Image

മെട്രൊ ചട്ടങ്ങള്‍ ലംഘിച്ച്‌ യുഡിഎഫ്‌ സംഘത്തിന്റെ യാത്ര

Published on 21 June, 2017
മെട്രൊ ചട്ടങ്ങള്‍   ലംഘിച്ച്‌  യുഡിഎഫ്‌ സംഘത്തിന്റെ  യാത്ര


കൊച്ചി: ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഇന്നലെ യുഡിഎഫ്‌ സംഘം നടത്തിയ മെട്രോ യാത്ര ചട്ടങ്ങളെല്ലാം ലംഘിച്ചെന്നു പരാ തി. മെട്രോ നിര്‍മാണം പൂര്‍ത്തിയാക്കിയത്‌ കഴിഞ്ഞ യുഡിഎഫ്‌ സര്‍ക്കാരാണെന്നും മെട്രോ ഉദ്‌ഘാടന ചടങ്ങില്‍ നേതാക്കളെ അവഗണിച്ചെന്നും ചൂണ്ടിക്കാട്ടി ജനങ്ങള്‍ക്കായി തുറന്നുകൊടുത്തതിന്റെ രണ്ടാം ദിവസമാണ്‌ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക്‌ വഴിയൊരുക്കി യുഡിഎഫ്‌ ജനകീയ മെട്രോ യാത്ര നടത്തിയത്‌.

 ആയിരം രൂപ മുതല്‍ ആറ്‌ മാസം തടവ്‌ ശിക്ഷ വരെ ലഭിക്കാന്‍ സാധ്യതയുള്ള ചട്ടലംഘനമാണ്‌ യുഡിഎഫ്‌ നേതാക്കളും പ്രവര്‍ത്തകരും നടത്തിയതെന്ന്‌ മെട്രോ അധികൃതര്‍ തന്നെ പറയുന്നു.
നേതാക്കളുടെ സാന്നിധ്യത്തില്‍ ആലുവ മെട്രോ സ്‌റ്റേഷനിനകത്ത്‌ എത്തിയ പ്രവര്‍ത്തകര്‍ എല്ലാ ചട്ടങ്ങളും ലംഘിച്ചു.

 നേതാക്കളടക്കം ഇരുന്നൂറോളം പേര്‍ക്ക്‌ മാത്രമാണ്‌ നേരത്തെ ടിക്കറ്റ്‌ എടുത്തിരുന്നത്‌. എന്നാല്‍ അണികളുടെ തള്ളിക്കയറ്റം മൂലം ടിക്കറ്റ്‌ പരിശോധനാഗേറ്റുകള്‍ തുറന്നിടേണ്ടതായി വന്നു. പ്രവര്‍ത്തകര്‍ തള്ളിക്കയറിയത്‌ മൂലം ഉമ്മന്‍ചാണ്ടിക്ക്‌ ആദ്യ ട്രെയിനില്‍ കയറാനായില്ല.

 രമേശ്‌ ചെന്നിത്തല ആദ്യ ട്രെയിനില്‍ കയറി പോവുകയും ചെയ്‌തു. പിന്നീട്‌ വന്ന ട്രെയിനിലാണ്‌ ഉമ്മന്‍ചാണ്ടി കയറിയത്‌. യാത്ര കഴിഞ്ഞ്‌ പ്രവര്‍ത്തകര്‍ തിങ്ങിക്കയറിയതോടെ പാലാരിവട്ടം സ്‌റ്റേഷനിലെ എസ്‌കലേറ്റര്‍ തകരാറിലായി.

മെട്രോ ചട്ടങ്ങള്‍ക്ക്‌ വിരുദ്ധമായാണ്‌ സംഘം യാത്ര നടത്തിയത്‌ എന്ന്‌ ചൂണ്ടിക്കാട്ടി മെട്രോ അധികൃതര്‍ യാത്രയുടെ സംഘാടകരോട്‌ വിശദീകരണം ചോദിക്കുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌. മെട്രോയുടെ നയങ്ങള്‍ക്ക്‌ വിരുദ്ധമായാണ്‌ പ്രവര്‍ത്തകര്‍ പെരുമാറിയതെന്ന്‌ അധികൃതര്‍ പറയുന്നു.

 സ്‌റ്റേഷനിലെയും ട്രെയിനിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും നടപതി സ്വീകരിക്കുക. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക