Image

ക്രമം തെറ്റിയ പിരിയഡ് (കവിത: ഷീമ മഞ്ചാന്‍)

Published on 13 June, 2017
ക്രമം തെറ്റിയ പിരിയഡ് (കവിത: ഷീമ മഞ്ചാന്‍)
പുതിയ
അധ്യയന വര്‍ഷാരംഭത്തിലേ
ലത ടീച്ചര്‍ തീരുമാനിച്ചു
ക്രമം തെറ്റിയ
പിരിയഡുകളില്‍
തൊണ്ട പൊട്ടിക്കാനാവില്ലെന്ന് ...
തലേന്ന് രാത്രിയിലെ
ഔദ്യോഗിക ഉറക്കത്തിന്റെ
ആലസ്യത്തില്‍
സ്റ്റാഫ് റൂമിലെ മേശമേല്‍
തലവെച്ചുറങ്ങാന്‍
തയ്യാറെടുക്കുമ്പോഴേക്കും
പോക്കര്‍ പ്യൂണ്‍ വന്ന്
കുമ്മായം മണക്കുന്ന
ക്ലാസ് മുറിയിലേക്ക്
തള്ളിയിട്ടും
" സബ്സ്റ്റിറ്റിയൂട്ട് ടീച്ചര്‍ " എന്ന്
കസേരകള്‍ പിറുപിറുക്കുന്നത്
ലത ടീച്ചര്‍ അറിയാത്തതല്ല.
ഇപ്രാവശ്യമെങ്കിലും
നിലപാടുതറയില്‍ ഉറച്ച് നിന്നു
വെളിച്ചപ്പെട്ടില്ലെങ്കില്‍
പിന്നെയും പലരുടേയും
പകരക്കാരിയാവും
ഞൊറി വീണ വയറിലൂടെ
സാരിക്കസവു പോകുന്നത്
കണ്ടെത്താന്‍ സൂക്ഷ്മദൃക്കാവുന്ന
സുരേന്ദ്രന്‍ മാഷുടെ
മുഖമാവുമൊരു പിരിയഡ്
ദേശീയ ഗാനംബസ്സിലിരുന്ന്
കേള്‍ക്കുന്ന രാഷ്ട്രഭാഷാധ്യാപിക
കോമളവല്ലിയാവും
ചിലപ്പോള്‍
പാറ്റച്ചോര പോലെ
വിളര്‍ത്ത ബയോളജി ടീച്ചര്‍
ചരിത്രവും ഭൂമിശാസ്ത്രവും
കെമിസ്ട്രിയും പിരിയഡുകളില്‍
സ റോഗസിമുഖമാവും
ലത ടീച്ചര്‍ക്ക്
മഴ നനഞ്ഞ്
ബദാംമരങ്ങള്‍ക്കടിയിലൂടെ
നടക്കവേ
മാതൃഭാഷാധ്യാപിക ഉള്ളിലുറപ്പിച്ചു
ക്രമം തെറ്റിയ
കലാപരിപാടിക്കാവില്ലിനി....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക