Image

ബഹ്‌റൈന്‍ എയര്‍ ദമാമില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് സര്‍വീസ് തുടങ്ങുന്നു

Published on 01 March, 2012
ബഹ്‌റൈന്‍ എയര്‍ ദമാമില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് സര്‍വീസ് തുടങ്ങുന്നു
ദമാം: മിഡില്‍ ഈസ്റ്റിലെ പ്രമുഖ എയര്‍ലൈനായ ബഹ്‌റൈന്‍ എയര്‍ മാര്‍ച്ച് 15 മുതല്‍ ദമാമില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് സര്‍വീസ് തുടങ്ങുമെന്ന് ബഹ്‌റൈന്‍ എയര്‍, സൗദി ഗള്‍ഫ് റീജിയണല്‍ മാനേജര്‍ ഹനീഫ് സക്കറിയ പറഞ്ഞു. 

ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് സര്‍വീസ്. വൈകുന്നേരം നാലിനു ദാമാമില്‍നിന്നു ബസില്‍ പുറപ്പെടുന്ന യാത്രക്കാര്‍ 9.24 നു ബഹ്‌റൈനില്‍ നിന്ന് പുറപ്പെടുന്ന ബഹ്‌റൈന്‍ എയര്‍ വിമാനം രാവിലെ 4.15 നു തിരുവനന്തുപുരത്തെത്തും. തിരിച്ചു തിരുവനന്തപുരത്തുനിന്നു രാവിലെ അഞ്ചിനു പുറപ്പെട്ട് 7.30 നു ബഹറിനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് രാവിലെ 10 ഓടെ ദമാമില്‍ എത്തിച്ചേരാം.

നിലവില്‍ ബഹ്‌റൈന്‍ എയര്‍ കൊച്ചിയിലേയ്ക്കും, കോഴിക്കോട്ടേയ്ക്കും, മുംബൈയിലേക്കും സര്‍വീസ് നടത്തുന്നുണ്ട്. ടിക്കറ്റ് എടുക്കുമ്പോള്‍ 150 റിയാല്‍ കൂടി കൂടുതല്‍ അടച്ചാല്‍ ലഗേജ് 10 കിലോ എക്‌സ്ട്രാ കൊണ്ടുപോകാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഗള്‍ഫിലെ പ്രമുഖ റീടെയില്‍ ശൃഖലയായ ലുലുവുമായി സഹകരിച്ചു മാര്‍ച്ച് ഒന്നു മുതല്‍ നടത്തുന്ന പ്രോമോഷനുമായി ബന്ധപ്പെട്ടു വിളിച്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹനീഫ് സക്കറിയ. 

പ്രാമോഷനോടനുബന്ധിച്ചു അല്‍കോബാറിലേയും റിയാദിലേയും ലുലു ഷോപ്പില്‍ നിന്നും 200 റിയാലിനോ അതിനു മുകളിലോ സാധനം വാങ്ങുന്നവര്‍ക്ക് ഓരോ സമ്മാന കൂപ്പണ്‍ വീതം ലഭിക്കും. മാസത്തിലെ ആദ്യ ആഴ്ചകളില്‍ നടക്കുന്ന നറുകെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് ബഹ്‌റൈന്‍ എയര്‍ സര്‍വീസ് നടത്തുന്ന ഏത് സെക്ടറിലേക്കുമുള്ള ഓരോ റിട്ടേണ്‍ ടിക്കറ്റ് 10 പേര്‍ക്ക് ലഭിക്കും. മാര്‍ച്ച് ഒന്നിനു തുടങ്ങി മേയ് 31 നു അവസാനിക്കുന്ന പ്രോമോഷനില്‍ ആകെ 60 പേര്‍ക്ക് റിട്ടേണ്‍ ടിക്കറ്റ് സമ്മാനമായി ലഭിക്കും. 

ദാദാബായി ട്രാവല്‍സ് ജിഎം റസൂല്‍ ഗുലൂം, സഫാരി ട്രാവല്‍സ് ജിഎം സയീദ് തക്കിയുധീന്‍ അഹമ്മദ്, ലുലു കോബാര്‍ റീജിയണല്‍ മാനേജര്‍ അബ്ദുള്‍ ബഷീര്‍, റിയാദ് മാനേജര്‍ സലിം എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക