Image

ആശ്രിത വിസയില്‍ മാറ്റം വരുത്തി താമസകാര്യ വകുപ്പ്

Published on 22 June, 2017
ആശ്രിത വിസയില്‍ മാറ്റം വരുത്തി താമസകാര്യ വകുപ്പ്

കുവൈറ്റ്: കുടുംബ വിസയില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തി കുവൈറ്റ്് താമസകാര്യ വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ നിയമപ്രകാരം 24 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്ക് സഹോദരങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ താമസാനുമതി നല്‍കില്ല. ഇത്തരം വിസയില്‍ കഴിയുന്നവര്‍ തൊഴില്‍ വിസയിലേക്ക് മാറുകയോ രാജ്യംവിടുകയോ ചെയ്യണം. ഇതിനായി നാലു മാസത്തെ സമയ പരിധി അനുവദിക്കുമെന്നും പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ആശ്രിത വിസയിലുള്ള മാതാപിതാക്കളുടെ പ്രായം 65 ല്‍ കുറവാണെങ്കില്‍ പ്രതിവര്‍ഷം ഒരാള്‍ക്ക് 300 ദിനാറും 75നു മുകളിലാണെങ്കില്‍ 600 ദിനാറും വീതം ഈടാക്കാനാണ് നീക്കം. മാതാപിതാക്കള്‍ അംഗപരിമിതരോ ബുദ്ധിമാന്ദ്യമുള്ളവരോ ആണെങ്കില്‍ ഇന്‍ഷുറന്‍സ് ഈടാക്കില്ല. ഭാര്യ, മക്കള്‍ എന്നിവര്‍ ഒഴികെയുള്ളവരെ കുടുംബവിസയില്‍ കൊണ്ടുവരുന്നത് വിലക്കിയുള്ള തീരുമാനം ഉടന്‍ പിന്‍വലിക്കുന്നത് കടുത്ത നിബന്ധനകള്‍ക്ക് വിധേയമായാണ്. 

ഭാര്യക്കും കുട്ടികള്‍ക്കും പുറമെ രക്ഷിതാക്കളെയും സഹോദരങ്ങളെയും ആശ്രിത വിസയില്‍ കൊണ്ടുവരണമെങ്കില്‍ പ്രതിവര്‍ഷം ഒരാളില്‍നിന്ന് 300 ദീനാര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഈടാക്കണമെന്നതാണ് പ്രധാന നിബന്ധന. ഒരു വര്‍ഷത്തേക്ക് ഇഖാമ അടിക്കുന്നതിന് കൊടുക്കേണ്ട 200 ദീനാറിന് പുറമെയാണിത്. ഫലത്തില്‍ ആശ്രിത വിസയില്‍ രക്ഷിതാക്കളെ നിലനിര്‍ത്തുന്നതും പുതുതായി കൊണ്ടുവരുന്നതും ഭാരിച്ച ചെലവുള്ളതായി മാറും. ഭാര്യയും കുട്ടികളുമല്ലാത്തവരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ വിദേശികള്‍ക്ക് 1000 ദിനാര്‍ മിനിമം വേതനം ഉണ്ടായിരിക്കണമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക