Image

ശബരിമലയുടെ സുരക്ഷ സായുധ സേനയെ ഏല്‍പിക്കണമെന്ന് കുമ്മനം

Published on 25 June, 2017
ശബരിമലയുടെ സുരക്ഷ സായുധ സേനയെ ഏല്‍പിക്കണമെന്ന്  കുമ്മനം
ശബരിമലയിലെ സ്വര്‍ണ കൊടിമരം നശിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ ശബരിമലയുടെ സുരക്ഷ സായുധ സേനയെ ഏല്‍പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സ്വര്‍ണ കൊടിമരം നശിപ്പിച്ചത് ചെറിയ കാര്യമായി കാണാന്‍ പാടില്ല.

ശബരിമലയില്‍ ധ്വജപ്രതിഷ്ഠ നടത്തി ഏതാനും നിമിഷങ്ങള്‍ക്കകം ധ്വജസ്തംഭത്തിന്റെ പഞ്ചവര്‍ഗ്ഗത്തറയില്‍ രസം (മെര്‍ക്കുറി ) ഒഴിക്കുകയും മറ്റും ചെയ്തു അതിക്രമം കാട്ടിയ സംഭവം ഞെട്ടല്‍ ഉളവാക്കുന്നതാണ്. ശബരിമലയില്‍ ഇതുപോലെ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നതില്‍ ഉത്കണ്ഠയും വേദനയും അമര്‍ഷവും ഉള്ളവരാണ് കോടിക്കണക്കായ ഭക്തജനങ്ങള്‍. സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തി കാര്യക്ഷമമാക്കണമെന്ന യാഥാര്‍ഥ്യത്തിലേക്കാണ് ഇന്നത്തെ സംഭവം വിരല്‍ ചൂണ്ടുന്നത്. ഇന്നത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കേന്ദ്രസേനയെ വിന്യസിച്ചു സുരക്ഷ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം.

 കോടിക്കണക്കിനു ഭക്തജനങ്ങളുടെ വികാരവും വിശ്വാസവും സങ്കല്‍പ്പവും ഇഴചേര്‍ന്നു കിടക്കുന്ന പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല. അവിടുത്തെ സുരക്ഷയ്ക്ക് വീഴ്ചയുണ്ടാകുന്നത് സംസ്ഥാനത്തിനകത്തും പുറത്തും നമ്മുടെ നാടിന് അപമാനം വരുത്തിവെയ്ക്കും. അതുകൊണ്ടു ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ഈ അതിക്രമം എന്തിനുവേണ്ടി എന്നത് സംബന്ധിച്ച യഥാര്‍ത്ഥ വിവരങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല.

യാഥാര്‍ഥ്യം പുറത്തുവരണം എന്നാണ് ഭക്തജനങ്ങള്‍ ആഗ്രഹിക്കുന്നത്. അന്വേഷണം ശാസ്ത്രീയവും സമഗ്രവുമാകുന്നതിന് വിദഗ്ദ്ധര്‍ ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണസംഘം ഉടന്‍ രൂപീകരിച്ചു അന്വേഷണച്ചുമതല ആ സംഘത്തിന് കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറാകണം. 

ലാഘവബുദ്ധിയോടെ ഈ സംഭവത്തെ കാണാതെ ഇനിയൊരിക്കലും ഇത്തരം അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന ദൃഢനിശ്ചയത്തോടെ അങ്ങേയറ്റം കാര്യഗൗരവത്തോടെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ഈ സംഭവത്തില്‍ കുറ്റക്കാരായവരെ എത്രയും വേഗം കണ്ടെത്തി നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക