Image

യോഗ: മുഖ്യമന്ത്രിയുടെ പ്രസ്താവന അവഹേളിക്കുന്നതാണെന്ന് കുമ്മനം

Published on 22 June, 2017
യോഗ: മുഖ്യമന്ത്രിയുടെ പ്രസ്താവന അവഹേളിക്കുന്നതാണെന്ന്  കുമ്മനം
യോഗ വെറും വ്യായാമ മുറയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഭാരതീയ തത്വചിന്തകളേയും ഋഷീശ്വരന്‍മാരേയും അവഹേളിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

മുസ്ലീം രാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പടെയുള്ള ലോകനേതാക്കള്‍ ജനങ്ങള്‍ക്കൊപ്പം യോഗ അഭ്യസിച്ച് അന്താരാഷ്ട്ര യോഗാദിനം ആചരിച്ചപ്പോള്‍ കേരള മുഖ്യമന്ത്രി മാത്രം പ്രസംഗം നടത്തി യോഗദിനം ആഘോഷിക്കുകയായിരുന്നു. യോഗ എന്നത് ചിത്തവൃത്തികളുടെ നിരോധമാണ്. ഇത് നടക്കുന്നതാകട്ടെ ആത്മീയതയുടെ അടിസ്ഥാനത്തില്‍ മാത്രവും. ഇതിനായി പതഞ്ജലി മഹര്‍ഷി ആവിഷ്‌കരിച്ചതാണ് അഷ്ടാംഗയോഗം.

യോഗം എന്ന പദ്ധതി പൂര്‍ണ്ണമാകണമെങ്കില്‍ യമം, നിയമം, ആസനം, പ്രാണായാമം. പ്രത്യാഹാരം,ധാരണ, ധ്യാനം, സമാധി ഇവ ഒരുമിക്കണം. ഇത് വെറും വ്യായാമ മുറ കൊണ്ട് മാത്രം സാധിക്കില്ല. യോഗ മതവിരുദ്ധമോ മത നിഷേധമോ അല്ല. എല്ലാ മതസ്ഥരേയും സമന്വയിപ്പിക്കുന്ന ജീവിത പദ്ധതിയാണിത്. മതങ്ങള്‍ ഉണ്ടാകുന്നതിനും മുന്‍പ് യോഗ ഭാരതത്തില്‍ പ്രചാരത്തിലുണ്ട്.

മന്ത്രവും ബ്രഹ്മനാദവുമെല്ലാം പ്രാചീന ഋഷീശ്വരന്‍മാര്‍ തപസ്സിലൂടെ ബോധ്യപ്പെട്ട് ചിട്ടപ്പെടുത്തിയ യോഗ വിധികളാണ്. അവയൊന്നും പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുന്നത് പതഞ്ജലി മഹര്‍ഷിയെയും അതുവഴി യോഗയുടെ അന്തസ്സത്തയെ തന്നെയും ചോദ്യം ചെയ്യുന്നതാണ്. മന്ത്രം ചൊല്ലിയതിന്റെ പേരിലാണ് കഴിഞ്ഞ വര്‍ഷം ആരോഗ്യമന്ത്രി യോഗവേദി വിട്ടിറങ്ങിപ്പോയത്.

മനുഷ്യരില്‍ അന്തര്‍ലീനമായ ദിവ്യശക്തിയെ ഉയര്‍ത്തുന്ന യോഗമാര്‍ഗം ആധ്യാത്മികമായ പരിവര്‍ത്തനമാണുണ്ടാക്കുന്നതെന്ന് സ്വാമി വിവേകാനന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗയെ മതേതരമാക്കാന്‍ ശ്രമിക്കുന്നത് നിരീശ്വര ഭൗതിക വാദങ്ങളുടെ തടവറയില്‍ യോഗയെ തളച്ചിടാനാണ്.

മതങ്ങള്‍ ഉണ്ടാകും മുന്‍പ് തന്നെ ലോകത്തിന് വ്യക്തമായ ദര്‍ശനവും കാഴ്ചപ്പാടും ഭാരതീയ ഋഷികള്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഒരു മാര്‍ഗ്ഗമാണ് യോഗ. ഇത് പാശ്ചാത്യര്‍ അംഗീകരിച്ചിട്ടും ഋഷിപാര്യമ്പര്യത്തിന്റെ പിന്‍തലമുറക്കാരനായ പിണറായി വിജയനെ പോലുള്ളവര്‍ മനസ്സിലാക്കാത്തത് ഖേദകരമാണ്. 
അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭ ഓംകാരം സഹിതം പുറത്തിറക്കിയ തപാല്‍ സ്റ്റാമ്പ് ഈ പാരമ്പര്യത്തെ പൂര്‍ണ്ണമായും ആദരിക്കുന്നതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക