Image

പള്‍സര്‍ സുനിയുടെ 2 കൂട്ടാളികള്‍ അറസ്റ്റില്‍

Published on 27 June, 2017
പള്‍സര്‍   സുനിയുടെ  2 കൂട്ടാളികള്‍ അറസ്റ്റില്‍

കൊച്ചി : ചലച്ചിത്രനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാക്കുറ്റത്തിന്‌ രണ്ടുപേരെ അന്വേഷണസംഘം അറസ്റ്റ്‌ചെയ്‌തു. കേസിലെ ഒന്നാംപ്രതി സുനില്‍കുമാറിന്റെ പള്‍സര്‍ സുനിയുടെ സഹതടവുകാരായിരുന്ന ഇടപ്പള്ളി സ്വദേശി വിഷ്‌ണു, പത്തനംതിട്ട സ്വദേശി സനല്‍കുമാര്‍ എന്നിവരെയാണ്‌ പെരുമ്പാവൂര്‍ സിഐ ബൈജു പൌലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്‌ചെയ്‌തത്‌.

പള്‍സര്‍ സുനിക്ക്‌ കാക്കനാട്‌ ജില്ലാ ജയിലില്‍ മൊബൈല്‍ഫോണ്‍ എത്തിച്ചുകൊടുത്തുവെന്ന കുറ്റത്തിനാണ്‌ വിഷ്‌ണുവിനെ അറസ്റ്റ്‌ചെയ്‌തത്‌. ഷൂവിനുള്ളില്‍ ഒളിപ്പിച്ചാണ്‌ വിഷ്‌ണു സുനിക്ക്‌ മൊബൈല്‍ഫോണ്‍ എത്തിച്ചത്‌. പുതിയ ഷൂ വാങ്ങി അടിഭാഗത്തെ സോള്‍ മുറിച്ചുമാറ്റി ഉള്ളില്‍ മൊബൈല്‍ഫോണ്‍ വിദഗ്‌ധമായി ഒളിപ്പിച്ചുവച്ചശേഷം ജയിലിലെത്തി സുനിക്ക്‌ കൈമാറുകയായിരുന്നു.

 ഈ ഫോണില്‍നിന്നാണ്‌ പള്‍സര്‍ സുനി ദിലീപിനെയും ദിലീപിന്റെ മാനേജരെയും നാദിര്‍ഷായെയും വിളിച്ചത്‌. ചൈനീസ്‌ഫോണും ഇതിലുപയോഗിച്ച ടാറ്റാ ഡോകോമോ സിംകാര്‍ഡും പൊലീസ്‌ കണ്ടെടുത്തു. തമിഴ്‌നാട്‌ സ്വദേശിയുടെ വ്യാജവിലാസം ഉപയോഗിച്ചാണ്‌ സിം എടുത്തതെന്നും കണ്ടെത്തി. ഫോണ്‍ ശാസ്‌ത്രീയപരിശോധനയ്‌ക്ക്‌ അയച്ചു.

ഞായറാഴ്‌ച രാത്രി അറസ്റ്റ്‌ രേഖപ്പെടുത്തിയശേഷം പ്രതികളെ മജിസ്‌ട്രേട്ട്‌ മുമ്പാകെ ഹാജരാക്കി റിമാന്‍ഡ്‌ചെയ്‌തു. പണം ആവശ്യപ്പെട്ട്‌ ബ്‌ളാക്ക്‌മെയില്‍ചെയ്യാന്‍ ശ്രമിച്ചുവെന്ന ദിലീപിന്റെ പരാതിയിലല്ല അറസ്റ്റന്നും നടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ്‌ ഇരുവരെയും അറസ്റ്റ്‌ചെയ്‌തതെന്നും റൂറല്‍ എസ്‌പി എ വി ജോര്‍ജ്‌ പറഞ്ഞു. ദിലീപിന്റെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്‌. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനാക്കുറ്റമാണ്‌ ഇരുവര്‍ക്കുമെതിരെ എടുത്തത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക