Image

അമൃതവാഹിനി (കവിത: ഗീത. വി)

Published on 17 June, 2017
അമൃതവാഹിനി (കവിത: ഗീത. വി)
കാര്‍മുകിലേ പെയ്‌തൊഴിയൂ നീ
മിന്നലാകും വജ്രായുധവും പേറി
മാനത്താകെ അലറിപ്പാഞ്ഞു
നടക്കുന്നതെന്തിനു നീ മുകിലേ
ഇടിമുഴക്കമായി കേള്‍ക്കുന്നു നിന്‍
ചുടുനിശ്വാസങ്ങള്‍
ശ്യാമളേ നീ ശാന്തയാകൂ

പെയ്‌തൊഴിയൂ നിന്‍ കദനഭാരം
വൃക്ഷലതാദികളോഷധികള്‍
പശു, പക്ഷി മൃഗാദികളേവം
സമസ്ത ഭുവനവാസികള്‍ക്കും
അമൃതായി ഭവിക്കുന്നു ദേവീ
നീ പെയ്‌തൊഴിയ്ക്കും മുത്തുമണികള്‍

ധന്യേ, പെയ്‌തൊഴിയൂ നീ
നിന്‍ ഉത്തമതീര്‍ത്ഥത്താല്‍
കഴുകിയകറ്റൂ ധരയുടെ ദേഹമാലിന്യം
ഭദ്രേ നിന്നമൃതധാരയാല്‍
പുഷ്ഠിയേകൂ ഭൂമീദേവിതന്‍
സര്‍വ്വാംഗങ്ങള്‍ക്കും നീ.

നിന്‍ കാരുണ്യത്താല്‍ നവോഢയെപ്പോല്‍
തെളിഞ്ഞിടും ഭൂമുഖം
മുകിലേ, നിന്‍ മുന്നില്‍ നിഷ്പ്രഭം ഹിരണ്യരേതാ
നിന്‍ നിഴല്‍ കണ്ടാലോടിയൊളിക്കും
ദിവാകരബിംബവും പൂര്‍ണ്ണേന്ദുവും
നീ ശക്തിസ്വരൂപിണി
ശൃാമ മേഘമേ സമസ്തവും നിന്‍ കൃപാബലം
സര്‍വ്വപ്രാണിരക്ഷാര്‍ത്ഥം
പവിത്രഗംഗയായി പെയ്‌തൊഴിയൂ നീ കാര്‍മുകിലേ.
Join WhatsApp News
Dr. Sasi 2017-06-18 13:07:46
പെയ്യാനുള്ളത് പെയ്‌തു കഴിഞ്ഞാൽ മേഘം ശാന്തമാകും എന്നത്  സത്യമാണ് ഗീത. എന്നാൽ  എല്ലാം പെയ്തു ഒഴിഞ്ഞു ശാന്തത തുടർന്നാൽ എന്താണ്  നമ്മുടെ അവസ്ഥ ?. എന്നാൽ ശാന്തത തുടരാതെ വീണ്ടും  മേഘം മിന്നലും ,ഇടിമുഴക്കുവുമായി ഘനീഭവിച്ചു  വീണ്ടും മുത്ത് മണികളെ വർഷിക്കുന്നു! നമ്മുടെ ജീവിതവുമായി പ്രക്രതി പ്രതിഭാസങ്ങൾക്കു നല്ല ബന്ധമുണ്ട് . സുഖം:ദുഃഖം ,ഹർഷം :സന്താപം ,മാനം :അപമാനം  തുടങ്ങി ദ്വന്ദങ്ങളാൽ മനസ്സ് മിന്നലും ,ഇടിമുഴക്കുവുമായി ഘനീഭവിച്ചു കണ്ണ്നീർ മുത്ത് മണികളെ വർഷിക്കുന്നു.മനസ്സു പെയ്തു ഒഴിഞ്ഞു ശാന്തമാകുന്നു പക്ഷേ ജീവിതമാകുന്ന സംസാര ദുഃഖങ്ങളാലുണ്ടാകുന്ന യാഥാർഥ്യങ്ങൾ വീണ്ടും.മനസ്സിനെഅശാന്തമാക്കുന്നു.പുത്രേഷണ,വിത്തേഷണ,ലോകേഷണ  എന്നീ മുന്ന് ഏഷണ ത്രയങ്ങൾ നമ്മെ കെട്ടി വരിയുന്നു.എന്റെ  മക്കൾ ,എന്റെ ധനം ,എന്റെ ലോകം  ഈ സംസാര ദുഃഖങ്ങളിൽ നിന്നും പെയ്തു ഒഴിയാൻ നമുക്ക് കഴിയുമോ ?
(ഡോ.ശശിധരൻ )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക