Image

ഇന്ത്യന്‍ വാരാഘോഷത്തില്‍ കൊളോണ്‍ കേരള സമാജത്തിന്റെ പ്രാതിനിധ്യം ശ്രദ്ധേയമായി

Published on 26 June, 2017
ഇന്ത്യന്‍ വാരാഘോഷത്തില്‍ കൊളോണ്‍ കേരള സമാജത്തിന്റെ പ്രാതിനിധ്യം ശ്രദ്ധേയമായി
   കൊളോണ്‍: കൊളോണ്‍ നഗരസഭയും ഇന്തോ ജര്‍മ്മന്‍ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന ഒന്പതാമത് ഇന്ത്യന്‍ വാരാഘോഷത്തിന് ജൂണ്‍ 23 ന് തുടക്കമായി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഇന്ത്യന്‍ വാരാഘോഷം കൊളോണ്‍ നഗരത്തിലാണ് അരങ്ങേറുക. 

മേയര്‍ അന്ത്രയാസ് വോള്‍ട്ടര്‍, ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സോണി ഡാഹിയ, പ്രഫ. ഡോ. ക്‌ളൗസ് ഷ്‌നൈഡര്‍, ഇന്തോ ജര്‍മന്‍ ഫോറം പ്രസിഡന്റ് റൂത്ത് ഹീപ്പ് എന്നിവര്‍ ചേര്‍ന്ന് വാരാഘോഷം ഉദ്ഘാടനം ചെയ്തു.

കൊളോണ്‍ കേരള സമാജം സ്‌പോണ്‍സര്‍ ചെയ്ത ആര്‍ട്ടിസ്റ്റുകളായ പ്രശസ്ത നര്‍ത്തകി റീന പത്രോസ് അവതരിപ്പിച്ച കൂച്ചിപ്പുടി നൃത്തം, ലെയാ ഗ്രൂപ്പ് അവതരിപ്പിച്ച ക്‌ളാസിക്കല്‍ ഗ്രൂപ്പ് നൃത്തം, പെരാനാ പുണ്യമൂര്‍ത്തിയുടെ ക്‌ളാസിക്കല്‍ നൃത്തം, അരുപ് സെന്‍ ഗുപ്ത (തബല), സുഗത റോയ് ചൗധരി(സിത്താര്‍) എന്നിവരുടെ ഇന്ത്യന്‍ ശാസ്ത്രീയ സംഗീതം, ഹരി ഓം മന്ദിര്‍ അവതരിപ്പിച്ച ഫോള്‍ക്ക് ഡാന്‍സ് തുടങ്ങിയ പരിപാടികള്‍ ഉദ്ഘാടന ദിവസത്തെ സന്പുഷ്ടമാക്കി. പ്രവേശനം സൗജന്യമായിരുന്നു. പരിപാടികള്‍ യൂര്‍ഗന്‍ തോമസ് മോഡറേറ്റ് ചെയ്തു.

വര്‍ഷം തോറും നടത്തുന്ന ഇന്ത്യന്‍ വാരാഘോഷം മുഖേന ഇന്ത്യയുമായും പ്രത്യേകിച്ച് കേരളവുമായും വാണിജ്യം,കല, സാംസ്‌കാരിക സാഹിത്യ രംഗങ്ങളില്‍ ജര്‍മന്‍കാര്‍ക്ക് ഒരു തുറവുണ്ടാക്കാന്‍ സാധിക്കുന്നുണ്ടെന്ന് കോണ്‍സല്‍ ജനറലും കൊളോണ്‍ സിറ്റി മേയറും അഭിപ്രായപ്പെട്ടു.

കൊളോണ്‍ നൊയെമാര്‍ക്ക്റ്റിലെ റൗട്ടന്‍സ്ട്രൗഹ് ജോസ്റ്റ് മ്യൂസിയം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ഇന്ത്യന്‍ വാരാഘോഷത്തില്‍ ജര്‍മനിയിലെ മലയാളി കുടിയേറ്റത്തിന്റെ ആദ്യകാല ചരിത്രങ്ങളും മലയാളി നഴ്‌സുമാരുടെ ചിത്രങ്ങള്‍ അടങ്ങിയ പ്രദര്‍ശനം ഒരുക്കിയത് ഇത്തവണത്തെ പ്രത്യേകതയായിരുന്നു. കൊളോണ്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ വ്യവസായം, വിദ്യാഭ്യാസം, സാഹിത്യം, സാംസ്‌കാരികം, യോഗ തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകളും ചര്‍ച്ചകളും വര്‍ക്ക് ഷോപ്പുകളും നടത്തുന്നുന്നതിനു പുറമെ മലയാളി നഴ്‌സുമാരെക്കുറിച്ച് ജര്‍മന്‍ ഭാഷയില്‍ ഒരുക്കിയ ഡോക്കുമെന്ററി പ്രദര്‍ശനം (ബ്രൗണ്‍ ഏയ്ഞ്ചല്‍സ്) ജൂണ്‍ 30 ന്(വെള്ളി) നടത്തുന്നുണ്ട്. സമാജം അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. 

ഓഡിറ്റോറിയത്തിനു പുറത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കരകൗശലസാധനങ്ങള്‍, ഭക്ഷണ സ്റ്റാളുകള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിച്ചത് പങ്കെടുക്കാനെത്തിയ ജര്‍മന്‍കാര്‍ക്ക് കൂടുതല്‍ ഉണര്‍വേകി. 

കൊളോണ്‍ കേരള സമാജം ഭാരവാഹികളായ ജോസ് പുതുശേരി (പ്രസിഡന്റ്), ഡേവീസ് വടക്കുംചേരി (സെക്രട്ടറി),സെബാസ്റ്റന്‍ കോയിക്കര (വൈസ് പ്രസിഡന്റ്), പോള്‍ ചിറയത്ത് (സ്‌പോര്‍ട്‌സ് സെക്രട്ടി), ജോസ് കുന്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ജോസ് നെടുങ്ങാട് എന്നിവരെ കൂടാതെ മേരി പുതുശേരി, എല്‍സി വടക്കുംചേരി, സാലി ചിറയത്ത്, മോളി നെടുങ്ങാട്, ഷീന കുന്പിളുവേലില്‍, അമ്മിണി കോയിക്കര എന്നിവരുടെ സഹകരണം സജീവമായിരുന്നു. പരിപാടിയില്‍ ഏകദേശം മുന്നൂറോളം പേര്‍ പങ്കെടുത്തതില്‍ നിരവധി മലയാളികളും ഉണ്ടായിരുന്നു. വാരാഘോഷം ജൂലൈ രണ്ടിന് സമാപിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക