Image

കര്‍ഷകന്‍ ആത്മഹത്യ ചെയ്‌ത ചെമ്പനോട വില്ലേജ്‌ ഓഫീസില്‍ വിജിലന്‍സ്‌ റെയ്‌ഡ്‌

Published on 23 June, 2017
കര്‍ഷകന്‍ ആത്മഹത്യ ചെയ്‌ത ചെമ്പനോട വില്ലേജ്‌ ഓഫീസില്‍ വിജിലന്‍സ്‌ റെയ്‌ഡ്‌


കോഴിക്കോട്‌: കര്‍ഷകന്‍ ആത്മഹത്യ ചെയ്‌ത കോഴിക്കോട്‌ ചെമ്പനോട വില്ലേജ്‌ ഓഫീസില്‍ വിജിലന്‍സ്‌ പരിശോധന. വിജിലന്‍സ്‌ ഡയറക്ടര്‍ ലോക്‌നാഥ്‌ ബെഹ്‌റുയുടെ നിര്‍ദേശ പ്രകാരമാണ്‌ വില്ലേജ്‌ ഓഫീസില്‍ വിജിലന്‍സ്‌ പരിശോധന നടത്തുന്നത്‌. കൈവശഭൂമിക്ക്‌ നികുതി സ്വീകരിക്കാന്‍ വില്ലേജ്‌ അധികൃതര്‍ തയ്യാറാകാത്തതില്‍ മനംനൊന്ത്‌ ആത്മഹത്യ ചെയ്‌ത ജോയിയുടെ ഭൂരേഖകളില്‍ ചില തിരുത്തലുകള്‍ നടന്നെന്ന വിവരം പുറത്തുവന്നതോടെയാണ്‌ വിജിലന്‍സിന്റെ പരിശോധന.

കോഴിക്കോട്‌ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ്‌ പരിശോധന നടക്കുന്നത്‌. ചെമ്പനോട്‌ വില്ലേജ്‌ ഓഫീസില്‍ ജോയിയുടെ ബന്ധുക്കളെത്തി ഇന്ന്‌ കരം അടച്ചിരുന്നു. രേഖകള്‍ പരിശോധിച്ച ബന്ധുക്കള്‍ രേഖകളില്‍ തിരുത്തലുകളുണ്ടെന്ന്‌ കണ്ടെത്തി.

രേഖകളുടെ പകര്‍പ്പ്‌ വേണമെന്നാവശ്യപ്പെട്ട്‌ ബന്ധുക്കളും നാട്ടുകാരും വില്ലേജ്‌ ഓഫീസിന്‌ മുന്നില്‍ പ്രതിഷേധിക്കുകയാണ്‌.
സംഭവത്തില്‍ വിശദമായ പരിശോധനയ്‌ക്കായി റവന്യു വകുപ്പ്‌ സെക്രട്ടറി പിഎച്ച്‌ കുര്യന്‍ നാളെ ചെമ്പനോട വില്ലേജ്‌ ഓഫീസിലെത്തും.

കര്‍ഷകന്‍ ആത്മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട്‌ ഉദ്യോഗസ്ഥര്‍ക്ക്‌ വീഴ്‌ച്ച പറ്റിയതായി ജില്ലാകളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങളില്‍ അനാവശ്യമായ കാലതാമസം വരുത്തി. സംഭവത്തില്‍ വില്ലേജ്‌ ഓഫീസര്‍ക്കും വില്ലേജ്‌ അസിസ്റ്റന്റിനും തുല്യ ഉത്തരവാദിത്തമുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.

വില്ലേജ്‌ ഓഫീസറേയും അസിസ്റ്റന്റിനേയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. വിശദമായ അന്വേഷണത്തിനായി ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. രണ്ടാഴ്‌ച്ചയ്‌ക്കകം അന്തിമ റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ സമര്‍പ്പിക്കും.

സംസ്ഥാനത്തെ വില്ലേജ്‌ ഓഫീസുകളില്‍ ഉടന്‍ മിന്നല്‍ പരിശോധന നടത്താന്‍ വിജിലന്‍സ്‌ ഡയറക്ടര്‍ ഉത്തരവിട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക