Image

നഴ്‌സിംഗ് സമരം: സക്കറിയ മാര്‍ നിക്കളോവോസ് തിരുമേനിക്കൊരു സലൂട്ട് (അനില്‍ കെ. പെണ്ണുക്കര )

Published on 20 June, 2017
നഴ്‌സിംഗ് സമരം:  സക്കറിയ മാര്‍ നിക്കളോവോസ്  തിരുമേനിക്കൊരു സലൂട്ട്  (അനില്‍ കെ. പെണ്ണുക്കര )
കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ നടത്തിവരുന്ന സമരത്തെ അനുകൂലിച്ചുകൊണ്ട് ഓര്‍ത്തഡോക്‌സ് സഭ അമേരിക്കന്‍ ഭദ്രാസനാധിപന്‍ സക്കറിയ മാര്‍ നിക്കളോവോസ്  തിരുമേനി രംഗത്തെത്തിയത് അഭിനന്ദനാര്‍ഹമാണ് . തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഈ വിഷയത്തെ സജീവ ചര്‍ച്ചയ്ക്കു ഇടയാക്കുന്ന തരത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്. ഒരു പക്ഷെ വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കാവുന്ന പ്രസ്താവനയാണെങ്കിലും സമരക്കാര്‍ക്കു അനുകൂലമായി ഒരു ബിഷപ്പ് രംഗത്തു വന്നത് സമരക്കാര്‍ക്കും സാധാരണക്കാര്‍ക്കും ആവേശമാണ് നല്‍കിയിരിക്കുന്നത്.

കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ നേഴ്‌സിങ് ജോലി ചെയ്യുന്നവര്‍ക്ക് നല്കപ്പെടുന്ന ശമ്പളവും, വര്‍ധനവും തുടങ്ങിയ വിഷയങ്ങളില്‍ സമരം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയി. പ്രത്യക്ഷമായും, പരോക്ഷമായും നടക്കുന്ന സമരങ്ങള്‍ പലപ്പോഴും സര്‍ക്കാരും, മാനേജുമെന്റുകളും അടിച്ചമര്‍ത്തുകയാണ് പതിവ്. എന്നാല്‍ മാര്‍ നിക്കോളവാസ് തൃശൂരിലെ നേഴ്‌സുമാരുടെ സമരത്തെ പിന്തുണച്ചു രംഗത്ത് വന്നത് തെല്ലൊന്നുമല്ല സമരക്കാര്‍ക്കു ആവേശം പകരുന്നത്.

അമേരിക്കയിലെ നേഴ്‌സിങ് സംഘടനകള്‍ ഈ സമരത്തെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാനത്തെ 1500 ഓളം ആശുപത്രികളില്‍ ജോലി ചെയ്യുന്ന മൂന്ന് ലക്ഷത്തോളം നഴ്‌സുമാരില്‍ 20 ശതമാനത്തിന് മാത്രമാണ് ഇപ്പോള്‍ മിനിമം ശമ്പളം ലഭിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് നഴ്‌സുമാര്‍ സമരരംഗത്തിറങ്ങിയത്. 2013 ല്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തിയ ശ്രദ്ധേയമായ സമരത്തെ തുടര്‍ന്ന് ശമ്പള വര്‍ദ്ധനവ് ഉറപ്പ് മാനേജുമെന്റുകള്‍ നല്‍കിയിരുന്നു. നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികളും ആശുപത്രി മാനേജ്‌മെന്റകളും സംസ്ഥാന തൊഴില്‍ വകുപ്പും നടത്തിയ സംയുക്ത ചര്‍ച്ചയില്‍ 2016 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയുള്ള ശമ്പള വര്‍ദ്ധനവാണ് ഉറപ്പ് നല്‍കിയത്. ജനറല്‍ നഴ്‌സിംഗ് പൂര്‍ത്തിയാക്കിയവര്‍ക്ക് 8750 രൂപയും, ബി.എസ്.സി നഴ്‌സിങുകാര്‍ക്ക് 9250 രൂപയും മിനിമം ശമ്പളം നല്‍കാനായിരുന്നു ധാരണ. എന്നാല്‍ ഈ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടില്ല. അങ്ങനെയാണ് വീണ്ടും നേഴ്‌സുമാര്‍ സമര രംഗത്തെത്തിയത്.

അഭിവന്ദ്യ മെത്രാപ്പൊലീത്തയുടെ അഭിപ്രായത്തെ വളരെ ആവേശത്തോടെയാണ് സമരം ചെയുന്ന നേഴ്‌സുമാരും സംഘടനകളും നോക്കികാണുന്നത്. കേരളത്തിലെ മിക്കവാറും നേഴ്‌സിങ് സ്ഥാപനങ്ങളും വിവിധ സഭകളുടെ മേല്‍നോട്ടത്തിലുള്ളതാണ് എന്നതാണ് ശ്രദ്ധേയം .ഈ സാഹചര്യത്തില്‍ തിരുമേനിയെപ്പോലെയുള്ള ഒരാളുടെ അഭിപ്രയത്തിനു ആനുകാലിക പ്രസക്തിയുണ്ട്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ദൈവിക കുപ്പായമണിഞ്ഞ ഒരു വ്യക്തിയുടെ പിന്തുണ ഏതു പക്ഷത്തായിരിക്കണമെന്നും ഈ അഭിപ്രായ പ്രകടനത്തിലൂടെ സമൂഹത്തിനു കാണിച്ചുകൊടുക്കുകയാണ് അഭിവന്ദ്യ നിക്കോളവാസ് തിരുമേനി.

ദിനം പ്രതി കോടികള്‍ മടിശീലയിലേക്ക് തട്ടുന്ന ആധ്യാത്മിക, സ്വകാര്യ ഭീമന്മാര്‍ ഉള്‍പ്പെടെ അടക്കി വാഴുന്ന കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ക്ക് മീതേ പറക്കാന്‍ ഒരു സര്‍ക്കാരിനും, വനിതാ, ബലരാമ കമ്മീഷനുകള്‍ക്കും, ലേബര്‍ വകുപ്പിനും, കോടതികള്‍ക്കും ചിറകു മുളച്ചിട്ടില്ലെന്നതാണു സത്യം. അല്ലാതെങ്ങാനും ചിറകു കിളുത്താല്‍ അരിഞ്ഞു കളയാനുള്ള മാരക ശക്തിയും ശേഷിയും അധോലോകങ്ങളെ പോലെ പോരും ബിസിനസും നടത്തുന്ന ഈ ചൂഷണ കേന്ദ്രങ്ങള്‍ക്ക് ഉണ്ടായി കഴിഞ്ഞു.

ഇറാക്കിലെ യുദ്ധ ഭൂമിയില്‍ നിന്നും വന്ന നേഴ്‌സുമാരുടെ രോദനവും, കടങ്ങളും, കണ്ണീരും ഒപ്പിയവര്‍ എന്തേ കാല്‍ചുവട്ടില്‍ ഉള്ള സ്വന്തം നാട്ടിലെ മാലാഖമാരുടെ അവസ്ഥ കാണുന്നില്ല. ഒരു പാടു സമരം നടത്തിയ കേരളത്തിലെ നേഴ്‌സുമാരില്‍ ഇന്നും 2000രൂപ മുതല്‍ 10000ത്തില്‍ താഴെയും വേതനം മാത്രം ലഭിക്കുന്നവര്‍ ധാരാളം. വണ്ടിക്കൂലിക്കും ഭക്ഷണത്തിനും യൂണീഫോമിനും പോലും തികയാത്ത മാസ ശമ്പളവുമായി വലിച്ചും കിതച്ചും ഒരു തൊഴില്‍ എന്ന അഭിമാനം മാത്രം കണ്ട് ജോലി ചെയ്യുന്ന നേഴ്‌സുമാരുടെ കാര്യത്തില്‍ എന്താണ് എല്‍ ഡി എഫ്, യു ഡി എഫ് സര്‍ക്കാരുകള്‍ ചലിക്കാത്തത്?.

പല സ്വകാര്യ ആശുപത്രികളിലെയും ശമ്പളം ആദ്യത്തെ വര്‍ഷം വെറും ഒബ്‌സര്‍വര്‍ എന്ന നിലയില്‍ ആയിരം രൂപയും രണ്ടാമത്തെ വര്‍ഷം ട്രെയിനി എന്ന നിലയില്‍ 2500 രൂപയും മാത്രമാണ് . ഒരു ഗാര്‍ഹിക ജോലിക്കാരിക്ക് കിട്ടുന്നതിലും എത്രയോ കുറഞ്ഞ വേതനത്തില്‍ സ്വകാര്യ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്നവര്‍ ഏറെയും ലക്ഷങ്ങള്‍ മുടക്കി പഠിച്ച നേഴ്‌സുമാരാണ് എന്നോര്‍ക്കണം. ഇന്ന് ഏതൊരു കൂലിപ്പണിക്കാരനും ദിവസവേദനം 700 രൂപയില്‍ കൂടുതല്‍ കിട്ടുമ്പോഴാണ് നേഴ്‌സിംഗ് പഠനം പൂര്‍ത്തിയായ നേഴ്‌സുമാര്‍ക്ക് കിട്ടുന്നത് പിച്ചക്കാര്‍ക്ക് കിട്ടുന്നതിലും കുറവായ തുകയെന്നത് ഞെട്ടിക്കുന്നതാണ്. നഴ്‌സിംഗ് കൗണ്‍സില്‍ കണക്കു പ്രകാരം ഇന്ത്യയില്‍ 12,28,116 രജിസ്റ്റേര്‍ഡ് നഴ്‌സസും 67,6810 നഴ്‌സിംഗ് അസിസ്റ്റന്റുകളും ഉള്ളതില്‍ ഭൂരിപക്ഷവും മലയാളികളാണ്.

കേരളത്തിലെ നേഴ്‌സുമാരുടെ നരക തുല്യമായ അവസ്ഥയില്‍ വനിതാ കമ്മീഷന്‍ ഇടപെട്ട് ചില തീരുമാനങ്ങള്‍ സമര്‍പ്പിച്ചിരുന്നു . സര്‍ക്കാരും സ്വകാര്യ ആശുപത്രിക്കാരും പുറം കാലുകൊണ്ട് ചവിട്ടിയെറിഞ്ഞ വനിതാ കമ്മീഷന്റെ പ്രധാന തീരുമാനങ്ങള്‍ ഇവയായിരുന്നു.

ബി.എസ് സി നഴ്‌സുമാര്‍ക്ക് 10,000 രൂപയും അംഗീകൃത ജനറല്‍ നഴ്‌സിംഗ് യോഗ്യതയുള്ളവര്‍ക്ക് 7000 രൂപയും മറ്റുള്ളവര്‍ക്ക് 5000 രൂപയും നല്‍കണമെന്ന ശുപാര്‍ശ ചെയ്ത് നഴ്‌സിംഗ് മേഖലയില്‍ സര്‍ക്കാര്‍ നിരക്കില്‍ ശമ്പളം ലഭിക്കുന്നവര്‍ വെറും ആറ് ശതമാനമാണെന്നും 21 ശതമാനം പേര്‍ക്കും 1500 രൂപയില്‍ താഴെയാണ് വേതനമെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു. 41 ശതമാനം പേര്‍ക്ക് 2500 രൂപയില്‍ താഴെ വേതനം.

ഇങ്ങനെ കടുത്ത ചൂഷണം നിലനില്‍ക്കുന്ന മേഖലയാണ് സ്വകാര്യ ആശുപത്രി മേഖല. സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വേതനം ഒരു നേഴ്‌സിനു 8000 രൂപയെന്നിരിക്കെയാണ് 1500 നും 2000 രൂപയ്ക്കും ജോലി ചെയ്യിപ്പിക്കുന്നത്. രോഗി നഴ്‌സ് അനുപാതവും സ്വകാര്യ ആശുപത്രികള്‍ പാലിക്കുന്നില്ല. ഒരു സ്റ്റാഫ് നഴ്‌സിന് നാല് രോഗികള്‍, ഐസിയുവില്‍ ഒരു രോഗിക്ക് ഒരു നഴ്‌സ് മുതലായ സര്‍ക്കാര്‍ നിശ്ചയിച്ച അനുപാതം നിലനില്‍ക്കെ സ്വകാര്യ ആശുപത്രികളില്‍ ഒരു നഴ്‌സിന് 10 രോഗികളെ വരെ ശ്രദ്ധിക്കേണ്ടി വരുന്നു.

മുന്‍പ് നേഴ്‌സുമാര്‍ സമരം നടത്തിയപ്പോള്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനാണ് ബലരാമന്‍ കമ്മീഷന്‍. ഡോ. ബലരാമന്റെ നേതൃത്വത്തില്‍ 7 അംഗ കമ്മീഷന്റെ സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയായിരുന്നു. തുടക്കത്തില്‍ ഒരു നഴ്‌സിന് 12,900 രൂപ അടിസ്ഥാന ശമ്പളവും വ്യവസ്ഥാപിതമായ എല്ലാ ആനുകൂല്യങ്ങളും നല്‍കണം. 250 രൂപ വാര്‍ഷിക ഇന്‍ക്രിമെന്റ്, മൂന്നുവര്‍ഷം പ്രവൃത്തി പരിചയമുള്ള സീനിയര്‍ സ്റ്റാഫ് നഴ്‌സിന് 13,650 രൂപ, ഹെഡ്‌നഴ്‌സിന് 15,150 രൂപ, ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ടിന് 19,740 രൂപ, നഴ്‌സിംഗ് ഓഫീസര്‍ക്ക് 21,160 രൂപ എന്നിങ്ങനെയുള്ള ശമ്പള സ്‌കെയിലിന് പുറമെ നൈറ്റ് അലവന്‍സ്, റിസ്‌ക് അലവന്‍സ്, ഓവര്‍ ടൈം, കാഷ്വല്‍ ലീവ്, ആനുവല്‍ ലീവ്, സിക്ക് ലീവ്, പൊതു അവധി ദിവസത്തിനാനുപാതികമായ അവധി എന്നിവയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

18 മണിക്കൂര്‍ (രാത്രിയും പകലും ഉള്‍പ്പെടെ) ജോലി നേഴ്‌സുമാരെക്കൊണ്ട് ചെയ്യിക്കുന്ന സ്വകാര്യ ആശുപത്രികളെ ഈ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. കണ്ണൂര്‍ കാസര്‍ഗോഡ് ചില സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ വസ്ത്രം മാറുന്നിടത്ത് ഒളിക്യാമറ സ്ഥാപിച്ച് ആ ചിത്രങ്ങള്‍ കാണിച്ച് നഴ്‌സുമാരെ മാനസിക ലൈംഗിക പീഡനത്തിന് വിധേയമാക്കുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.

14 ജില്ലകളിലെ 211 സ്വകാര്യ ആശുപത്രികള്‍ സന്ദര്‍ശിച്ചാണ് തെളിവെടുപ്പ് നടത്തിയത്. വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് പോലെ ബലരാമന്‍ റിപ്പോര്‍ട്ടും നടപ്പാക്കാന്‍ കേരള സര്‍ക്കാരിനു സാധിച്ചില്ല. റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ നേഴ്‌സുമാരും അവരുടെ കുടുംബവും അശ്വാസം കൊണ്ടു.

എന്നാല്‍ കക്ഷത്തില്‍ കുറുവടിയും തലക്കെട്ടും കെട്ടി, തുണിയും മാടികുത്തി കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ പലതും സര്‍ക്കാരിനെ കണ്ണുരുട്ടി കാണിച്ചു. ഇറാക്കില്‍നിന്നും വന്ന നേഴ്‌സുമാരോട് കാണിച്ച് കരുണയും സഹാനുഭൂതിയും എന്തുകൊണ്ട് സ്വന്തം നാട്ടിലെ നേഴ്‌സുമാരോട് കാട്ടുന്നില്ല. നമ്മുടെ നാട്ടിലെ മാലാഖാമാര്‍ നാടന്‍ മാലാഖയും പുറമേനിന്നു വരുന്നവര്‍ വിദേശ മാലാഖയുമായി സര്‍ക്കാര്‍ കാണരുത്.

കേരളത്തില്‍ 2000രൂപയ്ക്കു മുതല്‍ ജോലിചെയ്യുന്ന നേഴ്‌സുമാര്‍ക്ക് മാന്യമായ വേതനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് തീരുമാനം എടുക്കുന്നില്ല?. സര്‍ക്കാരിനു 5 പൈസയുടെ അധിക ബാധ്യതയും ഇതിലൂടെ വരുന്നില്ല. രോഗിക്കും ഇതുമൂലം ചിലവ് കൂടുതല്‍ വരുന്നില്ല. സര്‍ക്കാര്‍ ആശുപത്രിയിലെ നേഴ്‌സുമാര്‍ക്ക് ശമ്പള വര്‍ദ്ധനവ് നടപ്പാക്കുപോള്‍ ഖജനാവിനു ബാധ്യത വരുന്നുണ്ട്. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ നേഴ്‌സുമാര്‍ക്ക് നിശ്ചയിക്കപ്പെട്ട വേതനം കൊടുക്കാതിരിക്കുന്നതിലും മാനേജ്‌മെന്‍ന്റുകളുടെ പ്രീതിയും കച്ചവടത്തിന്റെ തണലില്‍ കഴിയാനുമാണ് മന്ത്രി കിങ്കരന്മാര്‍ക്ക് ഇഷ്ടം. രോഗികളെ പിഴിഞ്ഞ് കാശുവാങ്ങുന്ന സ്വകാര്യ ആശുപത്രികള്‍പോലും നേഴ്‌സുമാര്‍ക്ക് സര്‍ക്കാരും , വിവിധ കമ്മീഷനും തീരുമാനിച്ച വേതനം നല്കാത്തത് എന്തുകൊണ്ട്...?

കേരളക്കരയിലേ തുച്ചവരുമാനത്തിനു ജോലിചെയ്യുന്ന നേഴ്‌സുമാരുടെ വിദ്യാഭ്യാസ ലോണുകള്‍, വീടുകളിലെ കടബാധ്യതകള്‍ കണാനും സര്‍ക്കാര്‍ കണ്ണുതുറക്കണം. പലിശ രഹിത സബ്‌സിഡി വിദ്യാഭ്യാസ വായപ്പ കൊടുക്കുന്നതിനു പകരം പല ബാങ്കുകളും വസ്തു ലോണുകളും, കാര്‍ഷിക വായ്പ്പകളും നല്കി വിദ്യാര്‍ഥികളില്‍ നിന്നും പലിശ പിരിച്ചത് എന്തു കൊണ്ട് സര്‍ക്കാര്‍ അറിയുന്നില്ല.? ജാമ്യമില്ലാതെ 4 ലക്ഷം വരെ വിദ്യാഭ്യാസ വായ്പ്പ നലകണമെന്നിരിക്കെ വീടും സ്ഥലവും ബലമായി പണയപ്പെടുത്തി കള്ള ചൂതു നടത്തിയതില്‍ ദേശസാല്‍കൃത ബാങ്കുകള്‍ വരെയുണ്ട്.

മലയാളക്കരയിലെ മാലാഖാ നേഴ്‌സുമാര്‍ക്ക് രാത്രി വിശ്രമത്തിനു സൗകര്യമില്ല, പ്രസവത്തിനു ശമ്പളത്തോടു കൂടിയ അവധിയില്ല, പലയിടത്തും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ലീവുകള്‍ ഇല്ല, സിക്ക് ലീവില്ല, കുട്ടികള്‍ക്കും മറ്റും അസുഖം വന്നാല്‍ ലീവില്ല, അല്ലാതെങ്ങാനും ലീവെടുത്താല്‍ വേതനമില്ല, ആനുകൂല്യവും കട്ടാകും.

10 മുതല്‍ 18 മണിക്കൂര്‍വരെ ജോലി, രാത്രി ജോലിക്ക് കമ്മീഷന്‍ നിശ്ചയിച്ച അലവന്‍സ് ഇല്ല, ഒരു ബീഡി തെറുപ്പ് കേന്ദ്രത്തിലും, തുണിക്കടയിലെ സെയില്‍സ് ജോലിക്ക് പോലും ഇതിനേക്കാള്‍ എത്രയോ നല്ല തൊഴില്‍ ആനുകൂല്യങ്ങള്‍ ഉണ്ട്. തിരുപ്പതിയിലെ തുണിമില്ലുകളിലും, ശിവകാശിയിലേ പടക്കക്കടകളില്‍ പോലും ഇല്ലാത്ത തൊഴില്‍ ചൂഷണം കേരളത്തിലേ സ്വകാര്യ ആശുപത്രികളില്‍ നേഴ്‌സുമാര്‍ക്കെതിരായി തുടരുകയാണ്...

കണ്ണു തുറക്കാതെ ഭരണ വര്‍ഗ്ഗത്തിന്റെ അധികാര നായകരും.. നായകനും പ്രതിപക്ഷ നായകനും മാധ്യമശ്രദ്ധയില്‍ മാത്രം ഒതുങ്ങുന്നുവോ ?..ഇതു തെറ്റാണ് മലയാളക്കരയില്‍ ജീവിതങ്ങല്‍ കാക്കുന്ന മാലാഖമാര്‍ക്കും അവകാശങ്ങളും അനുകമ്പയും കിട്ടാന്‍ അര്‍ഹതയില്ലേ ?.

ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു സഭയുടെ അഭിവന്ദ്യനായ ബിഷപ്പ് നടത്തിയ അഭിപ്രായ പ്രകടനത്തെ ഹര്‍ഷാരവത്തോടെ സ്വീകരിക്കേണ്ടതുണ്ട്. അഭിവന്ദ്യ തിരുമേനിക്ക് അഭിവാദ്യങ്ങള്‍.
നഴ്‌സിംഗ് സമരം:  സക്കറിയ മാര്‍ നിക്കളോവോസ്  തിരുമേനിക്കൊരു സലൂട്ട്  (അനില്‍ കെ. പെണ്ണുക്കര )നഴ്‌സിംഗ് സമരം:  സക്കറിയ മാര്‍ നിക്കളോവോസ്  തിരുമേനിക്കൊരു സലൂട്ട്  (അനില്‍ കെ. പെണ്ണുക്കര )
Join WhatsApp News
Faithful 2017-06-20 15:07:28
How about the Hospitals own by Orthodox Church ?

Alex 2017-06-21 06:08:48
പ്രിയ നേഴ്‌സ് സുഹൃത്തുക്കളെ.

കേരളത്തില്‍ കത്തോലിക്കാസഭ അവരുടെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന, സമരം ചെയ്യാന്‍ നിര്‍ബന്ധിതരായ, നേഴ്‌സമാര്‍ക്കെതിരെ എടുത്തുകൊണ്ടിരിക്കുന്ന നടപടികള്‍ നിങ്ങള്‍ക്കേവര്‍ക്കും അറിവുള്ളതാണല്ലോ.

വര്‍ഗബോധം എന്നൊന്നുണ്ടെങ്കില്‍, ചുവടെ കൊടുക്കുന്നതു പോലൊരു ഇമെയില്‍ ആലഞ്ചേരി പിതാവിനു നിങ്ങള്‍ ഓരോരുത്തരും അയക്കുക. ഇതിന്റെ പേരില്‍ നിങ്ങള്‍ക്ക് സഭയില്‍ നിന്നോ, ദൈവത്തില്‍നിന്നോ യാതൊരുവിധ പ്രതികാരനടപടികളും ഉണ്ടാവുകയില്ല എന്നു ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു.

ഇതുകൊണ്ടൊന്നും യാതൊരു പ്രയോജനവും ഉണ്ടാവുകയില്ല എന്നു വിശ്വസിക്കുന്നവരോട്.

കുറെയേറെ ഇമെയില്‍ അങ്ങേരുടെ ഇന്‍ബോക്‌സില്‍ ചെല്ലുന്നതുകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ? ഒന്നുമില്ലെങ്കിലും ജനം പ്രതികരിച്ചുതുടങ്ങി എന്നൊരു സന്ദേശം അങ്ങേര്‍ക്ക് കിട്ടില്ലേ? അതൊരു മോശം സന്ദേശമാണോ?

ആലഞ്ചേരി പിതാവിന്റെ ഇമെയില്‍:

cardinal@ernakulamarchdiocese.org

ചുവടെകൊടുക്കുന്നത് അതുപോലെ അയക്കണമെന്നില്ല. വേണ്ട മാറ്റങ്ങള്‍ വരുത്താം. വേണമെങ്കില്‍ ഇംഗ്ലീഷ് ഭാഷയിലുമാകാം.

Suggested Rough Draft:

അഭിവന്ദ്യ ആലഞ്ചേരി പിതാവേ,

കത്തോലിക്കാസഭയുടെ കീഴില്‍ ജോലി ചെയ്യുന്ന, സമരം ചെയ്യാന്‍ നിര്‍ബന്ധിതരായ, നേഴ്‌സ് സഹോദരിമാര്‍ക്കെതിരെ സഭ എടുത്തിരിക്കുന്ന നിലപാട് അപലപനീയമാണെന്നു ഞാന്‍ വിശ്വസിക്കുന്നു.

അവര്‍ക്ക് ന്യായമായ വേതനം നല്‍കാതിരിക്കുന്നത് അനീതിയാണ്, അതിന് നിയമത്തിന്റെ മുന്നിലോ, മനസാക്ഷിയുടെ മുന്നിലോ ദൈവതിരുസന്നിധിയിലോ യാതൊരു ന്യായീകരണവുമില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു.

വേണ്ട സത്വരനടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്ന വിശ്വാസത്തോടെ,

Your Name, Coutnry of Residence, Your Email Address.

(നേഴ്‌സ് അല്ലാത്തവര്‍ക്കും ഇതയക്കാം എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ..)

Alex Kaniamparambil
V. George 2017-06-21 05:05:31
My own Orthodox Church is one of the biggest exploiters in Kerala. How much nurses in Parumala, Kolencherry, Kangazha are getting paid? What about the bribe Church is getting for college admission and teacher appointments. If it is not morally right then don't do it. If the Orthodox Church cannot run an institution with out exploiting the poor, then stop the lucrative business and concentrate on spiritual matters. People should question the leaders about the illicit practices. Read an article published in Malankara Sabha Deepam (latest issue-online) about the college admission!
വിശ്വാസി 2017-06-21 05:47:51
ഒരു മാതിരി ആശുപത്രികളെല്ലാം തന്നെ കത്തോലിക്കാ സഭയുടേതാണ്.
ജോണി 2017-06-21 09:21:14
ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്
john 2017-06-21 09:43:44
Please do not preach(easy) that you can't practice(very hard)
Mark 2017-06-21 13:17:00
ഇതെന്താണ് എഡിറ്ററെ അഭിപ്രായങ്ങൾ മുറിഞ്ഞു മുറിഞ്ഞു വരുന്നത് .  'ഈനാംമ്പിച്ചി' .ഇഗ്ളീഷിൽ ഒരു ചൊല്ലുണ്ട്"  എന്നൊക്ക ഞാൻ ഒരഭിപ്രായം എഴുതിയിട്ട് അത് നാട്ടിലെ മാലിന്യകൂമ്പാരത്തിൽ പട്ടി കേറിയതുപോലെയാണ്.   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക