Image

പുതുവൈപ്പ്‌ : സര്‍ക്കാരിനെതിരെ സിപിഐ മുഖപത്രം

Published on 20 June, 2017
പുതുവൈപ്പ്‌ : സര്‍ക്കാരിനെതിരെ സിപിഐ മുഖപത്രം

പുതുവൈപ്പില്‍ ഐഒസിയുടെ പാചകവാതക സംഭരണിക്കെതിരെ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട്‌ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐ. കേരളത്തെ ഇരുത്തി ചിന്തിപ്പിക്കുന്ന പുതുവൈപ്പ്‌ എന്ന തലക്കെട്ടില്‍ മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ എഡിറ്റോറിയലിലൂടെയാണ്‌ സിപിഐ തങ്ങളുടെ നിലപാട്‌ വ്യക്തമാക്കുന്നതും സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതും. 

പദ്ധതിയെ എതിര്‍ക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍ക്കിടയില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയിരിക്കുന്നതായി പൊലീസ്‌ ഉന്നതരില്‍ നിന്നും ആരോപണം ഉയര്‍ന്നിരിക്കുന്നു. പ്രക്ഷോഭകരെ ഇതുവരെ പൊലീസ്‌ നേരിട്ട രീതി മനുഷ്യാവകാശങ്ങളെ മാനിക്കുന്ന ഒരു പരിഷ്‌കൃത സമൂഹത്തിനും അംഗീകരിക്കാനാവുന്നതല്ല. അത്‌ എല്‍ഡിഎഫിന്റെ വിശ്വാസ്യതയ്‌ക്കുമേലാണ്‌ കളങ്കം ചാര്‍ത്തിയിരിക്കുന്നതെന്നും സിപിഐ കുറ്റപ്പെടുത്തുന്നു.

ഇടതുപക്ഷ ഭരണത്തില്‍ സാമാന്യ ജനങ്ങളോട്‌ സഹാനുഭൂതിയോടെ പൊലീസ്‌ പെരുമാറുമെന്ന വിശ്വാസത്തിനാണ്‌ മങ്ങലേറ്റിരിക്കുന്നത്‌. കൊച്ചി മെട്രോ ഉദ്‌ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന സമീപനം സംബന്ധിച്ച പ്രഖ്യാപനത്തെ പുതുവൈപ്പ്‌ പൊലീസ്‌ നരനായാട്ടുമായി കൂട്ടിവായിക്കാന്‍ പല കേന്ദ്രങ്ങളും കാട്ടിയ തിടുക്കം ശ്രദ്ധേയമാണ്‌.

 എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ പൊലീസ്‌ നയം എന്താണെന്ന്‌, പ്രസ്‌താവനയിലൂടെയല്ല പ്രവൃത്തിയിലൂടെ കാട്ടിക്കൊടുക്കാന്‍ മുഖ്യമന്ത്രി തയാറാവണം.

സര്‍ക്കാരിന്റെ പൊലീസ്‌ നയത്തെ വികൃതവും അപഹാസ്യവുമാക്കിയ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കുകയാണ്‌ അതിനുള്ള മാര്‍ഗം. പുതുവൈപ്പില്‍ ഉയര്‍ന്നുവന്നിരിക്കുന്ന ജനകീയ പ്രതിരോധത്തിന്‌ പരിഹാരം കാണാനും അതിനായുള്ള ചര്‍ച്ചകള്‍ക്ക്‌ തുടക്കം കുറിക്കാനും അതുവഴിമാത്രമേ കഴിയു.

 വികസനത്തിന്റെ പേരില്‍ പാവങ്ങളെ എങ്ങനെയും നേരിടാമെന്ന ഉദ്യോഗസ്ഥ പ്രമാണിമാരുടെ അഹന്തയാണ്‌ പുതുവൈപ്പില്‍ ചോദ്യം ചെയ്യപ്പെടുന്നത്‌. പുതുവൈപ്പിലെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം യാതൊരു മുന്‍വിധിയും കൂടാതെ പ്രക്ഷുബ്ധരായ അവിടത്തെ ജനങ്ങളുമായി ചര്‍ച്ചയ്‌ക്ക്‌ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്‌.

 അതുവരെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്‌ക്കണം. പൊലീസ്‌ അതിക്രമങ്ങളിലേക്ക്‌ നയിച്ച സംഭവങ്ങളും കാരണങ്ങളും നിഷ്‌പക്ഷവും സമഗ്രവുമായ അന്വേഷണത്തിന്‌ വിധേയമാവണമെന്നും ജനയുഗത്തിലൂടെ സിപിഐ ആവശ്യപ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക