Image

ആര്‍ച്ച്‌ബിഷപ്‌ മാര്‍ കുര്യാക്കോസ്‌ കുന്നശേരി കാലം ചെയ്‌തു

Published on 14 June, 2017
ആര്‍ച്ച്‌ബിഷപ്‌ മാര്‍ കുര്യാക്കോസ്‌ കുന്നശേരി കാലം ചെയ്‌തു
കോട്ടയം: കോട്ടയം ക്‌നാനായ അതിരൂപതയുടെ പ്രഥമ ആര്‍ച്ച്‌ബിഷപ്‌ മാര്‍ കുര്യാക്കോസ്‌ കുന്നശേരി (88) കാലം ചെയ്‌തു. 

കോട്ടയം അതിരൂപതയ്‌ക്ക്‌ മുപ്പത്തൊമ്പതു വര്‍ഷം ആത്മീയ നേതൃത്വം നല്‍കിയ മാര്‍ കുന്നശേരി ബുധനാഴ്‌ച വൈകുന്നേരം നാലിന്‌ കാരിത്താസ്‌ ആശുപത്രിയിലാണ്‌ അന്തരിച്ചത്‌.

കടുത്തുരുത്തി ഇടവകയില്‍ കുന്നശേരി ജോസഫ്‌-അന്നമ്മ ദന്‌പതികളുടെ മൂത്ത പുത്രനായി 
1928 സെപ്‌റ്റംബര്‍ 11ന്‌  ജനനം. 

കോട്ടയം സിഎന്‍ഐ എല്‍പിഎസ്‌, കടുത്തുരുത്തി സെന്‍റ്‌ മൈക്കിള്‍സ്‌, കോട്ടയം എസ്‌എച്ച്‌ മൗണ്ട്‌ ഹൈസ്‌കൂളുകളില്‍  സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. 

കോട്ടയം തിരുഹൃദയക്കുന്ന്‌ സെന്‍റ്‌ സ്‌റ്റെനിസ്ലാവോസ്‌ മൈനര്‍ സെമിനാരി,  ആലുവ പൊന്തിഫിക്കല്‍ സെമിനാരി,  റോമിലെ പ്രൊപ്പഗാന്ത യൂണിവേഴ്‌സിറ്റിയിലുമായി വൈദിക പരിശീലനം.

1955 ഡിസംബര്‍ 21നു വൈദിക പട്ടം സ്വീകരിച്ചു. റോമില്‍ നിന്നു കാനോന്‍ നിയമത്തിലും സിവില്‍ നിയമത്തിലും ഡോക്ടറേറ്റ്‌ നേടി. അമേരിക്കയിലെ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന്‌ പൊളിറ്റിക്‌സില്‍ എംഎയും നേടി.
\
കോട്ടയം രൂപതയുടെ പിന്‍തുടര്‍ച്ചാ അവകാശത്തോടുകൂടിയ സഹായമെത്രാനായി 39-ാം വയസില്‍നിയമിതനായി. 

1974 മേയ്‌ അഞ്ചിനു കോട്ടയം രൂപതാധ്യക്ഷനായി ചുമതലയേറ്റു.

ക്‌നാനായി തോമ,  ഉറഹ മാര്‍ യൗസേപ്പ്‌ മെത്രാപ്പോലീത്ത
മാരുടെ നേതൃത്വത്തില്‍  കേരളക്കരയിലേക്ക്‌ കുടിയേറിയ ഏഴ്‌ ഇല്ലങ്ങളിലെ 72 കുടുംബങ്ങളില്‍പ്പെട്ട ക്‌നാനായ സമുദായത്തിന്‍റെ വളര്‍ച്ചയില്‍ മാര്‍ കുന്നശേരിയുടെ സേവനം എടുത്തു പറയത്തക്കതാണ്‌.

തെള്ളകത്ത്‌ ചൈതന്യ പാസ്റ്ററല്‍ സെന്‍ററും അനുബന്ധ മന്ദിരങ്ങളും കോതനല്ലൂരില്‍ തൂവാനിസ പ്രാര്‍ഥനാ മന്ദിരവും ഇദ്ദേഹമാണ്‌ സ്ഥാപിച്ചത്‌. തെള്ളകം കാരിത്താസ്‌ ആശുപത്രിടു ചേര്‍ന്ന്‌ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌, കാരിത്താസ്‌ ആയുര്‍വേദ ആശുപത്രി, കാരിത്താസ്‌ നാച്വറോപ്പതി യോഗ സെന്‍റര്‍ എന്നിവ സ്ഥാപിച്ചു.

വടവാതൂര്‍ പൗരസ്‌ത്യ വിദ്യാപീഠം വൈസ്‌ ചാന്‍സലര്‍, കത്തോലിക്കാ -ഓര്‍ത്തഡോക്‌സ്‌ -യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള എക്യുമെനിക്കല്‍ ഡയലോഗ്‌ സമിതി അംഗം, കെസിബിസി സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു.

2005 മേയ്‌ ഒന്‍പതിനു കോട്ടയം അതിരൂപതയായി ഉയര്‍ത്തപ്പെട്ടപ്പോള്‍ മാര്‍ കുന്നശേരി പ്രഥമ ആര്‍ച്ച്‌ബിഷപ്പായി. 2006 ജനുവരി 14
നു അതിരൂപതാ ഭരണത്തില്‍ നിന്നും വിരമിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക