വര്‍ഷങ്ങള്‍ക്ക് മുമ്പ് എയര്‍പോര്‍ട്ടില്‍ ഒരു സുഹൃത്തിനെ യാത്രയയ്ക്കാന്‍ എത്തിയതായിരുന്നു ജോജു. അപ്പോഴാണ് മമ്മൂട്ടി അവിടെ എത്തിയിട്ടുണ്ടെന്നുള്ള വിവരം അയാള്‍ അറിഞ്ഞത്. മമ്മൂട്ടി ഒരു കാറില്‍ കയറിപ്പോകുന്നതും ജോജു കണ്ടു. പിന്നെ ഒട്ടും താമസിച്ചില്ല, തന്റെ സുഹൃത്തിനെപ്പോലും ഉപേക്ഷിച്ച്‌ ജോജു മറ്റൊരു കാറില്‍ മമ്മൂട്ടിയെ ഫോളോ ചെയ്തു. റെയില്‍വേ ഗേറ്റിനടുത്തുവെച്ച്‌ മമ്മൂട്ടിയുടെ വാഹനത്തിന് കുറുകെ തന്റെ വണ്ടി നിര്‍ത്തിയിട്ട് ജോജു ഇറങ്ങി. തന്നെ വഴിയില്‍ തടഞ്ഞ ചെറുപ്പക്കാരനെ കണ്ട് മമ്മൂട്ടി ആദ്യം ഒന്ന് പകച്ചെങ്കിലും അയാള്‍ തന്റെ ആരാധകനാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ആശ്വാസമായി. മമ്മൂട്ടി വിന്‍ഡ് ഗ്ലാസ് തുറന്നുകൊടുത്തു. ജോജു മമ്മൂട്ടിയെ ഒന്ന് തൊട്ടു.

പിന്നെ അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ചുകാട്ടി. മമ്മൂട്ടി ഒന്നും പറഞ്ഞില്ല. ചിരിക്കുക മാത്രം ചെയ്തു. റെയില്‍വേ ഗേറ്റ് തുറന്നപ്പോള്‍ ആ ചെറുപ്പക്കാരനെ കൈവീശി കൊണ്ട് മമ്മൂട്ടി കടന്നുപോകുകയും ചെയ്തു. ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നിമിഷമെന്നാണ് ജോജോ ഇതിനെക്കുറിച്ച്‌ പറഞ്ഞത്. പില്‍ക്കാലത്ത് ഇതേ മമ്മൂട്ടിതന്നെ ജോജുവിനെ പല സംവിധായകര്‍ക്കുംവേണ്ടി ശുപാര്‍ശ ചെയ്തിട്ടുണ്ട്. രാജാധിരാജയില്‍ ഒരു മുഴുനീള വേഷത്തില്‍ മമ്മൂട്ടിക്കൊപ്പം ജോജുവുമുണ്ടായിരുന്നു.