Image

കേരളം പാനഭൂമി ആകാതിരിക്കട്ടെ (ഡി. ബാബുപോള്‍)

Published on 15 June, 2017
കേരളം പാനഭൂമി ആകാതിരിക്കട്ടെ (ഡി. ബാബുപോള്‍)
ഇടതു ജനാധിപത്യ മുന്നണി പുതിയ മദ്യനയം അവതരിപ്പിച്ചിരിക്കുന്നു. സോളമന്റെ തേനീച്ചകള്‍ക്ക് കൂടൊരുക്കി നിര്‍ഭയം അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന കെ. ടി. തോമസ് ജഡ്ജി അതിനെ സ്വാഗതം ചെയ്തുമിരിക്കുന്നു. കുടവയറും കള്ളരിക്കാന്‍ പോന്ന മീശയും ഉണ്ടെങ്കിലും മദ്യം ഉപയോഗിക്കാത്തവനായ ഞാന്‍ പിണറായിയോടും കെ. ടി. തോമസിനോടും യോജിക്കുന്നു.

പിണറായിയുടെ മദ്യനയം സ്വാഗതം ചെയ്യപ്പെടണം. ഒന്നാമത് ഇപ്പോള്‍ റദ്ദാക്കപ്പെട്ട തീരുമാനം ഉദ്ദേശ്യശുദ്ധി കൊണ്ട് അടിവരയിട്ടതായിരുന്നില്ല. കോഴയും രാഷ്ട്രീയവും ആയിരുന്നു അതിന്റെ പിന്നില്‍ എന്ന് എല്ലാവര്‍ക്കും അറിയാം. മാണി ഉടക്കിയതും ബാബു കളിച്ചതും സുധീരന്‍ മുതലെടുപ്പിന് ഇറങ്ങിയതും ഉമ്മന്‍ചാണ്ടി കടത്തിവെട്ടിയതും ഒന്നും മറക്കാന്‍ കാലമായില്ലല്ലോ.

രണ്ടാമത് ടൂറിസം. ടൂറിസത്തെക്കുറിച്ച് വിവരം ഇല്ലാത്തവര്‍ എന്തുപറഞ്ഞാലും വിവരം ഉള്ളവരും സ്ഥിതി വിവരക്കണക്കുകളും പറയുന്നത് ടൂറിസം മേഖലയില്‍ വരുമാനം കുറഞ്ഞു എന്ന് തന്നെ ആണ്. അടിച്ചു പൂസാകാനല്ല ടൂറിസ്റ്റുകള്‍ ഇവിടെ വരുന്നത്. ശരി. എന്നാല്‍ പൂസാകാതെ അടിക്കാന്‍ സൗകര്യം വേണം. ഇറ്റലിക്കാരന് വീഞ്ഞോ ജര്‍മ്മന്‍കാരന് ബിയറോ വേണ്ടേ? സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നവരില്‍ നൂറ്റുക്ക് തൊണ്ണൂറും കുടിക്കാത്തവരായിരിക്കും. എന്നാല്‍ ശേഷം പത്ത് പേരെ കരുതി സമ്മേളനങ്ങള്‍ സിലോണിലും ഗോവയിലും പോകും.

മൂന്നാമത്, ഉദയഭാനു ഉള്‍പ്പെടെ ഇക്കാര്യം പഠിച്ചവരൊക്കെ പറഞ്ഞതിന് എതിരായിരുന്നു പഴയ നയം. ഹൃദ്രോഗം വന്ന് മദ്യപാനം ഉപേക്ഷിച്ചയാള്‍ ഒന്നും ആയിരുന്നില്ലല്ലോ ഗാന്ധി ശിഷ്യനായിരുന്നു ഉദയഭാനു. നാലാമത്, നമ്മുടെ ചെറുപ്പക്കാര്‍ക്കിടയില്‍ കഴിഞ്ഞ രണ്ട് മൂന്നു കൊല്ലം കൊണ്ട് ഭീതിദമായി ഉയര്‍ന്ന ലഹരി മരുന്നുപയോഗം. ഋഷി രാജ് സിങ്ങിന്റെ കണക്കുകള്‍ സാക്ഷി.

അഞ്ചാമത് ഫലപ്രദമായി നടപ്പാക്കാന്‍ കഴിയാത്തതാണ് മദ്യനിരോധനം എന്നതിന് ചരിത്രമാണ് തെളിവ്. ഉമ്മന്‍ചാണ്ടിയുടെ നയം നിലവിലിരിക്കെയാണ് മദ്യപിച്ച് കാറോടിച്ച് ഒരു വികാരി ജനറാള്‍ പിടിയിലായത്. (സ്‌റ്റേഷന്റെ പേര് പറയാത്തത് ആളറിയാതിരിക്കാനാണ്. ടെലിവിഷന്‍ വാര്‍ത്തയില്‍ ഉണ്ടായിരുന്നു. പേര് സഹിതം വാട്‌സാപ്പില്‍ വൈറലുമായതാണ്) വര്‍ജ്ജനമാണ് നിരോധനത്തെക്കാള്‍ ഫലദായകം.

മദ്യപാനം അമിതമായാല്‍ ദോഷം തന്നെ. അമിതമാകാനല്ല ആരും തുടങ്ങുന്നത് എന്നതിനാല്‍ തുടങ്ങാതിരിക്കാനാണ് വഴിയൊരുക്കേണ്ടത്. മെത്രാന്മാര്‍ തെരുവിലിറങ്ങുന്നത് പരിഹാരമല്ല. ചെയ്യാവുന്ന ചില കാര്യങ്ങള്‍ പറയട്ടെ. ഏറ്റവും വലിയ തിരുവോണവിശേഷമായി മാധ്യമങ്ങള്‍ അവതരിപ്പിക്കാറുള്ളത് മലയാളിയുടെ മദ്യാപനം ആയിരുന്നല്ലോ. കേരളം പാനമണ്ഡലം. ഇത് പാനശീലരും അതിലേറെ പാനശൗണ്ഡരും അധിവസിക്കുന്ന പാനഭൂമിക എന്ന മട്ട്. ഇത്തരം വാര്‍ത്താ പ്രസരണങ്ങള്‍ നല്‍കുന്ന സന്ദേശം മലയാളികളായ മനുഷ്യരെല്ലാവരുമൊന്നുപോലെ മഹാ മദ്യപാനികളാകുന്നു എന്നതിനാല്‍ നമുക്കും കുടിക്കാം മദ്യം എന്നതാണ്. കെ. ഇ. മാമ്മനെപോലെ ഒരു ഗാന്ധിയനെ ദുഃഖിപ്പിക്കാനും പ്രകോപിപ്പിക്കാനും ഈ പ്രയോഗം സഹായിച്ചേക്കാം. എന്നാല്‍ നവതിയുടെ അയലത്തെ അദ്ദേഹത്തെക്കാള്‍ എത്രയോ അധികമായി വിംശതിയുടെ അയല്‍ക്കൂട്ടത്തിലുള്ള ചെറുപ്പക്കാര്‍ മദ്യാനുകൂലികളായി മാറാനാണ് ഇതൊക്കെ വഴിയൊരുക്കുന്നത് എന്ന് മാധ്യമങ്ങളെ ഓര്‍പ്പിക്കുന്നു, പുതിയ നയത്തിന്റെ വെളിച്ചത്തില്‍.

എത്ര ലിറ്റര്‍ വിറ്റു എന്നതല്ല വാര്‍ത്ത. എത്ര കോടി രൂപയ്ക്ക് വിറ്റു എന്നതാണ്. സകലമാന സംഗതികള്‍ക്കും വില കൂടുമ്പോള്‍ മദ്യത്തിനും കൂടാതിരിക്കുമോ ? കഴിഞ്ഞ വര്‍ഷം അഞ്ഞൂറ് രൂപയായിരുന്നു ഒരു പ്രത്യേക മദ്യത്തിന്റെ വില എന്ന് വിചാരിക്കുക. ആയിരം കുപ്പി ചെലവായി. മൊത്തം വിറ്റുവരവ് അഞ്ച് ലക്ഷം രൂപ. ഈ വര്‍ഷം വില കൂടി എന്ന് കരുതുക. അഞ്ഞൂറ് അഞ്ഞൂറ്റമ്പതായി. വിറ്റുവരവ് അഞ്ചരലക്ഷം രൂപ. വര്‍ധനയുടെ ശതമാനം പത്ത്. കുടിക്കപ്പെട്ട മദ്യത്തിന്റെ അളവില്‍ വര്‍ധന ഇല്ല. ഇനി ഈ വര്‍ധന തന്നെ നിര്‍മാതാവിന്റെ വക ആവണമെന്നില്ല എന്നുകൂടി ഓര്‍ക്കുക. സര്‍ക്കാര്‍ നികുതി നിരക്ക് കൂട്ടിയാലും പോരേ ? അല്ലെങ്കില്‍ തന്നെ ഈ തുകയില്‍ കൂടുതലും നികുതിയല്ലേ ?

ഈയിടെ ഒരു പ്രശസ്ത ബഹുരാഷ്ട്ര കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത് കേള്‍ക്കുക. അവര്‍ നൂറ്റിയിരുപത് രൂപക്ക് ബീവറേജസ് കോര്‍പറേഷന്‍ നല്‍കുന്ന മദ്യം വിപണിയിലെത്തുമ്പോള്‍ കേരളത്തില്‍ വില എണ്ണൂറ്. ഡല്‍ഹിയില്‍ അഞ്ഞൂറ്, പട്ടാള കാന്റീനില്‍ ഇരുനൂറ്റമ്പത് ഇങ്ങനെയൊക്കെയാണത്രെ. അതായത് വിറ്റുവരവ് കൂടിയതുകൊണ്ട് ഉപഭോഗം കൂടി എന്ന് തെളിയുന്നില്ല. കുടിയാന്മാരില്‍ നിന്ന് ഈടാക്കുന്ന നികുതിയാണ് ഈ തുകയില്‍ മുക്കാല്‍പങ്കും എന്നത് തെളിഞ്ഞിട്ടുണ്ടെങ്കിലും തിരിച്ചറിയപ്പെടുന്നുമില്ല. രണ്ടാമത്തെ കാര്യം പണപ്പെരുപ്പം തന്നെ. അതനുസരിച്ച് വില കൂടുമല്ലോ. കഴിഞ്ഞ വര്‍ഷം ആഭരണങ്ങള്‍ക്കും തുണിത്തരങ്ങള്‍ക്കും വേണ്ടി മലയാളി ചെലവാക്കിയ തുകയും ഇക്കൊല്ലം ചെലവാക്കിയ തുകയും താരതമ്യപ്പെടുത്തിയാല്‍ മദ്യപാനം മാത്രമാണോ കൂടിയത്. അതോ പൊതുവായ ഉപഭോഗമാണോ എന്നറിയാമല്ലോ. ആ കണക്ക് ആരും കൂട്ടുന്ന മട്ടില്ല. മദ്യത്തിന്റെ ഉപഭോഗം വര്‍ദ്ധിച്ചു എന്നത് വാര്‍ത്തയാക്കുമ്പോള്‍ മദ്യപാനം നാട്ടുനടപ്പാണ് എന്ന് കൂടെ വിളംബരം ചെയ്യുകയാണ് എന്ന സത്യം മാധ്യമങ്ങള്‍ തിരിച്ചറിയണം.

അതേസമയം ബോധവത്കരണത്തിലൂടെ വര്‍ജനം പ്രോത്സാഹിപ്പിക്കാം. നമ്മുടെ നാട്ടില്‍ മദ്യത്തിന് പരസ്യം പാടില്ല. പലരും സറോഗേറ്റ് പരസ്യങ്ങള്‍ നല്‍കാറുണ്ട്. അത് പക്ഷേ, പുതിയ കുടിയന്മാരെ സൃഷ്ടിക്കുന്നില്ലല്ലോ. അറ്റകൈ സറോഗേറ്റ് പരിപാടി മല്ലയ്യയുടേതായിരുന്നു. കിംഗ് ഫിഷര്‍ ആണ് മൂപ്പരുടെ കച്ചവടം. അത് മദ്യം. അതിന് പരസ്യം വയ്യ. മല്ലന്‍ വിമാനക്കമ്പനി തുടങ്ങി. േപര് ? കിംഗ് ഫിഷര്‍. ലോഗോ ? ബിയറിന്റേതു തന്നെ. അതും പുതിയ കുടിയന്മാരെ സൃഷ്ടിക്കുന്നില്ല. ബിയറെങ്കില്‍ കിംഗ്ഫിഷര്‍, അത്ര തന്നെ. എന്നാല്‍ വിപുലമായ ഒരു പ്രചാരണയജ്ഞം ഉണ്ടാവേണ്ടതുണ്ട് മദ്യത്തിനെതിരായി. ഗാന്ധിയന്മാരുടെ പ്രസ്താവനയും പ്രതിഷേധവും പോരാ. അതൊക്കെ ഏശുന്ന കാലം പോയി. സര്‍വാദരണീയനായ ബേബിച്ചായനെ കെ. ഇ. മാമ്മന്‍ – വട്ടുകേസായി തള്ളുന്ന തലമുറയുടെ കൈയിലാണ് താക്കോല്‍. അതുകൊണ്ട് വ്യാപകമായ പ്രചാരണം വേണം. മദ്യക്കുപ്പിയില്‍ എന്തോ എഴുതിവിടുന്നുണ്ട് ഇപ്പോള്‍. അത് പോരാ. പള്ളിയില്‍ വിശുദ്ധ കുര്‍ബാനയുടെ പ്രസാദം സ്വീകരിക്കുന്നിടത്തു പോലും പറ്റിയാല്‍ ക്യൂ തെറ്റിക്കുന്ന മലയാളി അച്ചടക്കത്തോടെ പരാതിയില്ലാതെ ക്യൂവില്‍ നിലല്‍ക്കുന്ന ഒരേയൊരു സ്ഥലം ബിവറേജസിന്റെ കൗണ്ടറാണല്ലോ! അതുകൊണ്ട് അല്ലറ ചില്ലറ മാമ്മനിസം കൊണ്ടൊന്നും തീരുന്നതല്ല പ്രശ്‌നം എന്ന് സമൂഹവും സര്‍ക്കാരും തിരിച്ചറിയണം. ഈ ബീവറേജസ് കൗണ്ടറിനോട് ചേര്‍ന്ന് മദ്യവിരുദ്ധ പരസ്യങ്ങള്‍ സ്ക്രീനില്‍ കാണിക്കുക. കണ്ടുകണ്ട് നീങ്ങട്ടെ ക്യൂ. നാം എങ്ങനെയാണ് ജനന നിരക്ക് കുറച്ചത് ? ബസിന്റെ പിന്നിലും കുടുംബാസൂത്രണം. അതുപോലെ വ്യാപകമായ ഒരു പരിപാടി തുടങ്ങാമോ ? കമ്പനികള്‍ക്ക് പ്രോത്സാഹിപ്പിക്കാം.

ഇന്ത്യയില്‍ തൊണ്ണൂറ്റഞ്ച് ശതമാനം സ്ത്രീകളും സാനിറ്ററി നാപ്കിന്‍ എന്ന് കേള്‍ക്കാതിരുന്ന തൊണ്ണൂറുകളില്‍ എന്തായിരുന്നു പരസ്യം ? നാപ്കിന്‍ ഉപയോഗിക്കുന്നതാണ് പരിഷ്കാരം എന്ന് ബോധ്യപ്പെടുത്തുന്ന പരസ്യങ്ങള്‍ അരങ്ങുവാണു. നാലഞ്ച് കൊല്ലം കഴിഞ്ഞപ്പോള്‍ അതിന് പകരം ബ്രാന്‍ഡായി. പിന്നെ സൂപ്പര്‍ ബ്രാന്‍ഡ്. പതിനഞ്ച് കൊല്ലത്തിനിടെ ഭാവശുദ്ധിയുള്ള സ്ത്രീകളില്‍ അഞ്ച് ശതമാനം കൂടി നാടന്‍ തുണിവിട്ട് നാപ്കിന്‍ സംസ്കാരത്തിലെത്തിയത്രെ. 1990 ലെ അഞ്ച് ശതമാനം നാപ്കിന്‍ ധാരികള്‍ 2007 ല്‍ പത്തായി. അതാണ് പരസ്യത്തിന്റെ പണി. അതുകൊണ്ട് മദ്യ വിരുദ്ധ പ്രചാരണത്തിന് ഇറങ്ങിത്തിരിക്കുന്ന കമ്പനികള്‍ക്ക് കേന്ദ്രം വമ്പന്‍ നികുതിയിളവുകള്‍ പ്രഖ്യാപിക്കട്ടെ. എമ്മാറെഫും റിലയന്‍സും ഒക്കെ ഇറങ്ങിത്തിരിക്കും പരസ്യവുമായി.

1903 ല്‍ പ്രസിദ്ധീകൃതമായ ഒരു കവിതയിലെ വരി ന്യൂസിലാന്റ് പ്രചരണത്തിനുപയോഗിച്ചു. കുടിയേറ്റക്കാരെ ചാക്കിടാന്‍ ; ദൈവത്തിന്റെ സ്വന്തം നാട്. പിന്നെ അത് മറന്നു കിടന്നു. ഒടുവില്‍ പത്ത് മുപ്പത് കൊല്ലം മുമ്പ് പ്രതിഭാധനനായ ഒരു ചെറുപ്പക്കാരന്‍– മെന്‍ഡസ്– അത് പൊടിതട്ടി എടുത്തു. അങ്ങനെ കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിഖ്യാതമായി. ഒഎന്‍വിയുടെ ഒരു വരിയുണ്ട്. ഒരു സങ്കീര്‍ത്തനം പോലെ. എന്നാല്‍ ഇപ്പോള്‍ അതു കേട്ടാല്‍ നാം പെരുമ്പടവത്തെയല്ലേ ഓര്‍ക്കുക ? ന്യൂസിലാന്റിന്റെ പരസ്യം വിസ്മൃതിയിലായതും നമ്മുടേത് നിത്യഹരിതമായി തുടരുന്നതും എല്ലാം ഒരു നൈരന്തര്യത്തിന്റെ പ്രശ്‌നമാണെന്നര്‍ഥം. എമ്മാറെഫും റിലയന്‍സും ഇറങ്ങിത്തിരിച്ചാല്‍ മദ്യം വര്‍ജിക്കാനുള്ള പ്രചാരണം മൂലം മദ്യവിരോധം വളര്‍ത്താന്‍ അഞ്ച് കൊല്ലം പോരേ ? മദ്യപാനം വര്‍ധിക്കുന്നു. അത് മാന്യതയുടെ മാനദണ്ഡമാവുന്നു. ഐ.ടി പ്രൊഫഷനലുകള്‍ കുടിക്കുന്നു എന്നൊക്കെ തലങ്ങും വിലങ്ങും എഴുതി മദ്യാപനം പ്രചരിപ്പിക്കാതിരിക്കലാണ് അതിനുള്ള ആദ്യപടി. പിന്നെ കെ.സി.ബി.സി. ക്രിസ്ത്യാനികളില്‍ മദ്യം മാന്യമായി കരുതപ്പെടുന്നത് കത്തോലിക്കര്‍ക്കിടയിലാണ് ഏറെയും. അതിനുള്ള മറുമരുന്ന് തങ്ങളുടെ കൈവശമില്ല എന്ന് വരുത്തുകയല്ല തിരുമേനിമാര്‍ ചെയ്യേണ്ടത്. വിശ്വാസികളില്‍ നിന്ന് മദ്യം കഴിക്കുകയില്ല എന്ന് ഒരു സത്യവാങ്മൂലം, നിര്‍ബന്ധിക്കണ്ട ; എന്നാല്‍ വിവാഹത്തിന് മദ്യം വിളമ്പുകയില്ല എന്ന് സത്യം ചെയ്ത് ബോധിപ്പിക്കാത്തവരുടെ വീട്ടിലെ വിവാഹം പള്ളിയില്‍ വച്ച് ആശീര്‍വദിക്കയില്ല എന്ന് പറയാന്‍ സഭ ധൈര്യം കാണിക്കണം. ബാര്‍ ഹോട്ടലുകള്‍ നടത്തുന്നവരുടെ ഔദാര്യത്തില്‍ സഭ പള്ളി പണിയരുത്. ഭവനദാനം, രോഗി സഹായം തുടങ്ങിയ സല്‍ക്കര്‍മ്മങ്ങളില്‍ പോലും അവരെ സഹകരിപ്പിക്കരുത്. അവര്‍ റോട്ടറിയും ലയണ്‍സും വഴി ദാനധര്‍മ്മം ചെയ്തുകൊള്ളട്ടെ. കെ.സി.ബി.സിയുടെ അധ്യക്ഷന്‍ ഒരു കൊച്ചുമെത്രാന്‍ ആയിരുന്ന കാലത്ത് പൊഴിയൂരിലെ വ്യാജവാറ്റ് നിര്‍ത്തിച്ചത് എങ്ങനെയാണ് എന്നെങ്കിലും കെ.സി.ബി.സി. പഠിക്കണം. മദ്യം ക്രിസ്ത്യാനിയെയും മാട്ടിറച്ചി മുസ് ലിമിനെയും അടയാളപ്പെടുത്തുന്നു എന്ന് വ്യാഖ്യാനിക്കാന്‍ മതനേതാക്കള്‍ ഇട കൊടുക്കരുത്.
Join WhatsApp News
Tom Abraham 2017-06-15 17:10:34
Do the Indian Navy, military, promote liquor ? My cousin retd vice admiral at least, long - term alcoholic now surrenders to esophageal cancer. OK , educate and eradicate poverty. Spend that money for the starving children. Will the Communist party fight poverty, or rightly defend alcohol addicts ? Wake up, psuedo- Socialistic , dump writers.
Ponmelil Abraham 2017-06-22 04:18:43
The local government as well as the church leadership should adopt a policy to eliminate the use of hard liquor from public use.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക