Image

വീട്ടു വാടക കൊടുക്കാന്‍ പോലും പ്രയാസപ്പെടുകയാണ്: അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ

Published on 19 June, 2017
വീട്ടു വാടക കൊടുക്കാന്‍ പോലും പ്രയാസപ്പെടുകയാണ്: അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ

ദുബൈ: 21 മാസമായി ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് ജ്വല്ലറി ഉടമ അറ്റ്‌ലസ് രാമചന്ദ്രന്റെ ആരോഗ്യ സ്ഥിതി ഏറെ മോശമായതായി ഭാര്യ ഇന്ദിര. 75 കാരനായ രാമചന്ദ്രനെ കഴിഞ്ഞാഴ്ച വീല്‍ചെയറിലാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. തനിക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഏറെ നിസ്സഹായ അവസ്ഥയിലാണെന്നും 'ഖലീജ് ടൈംസ്' പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഇന്ദിര പറഞ്ഞു.

വീട്ടു വാടക കൊടുക്കാന്‍ പോലും പ്രയാസപ്പെടുകയാണ്. പക്ഷെ ഭര്‍ത്താവിനെ മോചിപ്പിക്കാനുള്ള പേരാട്ടം തുടരും.

എന്തു ചെയ്യണമെന്നോ ആരെ സമീപിക്കണമെന്നോ തനിക്കറിയില്ല. ജീവനക്കാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക തീര്‍ക്കാനായി അറ്റ്‌ലസ് ഷോറൂമുകളിലുണ്ടായിരുന്ന 50 ലക്ഷം ദിര്‍ഹം വിലവരുന്ന വജ്രാഭരണങ്ങള്‍ 15 ലക്ഷത്തിനാണ് വിറ്റത് ഇന്ദിര പറഞ്ഞു.

3.40 കോടി ദിര്‍ഹത്തിന്റെ ചെക്ക് കാശില്ലാതെ മടങ്ങിയ കേസില്‍ 2015 ആഗ്‌സ്ത് 23നാണ് ദുബൈയില്‍ അറസ്റ്റിലാകുന്നത്.

മൊത്തം 15 ലേറെ ബാങ്കുകളിലായി 55 കോടി ദിര്‍ഹത്തിന്റെ ബാധ്യത രാമചന്ദ്രനുണ്ടെന്നാണ് കണക്കാക്കുന്നത്. ചില ബാങ്കുകള്‍ തനിക്കെതിരെയും സിവില്‍ നിയമ നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും അതിനാല്‍ താന്‍ ജയിലില്‍ പോകുമെന്ന ഭയത്തിലാണെന്നും 68കാരിയായ ഇന്ദിര പറഞ്ഞു.  

കടബാധ്യതകള്‍ തീര്‍ക്കാന്‍ പറ്റുമെന്ന പ്രതീക്ഷയുണ്ട്. മസ്‌കത്തിലെ രണ്ടു ആശുപത്രികള്‍ മൂന്നര കോടി ദിര്‍ഹത്തിന് വില്‍ക്കാനാകും.

ഇതുവഴി ബാങ്കുകളുമായി താല്‍ക്കാലിക ധാരണയിലെത്താം. വായ്പനല്‍കിയ 22 ബാങ്കുകളില്‍ 19ഉം ഇതിന് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ മൂന്നു ബാങ്കുകള്‍ ഇതിന് വഴങ്ങുന്നില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക