Image

വര്‍ണ, സുഗന്ധ ജാലവുമായി ഫ്‌ളവേഴ്‌സ് ടി.വി അമേരിക്കയിലേക്ക്; മനസു തുറന്ന് ശ്രീകണ്ഠന്‍ നായര്‍ (എ.എസ് ശ്രീകുമാര്‍)

Published on 24 June, 2017
വര്‍ണ, സുഗന്ധ ജാലവുമായി ഫ്‌ളവേഴ്‌സ് ടി.വി അമേരിക്കയിലേക്ക്; മനസു തുറന്ന് ശ്രീകണ്ഠന്‍ നായര്‍ (എ.എസ് ശ്രീകുമാര്‍)
ടെലികാസ്റ്റിങ് തുടങ്ങി വളരെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ മലയാളി പ്രേക്ഷക മനസ്സില്‍ സുഗന്ധപൂരിതമായി പുഷ്പിച്ചു നില്‍ക്കുന്ന ഫ്‌ളവേഴ്‌സ് ടി.വി അമേരിക്കന്‍ മലയാളി സമൂഹത്തിലേയ്ക്കും വര്‍ണപ്പകിട്ടോടെ എത്തുന്നു. ജൂലൈ അവസാനം ഫ്രീഡിയ എന്റര്‍ടെയ്ന്‍മെന്റും ഫ്‌ളവേഴ്‌സ് ടി.വിയും സംയുക്തമായി ഒരുക്കുന്ന നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌സ് (നാഫ 2017) എന്ന സൂപ്പര്‍ മെഗാ ഷോ വേദിയിയില്‍ വച്ച് ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ സംപ്രേക്ഷണമാരംഭിക്കുമെന്ന് ചാനലിന്റെ മാനേജിംഗ് ഡയറക്ടര്‍ ശ്രീകണ്ഠന്‍ നായര്‍ ഇ- മലയാളിയോട് വെളിപ്പെടുത്തി. ഇന്‍സൈറ്റ് മീഡിയ സിറ്റിയുടെ കീഴില്‍ 2015 ഏപ്രില്‍ 15ന് കേരളത്തില്‍ സംപ്രേക്ഷണം തുടങ്ങി വ്യത്യസ്തവും പുതുമയാര്‍ന്നതുമായ പരിപാടികളിലൂടെ മലയാളികളുടെ ആസ്വാദന ബോധത്തെ സമ്പന്നമാക്കിക്കൊണ്ടാണ് ഫ്‌ളവേഴ്‌സ് ടി.വി ജൈത്രയാത്ര തുടരുന്നത്. 

ചാനല്‍ പ്രളയമുള്ള കേരളത്തില്‍ വേറിട്ട ചാനല്‍ സംസ്‌കാരം ഉണ്ടാക്കാനുള്ള ആത്മാര്‍ത്ഥതയോടെയാണ് ശ്രീകണ്ഠന്‍ നായരും അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ ടീമും കൊച്ചി ആസ്ഥാനമായുള്ള ഫ്‌ളവേഴ്‌സ് ടി.വി ഓഫീസില്‍ കര്‍മനിരതരായിരിക്കുന്നത്. അമേരിക്കന്‍ മലയാളി സമൂഹത്തിലെ കലാ പ്രതിഭകളെയും മറ്റും ഉള്‍പ്പെടുത്തി മലയാളക്കരയുമായി പൊക്കിള്‍ക്കൊടി ബന്ധത്തിന്റെ എന്റര്‍ടെയ്ന്‍മെന്റ് പാലം തീര്‍ത്തുകൊണ്ടാണ് ഫ്‌ളവേഴ്‌സ് ടി.വി അമേരിക്കന്‍ മണ്ണിലെത്തുന്നതെന്ന് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. മലയാളി പ്രേക്ഷകര്‍ക്ക് ഉള്ളു തുറന്നു ചിരിക്കാനും ഏറെ ചിന്തിക്കാനുമുള്ള വ്യത്യസ്ത പരിപാടികളിലൂടെ നമ്മുടെ ശരാശരി ജീവിതത്തിന്റെ ഭാഗമായി തീര്‍ന്ന വ്യക്തിയാണ്, കോളേജ് ലക്ചററായി ഔദ്യോഗിക ജീവിതമാരംഭിച്ച്, ആകാശവാണിയിലെത്തി ശബ്ദത്തിലൂടെ എന്റര്‍ടെയ്ന്‍ ചെയ്ത്, ഇപ്പോള്‍ ചാനലിലൂടെ മറ്റൊരു സുപ്രധാന നിയോഗമേറ്റെടുത്തിരിക്കുന്ന ശ്രീകണ്ഠന്‍ നായര്‍. ശ്രീകണ്ഠന്‍ നായരുടെ മീഡിയ പ്രവര്‍ത്തനം കേരളത്തിന്റെ മാധ്യമ ചരിത്രത്തിന്റെ ഈടുറ്റ ഘട്ടം കൂടിയാണ്. 

കൊട്ടാരക്കരയില്‍ എന്‍. രാമന്‍ പിള്ളയുടെയും ജാനകി അമ്മാളിന്റെയും മകനായി 1959ലാണ് ജനനം. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എ, എം.ഫില്‍ ബിരുദങ്ങള്‍ നേടിയ ശ്രീകണ്ഠന്‍ നായര്‍ 1983ല്‍ തൃശൂര്‍ ശ്രീ കേരളവര്‍മ കോളേജില്‍ ലക്ചററായി ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടു. 1984ല്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവായി ആകാശവാണിയിലെത്തി. ഇവിടുത്തെ പ്രവര്‍ത്തന കാലഘട്ടത്തില്‍ 1500ലേറെ കോമഡി റേഡിയോ നാടകങ്ങളും ഡോക്യുമെന്ററികളും എഴുതി അവതരിപ്പിച്ചു. ''ദ പ്രിസണേഴ്‌സ് ഓഫ് അണ്‍റെസ്റ്റ്' എന്ന ഡോക്യുമെന്ററിക്ക് മികച്ച റേഡിയോ ഡോക്യുമെന്ററിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. പിന്നീട് ദൂരദര്‍ശനില്‍ ശ്രീകണ്ഠന്‍ നായര്‍ 'ഒരു നിമിഷം' എന്ന പരിപാടിയുടെ അവതാരകനായി. ഈ പ്രോഗ്രാം ഇപ്പോള്‍ ഫ്‌ളവേഴ്‌സ് ടി.വിയില്‍ പ്രേക്ഷക ലക്ഷങ്ങളെ ആകര്‍ഷിച്ച് മുന്നേറുന്നു.

തുടര്‍ന്ന് ഏഷ്യാനെറ്റിലെത്തിയ ശ്രീകണ്ഠന്‍ നായരുടെ മാസ്റ്റര്‍ പീസ് പ്രോഗ്രാമാണ് 'നമ്മള്‍ തമ്മില്‍'. 17 വര്‍ഷത്തിനുള്ളില്‍ 750 എപ്പിസോഡുകള്‍ അവതരിപ്പിച്ചു. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ പരിപാടിയാണിത്. സൂര്യയിലും മഴവില്‍ മനോരമയിലും പ്രവര്‍ത്തിച്ച ശ്രീകണ്ഠന്‍ നായരുടെ ജനശ്രദ്ധയാകര്‍ഷിച്ച പരിപാടികളാണ് 'ജനതാ കി അദാലത്ത്', 'സമദൂരം', 'കഥയിലെ രാജകുമാരി', 'ശ്രീകണ്ഠന്‍ നായര്‍ ഷോ' തുടങ്ങിയവ. ശ്രീകണ്ഠന്‍ നായര്‍ കൊണ്ടുവന്നതാണ് ജനപ്രിയ പരിപാടികളില്‍ ചിലതായ 'മഞ്ച് സ്റ്റാര്‍ സിംഗര്‍', 'മറിമായം' എന്നിവ. ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്, ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് തുടങ്ങിയവയ്ക്ക് പിന്നിലെ ബുദ്ധിയും ശ്രീകണ്ഠന്‍ നായരാണ്. നമ്മള്‍ തമ്മില്‍ എന്ന സംവാദ പരിപാടിക്ക് കേരള സര്‍ക്കാരിന്റെ മികച്ച അതാരകനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പ്രശസ്തമായ ഇന്റര്‍നാഷണല്‍ എമ്മി അവാര്‍ഡിന്റെ ജൂറി അംഗമായിരുന്നു. 'പാതിരാ സൂര്യന്‍' എന്ന നാടകവും 'ആദിയില്‍ അശ്ലീലമുണ്ടായി' എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'നാലാം കെട്ടിലെ നല്ല തമ്പിമാര്‍', 'രാജതന്ത്രം' തുടങ്ങിയ സിനിമകളുടെ തിരക്കഥ ശ്രീകണ്ഠന്‍ നായരുടേതാണ്. നിരവധി ടി.വി സീരിയലുകള്‍ക്കും തിരക്കഥയെഴുതിയിട്ടുണ്ട്. 

ഫ്‌ളവേഴ്‌സ് ടി.വിയുടെ ചരിത്രവിജയത്തെക്കുറിച്ചും തന്റെ മാധ്യമ സമീപന രീതികളെ പറ്റിയും അമേരിക്കന്‍ ലോഞ്ചിങ് സംബന്ധിച്ചുമൊക്കെ ഫ്‌ളവേഴ്‌സ് ടി.വിയുടെ കൊച്ചി, കടവന്ത്ര ഓഫീസില്‍ വച്ച് ശ്രീകണ്ഠന്‍ നായര്‍ ഇ-മലയാളിയുടെ പ്രിയപ്പെട്ട വായനക്കാര്‍ക്കു വേണ്ടി ദീര്‍ഘമായി, മറയില്ലാതെ ഔപചാരികതയുടെ വേഷമില്ലാതെ, സ്‌നേഹ ഭാവത്തില്‍ സംസാരിച്ചു. ചിരിയും ചിന്തയുമുള്ള ഒരു തനി ശ്രീകണ്ഠന്‍ നായര്‍ നായര്‍ സംസാരത്തിന്റെ പ്രസക്ത ഭാഗങ്ങളിലേയ്ക്ക്...

? ചുരുങ്ങിയ സമയം കൊണ്ടുള്ള ഫ്‌ളവേഴ്‌സ് ടി.വിയുടെ വിജയത്തെക്കുറിച്ച്...
* സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഉള്‍പ്പെടെയുള്ള പ്രമുഖ ചാനലുകളില്‍ ജോലി ചെയ്ത ഒരുപാട് പ്രൊഫഷണലുകള്‍ ഫ്‌ളവേഴ്‌സ് ടി.വിയിലുണ്ട്. 15-20 വര്‍ഷം ജോലി ചെയ്ത് പരിചയമുള്ള അവര്‍ നൂറോളമുണ്ടിവിടെ. സംപ്രേക്ഷണം തുടങ്ങിയതിന്റെ മൂന്നാം ദിവസം, അതായത് 2015 ഏപ്രില്‍ 15-ാം തീയതി വിഷു ദിനത്തില്‍ കോഴിക്കോട് കടപ്പുറത്തു നിന്ന് ഒരു ലൈവ് ഷോ ചെയ്തു. സാധാരണ ഒരു 20 കൊല്ലം പരിചയമുള്ള ടി.വി ചാനല്‍ ചെയ്താലേ അത്തരമൊരു ലൈവ് പരിപാടി വിജയിക്കുകയുള്ളു. കടപ്പുറത്തെ കാറ്റ് പോലുള്ള പ്രതികൂല സാഹചര്യങ്ങളുണ്ടായിട്ടും വൈകുന്നേരം 6.30 മുതല്‍ രാത്രി 11.30 വരെയുള്ള ആ പരിപാടി എറര്‍ ഫ്രീ ആയാണ് ലൈവ് ചെയ്തത്. കേരളത്തിലെ പ്രമുഖ ചാനലുകള്‍, അത് റെക്കോഡ് ചെയ്തിട്ട് ലൈവ് എന്ന് എഴുതിക്കാണിച്ചതാണെന്ന് പറഞ്ഞു. കാരണം അത്രയ്ക്കും എഡിറ്റഡായ പ്രോഗ്രാമായിരുന്നു അത്. ചാനല്‍ തുടങ്ങി മൂന്നാമത്തെ ദിവസം സംഭവിച്ചതാണാ കാര്യം. പരിപാടി കണ്ട ഒരാള്‍ ഇതെപ്രകാരം സാധ്യമാക്കിയെന്ന് ചോദിച്ചു. ഈ ചാനലിന്റെ ലോഗോ ഒക്കെ പുതിയതാണെങ്കിലും ഇതിനകത്ത് ഇരിക്കുന്നവരൊക്കെ 20 കൊല്ലത്തെ പരിചയമുള്ളവരാണ്. അവര്‍ക്ക് അബദ്ധം പറ്റുകയില്ല. യഥാര്‍ത്ഥത്തില്‍ ഇവിടുത്തെ സ്റ്റാഫാണ് ഫ്‌ളവേഴ്‌സ് ടി.വിയുടെ വിജയം...എന്ന് ഞാന്‍ പറഞ്ഞു.

? ഫ്‌ളവേഴ്‌സ് ഒരു പുതിയ ദൃശ്യ സംസ്‌കാരത്തിന്റെ വക്താക്കളാണെന്ന് പറയാമോ...
* പറയാം. താങ്കളോട് വ്യക്തിപരമായി ഒരു കാര്യം പറയട്ടെ. ഈയിടെ ഒരു പ്രൊമോ പോയപ്പോള്‍ ശ്രീകണ്ഠന്‍ നായര്‍ ഒരു വായിനോക്കിയാണെന്ന് എയറിലായി. പ്രൊമോ ഉണ്ടാക്കിയ ഒരു സാധാരണ ജീവനക്കാരന്‍ അത് ടെലികാസ്റ്റ് ചെയ്യാമോ എന്ന് എന്നോട് ചോദിച്ചില്ല. അപ്പോള്‍ അയാള്‍ ഇവിടെ അനുഭവിക്കുന്ന സ്വാതന്ത്ര്യം എന്താണെന്ന് ഊഹിക്കാമല്ലോ. പ്രൊമോ കണ്ടവര്‍ എന്നോട് ചോദിച്ചത് ''യഥാര്‍ത്ഥത്തില്‍ താങ്കള്‍ ഒരു വായിനോക്കിയാണോ...'' എന്നാണ്. ലോകത്തില്‍ ആദ്യമായി ഒരു ചാനലിന്റെ എം.ഡി വായിനോക്കിയാണെന്ന് ആ ചാനലില്‍ തന്നെ ടെലികാസ്റ്റ് ചെയ്തത് ഗിന്നസ് ബുക്കില്‍ ഇടം പിടിക്കുമെന്നായിരുന്നു എന്റെ മറുപടി. 

? അപ്പോ, സാറ് വായ്‌നോക്കിയല്ല...
* ഞാന്‍ ഒരു വായിനോക്കിയല്ലെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. ഒരു ഉദ്യോഗസ്ഥന്‍ രാവിലെ അവന്റെ വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ ഈ ഓഫീസ് അയാളെ മാടിവിളിക്കണം. ഒരു ടൂറിസ്റ്റ് സ്‌പോട്ടിലോട്ട് പോകുന്ന ലഹരിയോടെ ജീവനക്കാര്‍ ഫ്‌ളവേഴ്‌സ് ടി.വിയില്‍ വരണം. ''ഓ... ഇന്ന് കുരിശായി...'' എന്ന് പറഞ്ഞ് ഭാര്യയെയും ചീത്ത വിളിച്ച് ഇറങ്ങി വരരുത്. ഇവിടെ 24 മണിക്കൂര്‍ ജോലിയാണ്. ഈ സംവിധാനത്തെ ഞങ്ങള്‍ വിശേഷിപ്പിക്കുന്നത് ആര്‍മി എന്നാണ്. 

? എന്താണ് ഈ ആര്‍മിയുടെ ചിട്ടവട്ടങ്ങള്‍...
* ഇപ്പൊ, ദുബായില്‍ ഒരു പ്രോഗ്രാം ചെയ്യണമെന്ന് പറഞ്ഞാല്‍ ഞങ്ങളങ്ങ് പോയി ചെയ്യും. മേശപ്പുറം തുടയ്ക്കുന്ന പണി വരെ ചെയ്യും. ഞങ്ങളുടെ ഡയറക്ടര്‍മാരുടെയും മറ്റും മക്കളുടെ കല്ല്യാണം നടത്താന്‍ ഞങ്ങള്‍ പോകാറുണ്ട്. എന്റെ മകളുടെ കല്യാണം ഈ ഓഫീസാണ് നടത്തിയത്. ഇവിടെ രണ്ടു മൂന്ന് സിനിമ ചെയ്ത ഒരു ക്യാമറാമാന്‍ ഉണ്ട്. അദ്ദേഹം കല്യാണം ഷൂട്ട് ചെയ്തുകൊണ്ടിരുന്നപ്പോള്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി അടുത്തു ചെന്ന് പറഞ്ഞു...''ഇദ്ദേഹം വളര്‍ന്നു വളര്‍ന്ന് ഹോളിവുഡ് സിനിമ ചെയ്യും എന്നായിരുന്നു എന്റെ സ്വപ്നം. ഒരു കല്യാണ വീഡിയോഗ്രാഫറായി മാറുമെന്ന് വിചാരിച്ചില്ല...'' അപ്പോള്‍ ക്യാമറാമാന്റെ മറുപടിയിതായിരുന്നു...''കുഞ്ഞു വന്നപ്പോള്‍ അല്‍പ്പം താമസിച്ചു പോയി. ഇത്തിരി നേരത്തെ ആയിരുന്നെങ്കില്‍ ഞങ്ങള്‍ ടേബിള്‍ തുടയ്ക്കുന്നത് കാണാമായിരുന്നു...'' ചിലപ്പോള്‍ ചാണകം വാരുന്ന പണി ചെയ്യേണ്ടി വരും. ഇവരുടെ മാനസികാവസ്ഥയെ ഞാന്‍ ആ രീതിയിലേക്ക് മാറ്റിയെടുക്കുകയാണ്. ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ട്, ചെയ്യുന്ന തൊഴിലല്ല ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. നിങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ എന്ത് തൊഴിലും ചെയ്യാം. ദുരഭിമാനിയാണെങ്കില്‍ ഇതൊന്നും വര്‍ക്കൗട്ടാവില്ല. 

? സാറിന്റെ ദീര്‍ഘകാലത്തെ പരിചയം ഇവിടെ വര്‍ക്കൗട്ടാവുന്നത്...
* പരിചയം വലിയ ഘടകമാണ്. ഞാന്‍ പലപല സ്ഥാപനങ്ങളിലൂടെ കടന്നുവന്ന ആളാണ്. ഇപ്പോള്‍ ഫ്‌ളവേഴ്‌സില്‍ ഒരു നിമിഷം എന്ന പരിപാടി തുടങ്ങി. ആദ്യ എപ്പിസോഡു തന്നെ വീഴ്ചകളൊന്നുമില്ലാതെയാണ് എയറില്‍ പോയത്. അതെന്തുകൊണ്ടാണെന്ന് പലരും ചോദിച്ചപ്പോള്‍ വീഴ്ചകളൊക്കെ ആകാശവാണിയില്‍ ഞാന്‍ കളഞ്ഞുവെന്ന് പറഞ്ഞു. അബദ്ധം പറ്റിയത് അവിടെ ഉപേക്ഷിച്ചു. അവിടെ വിജയിച്ചത് ഫ്‌ളവേഴ്‌സില്‍ എടുത്തിട്ടു. ഏതാണ്ട് 17 കൊല്ലം ആകാശവാണിയില്‍ ജോലി ചെയ്തതിന്റെ ഗുണം ഇവിടെയുണ്ടായി. ഒരു നിമിഷം എന്ന പരിപാടി പണ്ട് റേഡിയോയില്‍ കേട്ടവര്‍ക്ക് നൊസ്റ്റാള്‍ജിയ ആണ്. 

? പണ്ട് പരീക്ഷിച്ച ഒരു പരിപാടി ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം കൊണ്ടു വന്നതിനു പിന്നില്‍...
* ഒരി നിമിഷമെന്നത് മലയാളിത്തം ഊട്ടിയുറപ്പിക്കാനുള്ള പരിപാടിയാണ്. നമ്മള്‍ ഇവിടെ സത്യസന്ധമായി മലയാളത്തില്‍ സംസാരിക്കുന്നു. ഒരു പെറ്റിനെസും ഈ ചാനലിലൂടെ വളര്‍ത്തുകയില്ല. പ്രോഗ്രാമിനു മതി മത്സരം, ആളുകള്‍ തമ്മില്‍ വേണ്ട. ഫ്‌ളവേഴ്‌സിന്റെ സ്റ്റാഫുകള്‍ മഴവില്‍ മനോരമയുടെ ജോലിക്കാരോടൊത്ത് താമസിക്കുന്നുണ്ട്. എങ്കിലും നമ്മുടെ രംഗത്ത് ഒരു അസ്പൃശ്യതയുണ്ട്. ആ കള്‍ച്ചര്‍ അടിയന്തിരമായി ഇല്ലാതാക്കണം.

? ആരാണ് ഈ അസ്പൃശ്യതയുടെ വിതരണക്കാര്‍...
* ഇത് മുതലാളിമാര്‍ ഉണ്ടാക്കിയ ഒരു പരിപാടിയാണ്. സ്റ്റാഫിനെ തമ്മിലടിപ്പിച്ച് ഡിവൈഡ് ആന്റ് റൂള്‍ കൊണ്ടുവന്ന് മാക്‌സിമം ചുരത്തിയെടുക്കുന്നത് അവരാണ്. ഞാന്‍ ഏഷ്യാനെറ്റില്‍ ജോലി ചെയ്യുമ്പോള്‍ കുറേ പേരുമായി അടി വച്ചിട്ടുണ്ട്. അറിയാതെയാണെങ്കിലും ആ കൊളോണിയല്‍ തന്ത്രത്തിന്റെ ഇരയാണ് ഞാനും. അതിലൊന്നും കാര്യമില്ല. ഇതൊരു പ്രോഗ്രാമാണ്. അതില്‍ ഒരു ആര്‍മി പോലെ മാര്‍ച്ച് ചെയ്യുക.

? ചാനല്‍ രംഗത്ത് പരീക്ഷണത്തിനുള്ള സാധ്യതകള്‍...
* ഫ്‌ളവേഴ്‌സില്‍ പരീക്ഷിക്കാനുള്ള സ്വാതന്ത്ര്യം ഏറെയുണ്ട്. സാധാരണ ചാനലുകളില്‍ പരീക്ഷിക്കാന്‍ മുതിരുമ്പോള്‍ മുകളിലുള്ള പലരും നമ്മെ നിരുത്സാഹപ്പെടുത്തും. എന്നിട്ട് ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്ത കുഴപ്പങ്ങള്‍ ഊഹിച്ചെടുത്ത് നമ്മെ നിശ്ചലരാക്കും. ഈ സാറ്റലൈറ്റ് ടെക്‌നോളജിയെന്നു പറയുന്നത് മുകളില്‍ നില്‍ക്കുന്ന കുറേ കുടകളാണ്. ഇവിടെ നിന്ന് സിഗ്നലുകള്‍ അങ്ങോട്ട് വിട്ടിരിക്കുകയാ. ഈ കുടകള്‍ വേണേല്‍ ഒരു ദിവസം ചുരുണ്ട് താഴെ വീഴാം. അങ്ങനെ മുഴുവന്‍ ടെലികാസ്റ്റും നിലച്ചു പോകാന്‍ സാധ്യയുണ്ട്. 

? ഈ നിരീക്ഷണം ഒരു പേടിപ്പെടുത്തലാണെന്നു പറഞ്ഞാല്‍...
* മലയാളികള്‍ക്ക് ചില കുഴപ്പങ്ങള്‍ ഉണ്ട്. ലോകത്ത് സ്വന്തം വിഹിതം എഴുതിവച്ചിട്ടുള്ളത് മലയാളി മാത്രമേയുള്ളു. അതായത് ഞാന്‍ ഒരു തൊണ്ണൂറു വയസ്സു വരെ ജീവിക്കും. ഇത്ര പിള്ളാരെ ഉണ്ടാക്കും. അവരെ കെട്ടിച്ചുവിടും അവര്‍ക്ക് കുട്ടികളുണ്ടാവും. ഞാന്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ അവര്‍ ജോലിക്കാരാവും. ഇതിനിടയ്ക്ക് ഒരു പാണ്ടി ലോറിയിടിച്ച് ചത്തുപോകുമെന്ന് ഇവന്റെ നെഗറ്റീവ് കോളത്തില്‍ എഴുതുന്നില്ല. ഇതൊക്കെ എപ്പോ വേണേലും സംഭവിക്കാം. 

? ഫ്‌ളവേഴ്‌സിന്റെ ദൃശ്യഭംഗിയെ പറ്റി എടുത്തു പറയുമ്പോള്‍...
* ഫ്‌ളവേഴ്‌സ് ടി.വിയെ സംബന്ധിച്ച് പ്രോഗ്രാം ഷൂട്ട് ചെയ്യുമ്പോഴുള്ള ദൃശ്യഭംഗി വളരെ കൂടുതലാണ്. സിനിമാ നടികള്‍ക്ക് ഈ ചാനലില്‍ വരാന്‍ വളരെ താത്പര്യമാണ്. അവരുടെ ഒട്ടിയ കവിളുകളൊക്കെ നമ്മള്‍ നേരെയാക്കും. പെയിന്റൊക്കെയടിച്ച് നല്ല സൂപ്പര്‍ ആക്കി വിടും. ഇന്റര്‍ നാഷണല്‍ ചാനലുകള്‍ നോക്കുമ്പോള്‍ അവരുടെ ക്വാളിറ്റിയാണ് നമ്മെ ആകര്‍ഷിക്കുക. കേരളത്തിലേയ്ക്ക് അത്തരത്തിലൊരു ക്വാളിറ്റി കൊണ്ടുവരാനാണ് നമ്മള്‍ ശ്രമിക്കുന്നത്. ഫ്‌ളവേഴ്‌സ് ഇപ്പോള്‍ ഇന്റര്‍ നാഷണല്‍ ആണല്ലോ.

? ഫ്‌ളവേഴ്‌സിന്റെ പ്രൊമോട്ടര്‍മാരെ കുറിച്ച്...
* ആറ് ബിസിനസ്സുകാരുടെ ഒരു കണ്‍സോര്‍ഷ്യമാണിതിനു പിന്നിലുള്ളത്. ദുബായിലെ സ്റ്റഡി വേള്‍ഡ് എജ്യുക്കേഷന്‍ ഹോള്‍ഡിങിന്റെ സി.ഇ.ഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. വിദ്യ വിനോദ്, ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സാരഥിയും ഫ്‌ളവേഴ്‌സിന്റെ ചെയര്‍മാനുമായ ഗോകുലം ഗോപാലന്‍, സൗദി അറേബ്യയിലെ അല്‍ അബീര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ആലുങ്കല്‍ മുഹമ്മദ്, ഭീമാ ജൂവലേഴ്‌സിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബി ഗോവിന്ദന്‍, ഖത്തറിലെ ബ്ലൂഡാന്‍ ട്രേഡിങിന്റെ ചെയര്‍മാന്‍ ഡേവിസ് എടകുളത്തൂര്‍, ഖത്തറിലെ ഗള്‍ഫാര്‍ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സതീഷ് ജി പിള്ള തുടങ്ങിയവരും ഞാനുമടക്കം ഏഴ് പ്രൊമോട്ടര്‍മാരാണുള്ളത്. ഇവരെല്ലാം പണം മുടക്കിയിട്ടുണ്ടെങ്കിലും ഫ്‌ളവേഴ്‌സ് ടി.വിയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാറില്ല. അവരെല്ലാം കര്‍ട്ടന് പിന്നിലാണ്. ശരിക്കും പറഞ്ഞാല്‍ പ്രൊഫഷണലായി നിയന്ത്രിക്കപ്പെടുന്ന ഒരു പ്രസ്ഥാനമാണിത്. 

? ശ്രീകണ്ഠന്‍ നായര്‍ എന്ന വ്യക്തിയുടെ ആശയ പ്രകാശനമാണ് ഫ്‌ളവേഴ്‌സ് ടി.വിയിലെ പ്രോഗ്രാമുകള്‍...
* ഒരു കാര്യം പറയാം. എനിക്ക് മധുരതരമായ ഒരു പ്രശ്‌നമുണ്ടായിരുന്നു. ആകാശവാണിയില്‍ ജോലി ചെയ്യുമ്പോള്‍ ഫിനാന്‍സ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നോക്കിയിട്ടുണ്ട്. റേഡിയോ ആങ്കര്‍ ആയിരുന്നപ്പോള്‍ ഞാന്‍ കൊമേഡിയനായിരുന്നു. പിന്നെ ടി.വി അവതാരകനായി മാറി. പൊതുവേ നാട്ടിലുള്ളവര്‍ക്ക് ഒരു ധാരണ പിശകുകൊണ്ട്, പ്രത്യേകിച്ച് പണക്കാര്‍ക്ക്, അതായത് ക്രിയേറ്റീവായിട്ടുള്ളവര്‍ക്കും സെലിബ്രിറ്റികള്‍ക്കും സാമ്പത്തിക കാര്യങ്ങളും പ്രശ്‌നങ്ങളും മനസ്സിലാവില്ല എന്ന്. അതുകൊണ്ട് ഒരു ടി.വി കമ്പനിയുടെ തലപ്പത്തും മിക്കവാറും ഈ ക്രിയേറ്റീവായ ആളുകള്‍ കാണാറില്ല. അവിടെ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റോ എക്കണോമിസ്റ്റോ ആയിരിക്കും ഇരിക്കുക. അവരുടെ താഴെയേ നാമെത്തൂ. അത്  തിരിച്ചാണെന്ന് തെളിയിക്കുക എന്നത് എന്റെ ജീവിതാഭിലാഷമായിരുന്നു. 

? ആ ധാരണ എങ്ങനെ പൊളിച്ചടുക്കി...
* ഒരിക്കല്‍ ഒരാള്‍ എന്നോടു പറഞ്ഞു...''ക്രിയേറ്റീവായ നിങ്ങള്‍ക്കൊന്നും ഇക്കാര്യങ്ങള്‍ മനസ്സിലാവില്ല. ഞങ്ങള്‍ കച്ചവടക്കാരാ...ബിസിനസ്സുകാരാ...'''എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു...''എന്റെ അച്ഛന് നാട്ടില്‍ ഒരു റേഷന്‍കടയുണ്ടായിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ ഗോതമ്പു ചാക്കിന്റെ പുറത്തു കയറിയതാ. പി.ജി കഴിഞ്ഞപ്പോഴാ ഇറങ്ങിയത്. ഞാന്‍ കുട്ടിയായിരിക്കുമ്പോഴേ അപ്പന്‍ പഠിപ്പിച്ച ഒരു അരിത്തമാറ്റിക്‌സുണ്ട്. ഞങ്ങളുടെ നാട്ടില്‍ അരിയുടെ കണക്ക് ഏറ്റവും ഫാസ്റ്റായി കൂട്ടുന്നത് ഞാനായിരുന്നു. അതുപോലെ മണ്ണെണ്ണ ബാരലില്‍ നിന്ന് ട്യൂബ് വച്ച് വായിലൂടെ വലിച്ചെടുത്ത് പകര്‍ത്തിയിരുന്ന, പഞ്ചായത്തിലെ പ്രതിഭ ഞാനായിരുന്നു. ഈ ഗോതമ്പു ചാക്കിന്റെ പുറത്ത് ഇത്രയും കാലം ഇരുന്നപ്പോള്‍ അവിടെ നിന്നും പഠിച്ച അരിത്തമാറ്റിക്‌സും അതിന്റെ കൂടെ ഇതിരി കോമണ്‍സെന്‍സും ചേര്‍ത്തു. ഒരു കമ്പനിയൊക്കെ നടത്താന്‍ ഇതുമതി...'''

? ഓഫീസിന്റെ പ്രവര്‍ത്തന രീതികള്‍...
* തികച്ചും മാതൃകാപരമായ ഒരു ഡയറക്ടര്‍ ബോര്‍ഡ് ഫ്‌ളവേഴ്‌സിനുണ്ട്. അതുപോലെ 100 ശതമാനം സുതാര്യതയും. മറ്റിടങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ ഡയറക്ടര്‍മാരെ ഞാന്‍ കണ്ടിട്ടില്ല. അദൃശ്യരായ കുറേ പേര്‍ ഉണ്ടെന്നറിയാം. എന്നാല്‍ ഇവിടത്തെ സ്റ്റാഫുകള്‍ ഡയറക്ടര്‍മാരുടെ കൈയില്‍ തൂങ്ങിയാണ് നടക്കുന്നതെന്ന് പറയാം.

? അതുകൊണ്ട് കുഴപ്പങ്ങളില്ലേ...
* കുറച്ച് കുഴപ്പങ്ങള്‍ ഉണ്ടാവാം. പക്ഷേ ഞാനതൊന്നും മൈന്‍ഡ് ചെയ്യുന്നില്ല. ഡയറക്ടര്‍മാരുമായി ആരോഗ്യകരവും സൗഹൃദപരവുമായ ബന്ധമാണ് എല്ലാവര്‍ക്കുമുള്ളത്. സുതാര്യത കൊണ്ട് എന്ത് കുഴപ്പമാണുണ്ടാവുക എന്നാണെന്റെ ചോദ്യം. ഈ കമ്പനിയില്‍ പത്തുരൂപയില്ലെങ്കില്‍ അക്കാര്യം സ്റ്റാഫിനറിയാം. 

? ചാനലുകള്‍ പൊതുവേ പ്രതിസന്ധികളും വിഷമതകളും നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ഇവിടെ എങ്ങനെ...
* ഇതിന്റെ നടത്തിപ്പില്‍ സ്ട്രഗിള്‍ കാര്യമായുണ്ട്. ഒരാള്‍ക്ക് ഇത്രകോടി രൂപയേ നിക്ഷേപിക്കാനാവൂ. അതുകൊണ്ട് സ്ട്രഗിള്‍ ഉണ്ട്. പക്ഷേ അതിനൊരു സുഖമുണ്ട്. കേരളത്തിന്റെ ടെലിവിഷന്‍ മാര്‍ക്കറ്റില്‍ കിട്ടാവുന്ന ഏറ്റവും മികച്ച ആളുകള്‍ ഫ്‌ളവേഴ്ല്‍ 24 മണിക്കൂറും ജോലി ചെയ്യാന്‍ സന്നദ്ധത കാട്ടുന്നു. അത് വലിയ അഡ്വാന്റേജാണ്. ചുരുങ്ങിയ നാള്‍ കൊണ്ട് ഫ്‌ളവേഴ്‌സ് ടി.വി ഫ്‌ളറീഷ് ആവാന്‍ കാരണം സ്റ്റാഫിന്റെ ആത്മാര്‍ത്ഥതയും കഠിനാധ്വാനവും അര്‍പ്പണ ബോധവുമാണ്. ഇന്ത്യയിലെ ഒരു പ്രമുഖ ടി.വി ചാനല്‍ ഫ്‌ളവേഴ്‌സിനെ കേസ് സ്റ്റഡിക്ക് വിധേയമാക്കി. എന്ത് പ്രോഗ്രാമിലൂടെയാണിത് പെട്ടെന്നിങ്ങനെ കയറി വന്നത് എന്നറിയാന്‍ വേണ്ടിയായിരുന്നു ആ കേസ് സ്റ്റഡി. കാരണം അവരും പ്രാദേശിക തലത്തില്‍ ചാനലുകള്‍ ആരംഭിക്കാന്‍ പോകുന്നുണ്ട്. നമ്മള്‍ ആറുമാസം കൊണ്ട് മൂന്നാം സ്ഥാനത്തെത്തി. കേരളത്തില്‍ പത്ത് മുപ്പത് ചാനലുകള്‍ ഉണ്ടല്ലോ. സിനിമ ഇല്ലാതെയാണ് ഈ അത്ഭുതം കാട്ടിയതെന്നോര്‍ക്കണം.

? പ്രേക്ഷകരുമായുള്ള ഒരു ഇന്ററാക്ഷനും കെമിസ്ട്രിയും...
* ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ലൈവായി സംസാരിക്കുന്നുണ്ട്. 18നും 30നും ഇടയ്ക്ക് പ്രായമുള്ളവരുമായാണ് സംസാരം. കേരളത്തില്‍ 52 ശതമാനം വരും ആ ഗ്രൂപ്പ്. ഈ പ്രായത്തിലുള്ളവരെ മറന്ന് നമുക്ക് മുന്നോട്ടു പോകാനാവില്ല. എന്നെപ്പോലെ ഫിഫ്റ്റി പ്ലസ്സില്‍ നില്‍ക്കുന്നവര്‍ക്ക് ഈ ഏജ് ഗ്രൂപ്പുമായി വലിയ ബന്ധമില്ല. അവരുമായി ചങ്ങാത്തമുണ്ടാക്കാനാമുമോ എന്ന സന്ദേഹമുണ്ടായിരുന്നു. ഞാന്‍ ഓണസ്റ്റായി തുറന്ന് സംസാരിച്ചു തുടങ്ങി, സാധാരണപോലെ. ഇടയ്ക്ക് ഒരാള്‍ ചോദിച്ചു, ''നിങ്ങളുടെ ചാനലില്‍ സിനിമയില്ലല്ലോ ചേട്ടാ...'' എന്ന്. ഞാന്‍ പറഞ്ഞു, ''മോനേ കാശില്ല. കാശ് എപ്പോള്‍ ഉണ്ടാവുന്നുവോ അപ്പോള്‍ സിനിമ ഇടും. എടാ കുട്ടാ, കാശില്ലാതെ സിനിമാക്കാരോട് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ...'' എന്ന് മറുപടി പറയും. ഒരിക്കല്‍ വേറൊരാള്‍ ചോദിച്ചു...മഴവില്‍ മനോരമയിലെ മറിമായം എങ്ങനെയുണ്ടെന്ന്. ഞാന്‍ പറഞ്ഞു, നല്ല പരിപാടിയാണ്. തീര്‍ച്ചയായും മഴവില്‍ മനോരമ കാണണം. മറിമായം ഞാന്‍ ഉണ്ടാക്കിയ പരിപാടിയാ... നിങ്ങള്‍ ഏഷ്യാനെറ്റും മനോരമയും ഒക്കെ കാണണം. സാധാരണ ഒരു ചാനലുകാരന്‍ തന്റെ ചാനല്‍ കാണാനേ പറയൂ. അതുകൊണ്ടൊരു ഗുണമുണ്ടായി. ആ ഒറ്റ മണിക്കൂര്‍ സോഷ്യല്‍ മീഡിയ ലൈവ് ഇപ്പോള്‍ 12 ലക്ഷം പേരിലെത്തുന്നുണ്ട്. എനിക്ക് കിട്ടുന്ന ഏറ്റവും വലിയ പ്ലാറ്റ്‌ഫോമാണത്. 

? ഈ ലൈവില്‍ മോശം പ്രതികരണങ്ങള്‍ ഉണ്ടാവുന്നില്ലേ...
* എനിക്ക് ലൈവ് പണ്ടേ പേടിയില്ല. റേഡിയോ സ്റ്റേഷനില്‍ ഇരുന്ന് ഒരുപാട് ലൈവ് ചെയ്തിട്ടുണ്ട്. പിന്നെ നമുക്ക് പേടിക്കാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍ പേടിച്ചാ മതിയല്ലോ. എല്ലാ ചോദ്യത്തിനും മറുപടി പറയണമെന്നില്ല. ആ ചോദ്യത്തിന്റെ ഉത്തരം അറിയില്ല എന്ന് സത്യസന്ധമായി പറഞ്ഞാല്‍ മതി. അല്ലെങ്കില്‍ നോക്കിയിട്ട് വിശദമാക്കാമെന്ന് പറയാം.

? ഈ മേഖലയില്‍ പ്രായം ഒരു ഘടകമാണോ...
* ഈ മീഡിയയില്‍ ജോലി ചെയ്യുന്നവരുടെ ഒരു കുഴപ്പം എന്താണെന്നു വച്ചാല്‍, ഒരാള്‍ക്ക് പ്രായമായി എന്ന് അയാള്‍ തന്നെയങ്ങ് തീരുമാനിക്കും. ഇനി ഇതൊക്കെ മതി എന്ന നിലപാടെടുക്കും. ഞാന്‍ ആലോചിക്കുന്നത് എന്നെ സ്‌ക്രീനില്‍ കാണുന്നത് ഒരു എനര്‍ജി ആയി എടുക്കണമെന്നാണ്. പ്രായം ക്രിയേറ്റഡ് ആണെന്നാണ് എനിക്ക് തോന്നുന്നത്.

? സ്വപന പദ്ധതി...
* ഇനി മൈലുകളോളം എനിക്ക് സഞ്ചരിക്കാനുണ്ട്. ഇതൊരു സ്വപ്നപദ്ധതിയാണ്. ഇന്ത്യയിലെ ആദ്യത്തെ മീഡിയാ സിറ്റിയുടെ ഒരു പാര്‍ട്ട് ആണ് ഫ്‌ളവേഴ്‌സ് ടി.വി. 

? ഇന്‍സൈറ്റ് മീഡിയാ സിറ്റിയുടെ ലക്ഷ്യങ്ങള്‍...
* എല്ലാ മീഡിയാ സ്ഥാപനങ്ങളും ഒരു കുടക്കീഴില്‍ വളര്‍ന്നാല്‍, കൊണ്ടും കൊടുത്തും ഒരുപാട് എഫിഷ്യന്‍സി ഉണ്ടാക്കുവാന്‍ കഴിയും. കോസ്റ്റ് ലാഭിക്കാന്‍ പറ്റും. വളരാനാവും എന്ന കണ്‍സപ്റ്റിലാണ് ദുബായ് മീഡിയാ സിറ്റിയൊക്കെ വന്നത്. ഇന്ത്യയിലെ ആദ്യത്തെ പ്രൈവറ്റ് മീഡിയാ സിറ്റിയാണിത്. സര്‍ക്കാരിന് മീഡിയാ സിറ്റിയില്ല. കൊച്ചിയിലെ മണീട് എന്ന സ്ഥലത്ത് 27 ഏക്കര്‍ സ്ഥലം വാങ്ങിയിട്ടുണ്ട്. അതിലിപ്പോള്‍ രണ്ട് ടി.വി ചാനലുകള്‍ വരുന്നുണ്ട്. ഫ്‌ളവേഴ്‌സിന്റെ ന്യൂസ് ചാനലും ഉടന്‍ വരുന്നു. ടെലിവിഷന്‍ പ്രൊഡക്ഷന്‍ കൂടാതെ വിദ്യാഭ്യാസ രംഗത്തേയ്ക്കും ചുവടുറപ്പിക്കും. ഫ്‌ളവേഴ്‌സ് അക്കാഡമിയും ഇന്റര്‍ നാഷണല്‍ മീഡിയ സ്‌ക്കൂളും ഇവിടെയുണ്ടാവും. പൊളിറ്റിക്കല്‍ ബോസസിന് ട്രെയിനിംഗ് കൊടുക്കാനുള്ള പദ്ധതിയുമുണ്ട്. ഇതിന് പുറമേയാണ് ഡിജിറ്റല്‍ പ്രോജക്ടുകള്‍. ഫ്‌ളവേഴ്‌സിന്റെ 24 ഓണ്‍ലൈന്‍ ഇംഗ്ലീഷിലും മലയാളത്തിലും പ്രവര്‍ത്തിക്കുന്നു. ഫസ്റ്റ് ന്യൂസ് ലൈവ് എന്ന മൊബൈല്‍ ആപ്പും തുടങ്ങി. മീഡിയാ സിറ്റിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. 2022ഓടെ ഈ പ്രോജക്ടുകള്‍ എല്ലാം പൂര്‍ത്തിയാവും.

? ഡിമോണറ്റൈസേഷന്‍ ഒരടിയായില്ലേ...
* അതെ. പരസ്യം തന്നെ 40 ശതമാനം കുറഞ്ഞു. ന്യൂസ് ചാനലും ഈ സമയത്ത് വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.

? ഫ്‌ളവേഴ്‌സ് എന്നത് ടി.വി ചാനലിനെ സംബന്ധിച്ചിടത്തോളം പുതുമയുള്ള പേരാണ്. ഈ പേര് തിരഞ്ഞെടുക്കാന്‍ കാരണം...
* കളേഴ്‌സ് എന്നൊരു ചാനല്‍ കേരളത്തില്‍ വരുന്നു എന്ന് കേട്ടിരുന്നു. കളേഴ്‌സിന് ഒരു വെല്ലുവിളി കൊടുത്താലോ എന്ന ചിന്തയില്‍ ഫ്‌ളവേഴ്‌സ് എന്നു പേരിട്ടു. പിന്നെ ഒരു സാധാരണ പേരായിരിക്കരുത് എന്നു കരുതി. ഒരു പോസിറ്റീവ് പേരാവണം. ഫ്‌ളവേഴ്‌സ് എന്ന പേര് കേള്‍ക്കുമ്പോള്‍ പൂക്കളും അതിന്റെ ശോഭയും സൗരഭ്യവും വിഷ്വല്‍ ഭംഗിയുമെല്ലാം നമ്മുടെ മനസിലെത്തും. സാധാരണ ടി.വി കമ്പനികള്‍ക്ക് വരുന്നത് ടെക്‌നിക്കല്‍ പേരുകളാണ്. മലയാളിയുടെ മനസുഖം മാനിച്ചാണ് ഈ പേരിട്ടത്. നമ്മുടെ കമ്പനിയിലുള്ള ചിലര്‍ ഈ പേരിനെ എതിര്‍ത്തിരുന്നു. ഇപ്പോ എന്നെ ശ്രീകണ്ഠന്‍ എന്ന് വിളിക്കുന്നതു കൊണ്ടാണ് ഞാന്‍ അങ്ങനെ അറിയപ്പെടുന്നത്. വിളിച്ച് പഴക്കം വരുമ്പോള്‍ ശരിയായിക്കോളും.

? ശ്രീകണ്ഠന്‍ നായര്‍ എന്ന പേരിന്റെ സുഖം...
* കോളേജില്‍ പഠിക്കുന്ന കാലത്ത് പുറകിലത്തെ ബഞ്ചിലിരുന്ന് ബഹളം വച്ച എന്നെ എണീപ്പിച്ചു നിര്‍ത്തിയ സാറ്, ''എന്താടാ നിന്റെ പേര്'' എന്നു ചോദിച്ചു. ''ശ്രീകണ്ഠന്‍ നായര്‍'' എന്ന് എന്നു ഞാന്‍ പറഞ്ഞു. അതിന്റെ അര്‍ത്ഥമെന്താണെന്ന് അറിയാമോ എന്ന് സാറിന്റെ ചോദ്യം. ഐശ്വര്യം കഴുത്തിലുള്ളവന്‍ എന്ന് ഉത്തരം. സാറ് മലയാളത്തിന്റെ ഉസ്താദാണ്. സാറ് പറഞ്ഞു... ''നിനക്ക് തെറ്റിപ്പോയി. വിഷം കഴുത്തിലുള്ളവന്‍ സാക്ഷാല്‍ നീലകണ്ഠന്‍. അതാണ് നിന്റെ പേരിന്റെ അര്‍ത്ഥം...'' എന്ന് വിശദീകരിച്ച സാര്‍ ഒരു കാര്യം കൂടി പറഞ്ഞു. അതിനു മുമ്പ് ഞാന്‍ പറഞ്ഞു, എന്റെ പേരുള്ളവരെല്ലാം പ്രശസ്തരാണെന്ന്. പ്രശസ്തരായവരെ നീ അറിയും. അതാ കുഴപ്പം... എന്ന സാറിന്റെ വാക്കുകളിലൂടെ ഒരു വലിയ സത്യം ഞാന്‍ മനസ്സിലാക്കി. പാലായില്‍ ഒരു ശ്രീകണ്ഠന്‍ നായര്‍ ഉണ്ടാവും പക്ഷേ ഞാന്‍ അറിയില്ലല്ലോ. ആ തിയറിയാണ് ഇവിടെ ഉപയോഗിച്ചത്. 

? ഒരുപാട് സ്ഥാപനങ്ങളില്‍ ജോലി ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇനി ചാട്ടമുണ്ടാകുമോ...
* കോളേജ്, ആകാശവാണി, ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്, സൂര്യ, മഴവില്‍ മനോരമ ഇപ്പോ ഫ്‌ളവേഴ്‌സ്. ഇനി ചാട്ടമില്ല. ഇതു മതി.

? ഈയൊരു എവലൂഷനെ പറ്റി...
* ഏത് സ്ഥലത്ത് പോയാലും ഞാന്‍ കാണുന്നത് അതൊരു യൂണിവേഴ്‌സിറ്റിയായിട്ടാണ്. ഏത് മോശപ്പെട്ട സ്ഥലത്തും നന്നായി പഠിക്കാന്‍ എന്തെങ്കിലുമൊക്കെ കാണും. ഒരിടത്ത് പരാജയെപ്പട്ട സാധനം മറ്റൊരിടത്ത് ഉപയോഗിക്കില്ല. ശരിയായ കാര്യം മാത്രമല്ല, തെറ്റായതിനെക്കുറിച്ചും പഠിക്കണം. ഈ ചാട്ടങ്ങള്‍ എനിക്ക് ഗുണകരമായിട്ടുണ്ട്. പല സ്ഥലത്ത് ജോലിക്കു പോയതുകൊണ്ട് ജനമനസ്സ് ആഗ്രഹിക്കുന്നതെന്താണ് അറിയാനാകും. അതനുസരിച്ചാണ് പ്രോഗ്രാമുകള്‍ ചെയ്യുന്നത്. കണ്‍സസ്റ്റുകള്‍ ഉണ്ടാക്കുന്നത്.

? മാനേജ്‌മെന്റിന്റെ താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ട സംഭവങ്ങള്‍...
* കൂടുതലും പ്രൊഡക്ഷനിലായതു കൊണ്ട് എന്നെ അത് ബാധിച്ചിട്ടില്ല. ന്യൂസിലായിരുന്നെങ്കില്‍ മറിച്ചായേനേ. പലസ്ഥലത്തും ഒരുപാട് സ്വാതന്ത്ര്യം അനുഭവിച്ചിട്ടുള്ള ആളാണ് ഞാന്‍. എങ്കിലും കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയും. എന്തെങ്കിലും പറയുമ്പോള്‍ അത് കേള്‍ക്കുന്നയാള്‍ക്ക് അല്പസമയത്തെ വിഷമമേയുള്ളു.. അതിനേക്കാള്‍ അപകടമാണ് പറയാതെ പോകുന്നത്. ഏഷ്യാനെറ്റില്‍ ഞാന്‍ കുറച്ച് സ്ട്രിക്ടായിരുന്നു. സ്വാതന്ത്ര്യം ആവശ്യത്തിന് കൊടുക്കും. പക്ഷേ, വൃത്തികേടു കാണിച്ചാല്‍ ചീത്തയും വിളിക്കും. 

? ഫ്‌ളവേഴ്‌സിലെ സഹപ്രവര്‍ത്തകരോടുള്ള സമീപനം, പെരുമാറ്റം ...
* വേറൊരിടത്തും ഇല്ലാത്തതു പോലെ ഈ കമ്പനിയുടെ പ്രോഫിറ്റ് ഇവിടുത്തെ സ്റ്റാഫുമായി ഷെയര്‍ ചെയ്യണമെന്ന ആവശ്യം ഡയറക്ടര്‍ ബോര്‍ഡില്‍ ഞാന്‍ ഉന്നയിച്ചിട്ടുണ്ട്. ഓരോ സ്റ്റാഫിനും ഉടമസ്ഥാവകാശം ഉണ്ടാവണമെന്നതാണെന്റെ ആവശ്യം. ഉടമയ്ക്ക് കടമയുമുണ്ടല്ലോ. അന്‍പതോ അറുപതോ വയസു കഴിഞ്ഞ് പുറത്തിറങ്ങുന്ന ഒരു ചാനല്‍ പ്രവര്‍ത്തകന്‍ ഒന്നുമല്ലാതായി മാറും. ഒരാള്‍ വഴിയാധാരമാവാതിരിക്കാന്‍ എന്തു ചെയ്യാമെന്നതാണ് ഞാന്‍ നിരന്തരം ആലോചിക്കുന്നത്.

? ഫ്‌ളവേഴ്‌സില്‍ സ്റ്റാഫുകള്‍ക്ക് എത്രത്തോളം സ്വാതന്ത്ര്യമുണ്ട്...
* ഇവിടെയൊരു പ്രോഗ്രാം ചീഫുണ്ട്. അനില്‍ അയിരൂര്‍. പുള്ളിയാണിവിടത്തെ നമ്പര്‍ ടു. അനിലിന് വിലയ പൊസിഷനും ഫുള്‍ പവറും ചാര്‍ജുമുണ്ട്. അനിലിന്റെ മനസ്സിലുള്ളത് എല്ലാം ഇവിടെ പരീക്ഷിക്കും. പരാജയപ്പെട്ടാല്‍ പുള്ളിയുടെ തലമണ്ടയടിച്ച് ഞാന്‍ പൊട്ടിക്കത്തുമില്ല. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ എക്‌സ്പീരിയന്‍സായിരിക്കും ഇവിടുത്തെ പ്രവര്‍ത്തനം. കേരളത്തിലെ ഏറ്റവും മികച്ച ക്യാമറാമാന്‍മാര്‍ ഇവിടെയാണ് ജോലി ചെയ്യുന്നത്. അതൊക്കെയാണ് വിഷ്വല്‍ ക്ലാരിറ്റിയുടെ ഘടകം. സ്വാതന്ത്ര്യം കൊടുക്കുമ്പോള്‍ ജോലി ചെയ്യുന്നതും, നമ്മള്‍ പിടിച്ചുകെട്ടി ജോലി ചെയ്യിക്കുന്നതും രണ്ടും രണ്ടാണ്. പിടിച്ചു കെട്ടുമ്പോള്‍ ഒരാള്‍ നമുക്കു വേണ്ടി ജോലി ചെയ്യുകയാണ്. സ്വാതന്ത്ര്യം കൊടുക്കുമ്പോള്‍ ഉത്തരവാദിത്വം കൂടും.

? ന്യൂസ് ചാനല്‍ ഏത് പക്ഷത്തായിരിക്കും...
* ജനപക്ഷം എന്ന ചിന്തയിലായിരിക്കും ന്യൂസ് ചാനല്‍ പ്രവര്‍ത്തിക്കുക. ഈയിടെ മംഗളം ടി.വി ചെയ്തതു പോലുള്ള കാര്യങ്ങള്‍ ഞാന്‍ പ്രോത്സാഹിപ്പിക്കില്ല. ഒരു കുറ്റവാളിക്ക് ഒരു കുടുംബം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരാള്‍ വൃത്തികേട് കാട്ടിയാല്‍ അത് വിമര്‍ശിക്കപ്പെടേണ്ടതു തന്നെ. എന്നാല്‍ നമ്മുടെ നേട്ടത്തിനു വേണ്ടി ആ കുറ്റവാളിയെ കുത്തിമലര്‍ത്തരുത്.

? ഫ്‌ളവേഴ്‌സ് യു.എസ്.എയുടെ പ്രത്യേകതകളും പ്രതീക്ഷകളും...
* ബിജു സക്കറിയയുടെ നേതൃത്വത്തില്‍ ഒരു വലിയ ടീം അമേരിക്കയിലുണ്ട്. നമ്മുടെ സ്ഥിരം പരിപാടികള്‍ക്കൊപ്പം അമേരിക്കന്‍ പരിപാടികള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. അമേരിക്കയിലേക്ക് ഫുള്‍ എച്ച്.ഡി ആണ് കൊടുത്തിരിക്കുന്നത്. പിന്നെ അമേരിക്കയിലെ ഷോകള്‍ ലൈവ് ചെയ്യാന്‍ പറ്റും. വലിയ ഷോകള്‍ നടത്തും. അമേരിക്കന്‍ മലയാളി സമൂഹത്തിലെ കലാ പ്രതിഭകള്‍ക്കും മറ്റും ഫ്‌ളവേഴ്‌സ് ടി.വിയില്‍ അവസരം ഒരുക്കും. ഫ്രീഡിയ എന്റര്‍ടെയ്ന്‍മെന്റും ഫ്‌ളവേഴ്‌സ് യു.എസ്.എയും സംയുക്തമായി നടത്തുന്ന നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌സ് (നാഫാ 2017) വേദിയില്‍ ഫ്‌ളവേഴ്‌സ് യു.എസ്.എ ലോഞ്ച് ചെയ്യും. വരുന്ന ജൂലൈ അവസാനമാണ് ബൃഹത്തായ ആ പരിപാടി. അമേരിക്കയില്‍ അരങ്ങേറുന്ന വലിയൊരു അവാര്‍ഡ് നിശയാണിത്. 70ഓളം സിനിമാ താരങ്ങളും മറ്റു കലാ പ്രതിഭകളും പങ്കെടുക്കുന്ന ഇത്തരമൊരു അവാര്‍ഡ് നിശ മലയാളത്തില്‍ വന്നിട്ടില്ല. അതുപോലെ അമേരിക്കയിലെ മലയാളി സമൂഹം നാട്ടില്‍ നിന്ന് ദൂരെയല്ല എന്ന തോന്നല്‍ ഉണ്ടാക്കാന്‍ എന്തൊക്കെ ചെയ്യാന്‍ ഒക്കുമോ അതൊക്കെ ഫ്‌ളവേഴ്‌സ് യു.എസ്.എയിലുണ്ടാവും. 

? ഫ്‌ളവേഴ്‌സ് യു.എസ്.എയുടെ ലോഞ്ചിങ്ങിനോടനുബന്ധിച്ച് അതിന്റെ അമരക്കാരന്‍ എന്ന നിലയില് എന്താണ് പ്രേക്ഷകരോട് പ്രത്യേകം പങ്കുവയ്ക്കാനുള്ളത്...
* 44 നദികള്‍ ഉള്ള നാടാണ് കേരളം. നമ്മള്‍ വിദേശ രാജ്യങ്ങളിലൊക്കെ പോയി ആ സ്ഥലങ്ങളൊക്കെ കാണുമ്പോഴാണ് ഈ നാടിന്റെ പച്ചപ്പും മണ്ണും മണവും മമതയും ഒക്കെ നമ്മുടെ മനസ്സില്‍ തികട്ടി വരുന്നത്. ഒരു പൊക്കിള്‍ കൊടി ബന്ധമാണ് മലയാളനാടിനോടുള്ളത്. എവിടെ പോയാലും ഈ ബന്ധം അറുത്ത് മുറിച്ച് മാറ്റരുത്. കാരണം അമ്മയെ നിഷേധിച്ച് നമുക്ക് സഞ്ചരിക്കാനാവില്ല. ഇതൊരു അമ്മ നാടാണ്. എങ്ങനെ പോയാലും നമ്മള്‍ അമ്മയെ ഓര്‍ക്കണം, ഈ മണ്ണിനെ  ഓര്‍ക്കണം. ഈ നാടാണ് നിങ്ങളെ അമേരിക്കയിലെത്തിച്ചത്. ഒരു പക്ഷേ ഈ നാടിന് ലോകത്തിലെ ഏതു നാടിന്റെയും മുന്നില്‍ നില്‍ക്കാനുള്ള ഒരുപാട് കാര്യങ്ങളുണ്ട്. കേരളത്തില്‍ ബന്ദുണ്ടല്ലോ, സമരമുണ്ടല്ലോ, ധര്‍ണയുണ്ടല്ലോ, പിക്കറ്റിംഗുണ്ടല്ലോ, ഹര്‍ത്താലുണ്ടല്ലോ എന്നെക്കെ ആളുകള്‍ പറയും ഇതൊക്കെ ചേര്‍ന്നതല്ലേ സാറേ കേരളം. അല്ലെങ്കില്‍ ഇത് ലണ്ടന്‍ ആകത്തില്ലായിരുന്നോ. ഇതുകൊണ്ടൊക്കെയാണ് ഈ മണ്ണ് ഇങ്ങനെ ആയത്. കേരളത്തിലുള്ളവര്‍ക്ക് കുറേ ധാരണ പിശകുകളുണ്ട്. പക്ഷേ, വലിയൊരു ഗ്രോത്ത് ഉണ്ടാക്കാനായിട്ടില്ല എന്നത് സത്യമാണ്. ഗള്‍ഫിലെ രാജാവ് ഒരു ലക്ഷം രൂപ മുടക്കിയാണ് ഒരു മരം നടുന്നത്. ഇവിടെ നമ്മള്‍ മരം വെട്ടിക്കളയുന്നു. നാടിന്റെ പച്ചപ്പിനെ പറ്റിയൊക്കെ ഇപ്പോള്‍ മലയാളിള്‍ക്ക് ബോധ്യം വന്നിട്ടുണ്ട്. ഇപ്പോള്‍ കേരളം സംരക്ഷിക്കാനുള്ള ഒരു നീക്കമുണ്ട്. അതില്‍ അമേരിക്കന്‍ മലയാളികളും അണി ചേരുക... ഗുഡ് ബൈ...

വര്‍ണ, സുഗന്ധ ജാലവുമായി ഫ്‌ളവേഴ്‌സ് ടി.വി അമേരിക്കയിലേക്ക്; മനസു തുറന്ന് ശ്രീകണ്ഠന്‍ നായര്‍ (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക