല്‍ ഞാന്‍ അവിടെ നിന്നും മാറിപ്പോയി. തൊട്ടുപിന്നാലെ കേട്ടത് അമ്മയുടെ ഹൃദയഭേദകമായ കരച്ചിലാണ്. ചെന്നു നോക്കുമ്പോള്‍ ശരീരം തണുത്തു തുടങ്ങിയിരുന്നു. തുറന്നിരുന്ന കണ്ണുകള്‍. ഞാന്‍ പതിയെ വിറയാര്‍ന്ന കൈകളാല്‍ അടച്ചു. പിന്നെ കണ്ണീര്‍ മഴയുടെ പ്രളയമായിരുന്നു. മരണമരിഞ്ഞ് ബന്ധുമിത്രാദികളുടെ പ്രവാഹവും. 

എണ്‍പത്തിനാലു സംവത്സരങ്ങളുടെ സംഭവബഹുലമായ കാലഘട്ടം അവസാനിച്ചു എന്ന യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിഞ്ഞു. അന്നു വരെ സമ്പന്നമായിരുന്ന അച്ഛന്റെ മുറി ശൂന്യതയുടെ ഇരുണ്ട ഇടമായി മാറി. കട്ടിലില്‍ ജീവന്‍ വെടിഞ്ഞു കിടക്കുന്ന അച്ഛന്റെ ശരീരം കണ്ട് ഞാന്‍ പതറി. അതുവരെ കുടുംബത്തിന്റെ ഒരു ഉത്തരവാദിത്വവും എന്നെ ഏല്‍പ്പിച്ചിരുന്നില്ല അച്ഛന്‍. ഒറ്റപ്പെടലിന്റെ വേദനയില്‍ മരണാനന്തര കര്‍മങ്ങള്‍ യാന്ത്രികമായി ഞാന്‍ നിറവേറ്റുകയായിരുന്നു. 

അവസാന കോടിയും പുതപ്പിച്ച് മുഖം മറയ്ക്കും മുമ്പ് അച്ഛന്റെ മുഖത്തേയ്ക്ക് ഒന്ന് പാളി നോക്കി. വല്ലാത്ത ചൈതന്യം ഞാന്‍ അവിടെ കണ്ടു... കരുതലിന്റെ വിളംബരം ഞാന്‍ കേട്ടു... വിട പറച്ചിലിന്റെ സ്വരം ഞാന്‍ കേട്ടില്ല. കാരണം അങ്ങനയെളുപ്പത്തിലൊന്നും ഞങ്ങളെ വിട്ടു പോകാന്‍ അച്ഛനാവില്ല. തെക്കേ പറമ്പിലെ പട്ടടയില്‍ വച്ച അച്ഛന്റെ മുഖം ഞാന്‍ മറച്ച് ചിത കൊളുത്തി... ഒരു രാത്രികൊണ്ട് ചിത കത്തിയമര്‍ന്നപ്പോള്‍ അച്ഛന്റെ ശരീരം ഒരുപിടി ചാരമായി അവശേഷിച്ചു. 

പിന്നീടുള്ള ദിവസങ്ങള്‍ വേര്‍പാടിന്റെ ആ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുവാനുള്ളതായിരുന്നു. പക്ഷേ അതിനാവുന്നില്ല. അച്ഛന്റെ ശരീരം കത്തിയ ചിതയ്ക്കു മേല്‍ വാഴയും കരിമ്പും തെങ്ങുമൊക്കെ നട്ടു. അവ ആര്‍ത്ത് തിമിര്‍ത്ത് നില്‍ക്കുകയാണിന്ന്. ഏവരെയും അളവില്ലാതെ സ്‌നേഹിച്ച സഹജീവിയുടെ ശരീരം മറ്റൊരു ജീവന് വളമേകിയിരിക്കുന്നു. സഞ്ചയനത്തിനു ശേഷം അച്ഛന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഒരു കുടത്തിലാക്കി വീടിന്റെ കിഴക്കു ഭാഗത്തുള്ള കറയുള്ള മരത്തിന്റെ (പ്ലാവ്) ചുവട്ടില്‍ സൂക്ഷിച്ചിരിക്കുന്നു. ഒരു വര്‍ഷം തികയുമ്പോള്‍ അത് കടലിലൊഴുക്കും. അങ്ങനെ പ്രപഞ്ചത്തില്‍ ലയിപ്പിക്കും. അതു വരെ അമ്മ ആ അസ്ഥിത്തറയില്‍ സന്ധ്യയ്ക്ക് വിളക്ക് കൊളുത്ത് വച്ച് പ്രാര്‍ത്ഥിക്കും. 

അച്ഛന്‍ മരിച്ച് അധിക നാള്‍ കഴിയും മുമ്പ് ഒരു സംഭവമുണ്ടായി. സാധാരണ വൈകുന്നേരങ്ങളില്‍ അച്ഛന്‍ ആരെയും വീടിന് പുറത്തിറങ്ങുവാന്‍ സമ്മതിക്കില്ല. പ്രത്യേകിച്ച് അമ്മയെയും എന്റെ ഭാര്യയെയും മകളെയും. വല്ലാത്ത പേടിയാണ് അച്ഛന്. ആരോഗ്യമുള്ളപ്പോള്‍ അച്ഛന്‍ ഞങ്ങള്‍ക്ക് കാവലാളായിരുന്നു. അന്ന് പകല്‍ ഞാനും വീട്ടിലില്ല. എത്തിയപ്പോള്‍ രാത്രി ഒമ്പതര മണിയായി. ഭാര്യ ഷീന അസാധാരണമായ ഒരു കാര്യത്തെ പറ്റി പറഞ്ഞു.

കടുത്ത വേനല്‍ക്കാലമായിരുന്നു. എന്റെ മകള്‍ ശ്രീലക്ഷ്മി വീടിന്റെ മുറ്റത്തേയ്ക്ക് രാത്രിയില്‍ ഇറങ്ങിയത് അമ്മയും ഭാര്യയും ശ്രദ്ധിച്ചില്ല. ഇടയ്ക്ക് ഭാര്യ മുറ്റത്തേയ്ക്ക് വന്ന് നോക്കിയപ്പോള്‍ മകള്‍ അവിടെ തന്നെയുണ്ട്. പെട്ടെന്നാണത് ശ്രദ്ധയില്‍ പെട്ടത്. അച്ഛന്റെ ഭൗതികാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഇഷ്ടികത്തറയ്ക്ക് സമീപം മന്താരത്തിന്റെ ഒരു ചെടിയുണ്ട്. അതില്‍ അന്ന് വെള്ള പൂക്കള്‍ പുഷ്പിച്ചിരുന്നില്ല. ഒരിളം കാറ്റു പോലുമില്ല. മുറ്റത്തെ മരങ്ങളിലെ ഒരിലയും അനങ്ങുന്നില്ല. പക്ഷേ അസ്ഥിത്തറയുടെ മുകളില്‍ നില്‍ക്കുന്ന മന്താരത്തിന്റെ ഒരിലമാത്രം വേഗത്തില്‍ ഇളകിയാടുന്നു. 

ഇതു കണ്ട മാത്രയില്‍ എന്റെ മനസ്സില്‍ ഒരു ഭൂകമ്പമുണ്ടായി. ഒരു ചെറിയ കാറ്റു പോലും ഇല്ലാത്ത, ഒരില പോലുമനങ്ങാത്ത ആ കാലാവസ്ഥയില്‍ മന്താരത്തിന്റെ ഒരില മാത്രം അനങ്ങുന്നു... ആ ഇല അച്ഛന്റെ ഭാഷയില്‍ ഇങ്ങനെ പറഞ്ഞിരിക്കാം. ''ശ്രീക്കുട്ടീ... അകത്തേയ്ക്ക് കയറിപ്പോകൂ...മകളേ...''' അതേ, അദൃശ്യമായ സുരക്ഷയൊരുക്കി അച്ഛനിപ്പോഴും ഞങ്ങളുടെ പരിസരത്തുണ്ട്. ഇടയ്ക്ക് കാറ്റിന്റെ രൂപത്തില്‍ വരും... ചിത്രശലഭമായ് പറന്നടുക്കും... മഴയായ് പെയ്യും... കാറ്റായ് തഴുകും... വെണ്‍മേഘങ്ങള്‍ക്കിടയില്‍ നിന്ന് നക്ഷത്രമായ് വെള്ളിവെളിച്ചം പൊഴിക്കും. അതാണെന്റെ അച്ഛന്‍... ഒരിക്കലും മറക്കാനാവാത്ത പുണ്യത്തിന്റെ പിതാമഹന്‍. ഇത് എന്റെ എളിയ വാക്കുകള്‍ കൊണ്ടുള്ള തിലോദകം...അച്ഛന്‍ വിടപറഞ്ഞതിന്റെ മാനസികാഘാതത്തില്‍ നിന്ന് ഞങ്ങളാരും മോചിതയായിട്ടില്ല. കുടുംബത്തിന്റെ ഉത്താവാദിത്വങ്ങള്‍ വാല്‍സല്യ പൂര്‍വം ഏല്‍പ്പിച്ചുതരാതെ, എന്നെ അത്തരം വിഷമതകളിലേയ്ക്ക്... പ്രാരാബ്ധങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കാതെ എല്ലാം ഒറ്റയ്ക്ക് തോളിലേറ്റി അച്ഛന്‍ കണ്‍വെട്ടത്തുനിന്ന് പോയപ്പോള്‍ ഞാന്‍ വല്ലാതെ പകച്ചുപോയി.
****
അമ്മയുടെ ഉദരത്തില്‍ ജീവന്‍ വയ്ക്കുന്ന ബന്ധത്തില്‍ തുടങ്ങി മരണത്തിനപ്പുറത്തേക്കുവരെ സഞ്ചരിക്കുന്ന വാത്സല്യത്തിന്റെ, സ്‌നേഹത്തിന്റെ മഹാപ്രവാഹമാണ് പിതൃത്വം. ആ സ്‌നേഹസാന്ത്വനത്തിന്റെ കരസ്പര്‍ശം അവരില്‍നിന്ന് അനുഭവിക്കാനും അവര്‍ക്ക് തിരികെ നല്‍കാനും ഈ 'ഫാദേഴ്‌സ് ഡേ'യില്‍ ഓരോരുത്തര്‍ക്കും കഴിയട്ടെ. ലോകത്തിലെ എല്ലാ അച്ഛന്‍മാര്‍ക്കും ആയുരാരോഗ്യ സൗഖ്യം നേരാം. മണ്‍മറഞ്ഞു പോയവരുടെ ആത്മാവിന്റെ നിത്യശാന്തിക്കായി  തപ്തസ്മരണകളുടെ  ഒരിറ്റു കണ്ണീരുകൊണ്ട് തര്‍പ്പണം ചെയ്യാം. അവരുടെ സ്‌നേഹത്തിനും സഹനത്തിനും ത്യാഗത്തിനും ഹൃദയം കൊണ്ട് നന്ദി പറയാം. സുന്ദരമായൊരു ജന്മം തന്നതിന്റെ പേരില്‍ അവരെ ക്രൂശിക്കാതിരിക്കാന്‍ മനസുകൊണ്ടും വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും നമുക്ക് ദൃഢപ്രതിജ്ഞയെടുത്ത് പ്രാപ്തരാകാം.

അനന്ത ശാന്തമായ പിതൃവാല്‍സല്യത്തിന്റെ ചിര സ്മരണ (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക