Image

സിനിമ ചെയ്യുന്നത്‌ പ്രേക്ഷകരെ തൃപ്‌തിപ്പെടുത്താന്‍ മാത്രമല്ല : ലിജോ ജോസ്‌ പല്ലിശ്ശേരി

ആഷ എസ് പണിക്കര്‍ Published on 19 June, 2017
സിനിമ ചെയ്യുന്നത്‌ പ്രേക്ഷകരെ തൃപ്‌തിപ്പെടുത്താന്‍ മാത്രമല്ല : ലിജോ ജോസ്‌ പല്ലിശ്ശേരി
പ്രേക്ഷകരെ തൃപ്‌തിപ്പെടുത്തുവാനും ബോക്‌സ്‌ ഓഫീസ്‌ വിജയം നേടാനും മാത്രമല്ല സിനിമ ചെയ്യുന്നതെന്ന്‌ സംവിധായകന്‍ ലിജോ ജോസ്‌ പല്ലിശ്ശേരി പറഞ്ഞു. രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയോടനുബന്ധിച്ച്‌ നിള തിയേറ്ററില്‍ അക്കാദമി ഡെപ്യൂട്ടി ഡയറക്‌ടര്‍ ഷാജിയുമായി നടന്ന ഇന്‍ കോണ്‍വര്‍സേഷണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 സംവിധായകന്‍ എന്ന നിലയില്‍ ജനങ്ങളോട്‌ സംവദിക്കുവാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്‌ സിനിമയിലൂടെ ചിത്രീകരിക്കുന്നത്‌. ബോക്‌സ്‌ ഓഫീസ്‌ വിജയങ്ങളല്ലാതിരുന്ന തന്റെ ആദ്യ സിനിമകള്‍ ജനങ്ങള്‍ ഇപ്പോള്‍ ആസ്വദിക്കുന്നുണ്ട്‌. കാലത്തോടൊപ്പം ജനങ്ങളുടെ സിനിമാ വീക്ഷണത്തില്‍ വന്ന മാറ്റമാണ്‌ ഈ സിനികള്‍ ഇപ്പോള്‍ അംഗീകരിക്കപ്പെടാന്‍ കാരണം.

സങ്കീര്‍ണമായ ആഖ്യാന ശൈലികാരണമാണ്‌ `സിറ്റി ഓഫ്‌ ഗോഡ്‌' എന്ന ചിത്രം ബോക്‌സ്‌ ഓഫീസ്‌ പരാജയമായത്‌. അസംബന്ധങ്ങളുടെ സിനിമയായിരുന്നു `ഡബിള്‍ ബാരല്‍'. ബോധപൂര്‍വം തന്നെയാണ്‌ ഈ സിനിമയ്‌ക്ക്‌ കൃത്യമായ ഒരു കഥാവിവരണശൈലി നല്‍കാതിരുന്നത്‌. ഒരു കോമിക്‌ പുസ്‌തകം പോലെയാണ്‌ ഈ സിനിമ രൂപകല്‌പന ചെയ്‌തത്‌.

ബോക്‌സോഫീസ്‌ വിജയം കൈവരിച്ച `ആമേന്‍', `അങ്കമാലി ഡയറീസ്‌' എന്നീ സിനിമകള്‍ക്കു ശേഷം പരീക്ഷണാത്മകമായ സിനിമകള്‍ ചെയ്യാനുള്ള ധൈര്യം ലഭിച്ചു. സിനിമ വാക്കുകളിലൂടെ പറയേണ്ട കലയല്ല, പക്ഷേ നിര്‍മാതാവിനെ ലഭിക്കുന്നതിനുവേണ്ടി സംവിധായകന്‍ വാക്കുകളിലൂടെയും കഥപറയാന്‍ പഠിക്കണം. സിനിമ എല്ലാക്കാലവും സംവിധായകന്റെ മാത്രം കലയാണ്‌. സംവിധായകന്‍ എന്ന ഒറ്റ വ്യക്തിയുടെ കാഴ്‌ചപ്പാടനുസരിച്ച്‌ ഒരുകൂട്ടം ആള്‍ക്കാര്‍ ചേര്‍ന്ന്‌ നിര്‍മിക്കുന്നതാണ്‌ സിനിമയെന്നും അദ്ദേഹം പറഞ്ഞു

മേളയില്‍ ഇന്ന്‌( ജൂണ്‍ 19 )

ജോണ്‍ ബര്‍ഗറിന്‌ ആദരം, ഫോക്കസ്‌: വിപിന്‍ വിജയ്‌
പ്രശസ്‌ത ഇംഗ്ലീഷ്‌ സാഹിത്യകാരനായ ജോണ്‍ ബെര്‍ഗറിന്‌ ആദരവര്‍പ്പിച്ചു കൊണ്ട്‌ `ദി സീസണ്‍സ്‌ ഇന്‍ ക്വിന്‍സി: ഫോര്‍ പോര്‍ട്രൈറ്റ്‌സ്‌ ഓഫ്‌ ജോണ്‍ ബെര്‍ഗര്‍ എന്ന ചിത്രം ഇന്ന്‌ മേളയില്‍ പ്രദര്‍ശിപ്പിക്കും. കവി, നോവലിസ്റ്റ്‌, നിരൂപകന്‍, ചിത്രകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ജോണ്‍ ബെര്‍ഗര്‍ ബുക്കര്‍ പ്രൈസ്‌ ജേതാവു കൂടിയാണ്‌.

 ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹത്തിന്റെ ജീവിതം നാല്‌ സംവിധായകരുടെ കാഴ്‌ചപ്പാടിലൂടെ ആവിഷ്‌കരിക്കുന്നത്‌. ഈ ചിത്രം ട്രിബ്യൂട്ട്‌ വിഭാഗത്തിലാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌.
ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ്‌ വിഭാഗത്തില്‍ മലയാളി സംവിധയകന്‍ വിപിന്‍ വിജയുടെ പൂമരം, വീഡിയോ ഗെയിം, എന്നീ ചിത്രങ്ങളും ഇന്റര്‍നാഷണല്‍ വിഭാഗത്തില്‍ ആറ്‌ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

 ലാറ്റിന്‍ അമേരിക്കന്‍ അനിമേഷന്‍ സിനിമകളായ പാസ്‌ത, ല നോറിയ, പുന്‍ന്റോസ്‌ എന്നീ ചിത്രങ്ങളും മത്സര വിഭാഗത്തില്‍ അനിമേഷന്‍, ഷോര്‍ട്‌ ഡോക്യുമെന്ററി, ഷോര്‍ട്‌ ഫിക്ഷന്‍, ലോങ്ങ്‌ ഡോക്യുമെന്ററി എന്നീ വിഭാഗത്തില്‍ ഉള്‍പ്പെട്ട 16 ചിത്രങ്ങളുമാണ്‌ ഇന്ന്‌ പ്രദര്‍ശിപ്പിക്കുന്നത്‌.

രണ്ടു മണിക്ക്‌ നിള തീയേറ്ററിയില്‍ സംവിധായകന്‍ വിപിന്‍ വിജയുമായ്‌ സംവാദവും വൈകുന്നേരം 6.15 ന്‌ പാലസ്റ്റീനിയന്‌ സംവിധായിക മായി മസ്രിയുടെ ചോദ്യോത്തര വേളയും ഉണ്ടായിരിക്കും.

രാത്രി എട്ടു മണിക്ക്‌ ശ്രീമതി അനുജ ഗോസാല്‍ക്കര്‍ അവതരിപ്പിക്കുന്ന `ലേഡി ആനന്ദി' എന്ന ഡോക്യുമെന്ററി തിയറ്റര്‍ പെര്‍ഫോമന്‍സ്‌ അരങ്ങേറും.


ആശയങ്ങള്‍ പങ്കുവെയ്‌ക്കാവുന്ന
ശക്തമായ മാധ്യമമാണ്‌ സിനിമ: സുപ്രിയോ സെന്‍

ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെയ്‌ക്കാവുന്ന ഏറ്റവും ശക്തമായ മാധ്യമമാണ്‌ സിനിമയെന്ന്‌ ഔവര്‍ ഗ്രാന്റ്‌പേരന്റ്‌സ്‌ ഹോം എന്ന ചിത്രത്തിന്റെ സംവിധായകന്‍ സുപ്രിയോ സെന്‍ അഭിപ്രായപ്പെട്ടു.

പത്താമത്‌ അന്താരാഷ്‌ട്ര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്ര മേളയോടനുബന്ധിച്ച്‌ നടത്തിയ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഭജനം കുടുംബന്ധങ്ങളില്‍ വരുത്തുന്ന വൈകാരികവും ദേശീയവുമായ പ്രശ്‌നങ്ങളാണ്‌ തന്റെ സിനിമയിലൂടെ ആവിഷ്‌ക്കരിക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അരികുവത്‌കരിക്കപ്പെടുന്ന ആദിവാസി ദളിത്‌ ജീവിതങ്ങളും സമൂഹം നിസ്സാരവത്‌കരിച്ചു കാണുന്ന അവരുടെ മരണവുമാണ്‌ താന്‍ പറയാന്‍ ശ്രമിച്ചതെന്ന്‌ കുടചൂടുന്നവര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അജയ്‌കുമാര്‍ മലപ്പുറത്തട്ടില്‍.

നമ്മുടെയെല്ലാം തീന്‍മേശയിലേക്കെത്തുന്ന ഉപ്പ്‌ നമുക്ക്‌ ഒഴിച്ചുകൂടാനാവാത്തതാണ്‌. എന്നാല്‍ അതിനു പിന്നില്‍ പണിയെടുത്ത്‌ വിയര്‍പ്പൊഴുക്കുന്ന തൊഴിലാളികളെ നാം ശ്രദ്ധിക്കാറില്ലെന്നും അത്തരത്തില്‍ ജോലിചെയ്യുന്ന മൂന്ന്‌ ഉപ്പുതൊഴിലാളികളുടെ ജീവിതം സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ്‌ താന്‍ ശ്രമിച്ചതെന്നും സര്‍വേ നമ്പര്‍ സീറോയുടെ സംവിധായിക പ്രിയ തൂവശ്ശേരി അഭിപ്രായപ്പെട്ടു. `1984 വെന്‍ ദി സണ്‍ ഡിഡിന്റ്‌ റൈസി'ന്റെ സംവിധായിക റ്റീന കൗറും പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക