Image

ക്രിസ്ത്യാനികളെ 'ലൗ ജിഹാദി'ല്‍ നിന്ന് രക്ഷിക്കാന്‍ സംഘപരിവാര്‍ പിന്തുണയില്‍ സംഘടന

Published on 14 June, 2017
ക്രിസ്ത്യാനികളെ 'ലൗ ജിഹാദി'ല്‍ നിന്ന് രക്ഷിക്കാന്‍ സംഘപരിവാര്‍ പിന്തുണയില്‍ സംഘടന
തിരുവനന്തപുരം: കേരളത്തിലെ ക്രിസ്തുമത വിശ്വാസികളായ പെണ്‍കുട്ടികളെ 'ലൗ ജിഹാദി'ല്‍ നിന്ന് സംരക്ഷിക്കാന്‍ സംഘപരിവാര്‍ പിന്തുണയില്‍ സംഘടന രൂപീകരിക്കുന്നു. 

സമാനമായ പ്രവര്‍ത്തനമുള്ള വിശ്വഹിന്ദു പരിഷത്തിന്റെ ഹിന്ദു ഹെല്‍പ്പ്‌ലൈനുമായി കൈകോര്‍ത്ത് ക്രിസ്ത്യന്‍ ഹെല്‍പ്പ്‌ലൈന്‍ എന്ന പേരില്‍ ജൂലൈ ആദ്യ ആഴ്ച എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിക്കും. ഇതര മതത്തിലെ പെണ്‍കുട്ടികള്‍ മതംമാറി ഭീകരസംഘടനയായ ഐസിസിന്റെ ഭാഗമാകുന്ന വാര്‍ത്തകള്‍ വ്യാപകമാകുന്നതിനിടെയാണ് നീക്കം. മറ്റ് പാര്‍ട്ടികളെ അപേക്ഷിച്ച് ഇക്കാര്യത്തില്‍ സംഘപരിവാറുമായി ഐക്യപ്പെടാനാകുമെന്നതാണ് ക്രിസ്ത്യന്‍ സഭകളുടെ ആശിര്‍വാദത്തോടെയുള്ള സംഘടനാ രൂപീകരണത്തിന് പിന്നില്‍.

കോട്ടയത്തെ സിറിയന്‍ ഇന്‍ഡിപെന്‍ഡന്റ് ഓര്‍ത്തഡോക്‌സ് സഭാ മെത്രാപ്പൊലീത്ത മാത്യൂസ് മാര്‍ ഗ്രിഗോറിയസ് മുഖ്യ രക്ഷാധികാരിയും ക്രൈസ്തവരിലെ പ്രവര്‍ത്തനത്തിനായുള്ള ബി.ജെ.പി സംഘടനയായ ന്യൂനപക്ഷ മോര്‍ച്ചയുടെ മലപ്പുറം ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് എബ്രഹാം തോമസ് ജനറല്‍ കണ്‍വീനറുമായാണ് സംഘടന രൂപീകരിക്കുന്നത്. സംഘടനയിലെ 90 ശതമാനം അംഗങ്ങളും ബി.ജെ.പിയുമായോ ന്യൂനപക്ഷ മോര്‍ച്ചയുമായോ ബന്ധമുള്ളവരാണെന്നും ക്രിസ്ത്യന്‍ സഭകള്‍ പരോക്ഷ പിന്തുണ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും രഞ്ജിത്ത് മാതൃഭൂമി.കോമിനോട് പറഞ്ഞു.

മതംമാറ്റവുമായി ബന്ധപ്പെട്ട് അടുത്തിടെ കേരളം കേട്ട ഹാദിയ കേസാണ് സംഘടനയുടെ പ്രവര്‍ത്തനത്തിന് ഊര്‍ജ്ജമായതെന്ന് രഞ്ജിത്ത് പറയുന്നു. പ്രണയത്തിന്റെ ഭാഗമായി ക്രിസ്തുമതത്തില്‍ നിന്ന് ഇസ്ലാമിലേക്ക് മാറുന്നവര്‍ക്ക് കൗണ്‍സിലിങ്ങും നിയമപരമായ സഹായവും നല്‍കി മതത്തിലേക്ക് തിരികെ കൊണ്ടു വരികയാണ് ലക്ഷ്യം. സോഷ്യല്‍ മീഡിയയിലാണ് നിലവിലെ പ്രവര്‍ത്തനം. 

കത്തോലിക്കാ സഭയിലെ നിരവധി പുരോഹിതന്മാര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. ഓഫീസ് തുറന്ന ശേഷം എല്ലാ സഭാദ്ധ്യക്ഷന്മാരുടെയും പിന്തുണ തേടാനാണ് ഉദ്ദേശിക്കുന്നത്. മറ്റൊരു കാര്യത്തിലും ഒന്നിക്കാത്ത നിരവധി സഭകള്‍ ലൗ ജിഹാദിന്റെ കാര്യത്തില്‍ ഒന്നിക്കുന്നതായി സംഘടനയുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലുള്‍പ്പെടെ കണ്ടത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് ഇദ്ദേഹം പറയുന്നു.

ബ്രദറണ്‍ സഭ, അസംബ്ലീസ് ഓഫ് ഗോഡ്, റോമന്‍ കത്തോലിക്കാ സഭ എന്നിങ്ങനെ മൂന്നു മേഖലകളായാണ് പ്രവര്‍ത്തനം ഉദ്ദേശിക്കുന്നത്. തിരഞ്ഞെടുത്ത മേഖലാ പ്രതിനിധികള്‍ പ്രവര്‍ത്തനം തുടങ്ങി. 14 ജില്ലകളിലും സംഘടന രൂപീകരിച്ചു കഴിഞ്ഞു. ഓഫീസില്‍ സ്ഥിരം ജീവനക്കാരനെയും കൗണ്‍സിലിങ്ങിനായി പ്രൊഫഷണലായ സംഘത്തെയും നിയമിക്കും. കണ്‍വീനര്‍മാരെയും വോളന്റിയര്‍മാരെയും ഉള്‍പ്പെടെ തിരഞ്ഞെടുക്കാനും ഉദ്ദേശിക്കുന്നു.

അതേസമയം, ഇസ്ലാം വിരുദ്ധത പ്രചരിപ്പിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ശക്തമാണ്. ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ചയുമായി സംഘടനയ്ക്ക് ബന്ധമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് പ്രതികരിച്ചു. (Mathrubhumi)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക