Image

ആപ്പിള്‍ എന്ന അത്ഭുതം (പകല്‍ക്കിനാവ്- 59 ജോര്‍ജ് തുമ്പയില്‍)

Published on 26 June, 2017
ആപ്പിള്‍ എന്ന അത്ഭുതം (പകല്‍ക്കിനാവ്- 59 ജോര്‍ജ് തുമ്പയില്‍)
ലോകം കൈക്കുമ്പിളിലേക്ക് ഒതുങ്ങുന്ന അത്ഭുത പ്രതിഭാസത്തിന്റെ കാലഘട്ടത്തിലാണ് നാമിപ്പോള്‍. സ്മാര്‍ട്ട്‌ഫോണ്‍ എന്ന കമ്മ്യൂണിക്കേറ്റര്‍ എത്തിയതോടെ, ഒരുമിച്ച് ഒട്ടനവധി ഉപകരണങ്ങളുടെ പ്രസക്തി ഇല്ലാതായി. ഫോണ്‍, ഇന്‍റര്‍നെറ്റ് കമ്മ്യൂണിക്കേറ്റര്‍, പ്രൊജക്റ്റര്‍, സ്കാനര്‍, കമ്പ്യൂട്ടര്‍, ക്യാമറ, ടി. വി, റേഡിയോ, റിക്കോര്‍ഡര്‍, വീഡിയോ പഌയര്‍, മ്യൂസിക് പഌയര്‍, കാല്‍ക്കുലേറ്റര്‍, ജി.പി. എസ്. തുടങ്ങിയതെല്ലാം ഇപ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ എന്ന ഒറ്റ ഡിവൈസിലേക്ക് ഒതുങ്ങിയിരിക്കുന്നു. സ്മാര്‍ട്ട് ഫോണ്‍ എന്നാല്‍ ആപ്പിള്‍ ഐഫോണ്‍ എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. ശരിയാണ്, അമേരിക്കയില്‍ ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ അരങ്ങു വാഴുന്നുണ്ടെങ്കിലും ആപ്പിള്‍ ഐഫോണ്‍ തന്നെയാണ് രാജാവ് എന്നു പറയേണ്ടി വരും.

ഇനി ഇപ്പോള്‍ എന്താണ് ഇതു പറയുന്നത് എന്നോര്‍ത്ത് അന്തിക്കേണ്ട. കാരണം, സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിട്ട് ഇപ്പോള്‍ ഇതാ പത്തു കൊല്ലം പൂര്‍ത്തിയായിരിക്കുന്നു. അതു കൊണ്ടു തന്നെ, സ്മാര്‍ട്ട് ഫോണുകളെക്കുറിച്ചുള്ള വിശേഷങ്ങള്‍ ഇപ്പോള്‍ പങ്കുവയ്ക്കുന്നത് പ്രസക്തമാണെന്നു തോന്നുന്നു. സാധാരണ മൊബൈല്‍ ഫോണുകളേക്കാള്‍ ശേഷിയുള്ളതും ഏതെങ്കിലും മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതുമായ ആധുനിക മൊബൈല്‍ ഫോണുകളാണ് സ്മാര്‍ട്ട് ഫോണുകള്‍. 1991-ലാണ് മൊബൈല്‍ കമ്പ്യൂട്ടിങ്ങ് പഌറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകളെ കുറിച്ചുള്ള ആശയങ്ങള്‍ ഉയര്‍ന്നുവന്നത്. ആദ്യ സ്മാര്‍ട്ട് ഫോണായ ഐ ബി എം സിമോണ്‍ പേഴ്‌സണല്‍ കമ്മ്യൂണിക്കേറ്റര്‍ 1994 ല്‍ വിപണിയിലെത്തി. ഇത്തരം ഫോണുകള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ എന്ന വിശേഷണം നല്‍കിയത് 1997 ല്‍ എറിക്‌സണ്‍ കമ്പനിയാണ്. ഇപ്പോള്‍ ഐ ഫോണുകളടക്കം ഏകദേശം നൂറു കോടിയിലധികം ഫോണുകള്‍ രംഗത്ത് വന്നിരിക്കുന്നു. ഐ ഫോണാണ് ശരിയായ അര്‍ത്ഥത്തില്‍ സ്മാര്‍ട്ട് ഫോണ്‍ എന്ന ആശയത്തെ സാക്ഷാത്ക്കരിച്ചത്. ആപ്പിള്‍ നിര്‍മ്മിച്ചു പുറത്തിറക്കുന്ന ഇന്റര്‍നെറ്റ്, ഇമെയില്‍, മള്‍ട്ടിമീഡിയ, മള്‍ട്ടി ടച്ച് സ്ക്രീന്‍ തുടങ്ങിയ സൗകര്യങ്ങളുള്ള ഐഫോണ്‍ ജൂണ്‍ 29, 2007 നാണ് പുറത്തിറങ്ങിയത്. ഇപ്പോള്‍ ഒരു ദശാബ്ദം പിന്നിട്ടിരിക്കുന്നു. ആദ്യ തലമുറ ഐഫോണ്‍ ക്വാഡ് ബാന്‍ഡ് ജിഎസ്എം, എഡ്ജ് തുടങ്ങിയവയെയാണ് പിന്തുണച്ചത്. രണ്ടാം തലമുറ ഐഫോണ്‍ എച്ച്എസ്ഡിപിഎ, യുഎംടിഎസ് തുടങ്ങിയ നെറ്റ് വര്‍ക്കുകളെയും പിന്താങ്ങി. ഇതിന് ഭൗതികമായ ഒരു കീബോര്‍ഡ് ഇല്ല. പകരം ഉണ്ടായിരുന്നത് വിര്‍ച്വല്‍ കീബോര്‍ഡായിരുന്നു. 2008 ജൂലൈ 11ന് ഐഫോണിന്റെ രണ്ടാം തലമുറയായ ഐഫോണ്‍ 3ജി പുറത്തിറങ്ങി. പല വിലകുറഞ്ഞ ഫോണുകളിലും ഉള്ള പല അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതിനാല്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയ ഒരു ഉത്പന്നം ആണ് ആപ്പിള്‍ ഐഫോണ്‍. ഐഫോണ്‍ 3ജി എസ് എന്ന പതിപ്പ് യു.എസ്.എ.,കാനഡ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ 2009 ജൂണ്‍ 19ന് പുറത്തിറങ്ങി. ഓസ്‌ട്രേലിയയില്‍ ഇത് ജൂണ്‍ 26നും ലോകവ്യാപകമായി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും വിപണിയിലെത്തി. ഈ ശ്രേണിയിലെ അഞ്ചാം തലമുറ ഫോണുകള്‍ ഐ.ഫോണ്‍ 4 എസ്. 2011 ഒക്ടോബര്‍ 4 നു് പ്രഖ്യാപിക്കുകയും ഐ.ഒ.എ.സ് 5.0 പുറത്തിറങ്ങി 2 ദിവസങ്ങള്‍ക്ക് ശേഷം 2011 ഒക്ടോബര്‍ 14നു അമേരിക്കയില്‍ പുറത്തിറങ്ങുകയും ചെയ്തു.

ഐഫോണ്‍ ഒ.എസ്. (ഓപ്പറേറ്റിങ് സിസ്റ്റം) ആണ് ഐഫോണില്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം. മാക് ഒ.എസ്. എക്‌സില്‍ ഉപയോഗിച്ചിരിക്കുന്ന ഡാര്‍വിന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ചെറിയ മാറ്റങ്ങള്‍ വരുത്തിയ പതിപ്പാണിത്. മാക് ഒഎസ് എക്‌സ് 10.5 ലിയോപാര്‍ഡ് പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കോര്‍ ആനിമേഷന്‍ എന്ന സോഫ്റ്റ്‌വെയറും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പവര്‍ വി.ആര്‍. (ഐഫോണ്‍ 3ജി എസില്‍ ഓപ്പണ്‍ ജിഎല്‍ ഇ.എസ്.) എന്ന ഹാര്‍ഡ്‌വെയറിന്റെ സഹായത്തോടെ ആനിമേഷനുകള്‍ വളരെ ഭംഗിയായി കൈകാര്യം ചെയ്യുവാന്‍ ഇതില്‍ സാധിക്കുന്നു. ആകെ ഉപയോഗിക്കുന്ന മെമ്മറിയില്‍ (4 മുതല്‍ 32 ജി.ബി. വരെ) ഒരു ജി.ബിയില്‍ താഴെ മാത്രമേ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നുള്ളൂവെന്നതാണ് ഇതിന്റെ പ്രത്യേകത. ആപ്പിള്‍ തന്നെ നല്‍കുന്ന മറ്റു അപ്ലിക്കേഷനുകളും, മറ്റു സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുന്നതിനു ഇതില്‍ സാധിക്കും.

പലരീതിയിലുള്ള നിയന്ത്രണങ്ങള്‍ ഐഫോണിലുണ്ട്. ഹാക്കര്‍മാര്‍ ഈ നിയന്ത്രണങ്ങളെ മറികടക്കാന്‍ പലരീതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. പക്ഷേ ഇത്തരം രീതികള്‍ ഉപയോഗിച്ചാല്‍ ആപ്പിള്‍ വാറന്‍റി നല്‍കുകയില്ല. സിം ലോക്ക് ആണ് ഏറ്റവും പരിചിതമായ പദം. അതായത് ഒരു സേവന ദാതാവിന്റെ സിം മാത്രമേ ഉപയോഗിക്കാന്‍ പറ്റുകയുള്ളു. അതു പോലെ തന്നെ ആപ്പിള്‍ ആപ്പ് സ്‌റ്റോറില്‍ നിന്നുള്ള ആപ്ലിക്കേഷനുകള്‍ മാത്രമേ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റുകയുള്ളു.

2017 ന്റെ ഒന്നാം പാദത്തിലെ വില്പനയുടെ കണക്കനുസരിച്ച് സ്മാര്‍ട്ട്‌ഫോണ്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ 23% വിപണിവിഹിതത്തോടെ ഐഒഎസ് രണ്ടാം സ്ഥാനത്തു നില്‍ക്കുന്നു. (ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ആണ് ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത്.) ആപ്പിളിന്റെ പത്താം വാര്‍ഷികത്തില്‍ സ്മാര്‍ട്ട് ഫോണുകളെ കുറച്ചു കൂടി സ്മാര്‍ട്ടാക്കാനാണ് ആപ്പിളിന്റെ ശ്രമം. ഓഗ്‌മെന്റഡ് റിയാലിറ്റിയാണ് ഐ ഫോണിന്റെ തുറുപ്പു ചീട്ട്. എന്നാല്‍, പത്താം വാര്‍ഷിക ഫോണിന് ഒന്നുകില്‍ മുഴുവന്‍ ഗ്ലാസ് ആയിരിക്കുമെന്നാണ് കൂടുതല്‍ പേരും പറയുന്നത്. (മെറ്റലാണെന്നു പറയുന്നവരും ഉണ്ട്.) ഓഗ്‌മെന്റെഡ് റിയാലിറ്റിയുടെ കരുത്തില്‍ ഫോണിന്റെ ക്യാമറയിലൂടെ നോക്കുമ്പോള്‍ നമ്മളുടെ കൈയ്യില്‍ ഇരിക്കുന്നത് ഒരു ഗ്ലാസിനപ്പുറം കണാവുന്ന ഒരു ഗ്ലാസ് കഷണം ആണെന്നു തോന്നാം! ഓഗ്‌മെന്റഡ് റിയാലിറ്റിക്കു വേണ്ടി സൃഷ്ടിച്ച ഗെയ്മുകള്‍ നടക്കുന്നത് ഫോണിന്റെ സ്ക്രീനിലാണ് എന്നല്ല തോന്നുക. മറിച്ച് നമ്മുടെ ഡ്രോയിങ് റൂമിലോ ഒക്കെയാണെന്നു തോന്നാം. ചുരുക്കി പറഞ്ഞാല്‍ ഇത്ര കാലവും സ്ക്രീനിന്റെ വലിപ്പത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന കണ്ടന്റ് അതു ഭേദിച്ചു പുറത്തു വരുമെന്നു കരുതുന്നു. എന്നാല്‍ ഈ ശേഷി ചൂഷണം ചെയ്യുന്ന എത്ര ആപ്പുകള്‍ ഫോണിനൊപ്പം എത്തും എന്നറിയില്ല. ഓഗ്‌മെന്റഡ് റിയാലിറ്റിയുടെ വിശ്വരൂപം കാണണമെങ്കില്‍ 3ഡി ശേഷിയുള്ള പിന്‍ ക്യാമറ കൂടെ എത്തണമെന്നും അതിന് ഇനിയും കാത്തരിക്കണമെന്നും പറയുന്നു. എന്തായാലും ഒരു കാര്യം ഉറപ്പ്. ലോകത്തിന് ഈ മാറ്റത്തിനു വേണ്ടി കാത്തിരിക്കേണ്ടത് പത്തു വര്‍ഷമായിരുന്നുവെങ്കില്‍ ഇനിയതിന് അതിന്റെ നാലിലൊന്നു പോലും വേണ്ടി വരില്ല. ആ വിപ്ലവത്തിന് വേണ്ടി ഒരുങ്ങിയിരിക്കുക. കൈയിലുള്ള സ്മാര്‍ട്ട്‌ഫോണിനെ കൂടുതല്‍ നെഞ്ചോടു ചേര്‍ക്കുക. അത്രമാത്രമേ ഈ അത്ഭുതത്തെക്കുറിച്ച് പറയാനുള്ളു.
Join WhatsApp News
വിദ്യാധരൻ 2017-06-26 13:58:34

കണ്ടു ഞാനൊരു ഗുരുവിനെ
പണ്ടൊരിക്കൽ ഞാനെന്റെ
പ്രഭവസ്ഥാനം തേടിപ്പോയനാൾ
ചൊന്നവൻ 'തത്ത്വമസി'യെന്നുത്തരം
നിന്നു കറങ്ങി ഞാൻ
ഉത്തരം പിടികിട്ടാതൊട്ടുനേരം.
എന്റെ പരുങ്ങൽ കണ്ടു
ഗുരുചൊന്നാൻ പോയി വരൂ നീ
'ഒരാപ്പിളു'മായി വൈകാതെ
വന്നുകണ്ടു നാൾക്കുശേഷം
ആപ്പിളുമായി ഗുരുജിയെ വീണ്ടും
മുറിക്കുക രണ്ടായി ആപ്പിളിനെ
പറയുകതിലെന്തുകാണുന്നു നീ ?
കാണുന്നില്ല ആപ്പിളിനുള്ളിലെ 
'കുരു' ക്കളല്ലാതൊന്നുമേ
മുറിക്കുക 'കുരു'വിനെ വീണ്ടും
പറയുക എന്തുകാണുന്നു നീ
കാണുന്നു വെളുത്തകക്കാമ്പ് മാത്രം
ചൊല്ലുക ഗുരു എന്താണിതിനർത്ഥമൊക്കെ?
ശൂന്യമായതിൽ നിന്ന് 'ആപ്പിൾ' ഉണ്ടായതുപോലെ
അദൃശ്യമാം ചൈതന്യത്തിൽ നിന്ന് സർവ്വോം   
ഉണ്ടായതാണ് നീ  അടക്കം.
നീ തിരയുന്ന സത്യം നിന്നിലുണ്ട്
അതാണ് 'തത്ത്വമസി'
അനാദികാലംതൊട്ടേ അറിഞ്ഞിരുന്നു
ആപ്പിളുന്നുള്ളിൽ ഒതുക്കി വച്ചിരുന്ന
സൃഷിട്ടിരഹസ്യം ഭാരത ചിന്തകർ 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക