Image

മോശമായി പെരുമാറിയാല്‍ തല്ലുക തന്നെ ചെയ്യും; മേക്കപ്പ് മാനെ മര്‍ദ്ദിച്ചെന്ന വാര്‍ത്തയെപ്പറ്റി പ്രയാഗ മാര്‍ട്ടിന്‍.

Published on 23 June, 2017
മോശമായി പെരുമാറിയാല്‍ തല്ലുക തന്നെ ചെയ്യും; മേക്കപ്പ് മാനെ മര്‍ദ്ദിച്ചെന്ന വാര്‍ത്തയെപ്പറ്റി പ്രയാഗ മാര്‍ട്ടിന്‍.


സിനിമാ ചിത്രീകരണത്തിനിടെ മേക്കപ്പ് മാനെ മര്‍ദ്ദിച്ചെന്ന വാര്‍ത്തയുടെ സത്യാവസ്ഥ തുറന്നു പറഞ്ഞ് നടി പ്രയാഗ മാര്‍ട്ടിന്‍. ജെബി ജംഗ്ഷന്‍ പരിപാടിയിലാണ് പ്രയാഗയുടെ തുറന്നു പറച്ചില്‍. അന്ന് താന്‍ ആരെയും തല്ലിയിട്ടില്ലെന്നും കാര്യങ്ങള്‍ ചിലര്‍ സോഷ്യല്‍മീഡിയയില്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും പ്രയാഗ വ്യക്തമാക്കി. മാര്‍ച്ച് മാസത്തില്‍ പിടി കുഞ്ഞുമുഹമ്മദിന്റെ വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം.

പ്രയാഗ പറയുന്നു: ചിത്രീകരണത്തിനിടെ മേക്കപ്പ് മാനില്‍ നിന്നും വളരെ മോശം അനുഭവമാണ് തനിക്ക് നേരിടേണ്ടി വന്നത്. എന്നാല്‍ സംഭവം വിവാദമാക്കാതെ പൊലീസില്‍ പരാതിപ്പെടുകയാണ് താന്‍ ചെയ്തത്. പൊലീസ് സ്‌റ്റേഷനില്‍ വച്ച് അയാള്‍ മാപ്പ് പറഞ്ഞതോടെ, തുടര്‍നടപടികളുമായി മുന്നോട്ടുപോകാതെ സംഭവം പരിഹരിക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം ചിലര്‍, തനിക്ക് നേരെ സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണം നടത്തുകയായിരുന്നുവെന്ന് പ്രയാഗ പറയുന്നു.

സിനിമാ ചിത്രീകരണത്തിനിടെ പ്രയാഗ മേക്കപ്പ് മാനെ തല്ലി എന്നാണ് ചിലര്‍ പ്രചരിപ്പിച്ച വാര്‍ത്ത. വ്യാജപ്രചരണത്തിനെതിരെ സൈബര്‍ സെല്ലിനെ സമീപിക്കുകയും ചെയ്തു. അതോടെ വ്യാജപ്രചരണം നടത്തിയവരെ സൈബര്‍ സെല്ല് കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്‌തെന്നും പ്രയാഗ പറയുന്നു. സംഭവത്തില്‍ താരസംഘടനയായ അമ്മയും തന്റെയൊപ്പം നിന്നുവെന്നും പ്രയാഗ പറഞ്ഞു.

വാക്കാലോ, നോട്ടത്താലോ ഒരു സ്ത്രീയുടെ ശരീരത്തില്‍ അനുവാദമില്ലാതെ പുരുഷന്‍ തൊട്ടാല്‍ ധൈര്യപൂര്‍വ്വം നേരിടുന്ന, ചങ്കുറ്റമുള്ള ഒരു തലമുറയാണ് ഇന്നത്തേത്. അതേ തലമുറയിലെ ഒരു പ്രതിനിധി മാത്രമാണ് താനെന്നും പ്രയാഗ വ്യക്തമാക്കി.

മലയാള സിനിമാ മേഖലയില്‍ നിന്ന് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നിട്ടില്ലെന്നും അത്തരം അനുഭവമുണ്ടായല്‍ ധൈര്യത്തോടെ നേരിടാനും കൈകാര്യം ചെയ്യാനും തനിക്ക് അറിയാമെന്നും പ്രയാഗ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക