Image

ഇന്ത്യയുടെ ബഹിരാകാശ കീഴടക്കലുകളും തിളക്കമേറ്റുന്ന ചരിത്രവും (ജോസഫ് പടന്നമാക്കല്‍)

Published on 27 June, 2017
ഇന്ത്യയുടെ ബഹിരാകാശ കീഴടക്കലുകളും തിളക്കമേറ്റുന്ന ചരിത്രവും (ജോസഫ് പടന്നമാക്കല്‍)
"ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം; കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍". ബ്രിട്ടീഷുകാര്‍ക്കെതിരെ തൂലിക പടവാളാക്കിയ വള്ളത്തോള്‍ നാരായണ മേനോന്റെ ഈ കവിതയില്‍ക്കൂടി ഭാരതം ബഹിരാകാശം കീഴടക്കിയ നേട്ടങ്ങളോടെ യാഥാര്‍ഥ്യമാവുകയാണ്. ജമദഗനി മഹര്‍ഷിയുടെ മകനായ പരിശുരാമന്‍ മഴുവെറിഞ്ഞു കേരളമുണ്ടായതെന്നാണ് ഐതിഹ്യം. രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക മേഖലകളില്‍ ഒട്ടേറെ ഉയരങ്ങള്‍ കീഴടക്കിയ കേരളത്തിന്റെ മണ്ണില്‍നിന്നു ഭാരതം തൊടുത്തുവിട്ട ആദ്യത്തെ റോക്കറ്റുയര്‍ന്നതും അഭിമാനകരമാണ്. പരിവര്‍ത്തനാത്മകമായ കാലഘട്ടങ്ങളില്‍ ക്കൂടി ചൊവ്വാ ദൗത്യം പൂര്‍ത്തിയാക്കിയതും ചരിത്രത്തിന്റെ ഒരു നിയോഗമായിരുന്നു.

1962ല്‍ ഇന്ത്യ സര്‍ക്കാര്‍ ബഹിരാകാശ പദ്ധതികള്‍ക്കായി തിരുവനന്തപുരത്തുള്ള തുമ്പയെന്ന ഗ്രാമപ്രദേശം തിരഞ്ഞെടുത്തിരുന്നു. ഭൂമദ്ധ്യരേഖയോട് ചേര്‍ന്ന ഈ പ്രദേശങ്ങള്‍ റോക്കറ്റ് വിക്ഷേപങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും അനുയോജ്യമായതെന്നും വിലയിരുത്തി. എന്നാല്‍ ആ ഭൂപ്രദേശം സര്‍ക്കാരിന്റെ അധീനതയില്‍ വരുത്തുകയെന്നത് എളുപ്പമായിരുന്നില്ല. ഏകദേശം അഞ്ഞൂറോളം ദരിദ്രരായ മത്സ്യത്തൊഴിലാളികള്‍ ആ പ്രദേശങ്ങളില്‍ തിങ്ങി പാര്‍ത്തിരുന്നതുകൊണ്ടു അവരെ ഒഴിപ്പിക്കുക പ്രയാസമായിരുന്നു. കൂടാതെ അവിടെ മത്സ്യത്തൊഴിലാളികള്‍ ആരാധന നടത്തിയിരുന്ന സെന്റ് മേരി മഗ്ദലീനയുടെ നാമത്തില്‍ ഒരു പള്ളിയുമുണ്ടായിരുന്നു. പള്ളിയും പള്ളിയ്ക്കു ചുറ്റും താമസിച്ചിരുന്നവരുടെ സ്ഥലങ്ങളും പരിസരങ്ങളും നൂറു ദിവസങ്ങള്‍ക്കുള്ളില്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറാന്‍ ഡിസ്ട്രിക്റ്റ് കളക്റ്ററിനോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ അത്തരം ഒരു ആവശ്യം ഒരു പൊട്ടിത്തെറിക്ക് കാരണമാകുമെന്നും അറിയാമായിരുന്നു.

ബഹിരാകാശ പദ്ധതികള്‍ ആസൂത്രണം ചെയ്തയുടന്‍ ഡോ. വിക്രം സാരാഭായും ഏതാനും ശാസ്ത്രജ്ഞരുമൊത്ത് തിരുവനന്തപുരത്തുള്ള തുമ്പയെന്ന ഗ്രാമം സന്ദര്‍ശിച്ചിരുന്നു. അക്കൂടെ ഡോ അബ്ദുള്‍കലാമും അവരോടൊപ്പമുണ്ടായിരുന്നു. പള്ളിയും അവിടെയുള്ള കുടുംബങ്ങളുടെ സ്ഥലങ്ങളും സര്‍ക്കാരുവകയാക്കാന്‍ ബിഷപ്പ് ഡോ. പീറ്റര്‍ ബെര്‍ണാഡ് പെരേരായോട് അവര്‍ സംസാരിച്ചു. ബിഷപ്പ് വ്യക്തമായ ഒരു മറുപടി കൊടുക്കാതെ പിറ്റേ ആഴ്ചയിലുള്ള കുര്‍ബാനയില്‍ അവരോടു സംബന്ധിക്കാനും ഇടവകക്കാരോട് സംസാരിച്ചു തീരുമാനം പറയാമെന്നും പറഞ്ഞു. കുര്‍ബാന സമയത്ത് ശാസ്ത്രജ്ഞരുടെ മിഷ്യന്‍ ഉദ്ദേശ്യങ്ങള്‍ ബിഷപ്പ് ജനങ്ങളോട് ആവശ്യപ്പെടുകയും അവരുടെ അനുവാദം അപേക്ഷിക്കുകയും ചെയ്തു. പള്ളിയും പരിസരവും ശാസ്ത്ര ഗവേഷണത്തിനായി വിട്ടു കൊടുക്കുന്ന കാര്യവും ജനങ്ങളെ അറിയിച്ചു. ബിഷപ്പിന്റെ സൗഹാര്‍ദ്ദ സംഭാഷണത്താലും പ്രേരണയാലും ജനങ്ങളാരും മറുത്തു പരാതി പറഞ്ഞില്ല.

കെ.മാധവന്‍ നായരായിരുന്നു അക്കാലത്തെ തിരുവനന്തപുരം കളക്ടര്‍. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതെ മാധവന്‍ നായര്‍ സ്‌നേഹപൂര്‍വ്വം ഭൂമി സര്‍ക്കാരിന് കൈമാറുന്ന കാര്യം ബിഷപ്പ് പെരേരായോടു ആവശ്യപ്പെടുകയായിരുന്നു. സ്‌റ്റേറ്റിന് ലഭിക്കാന്‍ പോവുന്ന ഗുണങ്ങളെപ്പറ്റിയും ബിഷപ്പിനെ മനസിലാക്കി. ബിഷപ്പ് അന്നുമുതല്‍ ഇടവകക്കാരെയും ഈ പ്രോജെക്റ്റിനു സമീപം താമസിച്ചിരുന്നവരെയും സര്‍ക്കാരിന്റെ ഈ നല്ല പദ്ധതികളെപ്പറ്റി ബോധവാന്മാരാക്കി കൊണ്ടിരുന്നു. അവരുടെ സ്ഥലങ്ങള്‍ വിട്ടുകൊടുക്കാനും ആവശ്യപ്പെട്ടു. പകരം സര്‍ക്കാര്‍ ഭൂമിയും വീടും മറ്റൊരു സ്ഥലത്ത് വാഗ്ദാനം ചെയ്തിരുന്നു.

സമീപ പ്രദേശമായ പള്ളിത്തുറയില്‍ വീടുകള്‍ തയ്യാറായിക്കഴിഞ്ഞപ്പോള്‍ ജനങ്ങള്‍ സര്‍ക്കാരിന് സ്ഥലം കൈമാറി പുതിയ സ്ഥലങ്ങളിലേക്ക് താമസമാക്കി. ബിഷപ്പും അവരോടൊപ്പം ജനങ്ങളെ പുനരധിവസിപ്പിക്കാന്‍ നേതൃത്വം കൊടുത്തിരുന്നു. പള്ളിത്തുറയില്‍ മറ്റൊരു പള്ളി പണി തീര്‍ത്ത് കഴിഞ്ഞപ്പോള്‍ പള്ളിയും വിട്ടു കൊടുത്തു. സെന്റ് മേരിസ് മഗ്ദലനാ പള്ളിയും സമീപ പ്രദേശങ്ങളും ബഹിരാകാശ ഓഫീസുകളായി മാറ്റപ്പെടുകയും ചെയ്തു. പള്ളി നിലനിര്‍ത്തുകയും പിന്നീട് അത് മ്യുസിയമാക്കുകയും ചെയ്തു. ഇന്ത്യയുടെ ബഹിരാകാശ പുരോഗമനങ്ങളുടെ ചരിത്രമെല്ലാം ഇന്ന് പള്ളിയ്ക്കകത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് സന്ദര്‍ശകര്‍ അവിടെ വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ നാനാ ഭാഗത്തുനിന്നും സ്കൂള്‍ കുട്ടികളും കോളേജ് കുട്ടികളും അവിടം സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ ആ പള്ളിയില്‍ ആരാധന നടത്താറുണ്ട്. നവംബര്‍ മാസം 'മരിച്ചുപോയവര്‍ക്കായുള്ള ദിനം ' (അഹഹ ീൌഹ െറമ്യ) ആ പള്ളിയില്‍ ഇന്നും ആഘോഷിക്കുന്നു. അവിടെയുള്ള പഴയ സെമിത്തെരിയില്‍ പള്ളിക്കു പുറകിലുള്ള സ്ഥലത്ത് മരിച്ചവര്‍ക്കായി പ്രാര്‍ത്ഥന ചെല്ലാന്‍ ഭക്തജനങ്ങള്‍ തടിച്ചു കൂടാറുണ്ട്.

തിരുവനന്തപുരത്തിനു സമീപമുള്ള മുരുക്കുമ്പുഴ എന്ന സ്ഥലത്ത് ബിഷപ്പ് പീറ്റര്‍ ബെര്‍ണാര്‍ഡ് പെരേര 1917 ജൂണ്‍ ഇരുപത്തിയൊന്നാം തിയതി ജനിച്ചു. 1944 മാര്‍ച്ച് ഇരുപത്തിനാലാം തിയതി അദ്ദേഹം പുരോഹിതനായി പട്ടമേറ്റു. നെടുമങ്ങാട് താലൂക്കിലുള്ള ചുള്ളിമണൂരില്‍ സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ ആദ്യം സഹവികാരിയായും പിന്നീട് അവിടെ വികാരിയായും സേവനം ചെയ്തു. തിരുവനന്തപുരത്ത് സഹായമെത്രാനായി നിയമിതനായി. 1966 ഒക്ടോബര്‍ ഇരുപത്തിനാലാം തിയതി ബിഷപ്പ് വിന്‍സെന്റ് ഡെരേരെ രാജി വെച്ചപ്പോള്‍ അദ്ദേഹം തിരുവനന്തപുരം രൂപതയുടെ ബിഷപ്പായി സ്ഥാനമേറ്റു. തിരുവനന്തപുരം രൂപതയുടെ ദേശീയനായ ആദ്യത്തെ ബിഷപ്പെന്ന ബഹുമതിയും നേടി. തിരുവനന്തപുരം പ്രധാനമായും ഒരു മിഷ്യനറി രൂപതയായിരുന്നു. അതുകൊണ്ടു പാവങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു അദ്ദേഹം കൂടുതല്‍ സമയവും ചെലവഴിച്ചിരുന്നത്. തുമ്പയില്‍ റോക്കറ്റ് സ്‌റ്റേഷന്‍ വന്നപ്പോള്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ അവിടെ നിന്ന് ഒഴിയേണ്ടി വന്നു. അവരെല്ലാം പാവപ്പെട്ട കുടിലില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികളായിരുന്നു.പതിനെട്ടേക്കര്‍ ഭൂമിയില്‍ മുന്നൂറോളം പേര്‍ക്ക് വീട് വെച്ചുകൊടുക്കാനുള്ള ചുമതലയും അദ്ദേഹത്തിനായിരുന്നു.

ഡോ. അബ്ദുള്‍കലാം അദ്ദേഹത്തിന്‍റെ പുസ്തകത്തില്‍ ബിഷപ്പ് പെരേരായെപ്പറ്റി വിവരിച്ചിട്ടുണ്ട്. കലാം എഴുതി, "റവ. ബിഷപ്പ് ഡോ. പീറ്റര്‍ ബെര്‍ണാഡ് പെരേരാ മഹത്തായ ഒരു പ്രസ്ഥാനത്തിനായി നടത്തിയ ശ്രമങ്ങള്‍ക്കു നന്ദിയുണ്ട്. വിശാലഹൃദയനായ ബിഷപ്പിന്റെ ശ്രമംമൂലം പള്ളിയും പരിസരങ്ങളും ബഹിരാകാശ ഉദ്യമങ്ങള്‍ക്കായി ലഭിക്കുകയും ചെയ്തു. ഇടവകക്കാര്‍ക്ക് പുതിയ പള്ളിയും പുതിയ വീടുകളും വെച്ചു കൊടുത്തു. പുതിയ ഗ്രാമവും പള്ളിയും നൂറു ദിവസം കൊണ്ട് നിര്‍മ്മിക്കാന്‍ സാധിച്ചു. ബിഷപ്പ് താമസിച്ചിരുന്ന ഭവനം ഓഫീസാക്കി. പള്ളിയ്ക്കകം ജോലിക്കാര്‍ക്കായുള്ള വര്‍ക്ക് ഷോപ്പുമാക്കി. കന്നുകാലികളെ വളര്‍ത്തിയ സ്ഥലങ്ങള്‍ സ്‌റ്റോറേജ് മുറികളുമാക്കി. ലാബറട്ടറികളും അവിടെ സ്ഥാപിച്ചു. അനുവദിച്ചിരിക്കുന്ന ചെറിയ ഫണ്ടുകൊണ്ട് യുവാക്കന്മാരായ ശാസ്ത്രജ്ഞര്‍ ആദ്യത്തെ റോക്കറ്റ് അസംബിള്‍ ചെയ്യാനും തുടങ്ങി." യാത്രാ സൗകര്യങ്ങള്‍ കുറവായിരുന്ന കാലത്ത് റോക്കറ്റിനുവേണ്ട സാധന സാമഗ്രികളും മറ്റും ചുമട്ടു തൊഴിലാളികള്‍ കാല്‍നടയായും സൈക്കിളിലും എത്തിച്ചിരുന്നു.

ഡോ.വിക്രം സാരാഭായിയെ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവായി അറിയപ്പെടുന്നു. അദ്ദേഹം പഠനം കഴിഞ്ഞയുടന്‍ ഇന്ത്യയുടെ സമഗ്രമായ ഈ പദ്ധതികള്‍ക്കായുള്ള ഗവേഷണങ്ങളില്‍ തന്റെ സമയം മുഴുവന്‍ ചെലവഴിച്ചിരുന്നു. 1960ല്‍ നെഹ്രുസര്‍ക്കാര്‍ ബഹിരാകാശ ഗവേഷണങ്ങള്‍ക്കായുള്ള പദ്ധതികള്‍ക്കു തുടക്കമിട്ടു. 1961ല്‍ സര്‍ക്കാര്‍ ആണവോര്‍ജ്ജനത്തെപ്പറ്റി പഠിക്കാന്‍ ഒരു ഗവേഷണ സംഘത്തെ ചുമതലപ്പെടുത്തി. ഡോ. വിക്രം സാരാഭായിയാണ് അന്തരീക്ഷത്തിലെ വായു മണ്ഡലങ്ങളെ ഗവേഷണം ചെയ്യാനായി തിരുവനന്തപുരത്തുളള തുമ്പ റോക്കറ്റ് കേന്ദ്രം റ്റി.ഇ.ആര്‍.എല്‍.എസ് (ഠഋഞഘട) സ്ഥാപിച്ചത്. റ്റി.ഇ.ആര്‍.എല്‍.എസിന്റെ പൂര്‍ണ്ണരൂപം തുമ്പ എക്യുറ്റോറിയല്‍ റോക്കറ്റ് ലോച്ചിങ് സ്‌റ്റേഷനെന്നാണ്.1962ല്‍ ശൂന്യാകാശ പ്രവര്‍ത്തനത്തിനായി ഇന്‍കോസ്പാര്‍ (കചഇഛടജഅഞ)) എന്ന സംഘടന രൂപം കൊണ്ടു. 1963നവംബറില്‍ തുമ്പയില്‍നിന്നും ആദ്യത്തെ റോക്കറ്റുയര്‍ന്നു. അതിനുശേഷമുള്ള കാലഘട്ടങ്ങള്‍ മുഴുവന്‍ തിരുവന്തപുരവും തുമ്പയും പരിസരങ്ങളും വിക്രം സാരാഭായുടെ കര്‍മ്മ മണ്ഡലങ്ങളായിരുന്നു.

1969ല്‍ ഐ.എസ്.ആര്‍.ഒ സ്ഥാപിച്ചു. അന്നുമുതല്‍ വിക്രം സാരാഭായിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ സ്‌പേസ് ടെക്‌നോളജി വിപുലമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. അതിനു ശേഷം അഭിമാനിക്കത്തക്ക ചരിത്രപരമായ അനേക നേട്ടങ്ങള്‍ക്കു രാജ്യം സാക്ഷ്യവും വഹിച്ചു. അന്നുമുതലുള്ള എല്ലാ കാലങ്ങളും ഐ. എസ്. ആര്‍. ഒ ഇന്ത്യയിലെ സാധാരണക്കാരായ ജനത്തെയും ഉള്‍പ്പെടുത്തി ഗവേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. അങ്ങനെ വളര്‍ന്ന് 'ഐ.എസ്.ആര്‍.ഒ ' ലോകത്തിലെ ആറു വലിയ സ്‌പേസ് ഏജന്‍സികളില്‍ ഒന്നായി തീര്‍ന്നു. കാലാവസ്ഥ നിര്‍ണ്ണയങ്ങള്‍, ഭൂമി ശാസ്ത്ര വിവരങ്ങള്‍, ചാര്‍ട്ടുകളും ഭൂഗോള പടങ്ങളും വരയ്ക്കുന്ന വിദ്യ, നാവിക വിദ്യ, വ്യോമയാനം, എന്നിവകളിലും വിദ്യാഭ്യാസപരമായ സാറ്റലൈറ്റുകള്‍ വിപുലപ്പെടുത്തുന്നതിലും മറ്റേതൊരു ലോക രാഷ്ട്രത്തെക്കാളും ഐ.എസ്.ആര്‍. ഓ. അതീവ മത്സരത്തോടെ പ്രവര്‍ത്തിക്കുന്നു. ഡോ. അബ്ദുല്‍ കലാം, മാധവന്‍ നായര്‍, കസ്തുരി രംഗന്‍, യു ആര്‍ റാവു എന്നിവരുമായുള്ള സഹവര്‍ത്തിത്വം വിക്രം സാരാഭായിക്ക് ബഹിരാകാശ ശ്രമങ്ങള്‍ക്കായി ബലവും ആവേശവും നല്‍കിയിരുന്നു.

1969ല്‍, ബഹിരാകാശ പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാരില്‍ പ്രത്യേകമായ ഒരു വകുപ്പു സൃഷ്ടിക്കുകയും വകുപ്പിലുള്ളവര്‍ ചുമതലയെടുക്കുകയും ചെയ്തു. തുടക്കത്തില്‍ ഉപയോഗിച്ചിരുന്നത് അമേരിക്കയും ഫ്രഞ്ചും നിര്‍മ്മിതമായ റോക്കറ്റുകളായിരുന്നു. കാലാവസ്ഥകളെ പഠിക്കുക എന്നതായിരുന്നു പ്രധാന ഉദ്ദ്യേശ്യം. പിന്നീട് ബ്രിട്ടന്റെയും റക്ഷ്യയുടെയും റോക്കറ്റുകള്‍ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ തുടങ്ങി. പ്രാരംഭം മുതല്‍ തദ്ദേശീയമായ റോക്കറ്റുകള്‍ വാര്‍ത്തെടുക്കണമെന്ന ലക്ഷ്യവുമുണ്ടായിരുന്നു. അധികം താമസിയാതെ ഇന്ത്യയുടെ ലക്ഷ്യബോധം സഫലമാവുകയും ചെയ്തു. രോഹിണി കുടുംബത്തില്‍പ്പെട്ട സൗണ്ടിങ്ങ് റോക്കറ്റുകള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യ ഇന്ത്യ സ്വായത്തമാക്കുകയും ചെയ്തു.

1975 മുതല്‍ സെമി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഐ.എസ്.ആര്‍.ഓ പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കി. 1975 ഏപ്രില്‍ പത്തൊമ്പതാം തിയതി ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ വാഹനമായ 'ആര്യഭട്ട' വിജയകരമായി വിക്ഷേപിച്ചു. 1979ല്‍ ഭൗമിക തലങ്ങളെ വീക്ഷിക്കാനായി 'ഭാസ്ക്കര ഒന്ന്' എന്ന ഉപഗ്രഹം അയച്ച് ബഹിരാകാശത്തെ കീഴടക്കി. 1980 ല്‍ ഇന്ത്യയുടെ മാത്രം തനതായ ടെക്‌നൊളജിയോടു കൂടിയ 'രോഹിണി ഒന്ന്' (ടഘഢ1) എന്ന ഉപഗ്രഹം ബഹിരാകാശത്തേയ്ക്ക് അയച്ചു. ആന്ധ്രായിലുള്ള ശ്രീഹരിക്കോട്ട ദ്വീപില്‍ നിന്നായിരുന്നു ഉപഗ്രഹം വിജയകരമായി ശൂന്യാകാശത്തിലേയ്ക്ക് കുതിച്ചുയര്‍ന്നത്. അതിനുശേഷം അയച്ച 'രോഹിണി രണ്ടും' വിജയകരമായിരുന്നു. 1983ല്‍ അയച്ച രോഹിണി മൂന്നും വിജയകരമായി തന്നെ ഭ്രമണപദത്തിലെത്തിച്ചു. അതുമൂലം ഇന്ത്യയിലെ എഴുപതു ശതമാനം ജനങ്ങളില്‍ ടെലിവിഷന്‍ പരിപാടികള്‍ എത്തിക്കാന്‍ സാധിച്ചു. 1985 ആയപ്പോള്‍ അത് തൊണ്ണൂറു ശതമാനം ജനങ്ങളിലേക്കും വ്യാപിച്ചു. കാലാവസ്ഥ വ്യതിയാനങ്ങളുടെ പടങ്ങള്‍ ലഭിക്കാനും കൊടുങ്കാറ്റ്, ഇടിമിന്നല്‍, പേമാരികളുടെ മുന്നറിയിപ്പുകള്‍ നേടാനും ടെലിവിഷന്‍, റേഡിയോ മുതലായവകള്‍ക്കുള്ള സന്ദേശങ്ങളെത്തിക്കാനുമായി പ്രാപ്തിയേറിയ ഉപഗ്രഹങ്ങളുടെ നിര്‍മ്മാണങ്ങളും ആരംഭിച്ചു. ഏകദേശം അഞ്ഞൂറില്‍പ്പരം ടെലിവിഷന്‍ സ്‌റ്റേഷനുകള്‍ക്കും നൂറ്റിയറുപതു റേഡിയോ സ്‌റ്റേഷനുകള്‍ക്കും ആവശ്യമുള്ള വിവരങ്ങളും എത്തിച്ചുകൊണ്ടിരുന്നു.

1984 ഏപ്രില്‍ രണ്ടാംതീയതി ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി 'രാകേഷ് ശര്‍മ്മ' ബഹിരാകാശത്തില്‍ എട്ടു ദിവസം കറങ്ങി ഇന്ത്യയ്ക്കുവേണ്ടിയുള്ള ദൗത്യം നിര്‍വഹിച്ചു. മുപ്പത്തിയഞ്ചു വയസുള്ള എയര്‍ ഫോഴ്‌സ് പൈലറ്റ് രണ്ടു റഷ്യന്‍ സഞ്ചാരികള്‍ക്കൊപ്പം റഷ്യന്‍ നിര്‍മ്മിതമായ 'സോയൂസ് റ്റി പതിനൊന്ന്' എന്ന ബഹിരാകാശ വാഹനത്തിലായിരുന്നു സഞ്ചരിച്ചത്. ബഹിരാകാശത്തിലായിരുന്ന സമയം 'ശര്‍മ്മ' ഇന്ത്യയുടെ വടക്കും പ്രദേശങ്ങളിലെ കാഴ്ചകള്‍ കാണത്തക്ക വിധം കളര്‍ ഫോട്ടോകള്‍ എടുത്തിരുന്നു. ഹിമാലയ പ്രദേശങ്ങളില്‍ നിന്നും ഹൈഡ്രോ ഇലക്ട്രിക്ക് ഊര്‍ജം സമാഹരിക്കുന്ന ലക്ഷ്യമായിരുന്നു ഈ യാത്രയിലുണ്ടായിരുന്നത്. അദ്ദേഹം ലോകത്തിലെ നൂറ്റി മുപ്പത്തിയഞ്ചാം ബഹിരാകാശ സഞ്ചാരിയായിരുന്നു. ബഹിരാകാശത്തില്‍ സഞ്ചരിക്കുന്നതിനുമുമ്പ് ശര്‍മ്മായ്ക്ക് 'പൂജ്യം ഗ്രാവിറ്റിയില്‍' ജീവിക്കാനുള്ള വ്യായാമങ്ങള്‍ 'വിങ്ങ് കമാണ്ടര്‍ രാവിഷ് മല്‍ഹോത്ര' നല്‍കിയിരുന്നു. യോഗയും പരിശീലിപ്പിച്ചിരുന്നു. ബഹിരാകാശ പദ്ധതികള്‍ക്കായി സോവിയറ്റ് യൂണിയനെയായിരുന്നു ഇന്ത്യ കൂടുതലായും ആശ്രയിച്ചിരുന്നത്. 1987 മുതല്‍ 1992 വരെ വിക്ഷേപിച്ചിരുന്ന റോക്കറ്റുകള്‍ പലതും പരാജയപ്പെട്ടിരുന്നു.

1992ല്‍ ഇന്‍സാറ്റ് രണ്ട് ജിയോ സ്‌റ്റേഷനറിയെന്ന (കചടഅഠ2 ഴലീേെമശേീിമൃ്യ) ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ഇന്‍സാറ്റ് സീരിയിലുള്ള റോക്കറ്റുകള്‍ക്ക് പലതരം ലക്ഷ്യങ്ങളുണ്ടായിരുന്നു. ടെലികമ്മ്യുണിക്കേഷന്‍സ്, ടെലിവിഷന്‍, കാലാവസ്ഥ പഠനം, മുതലായവകള്‍ ഈ ഉപഗ്രഹങ്ങളുടെ ലക്ഷ്യങ്ങളായിരുന്നു. ഇരുപത്തി നാലു മണിക്കൂറും കാലാവസ്ഥയെ നിരീക്ഷിക്കുകയും കാറ്റ്, പേമാരി എന്നീ പ്രകൃതി ദുരന്തങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുകയുമെന്നത് ഈ ഉപഗ്രഹങ്ങള്‍ വഴി സാധിച്ചിരുന്നു. ഏഷ്യയിലെയും പെസിഫിക്ക് തീരത്തിലെയും ഏറ്റവും വലിയ വാര്‍ത്താവിനിമയമാര്‍ഗ്ഗമായി ഇന്‍സാറ്റ് ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

2008 ഒക്ടോബര്‍ ഒന്നാംതീയതി മനുഷ്യരില്ലാതെയുള്ള 'ചന്ദ്രയാന്‍' ഉപഗ്രഹം ഐ.എസ്.ആര്‍.ഒ യുടെ കീഴില്‍ തൊടുത്തു വിട്ടു. ഏകദേശം 312 ദിവസങ്ങളോളം അത് ഭ്രമണപദത്തില്‍ കറങ്ങിയിരുന്നു. ചന്ദ്രനിലേക്ക് അയച്ച ഈ ഉപഗ്രഹം ഇന്ത്യയുടെ ആദ്യത്തെ മിഷ്യനായിരുന്നു. അതിനു മുമ്പ് അന്തര്‍ദേശീയ തലത്തില്‍ ആറു സ്‌പേസ് സംഘടനകളെ ഇത്തരം ഒരു ദൗത്യത്തിന് ശ്രമിച്ചിട്ടുള്ളൂ. ചന്ദ്രന്റെ ഭൂതലത്തെപ്പറ്റി പഠിക്കാനും രാസ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തി ഗവേഷണങ്ങള്‍ നടത്തുകയെന്നതുമായിരുന്നു ഈ മിഷ്യന്റെ ലക്ഷ്യം. ഐ.എസ്.ആര്‍.ഒ യ്ക്ക് അന്ന് ചന്ദ്രയാനുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നെങ്കിലും അതിനു മുമ്പായി ചന്ദ്രയാനു ഇന്ത്യയുടെ പതാക ചന്ദ്രനില്‍ നാട്ടുവാന്‍ സാധിച്ചുവെന്നുള്ളതും നേട്ടമായിരുന്നു.

നാവിഗേഷനും റേഞ്ചിങ്ങിനുമായി ഇന്ത്യന്‍ ബഹിരാകാശ സംരംഭം വിഭാവനം ചെയ്യുന്ന പദ്ധതിയാണ് ഐ.ആര്‍.എന്‍.എസ്.എസ്. എന്നത്. ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം എന്ന് പൂര്‍ണ്ണമായി പറയുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഉപഗ്രഹങ്ങളെ ആശ്രയിക്കേണ്ടി വന്നതുകൊണ്ട് ഇന്ത്യന്‍ പട്ടാളത്തിന് അക്കാലങ്ങളില്‍ നന്നേ കഷ്ടപ്പെടേണ്ടി വന്നു. ഇവയുടെ സ്ഥാനം ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും 36000 കിലോമീറ്റര്‍ അകലെയായിരിക്കും. ഏഴു ഉപഗ്രഹങ്ങളുടെ കൂട്ടമായ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു ഉപഗ്രഹങ്ങള്‍ ഭൂമിയില്‍ കാത്തിരിക്കുന്നുണ്ടാകും. ഇന്ത്യയ്ക്ക് വെളിയിലായി 1500 കി. മീ. വരെയുള്ള പ്രദേശങ്ങളിലെ വിവരങ്ങള്‍ ഉപഗ്രഹം ശേഖരിച്ചു നല്‍കുന്നു. ഐ.ആര്‍.എന്‍.എസ്.എസ് (കഞചടട) ആദ്യഉപഗ്രഹത്തിന്റെ വിക്ഷേപണം 2013 ജൂലൈ 1ന് ശ്രീഹരിക്കോട്ടയില്‍ നടന്നു. പ്രകൃതി ക്ഷോപങ്ങളും മറ്റു കെടുതികളും ഉണ്ടാവുമ്പോള്‍ ഈ ഉപഗ്രഹം സമയാ സമയങ്ങളില്‍ വിവരങ്ങള്‍ ഭൂമിയില്‍ എത്തിച്ചുകൊണ്ടിരിക്കും. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും സഹായകമാകും. െ്രെഡവര്‍മാര്‍ക്ക് വഴി കണ്ടുപിടിക്കാനും എളുപ്പമാകും. ഈ പദ്ധതിയിലെ രണ്ടാമത്തെ ഉപഗ്രഹം ഐ.ആര്‍.എന്‍.എന്‍.എസ് 1ബി (കഞചചട 1ആ) ഏപ്രില്‍ നാലിന്നു പി.എസ്.എല്‍.വി 24 (ജടഘഢ 24) ഉപയോഗിച്ച് ഭ്രമണ പഥത്തില്‍ എത്തിച്ചു വിജയിക്കുകയും ചെയ്തു. രാജ്യത്തിന്റെ പതിനയ്യായിരം കിലോമീറ്ററോളം ഈ നാവിഗേഷന്‍ കവര്‍ ചെയ്യുന്നുണ്ട്. ലോകത്തിലെ നാവിഗേഷന്‍ സിസ്റ്റമുള്ള അഞ്ചു രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു.

2014ല്‍ ഐ.എസ്.ആര്‍.ഒ രൂപകല്‍പ്പന ചെയ്ത 'മംഗലായന്‍' ഉപഗ്രഹം ചൊവ്വാ ഗ്രഹത്തില്‍ വിജയകരമായി വിക്ഷേപിച്ചതും ആദ്യത്തെ പ്രാവിശ്യം ദൗത്യം വിജയിച്ചതും ഇന്ത്യയുടെ നേട്ടമായിരുന്നു. മറ്റുള്ള രാജ്യങ്ങള്‍ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ശ്രമിച്ചതില്‍ പിന്നീടായിരുന്നു അവരുടെ ചൊവ്വ ദൗത്യങ്ങളില്‍ വിജയം കണ്ടിരുന്നത്. ചുവന്ന ഗ്രഹമായ ചൊവ്വയില്‍ ഉപഗ്രഹമെത്തിച്ച നാല് രാജ്യങ്ങളില്‍ ഇന്ത്യയുടെ പേരും ചേര്‍ക്കപ്പെട്ടു. മറ്റു മൂന്നു സ്‌പേസ് സംഘടനകള്‍ നാസയും സോവിയറ്റ് സ്‌പേസ് പ്രോഗ്രാമും യൂറോപ്യന്‍ സ്‌പേസ് പ്രോഗ്രാമുമായിരുന്നു. 450 കോടി രൂപയായിരുന്നു ചൊവ്വയിലേക്കുള്ള ഈ ദൗത്യത്തിന്റെ ചിലവ്. ഇത് ഇന്നുവരെയുള്ള മിഷ്യനുകളില്‍ ഏറ്റവും ചെലവ് കുറഞ്ഞതാണ്. 'മംഗലായന്‍' ഉപഗ്രഹ മിഷ്യന്റെ ലക്ഷ്യം ഗോളങ്ങളുടെ ബാഹ്യതലങ്ങളുടെ ഗവേഷണങ്ങളെന്നതായിരുന്നു.

2014ല്‍ ഐ.എസ്.ആര്‍. ഓ യുടെ നിയന്ത്രണത്തില്‍ 'ജി.എസ്.എല്‍.വി എം.കെ. 3' (ഏടഘഢങഗ3) എന്ന ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ഈ വിക്ഷേപത്തോടെ രാജ്യത്തിന്റെ അഭിമാനം ഇന്ത്യ അന്തര്‍ദേശീയ തലങ്ങളില്‍ ഉയര്‍ത്തി കാട്ടിയിരുന്നു. മൂന്നു ബഹിരാകാശ സഞ്ചാരികളെ ഈ വാഹനത്തിന് ഭ്രമണപദത്തിലെത്തിക്കാന്‍ കഴിവുണ്ടായിരുന്നു. നാലു ടണ്‍ വരെ വഹിക്കാന്‍ കഴിവുള്ള ഉപഗ്രഹങ്ങളെ ബഹിരാകാശത്തില്‍ എത്തിക്കാന്‍ വാഹനത്തിനു കഴിവുണ്ട്. ക്രയോജനിക്ക് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയുടെ മുന്‍കാല റോക്കറ്റ് ആയ പി.എസ്.എല്‍.വി യുടെ നവീകരിച്ച രൂപമാണ് ജി.എസ്.എല്‍.വി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വലിയ ക്രയോജനിക് എഞ്ചിനായ സി.ഇ 20 ആണ് മാര്‍ക്ക് ത്രീയില്‍ ഉപയോഗിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വാഹനം വിക്ഷേപിച്ചത്. ഇന്ത്യയുടെ പാരമ്പര്യമായ ബഹിരാകാശ വാഹനം പി.എസ്.എല്‍.വി ആണെങ്കിലും പുതിയ ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന 'ജി.എസ്.എല്‍.വി മാര്‍ക്ക് ത്രീ' രാജ്യത്തിന്റെ ഭാവി വിക്ഷേപണങ്ങള്‍ക്ക് കൂടുതല്‍ ശക്തി നല്‍കുന്നുവെന്നു കരുതപ്പെടുന്നു. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഭാവി പദ്ധതികളും ലക്ഷ്യം വച്ചുള്ള വാഹനമാണ് മാര്‍ക്ക് ത്രീ.

2015ല്‍ ഐ.എസ്.ആര്‍.ഒ 1440 കിലോഗ്രാം ഭാരത്തോടെ ഒരു വ്യാവസായിക സാറ്റലൈറ്റ് ഭ്രമണപദത്തിലയച്ചു. അക്കൂടെ അഞ്ചു ബ്രിട്ടീഷ് സാറ്റലൈറ്റുകളും ഈ മിഷ്യന്റെ ഭാഗമായി അയച്ചിരുന്നു. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ 28 (പി.എസ്.എല്‍, വി 28) എന്ന് ആ വാഹനത്തെ അറിയുന്നു. ഭൂമിയെ നിരീക്ഷിക്കാനായി അതിനൊപ്പം 447 കിലോഗ്രാമുള്ള മൂന്നു സാറ്റലൈറ്റുകളും ഉണ്ടായിരുന്നു. ഐ.എസ്.ആര്‍.ഓ വികസിപ്പിച്ചെടുത്ത വിക്ഷേപണ വാഹനമാണ് പി.എസ്.എല്‍.വി. ഒരു തവണ മാത്രമേ ഈ വാഹനം ഉപയോഗിക്കാന്‍ കഴിയുള്ളു. ഇതിനു ചെലവുകള്‍ വളരെ കൂടുതലാണ്. ഈ വാഹനം വികസിപ്പിച്ചെടുക്കുന്നതിനു മുമ്പായി സാമ്പത്തികമായി താങ്ങാന്‍ പറ്റുന്ന വാഹനങ്ങള്‍ റഷ്യയില്‍ നിന്ന് വാങ്ങിയിരുന്നു. പി.എസ.എല്‍ വി യ്ക്ക് ചെറിയ ഉപഗ്രഹങ്ങളെ ഭ്രമണ പദത്തിലെത്തിക്കാന്‍ സാധിക്കും.

റീ യൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ (ഞലൗമെയഹല ഹമൗിരവ ്‌ലവശരഹല) അഥവാ പുനരുപയോഗ വിക്ഷേപണ വാഹനം വളരെ കുറഞ്ഞ ചിലവില്‍ നിര്‍മ്മിച്ചതാണ്. ഇതിന്റെ മുടക്ക് 95 കോടി രൂപയാണ്. ഉപഗ്രഹങ്ങളുടെ ചെലവുകള്‍ കുറയ്ക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. 2016 മെയ്മാസത്തില്‍ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്ത് ഐ.എസ്.ആര്‍.ഓ നേടിയ ഒരു പൊന്‍തൂവലായിരുന്നു ആര്‍.എല്‍.വി അഥവാ റീ യൂസബിള്‍ ലോഞ്ച് വെഹിക്കിള്‍. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ വാഹനം വിക്ഷേപണത്തില്‍ വിജയം കണ്ടതോടെ ഇന്ത്യയെ ബഹിരാകാശ ശക്തിയായി ലോകം അംഗീകരിക്കുകയും ചെയ്തു. ഉപഗ്രഹത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുനരുപയോഗ വിക്ഷേപണ വാഹനമായ ആര്‍.എല്‍.വി ഇന്‍ഡ്യ വികസിപ്പിച്ചത്. കംപ്യൂട്ടറിന്റെ സഹായത്തോടെ ഡിജിറ്റല്‍ ഓട്ടോ പൈലറ്റാണ് വിമാനം നിയന്ത്രിച്ചത്. ചെറിയ രൂപത്തിലുള്ള വിമാനമാണ് പരീക്ഷിച്ചത്. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ സ്ഥലത്തുനിന്നും എഴുപതു കിലോമീറ്റര്‍ ദൂരത്തില്‍ വിക്ഷേപിച്ച് തിരിച്ചു വാഹനം ബംഗാള്‍ ഉള്‍ക്കടലില്‍ ഇറക്കുകയാണുണ്ടായത്. വിമാനം മുകളിലേക്ക് ഉയരുമ്പോഴും താഴുമ്പോഴുമുള്ള അനുകൂല, പ്രതികൂല സാഹചര്യങ്ങളെ വിലയിരുത്തുകയെന്നതായിരുന്നു പരീക്ഷണം കൊണ്ട് ഉദ്ദേശിച്ചത്. വാഹനം ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തില്‍ സഞ്ചരിച്ചു. പൈലറ്റില്ലാതെയുള്ള പുനരുപയോഗ വാഹനം പൂര്‍ണ്ണമായും ഭൂമിയില്‍ നിന്നും ബഹിരാകാശ മിഷ്യന്‍ നിയന്ത്രിച്ചിരുന്നു.

1969നു ശേഷം ഐ.എസ്.ആര്‍.ഒ നേടിയ ബഹിരാകാശ നേട്ടങ്ങള്‍ സാമ്പത്തിക പുരോഗതികള്‍ കൈവരിച്ച രാജ്യങ്ങളെപ്പോലെ തന്നെ മെച്ചപ്പെട്ടതും മത്സര സ്വരൂപമായതുമായിരുന്നു. ദേശീയ പുരോഗതിയ്ക്ക് ശൂന്യാകാശ ഗവേഷണങ്ങള്‍ പ്രയോജനപ്പെടുകയും ചെയ്തു. ശൂന്യാകാശം കീഴടക്കിയതിനുപരി ആഗോളതലത്തിലെ സാമ്പത്തിക നേട്ടങ്ങള്‍ നേടിയ രാഷ്ട്രങ്ങളോടൊപ്പം ഇന്ത്യയും ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്നു. 2017ലെ ബഹിരാകാശ മിഷ്യനില്‍ തന്നെ പി.എസ്.എല്‍.വിസി 37 എന്ന വാഹനത്തില്‍ 104 സാറ്റലൈറ്റുകള്‍ ഒന്നിച്ചു വിക്ഷേപിച്ചത് ലോക റെക്കോര്‍ഡായിരുന്നു. അതിനുമുമ്പ് 2014ല്‍ റഷ്യയുടെ റോക്കറ്റിലയച്ച 37 സാറ്റലൈറ്റുകളായിരുന്നു റെക്കോര്‍ഡ്. ആന്ധ്രായിലുള്ള ശ്രീ ഹരിക്കോട്ട സ്‌പേസ് പോര്‍ട്ടില്‍ നിന്നാണ് പി.എസ്.എല്‍.വിസി 37 വിക്ഷേപിച്ചത്. അതില്‍ 101 എണ്ണം വിദേശ രാജ്യങ്ങള്‍ക്കു വേണ്ടിയായിരുന്നു.

ഇന്ത്യ ഓരോ വര്‍ഷവും ബഹിരാകാശ പ്രവര്‍ത്തനത്തിനായി ബഡ്ജറ്റില്‍ കൂടുതല്‍ പണം ഉള്‍ക്കൊള്ളിക്കാന്‍ താല്പര്യപ്പെടുന്നു. ദേശാഭിമാനമാണ് അതിനു കാരണം. ബഹിരാകാശ ദൗത്യത്തിനുശേഷം റോക്കറ്റ് സാധാരണ കത്തി നശിക്കുകയാണ് പതിവ്. എന്നാല്‍ അത് വീണ്ടും ഭൂമിയില്‍ തിരിച്ചിറക്കി ഉപയോഗപ്രദമാക്കാമെന്നും ഇന്ത്യയുടെ സ്‌പേസ് മിഷ്യന്‍ തെളിയിച്ചു. ഭാവിയില്‍ ചന്ദ്രനിലേക്ക് റോക്കറ്റെത്തിച്ചു പരിശോധന നടത്തിയശേഷം അതേ വാഹനം പരീക്ഷണ വസ്തുക്കളുമായി മടക്കികൊണ്ടുവരുന്ന പദ്ധതികളുമുണ്ട്. കൂടാതെ ചൊവ്വയിലേക്കും വീനസിലേക്കും അന്തരീക്ഷ പഠനത്തിനായി ശൂന്യാകാശ വാഹനങ്ങള്‍ അയക്കാന്‍ ഐ.എസ്.ആര്‍.ഒ പരിപാടികളിടുന്നു.
ഇന്ത്യയുടെ ബഹിരാകാശ കീഴടക്കലുകളും തിളക്കമേറ്റുന്ന ചരിത്രവും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക