Image

എൻ.ആർ.ഐ സീറ്റുകളിലെ ഫീസ് വർദ്ധന പ്രതിഷേധാർഹം: നവയുഗം സാംസ്കാരികവേദി

Published on 27 June, 2017
എൻ.ആർ.ഐ സീറ്റുകളിലെ ഫീസ് വർദ്ധന പ്രതിഷേധാർഹം: നവയുഗം സാംസ്കാരികവേദി


ദമ്മാം: കേരളസംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലും കല്പിത സര്‍വകലാശാലയിലും എം.ബി.ബി.എസ്. പ്രവേശനത്തിന് എൻ.ആർ.ഐ സീറ്റുകളിലെ വാർഷിക ഫീസ് 15 ലക്ഷത്തിൽ നിന്നും 20 ലക്ഷമാക്കി ഉയർത്തിയ, ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിര്‍ണയസമിതിയുടെ ഉത്തരവില്‍, നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

വിദേശ മലയാളികളെ കറവപ്പശുക്കളായി കാണുന്ന സാമൂഹ്യമനഃസ്ഥിതിയുടെ നേർചിത്രമാണ് ഓരോ വർഷവും കൂടിക്കൊണ്ടിരിയ്ക്കുന്ന എൻ.ആർ.ഐ സീറ്റുകളിലെ ഫീസ് നിർദ്ദേശങ്ങൾ കാണിയ്ക്കുന്നത്. പണം കായ്ക്കുന്ന മരമല്ല വിദേശമലയാളികൾ. വിദേശമലയാളികളിൽ വളരെ ചെറിയൊരു ശതമാനം മാത്രമാണ്, ലക്ഷങ്ങൾ സമ്പാദിയ്ക്കുന്ന പണക്കാരായി ഉള്ളത്. അത്തരക്കാരെ സംബന്ധിച്ചിടത്തോളം, ഇന്ത്യയിലെയോ വിദേശത്തെയോ ഏതു കോളേജിലും സീറ്റു വിലയ്ക്ക് വാങ്ങുക എന്നത് നിസ്സാരകാര്യമാകാം. എന്നാൽ ഭൂരിഭാഗം വിദേശമലയാളികളും, സ്വന്തം കുടുംബത്തിന്റെ ജീവിതം ഒരു കരയ്‌ക്കെത്തിയ്ക്കാൻ ചോര നീരാക്കി ജോലി ചെയ്യുന്ന സാധാരണക്കാരാണ്. അവരുടെ കുട്ടികൾക്ക് എൻ.ആർ.ഐ സംവരണം എന്ന നിലയിൽ മിതമായ ഫീസിൽ സീറ്റുകൾ നൽകാനാണ് സർക്കാർ ശ്രമിയ്ക്കേണ്ടത്.  

വിദേശ മലയാളികളെ  ചൂഷണം ചെയ്യാൻ സ്വാശ്രയ മാനേജ്‌മെന്റുകൾക്ക് അവസരം നൽകുന്ന  ഈ ഫീസ് വർദ്ധന പിൻവലിയ്ക്കാൻ അടിയന്തരമായി നടപടികൾ സ്വീകരിയ്ക്കണമെന്ന്  നവയുഗം കേന്ദ്രകമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. 
 ഇത്തരം ഫീസ് നിർദ്ദേശങ്ങൾക്കെതിരെ, പ്രവാസി സംഘടനകളും, പ്രവാസി സമൂഹവും ഒറ്റക്കെട്ടായി പ്രതികരിയ്ക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പത്രപ്രസ്താവനയിൽ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക