Image

മേളയില്‍ ചിത്രസൂത്രം'

ആഷ എസ് പണിക്കര്‍ Published on 17 June, 2017
മേളയില്‍ ചിത്രസൂത്രം'

റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച മലയാളി സംവിധായകന്‍ വിപിന്‍ വിജയുടെ `ചിത്രസൂത്രം' (ദ ഇമേജ്‌ ത്രെഡ്‌സ്‌) മേളയുടെ ഇന്നത്തെ ആകര്‍ഷണങ്ങളിലൊന്നാണ്‌. ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ്‌ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ ചിത്രം നിരവധി ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്‌.

ജയിലില്‍ വച്ച്‌ കുഞ്ഞിന്‌ ജന്മം നല്‍കേണ്ടി വരുന്ന പലസ്‌തീനിയന്‍ സ്‌ത്രീയുടെ ജീവിതംപറയുന്ന പലസ്‌തീനിയന്‍ സംവിധായിക മയ്‌ മസ്രിയുടെ `3000 നൈറ്റ്‌സ്‌ ' ആണ്‌ ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ്‌ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റൊരു ചിത്രം. 2015 ലെ ടോറണ്ടോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

സാമ്പ്രദായിക രീതിയില്‍ നിന്ന്‌ മാറി വ്യത്യസ്‌തതയുടെ ശബ്ദമാകുന്ന `സൗണ്ട്‌ ഫൈല്‍സ്‌' മേളയുടെ ഇന്നത്തെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്‌. കേള്‍ക്കുക എന്ന പ്രവൃത്തിയില്‍ പുതിയൊരു പരീക്ഷണമാണ്‌ സൗണ്ട്‌ ഫൈല്‍സ്‌ കൊണ്ടുദ്ദേശിക്കുന്നത്‌.

 ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ്‌ വുമണ്‍ ഇന്‍ റേഡിയോ ആന്‍ഡ്‌ ടെലിവിഷന്‍ സംഘടിപ്പിച്ച ഏഷ്യന്‍ വിമന്‍സ്‌ ഫെസ്റ്റിവല്‍ 2014 ല്‍ ആദ്യമായി അവതരിപ്പിച്ച ഈ ചിത്രങ്ങള്‍ ശബ്ദ വിന്യാസത്തിലൂടെ കഥ പറയുക എന്ന രീതിയാണ്‌ അവലംബിച്ചിരിക്കുന്നത്‌. പ്രശസ്‌ത വനിതാ സംവിധായികമാരായ സാമിന മിശ്ര, ഇറാം ഖുഫ്‌റാന്‍ എന്നിവരാണ്‌ സൗണ്ട്‌ഫൈല്‍സ്‌ ക്യൂറേറ്റ്‌ ചെയ്‌തിരിക്കുന്നത്‌. 
 
എഴുപതുകളിലെ ജര്‍മന്‍ സിനിമയുടെ ഭാഷയും വ്യാകരണവും പൊളിച്ചെഴുതി യുദ്ധാനന്തര യൂറോപ്യന്‍ ചലച്ചിത്രകാരന്മാരില്‍ ഏറ്റവും പ്രമുഖമായ സ്ഥാനം നേടിയെടുത്ത വിം വെന്‍ഡേഴ്‌സിന്റെ `പിന' എന്ന ചിത്രവും ചലച്ചിത്രചാര്യനെ ആദരിക്കുന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. 

മത്സരവിഭാഗത്തില്‍ ക്യാമ്പസ്‌ ഫിലിം, അനിമേഷന്‍, ഷോര്‍ട്‌ ഫിക്ഷന്‍, ലോങ്‌ ഡോക്യുമെന്ററി, ഷോര്‍ട്ട്‌ ഡോക്യുമെന്ററി എന്നീ വിഭാഗങ്ങളാണ്‌ ഇന്ന്‌ മേളയിലുള്ളത്‌. ഇന്റര്‍നാഷണല്‍, ഫോക്കസ്‌ ഷോര്‍ട്ട്‌ ഡോക്യുമെന്ററി, ഫോക്കസ്‌ ഷോര്‍ട്‌ ഫിക്ഷന്‍, ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ്‌ വിഭാഗങ്ങളിലെ ചിത്രങ്ങളുമുണ്ട്‌.


ദൃശ്യവൈവിധ്യങ്ങളുടെ ആദ്യ ദിനം


മത്സരവിഭാഗത്തിലെ ഒന്‍പത്‌ ചിത്രങ്ങള്‍ ഉള്‍പ്പെടെ 29 ചിത്രങ്ങളാണ്‌ മേളയുടെ ആദ്യ ദിനത്തില്‍ പ്രദര്‍ശിപ്പിച്ചത്‌. പ്രമേയത്തിലെ വ്യത്യസ്ഥതകൊണ്ടും ആഖ്യാനത്തിലെ പുതുമകൊണ്ടും ശ്രദ്ധേയമായ ഈ ചിത്രങ്ങള്‍ക്ക്‌ മികച്ച പ്രേക്ഷകപ്രതികരണമാണ്‌ ലഭിച്ചത്‌. കോമ്പറ്റീഷന്‍ ഷോര്‍ട്ട്‌ ഫിക്ഷന്‍ വിഭാഗത്തിലെ `ലാസ്റ്റ്‌ ഡേ ഓഫ്‌ സമ്മര്‍' സംവിധാനം ചെയ്‌തിരിക്കുന്നത്‌ ജോര്‍ജ്‌ കോരയാണ്‌. സങ്കീര്‍ണമായ കുടുംബ പ്രശ്‌നങ്ങളാണ്‌ ചിത്രം പ്രേക്ഷകന്‌ മുന്നിലെത്തിച്ചത്‌. സിദ്ദാര്‍ഥ്‌ ചൗഹാന്റെ `പാശി'യാണ്‌ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച മറ്റൊരു ചിത്രം. മോനച്ചന്‍ സംവിധാനം ചെയ്‌ത `തേടല്‍', ശ്രീധര്‍ സുധീരന്റെ `വന്ദേമാതരം', ജി.എസ്‌. ഉണ്ണികൃഷ്‌ണന്‍ നായരുടെ `ഗാര്‍ഡിയന്‍സ്‌ ഓഫ്‌ ഗ്രെയിന്‍ ' എന്നിവയാണ്‌ കോമ്പറ്റീഷന്‍ ഷോര്‍ട്ട്‌ ഡോക്യുമെന്ററി വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍. 

കമ്പറ്റീഷന്‍ ലോങ്‌ ഡോക്യുമെന്ററി വിഭാഗത്തില്‍ നിന്ന്‌ കാദംബരിശിവായ സംവിധാനുവം തിരക്കഥയും നിര്‍വഹിച്ച `ദി തിങ്കിങ്‌ ബോഡി' മാത്രമാണ്‌ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിയത്‌. ഭൗതിക സ്വത്വത്തിന്‌ അതീതമായ തലത്തിലേക്ക്‌ നൃത്തത്തിലൂടെ സഞ്ചരിക്കുന്ന നര്‍ത്തകിയുടെ മനസ്സിന്റെ ആഖ്യാനമായിരുന്നു ഈ ചിത്രം. ഐ.ഐ.ടി ഹൈദ്രാബാദിലെ വിദ്യാര്‍ഥികള്‍ സംവിധാനം ചെയ്‌ത `മദര്‍' കെ.പി. മോഹനന്റെ `രോമക്കുപ്പായം' എന്നീ ചിത്രങ്ങള്‍ കോമ്പറ്റീഷന്‍ അനിമേഷന്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. 

ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ്‌ വിഭാഗത്തിലെ മായ്‌ മസ്രിയുടെയും വിപിന്‍ വിജയുടെയും ചിത്രങ്ങള്‍ നിറഞ്ഞ സദസ്സിലാണ്‌ പ്രദര്‍ശിപ്പിച്ചത്‌.
2006 ലെ ഇസ്രായല്‍ യുദ്ധത്തെ പശ്ചാത്തലമാക്കി നിയ സംവിധാനം ചെയ്‌ത ചിത്രമാണ്‌ `33 ഡെയ്‌സ്‌'. യുദ്ധഭീകരതയില്‍ ജീവിക്കുന്ന നാല്‌ ചെറുപ്പാക്കാരുടെ കഥയാണ്‌ ചിത്രം തിരശ്ശീലയില്‍ എത്തിച്ചത്‌. 
സ്വാതന്ത്ര്യത്തിന്റെ വിവിധ അര്‍ഥതലങ്ങള്‍ പരിശോധിക്കുകയാണ്‌ `ഉന്മാദ ബുദ്ധനി'ലൂടെ വിപിന്‍ വിജയ്‌. `വിഷപര്‍വം' എന്ന വിപിന്‍ വിജയ്‌ ചിത്രവും പ്രദര്‍ശിപ്പിച്ചു.
ആദ്യ ദിവസത്തെ മറ്റൊരാകര്‍ഷണം മാസ്‌ട്രോ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച `എ ട്രിക്‌ ഓഫ്‌ ലൈറ്റ്‌' എന്ന ചിത്രമായിരുന്നു. നവ ജര്‍മന്‍ സിനിമാ പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായ വിം വെന്‍ഡേഴ്‌സ്‌ സംവിധാനം നിര്‍വഹിച്ച ഈ ചിത്രം ജര്‍മന്‍ സിനിമയുടെ ഉത്ഭവത്തെ ചിത്രീകരിക്കുന്നു. 

ഇന്തര്‍നാഷണല്‍ നോണ്‍ഫിക്ഷന്‍ വിഭാഗത്തില്‍ നാല്‌ ചിത്രങ്ങളും ഫിക്ഷന്‍ വിഭാഗത്തില്‍ ഒരു ചിത്രവുമാണ്‌ പ്രദര്‍ശിപ്പിച്ചത്‌. നാദാ റിയാദിന്റെ `ഹാപ്പിലി എവര്‍ ആഫ്‌റ്റര്‍', ലാണാ ബേണ്‍ഡിന്റെ `ദി ഓസ്‌ട്രിയന്‍ റോഡ്‌', ബ്ലാങ്ക്‌ അന്റോണിയന്‍ സംവിധാനവും തിരക്കഥയും കാമറയും ചിത്രസംയോജനവും സംവിധാനവും നിര്‍വഹിച്ച `ബ്ലാഹാ ലൂസ്സാ സ്‌ക്വയര്‍', ഓള്‍ഗ ഡെലെന്റെ `സേര്‍വിയന്‍ ലൗ', തോമസ്‌ സ്റ്റാന്‍കിവിസ്സിന്റെ `ബ്രേവ്‌ ബഞ്ച്‌' എന്നിവയാണ്‌ ചിത്രങ്ങള്‍.

ഫോക്കസ്‌ ഷോര്‍ട്ട്‌ ഡോക്യുമെന്ററിയില്‍ ബിജു മുത്തത്തി സംവിധാനം ചെയ്‌ത `ഹെര്‍ സ്റ്റോറി ഓഫ്‌ സോള്‍'ഉം ലോങ്‌ ഡോക്യുമെന്ററി വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ബാബു കമ്പ്രത്തിന്റെ `മദര്‍ ബേര്‍ഡ്‌', പരിസ്ഥിതിയുടെയും പാരമ്പര്യത്തിന്റെയും സംരക്ഷകരായ സ്‌ത്രീ ജീവിതങ്ങളുടെ കഥപറയുന്നവയായിരുന്നു. ഫോക്കസ്‌ ഷോര്‍ട്ട്‌ ഫിക്ഷന്‍ വിഭാഗത്തിലെ ബിനോയ്‌ രവീന്ദ്രന്റെ `ഗ്രേസ്‌ വില്ല', മുഹമ്മദ്‌ സൊഹാലിന്റെ `പാമ്പും കോണിയും' ബിപിന്‍ ജോസഫിന്റെ `പൂ', എലി റാണയുടെ `ചോയ്‌സ്‌', ആദിത്യ അന്‍പുവിന്റെ `ദി ബ്രേക്കപ്പ്‌', സന്തോഷ്‌ കാര്‍ത്തികേയന്റെ `ഇന്‍സൈഡ്‌ ദി കമ്പാര്‍ട്ട്‌മെന്റ്‌' എന്നിവയായിരുന്നു ആദ്യ ദിനത്തില്‍ പ്രദര്‍ശിപ്പിച്ച മറ്റു ചിത്രങ്ങള്‍.


നിയന്ത്രണങ്ങള്‍ക്ക്‌ അതീതമാണ്‌ സിനിമ

സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തെ ചൊല്ലി സിനിമയ്‌ക്കുമേല്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ഫലം കാണില്ല. അതിന്‌ തെളിവാണ്‌ ഫിലിംഫെസ്റ്റിവല്‍ പോലുള്ള വേദികളില്‍ അകറ്റിനിര്‍ത്തിയിട്ടുള്ള സിനിമകളെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതെന്ന്‌ സംവിധായകന്‍ വിപിന്‍ വിജയ്‌ പറഞ്ഞു. ദ ഇഗോട്ടിക്‌ വേള്‍ഡ്‌, വെനോര്‍മസ്‌ ഫോള്‍ഡ്‌ എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനത്തിനുശേഷം കൈരളി തീയേറ്ററില്‍ നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബിഗ്‌ സ്‌ക്രീനില്‍ അംഗീകാരം ലഭിച്ചില്ലെങ്കില്‍ കൂടി സോഷ്യല്‍ മീഡിയകളില്‍ വിലക്ക്‌ ഏര്‍പ്പെടുത്തുന്ന സിനിമകള്‍ക്ക്‌ വലിയ സ്വീകാര്യതയാണ്‌ ലഭിക്കുന്നത്‌. സിനിമയില്‍ രാഷ്ട്രീയം കലര്‍ത്താന്‍ പാടില്ല എന്നാല്‍ സിനിമയ്‌ക്ക്‌ കൃത്യമായ രാഷ്ട്രീയമുണ്ട്‌. സ്റ്റോറി ബോര്‍ഡ്‌ എന്ന മുന്നൊരുക്കം ഇല്ലാതെ സാഹചര്യങ്ങള്‍ക്ക്‌ അനുസരിച്ചാണ്‌ താന്‍ സിനിമകള്‍ ചെയ്‌തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക