Image

കാട് മാത്രമല്ല പ്രകൃതി: ബാബു കമ്പ്രത്ത് (ആശ പണിക്കര്‍)

Published on 17 June, 2017
കാട് മാത്രമല്ല പ്രകൃതി: ബാബു കമ്പ്രത്ത് (ആശ പണിക്കര്‍)
പ്രകൃതിയെന്നത് കാടെന്ന പൊതു സങ്കല്പത്തിലുള്ളതു മാത്രമല്ല നമുക്കു ചുറ്റും കാണുന്നതുകൂടിയാണ് എന്ന് "മദര്‍ ബേര്‍ഡി'ന്റെ സംവിധായകന്‍ ബാബു കമ്പ്രത്ത്. ഒട്ടുമിക്ക വൈല്‍ഡ് ലൈഫ് ഡോക്യുമെന്ററികളും കാടിനെ കീഴ്‌പ്പെടുത്തി സൃഷ്ടിക്കപ്പെട്ടവയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പത്താമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയോനുബന്ധിച്ച് കൈരളിയില്‍ നടന്ന മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരാണ് ജൈവവൈവിധ്യത്തിന്റെ പ്രധാന സംരക്ഷകര്‍. ഗവേഷകരാകട്ടെ അതിന്റെ ഭാഗം മാത്രമാണെന്നും "ഗാര്‍ഡിയന്‍സ് ഓഫ് ഗ്രെയി'ന്റെ സംവിധായകന്‍ ജി.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍ അഭിപ്രായപ്പെട്ടു. വീട്ടുവളപ്പിലെയും കൃഷിയിടങ്ങളിലെയും ജൈവവൈവിധ്യത്തിന്റെ സംരക്ഷകരായ കര്‍ഷകരെപ്പറ്റിയാണ് തന്റെ സിനിമയിലൂടെ ചര്‍ച്ച ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശരി തെറ്റുകള്‍ ചിന്തിക്കാതെയുള്ള തീരുമാനങ്ങളുടെ തിക്തഫലങ്ങള്‍ ജീവിതം മുഴുവന്‍ പിന്തുടരും എന്ന സന്ദേശമാണ് തന്റെ ചിത്രത്തിലൂടെ നല്‍കാന്‍ ശ്രമിച്ചതെന്ന് "പാമ്പും കോണിയും' എന്ന ചിത്രത്തിന്റെ സംവിധായകന്‍ മുഹമ്മദ് സൊഹീന്‍ പറഞ്ഞു. "ഗ്രിന്‍ സോയിലി'ന്റെ സംവിധായകന്‍ കീര്‍ത്തി രാജ്, "വന്ദേമാതര'ത്തിന്റെ സംവിധായകന്‍ ശ്രീധര്‍ സുധീര്‍, "ദി ഓസ്ട്രിയന്‍ റോഡി'ന്റെ സംവിധായിക ലാണ ബേര്‍ഡ് എന്നിവര്‍ പങ്കെടുത്തു. അപര്‍ണ അജിത് പ്രസ് കോര്‍ഡിനേറ്ററായിരുന്നു.

മേളയില്‍ ജൂണ്‍ 18ന് കെ.ജി. ജോര്‍ജിനെ ആദരിക്കും ചലം ബനുര്‍ക്കറെ അനുസ്മരിക്കും

സമകാലിക രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളെ ദൃശ്യഭാഷയിലൂടെ ആസ്വാദകരിലേക്ക് എത്തിച്ച വിഖ്യാത ചലച്ചിത്ര സംവിധായകന്‍ കെ.ജി. ജോര്‍ജിന്റെ ജീവിതം ആവിഷ്കരിക്കുന്ന "8 1/2 ഇന്റര്‍കട്ട്‌സ് -ലൈഫ് ആന്‍ഡ് ഫിലിംസ് ഓഫ് കെ.ജി. ജോര്‍ജ്' എന്ന ഡോക്യൂമെന്‍റ്ററി ഇന്ന് പ്രദര്‍ശിപ്പിക്കും. പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയില്‍ കെ.ജി. ജോര്‍ജിനെ ആദരിച്ചുകൊണ്ട് പ്രത്യേകമായി പ്രദര്‍ശിപ്പിക്കുന്ന രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ലിജിന്‍ ജോസും ഷാഹിന കെ. റഫീക്കും ചേര്‍ന്നാണ്. എഴുപതുകളിലെയും എണ്‍പതുകളിലെയും കേരളീയ സമൂഹത്തിന്റെ അവസ്ഥാന്തരങ്ങളെ ആഴത്തില്‍ പ്രതിഫലിപ്പിച്ച സിനിമകളുടെ സംവിധായകനെ അടുത്തറിയാന്‍ ഈ ചിത്രം സഹായിക്കും.
വ്യത്യസ്ത ഡോക്യൂമെന്ററി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ചലം ബെനൂര്‍ക്കറെ മേള ഇന്ന് അനുസ്മരിക്കും. "കുട്ടി ജപ്പാനിന്‍ കുഴന്തൈകള്‍' അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ഡോക്യൂമെന്ററിയാണ്. 60 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ഡോക്യൂമെന്ററിയിലൂടെ തമിഴ്‌നാട്ടിലെ ശിവകാശി എന്ന ചെറു പട്ടണത്തിലെ പടക്കനിര്‍മാണ തൊഴിലാളികളായ കുട്ടികളുടെ കഥയാണ് പറയുന്നത്. ഡോക്യൂമെന്ററികള്‍ക്ക് പുറമെ ചെറുകഥകള്‍, ലേഖനങ്ങള്‍, കവിതകള്‍ തുടങ്ങി വ്യത്യസ്ത സര്‍ഗമേഖലകളില്‍ വ്യാപരിച്ച വ്യക്തിയാണ് ചലം ബെനൂര്‍ക്കര്‍. ബാംഗ്ലൂരിലെ ഫിലിം സൊസൈറ്റി മൂവ്‌മെന്റിന് തുടക്കം കുറിച്ചതും അദ്ദേഹമാണ്. കോളേജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച അദ്ദേഹം ആദ്യകാലങ്ങളില്‍ പരസ്യ ചിത്രങ്ങള്‍ വരയ്ക്കുന്നയാളായും ജോലി നോക്കിയിട്ടുണ്ട്. ബാംഗ്ലൂര്‍ ക്യുര്‍ ഫിലിം ഫെസ്റ്റിവല്‍ 2012 ലെ "ഓള്‍ അബൗട് ഔര്‍ ഫെമീല" എന്ന ചിത്രത്തിലൂടെ ഭിന്നലിംഗക്കാരുടെ ശബ്ദമായും അദ്ദേഹം ശ്രദ്ധേയനായി.

മത്സര വിഭാഗത്തില്‍ ക്യാംപസ് ഫിലിം, ലോങ്ങ് ഡോക്യുമെന്ററി, ഷോര്‍ട് ഡോക്യുമെന്ററി, അനിമേഷന്‍, ഷോര്‍ട്ട് ഫിക്ഷന്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പെട്ട 22 ചിത്രങ്ങളാണ് ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്. ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ പലസ്തീനിയന്‍ സംവിധായിക മയി മസ്രിയുടെ "ബെയ്‌റൂട്ട് ഡയറീസ്: ട്രൂത്ത്, ലൈസ് ആന്‍ഡ് വീഡിയോസ്', മലയാളി സംവിധായകന്‍ വിപിന്‍ വിജയുടെ "ഭൂമിയില്‍ ചുവടുറച്ച്' എന്നീ ചിത്രങ്ങളുണ്ടായിരിക്കും. ഗള്‍ഫ് മലയാളികളുടെ ജീവിത കഥ പറയുന്ന മൈഗ്രന്റ് ബോഡീസ്,നേറ്റീവ് ഹാര്‍ട്ട്‌സ് എന്ന വിഭാഗത്തില്‍ ആറ് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. വിയന്ന ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച സിനിമകളില്‍ നിന്നും തെരഞ്ഞെടുത്ത ചിത്രങ്ങളുടെ വിഭാഗമായ വിയെന്ന ഷോര്‍ട്ട്‌സ്, ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള അനിമേഷന്‍ സിനിമകള്‍, ഇന്റര്‍നാഷണല്‍ വിഭാഗത്തിലെ "വെല്‍വെറ്റ് റെവല്യൂഷന്‍' എന്നീ ചിത്രങ്ങളും ഇന്ന് ആസ്വാദകര്‍ക്ക് മുന്നിലെത്തും. പകല്‍ 11.45 ന് നിള തിയേറ്ററില്‍ മായ് മസ്രിയുമായും ഉച്ചയ്ക്ക് 12.00 ന് ശ്രീ തിയേറ്ററില്‍ "വെല്‍വെറ്റ് റവലൂഷ'ന്റെ സംവിധായിക നൂപര്‍ ബസുവുമായും സംവാദങ്ങള്‍ ഉണ്ടാകും. രണ്ടു മണിക്ക് നിള തീയേറ്ററില്‍ മലയാളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുമായി ഇന്‍ കോണ്‍വര്‍സേഷനും രാത്രി എട്ടു മണിക്ക് കൈരളിയില്‍ പ്രശസ്ത പിന്നണി ഗായിക പുഷ്പവതി നയിക്കുന്ന സംഗീത പരിപാടി അരങ്ങേറും.
കാട് മാത്രമല്ല പ്രകൃതി: ബാബു കമ്പ്രത്ത് (ആശ പണിക്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക