Image

പതിനേഴാമത് പ്രോസി എക്‌സോട്ടിക് ഫെസ്റ്റിവലിന് ഗംഭീര സമാപനം

Published on 27 June, 2017
പതിനേഴാമത് പ്രോസി എക്‌സോട്ടിക് ഫെസ്റ്റിവലിന് ഗംഭീര സമാപനം

      വിയന്ന: സംസ്‌കാരങ്ങളുടെ സമ്മേളനവേദിയായി പ്രോസി എക്‌സോട്ടിക് ഫെസ്റ്റിവല്‍. ആവേശം അലയടിച്ച ദ്വിദിന ഫെസ്റ്റിവലില്‍ നിരവധി രാജ്യങ്ങളില്‍ നിന്നുമായി 200 കലാകാരന്മാരുടെ പ്രകടനങ്ങളും ലൈവ് സംഗീതവും എണ്ണായിരത്തിലധികം കാണികളെ ആഹ്ലാദ കൊടുമുടിയേറ്റി.

രണ്ടു ദിവസങ്ങളായി സംഘടിപ്പിച്ച മേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വേദിയിലെത്തിച്ച കലാവിനോദ പാരിപാടികള്‍ കാണികളുടെ മനം കവര്‍ന്നു. ആഫ്രിക്കന്‍ അക്രോബാറ്റ്‌സ്, ഇന്ത്യന്‍ ക്ലാസിക്കല്‍ ബോളിവുഡ് നൃത്തനൃത്യങ്ങള്‍, ബംഗാര, ബെല്ലി ഡാന്‍സ്, നേപ്പാള്‍, ശ്രീലങ്ക, സെനഗല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പരന്പരാഗത നൃത്തം, സാംബ നൃത്തം, മെക്‌സിക്കന്‍ ഡാന്‍സ്, ബംഗാളി ഡാന്‍സ്, ചൈനീസ് ഡാന്‍സ്, താഹിതി ഡാന്‍സ് തുടങ്ങിയ ഇനങ്ങള്‍ വേദിയെ വിസ്മയിപ്പിച്ചു.

മേളയുടെ അവസാന ദിനം നടന്ന ദി ജിപി മാജിക് ബൈ മോസ സിസിക് സംഗീതനിശ ഏറെ പ്രശംസ പിടിച്ചുപറ്റി. പ്രോസിയുടെ ഇന്ത്യന്‍ ഭക്ഷണശാലകള്‍ക്ക് പുറമെ നൈജീരിയ, നമീബിയ, ജമൈക്ക, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ ഫെസ്റ്റിയവലിന്റെ പ്രത്യേക ആകര്‍ഷണമായിരുന്നു. വേദിയെ പ്രകന്പനം കൊള്ളിച്ച് സംഘടിപ്പിച്ച ബ്രസീലിന്റെ സാംബ ബാന്‍ഡ് മേളം കാണികള്‍ക്ക് കാഴ്ച്ചയുടെ പൂരം ഒരുക്കി.
||
പ്രവര്‍ത്തന മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിക്കുന്നവര്‍ക്ക് പ്രോസി ഗ്ലോബല്‍ ചാരിറ്റി ഫൗണ്ടേഷന്‍ വര്‍ഷങ്ങളായി നല്‍കി വരുന്ന എക്‌സലന്‍സ് അവാര്‍ഡ് ഈ വര്‍ഷം ഓസ്ട്രിയയിലെ പ്രമുഖ ബോക്‌സറും, ഡാന്‍സിംഗ് സ്റ്റാറുമായ ബിക്കോ ബോട്ടോവാമുങ്ങുയ്ക്ക് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നല്‍കി. ഇന്ത്യന്‍ എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ മയാനക് ശര്‍മ്മ അംബാസിഡര്‍ക്കു വേണ്ടി അദ്ദേഹത്തിനു അവാര്‍ഡ് സമ്മാനിച്ചു.

സമ്മേളനത്തിന്റെ സമാപന ദിവസം നടന്ന പൊതുസമ്മേനത്തില്‍ നിരവധി പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. മേയര്‍ തോമസ് ബ്ലിംലിംഗര്‍, ശബാബ് ബിന്‍ അഹമ്മദ് (ഹെഡ് ഓഫ് ചാന്‍സറി, ബംഗ്ലാദേശ് എംബസി), കേസാനീ പാലനുവോംഗ്‌സ് (ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ തായ്‌ലന്‍ഡ് എംബസി), വൈദീകരയായ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി (എം.സി.സി വിയന്ന), ഫാ. സണ്ണി വെട്ടിക്കല്‍ (കെനിയ), ഫാ. ഡൊമിനിക്, ഫാ. വിന്‍സെന്റ് (ഇരുവരും ഓസ്ട്രിയ), ഇബുക്കന്‍ തലാബി (പ്രസിഡന്റ് പനാഫാ), മാരന്‍ (എം.ഡി വേഗന്‍ മാര്‍ക്കറ്റ്), ജെന്നിഫര്‍ വൈഷ്‌നോയ് (അനാദി ബാങ്ക്) തുടങ്ങിയവരും രാഷ്ട്രീയ രംഗങ്ങളില്‍ നിന്നുള്ളവരും സമ്മേളനത്തിന്റെ ഭാഗമായി.

മേളയില്‍ പങ്കെടുത്ത ഓരോ രാജ്യക്കാരുടെയും പൈതൃക കലകള്‍ക്ക് എക്‌സോട്ടിക്ക് ഫെസ്റ്റിവല്‍ വേദിയാകുന്നതില്‍ അഭിമാനമുണ്ടെന്നു അഭിപ്രായപ്പെട്ട പ്രോസി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക