Image

രാഷ്ട്രപതി ഭവനിലെ ദളിത് ഭരണം പിന്നോക്ക ശാക്തീകരണത്തിന് വഴിതെളിക്കുമോ? (ഡല്‍ഹികത്ത് പി.വി.തോമസ്)

പി.വി.തോമസ് Published on 28 June, 2017
   രാഷ്ട്രപതി ഭവനിലെ ദളിത് ഭരണം പിന്നോക്ക ശാക്തീകരണത്തിന് വഴിതെളിക്കുമോ? (ഡല്‍ഹികത്ത് പി.വി.തോമസ്)
ഇന്‍ഡ്യയുടെ അടുത്ത രാഷ്ട്രപതിയായി റയിസിന ഹില്ലിലെ രാഷ്ട്രപതി ഭവനില്‍ വാഴുന്നത് ഒരു ദളിത് ആയിരിക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല. മലയാളിയായ കെ.ആര്‍. നാരായണന് ശേഷം രാഷ്ട്രപതി ആകുന്ന രണ്ടാമത്തെ ദളിത് ആയിരിക്കും ഈ വ്യക്തി എന്ന കാര്യത്തിലും തര്‍ക്കമില്ല. ആ വ്യക്തി പ്രതിപക്ഷത്തിന്റെ മീരാകുമാര്‍ അല്ല എന്‍.ഡി.എ.യുടെ രാം നാഥ് കോവിന്ദ് ആയിരിക്കും എന്ന കാര്യത്തിലും സംശയം ഇല്ല. ജൂലൈ 20 വരെ വോട്ട് എണ്ണലിനായി ഒന്ന് കാത്തിരുന്നാല്‍ മതി ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി. ഈ ദളിത് അധികാര കൈമാറ്റം ഇന്‍ഡ്യയിലെ ദളിത-പിന്നോക്ക-ന്യൂനപക്ഷ- പാര്‍ശ്വവല്‍ക്കരിത വിഭാഗങ്ങള്‍ക്ക് എന്തെങ്കിലും ഗുണം ചെയ്യുമോ? സംശയം ആണ്. അതാണ് ഇവിടത്തെ വിഷയവും. കാരണം ഇതുപോലുള്ള സ്ഥാനാരോഹണങ്ങള്‍ വെറും പ്രതിരൂപാത്മകമം ആണ്. സക്കീര്‍ ഹുസൈന്റെയോ, ഫക്രുദ്ദീന്‍ അഹമ്മദിന്റെയോ, എ.പി.ജെ.അബ്ദുള്‍ കലാമിന്റെയോ രാഷ്ട്രപതി ഭരണം കൊണ്ട് മുസ്ലീങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യേക ഗുണം ഉണ്ടായതായിട്ട് അറിയില്ല. 1984- ല്‍ സിക്ക് വിരുദ്ധ വംശീയ കലാപം നടക്കുമ്പോള്‍ ഗ്യാനി സെയില്‍ സിംങ്ങ്(സിക്ക്) ആയിരുന്നു രാഷ്ട്രപതി. അദ്ദേഹത്തിന് ഒന്നും ചെയ്യുവാന്‍ സാധിച്ചില്ലെന്ന് മാത്രം അല്ല പ്രധാനമന്ത്രി രാജീവ് ഗാന്ധി അദ്ദേഹത്തിന്റെ ടെലിഫോണ്‍ പോലും അറ്റന്റ് ചെയ്തില്ല എന്നാണ് കഥ.

അപ്പോള്‍ ഈ വക പ്രതീകാത്മക അടയാള രാഷ്ട്രീയം, സത്വ രാഷ്ട്രീയം, വെറും പ്രഹസനം ആണ്. അതാണ് ബി.ജെ.പി.യും, കോണ്‍ഗ്രസ്സും ഇവിടെ ഈ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കളിക്കുന്നത്. തികച്ചും അപഹാസ്യം ആണ് ഇത്.

ഇനി സ്ഥാനാര്‍ത്ഥികളിലേക്ക് വരാം. എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായി മോഡി-ഷാ കൂട്ടുകെട്ട് അവതരിപ്പിച്ചത് രാംനാഥ് കോവിന്ദയെ ആണ്. കോണ്‍ഗ്രസ് നയിക്കുന്ന 17 പാര്‍ട്ടി പ്രതിപക്ഷത്തിന്റെ മറുപടി മറ്റൊരു ദളിത് മീരാകുമാറും. ആദ്യം കോവിന്ദയെ പരിശോധിക്കാം.
ഇദ്ദേഹം ദളിത് ആണ്(കോറി). യോഗി ആദിത്യനാഥിന്റെ മുഖ്യമന്ത്രി നിയമനം പോലെ ആരും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു കോവിന്ദയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വം. ഉത്തര്‍പ്രദേശിലെ കാന്‍പൂര്‍ സ്വദേശിയായ ഇദ്ദേഹം എടുത്തുപറയാവുന്ന ഒരു ദളിത് മുന്നേറ്റത്തിന്റെയും ഭാഗം ആയിരുന്നിട്ടില്ല. പക്ഷേ, ഇദ്ദേഹം രാഷ്ട്രീയ സ്വയംസേവക് സംഖം മോഡി-ഷാ കൂട്ടുക്കെട്ടുമായി വളരെ അടുപ്പത്തിലാണ്. ഇതാണ് ഇദ്ദേഹത്തിന്റെ യു.എസ്.പി. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും(ദല്‍ഹി) അഭിഭാഷകന്‍ ആയിരുന്നു. പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയിരുന്നു(ജനതപാര്‍ട്ടി). രണ്ടു പ്രാവശ്യം രാജ്യസഭയിലേക്ക് ഉത്തര്‍പ്രദേശില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്(1994-2000, 2000-2006). രണ്ട് പ്രാവശ്യം ലോകസഭയിലേക്ക് ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോറ്റിട്ടുണ്ട്. ദളിത് രാഷ്ട്രീയവുമായി ഉള്ള ഇദ്ദേഹത്തിന്റെ പ്രധാനബന്ധം, ജ•ം ഒഴിച്ചാല്‍, ഇദ്ദേഹം ബി.ജെ.പി.യുടെ ദളിത് മോര്‍ച്ചയുടെ അദ്ധ്യക്ഷന്‍ ആയിരുന്നു എന്നതാണ്. ബീഹാര്‍ ഗവര്‍ണ്ണര്‍ ആയിരിക്കവെ ആണ് ബി.ജെ.പി. കോവിന്ദയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആയി നിയോഗിച്ചത് എന്നതും ഓര്‍മ്മിക്കണം. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അതില്‍ വീണു. ബി.ജെ.പി.യുടെ ഭൂരിപക്ഷ മതരാഷ്ട്രീയം ശരിക്കും അറിയാവുന്ന കുമാര്‍(കുര്‍മി ദളിത്) കോവിന്ദയുടെ പിന്തുണക്കാരനായി. ഒറ്റക്കാരണം മാത്രം. കോവിന്ദ നല്ല ഒരു ഗവര്‍ണ്ണര്‍ ആയിരുന്നു അത്രെ. ഇതൊന്നും രാഷ്ട്രീയം അല്ല കുമാര്‍. ഈ അവസരവാദ രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ കാരണം ജനത്തിനെ താങ്കള്‍ ബോധിപ്പിക്കേണ്ടിയിരിക്കുന്നു. ഏതായാലും ബി.ജെ.പി.യുടെ തന്ത്രം ലഭിച്ചു. കുമാര്‍ മാത്രം അല്ല അണ്ണ ഡി.എം.കെ.ഗ്രൂപ്പുകളും തെലുങ്കുദേശം പാര്‍ട്ടിയും, വിഘടിച്ചു നിന്ന ശിവസേനയും, തെലുങ്കാന രാഷ്ട്രസമിതിയും, വൈ.എസ്.ആര്‍ കോണ്‍ഗ്രസും ബിജു ജനതദളും കോവിന്ദയെ പിന്തുണച്ചു എങ്കിലും. പ്രതിപക്ഷത്തെ പൂര്‍ണ്ണമായും ഭിന്നിപ്പിക്കുവാന്‍ ബി.ജെ.പി.യുടെ ഈ ദളിത് രാഷ്ട്രീയത്തിന് സാധിച്ചില്ല. ബി.എസ്.പി.യും(മായാവതി) മുലയം സിങ്ങും(എസ്.പി.) കോവിന്ദക്ക് ഒപ്പം നിന്നില്ല. ഒരു പക്ഷേ, കോണ്‍ഗ്രസും മീരാകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കില്‍ നിതീഷ് കുമാര്‍ ബീഹാറി ആയ മീരാകുമാറിനെ പിന്തുണച്ചേനെ. പക്ഷേ, കോണ്‍ഗ്രസിന്റെ ഉന്നം ദളിത് സ്ഥാനാര്‍ത്ഥി ആയിരുന്നില്ല. അടവ് രാഷ്ട്രീയം ആയിരുന്നു. മീരാകുമാര്‍ അതിലെ ബലിയാട് ആയി എന്ന് മാത്രം. ബി.ജെ.പി. ഒരു ശ്രേഷ്ഠ വര്‍ഗ്ഗക്കാരനെ സ്ഥാനാര്‍ത്ഥി ആക്കിയിരുന്നെങ്കില്‍ കോണ്‍ഗ്രസ് ഗാന്ധിജിയുടെ ചെറുമകന്‍ ഗോപാല്‍ കൃഷ്ണഗാന്ധിയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആക്കുമായിരുന്നു. ബി.ജെ.പി. കളിച്ചതും രാഷ്ട്രീയം കോണ്‍ഗ്രസ്-പ്രതിപക്ഷം കളിച്ചതും രാഷ്ട്രീയം.

കോവിന്ദ ദളിതര്‍ക്ക് വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്തതായി അറിവ് ഇല്ലെങ്കിലും അദ്ദേഹം ദളിത് മുസ്ലീങ്ങള്‍ക്കും, ക്രിസ്ത്യാനികള്‍ക്കും എതിരായ നിലപാട് സ്വീകരിച്ചതായി രേഖകള്‍ ഉണ്ട്. ജ.രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് ദളിത് മുസ്ലീം-ക്രിസ്ത്യാനികള്‍ക്ക് പട്ടികജാതി സ്ഥാനം നല്‍കണം എന്ന് ശുപാര്‍ശ ചെയ്തപ്പോള്‍ അതിനെ നഖശിഖാന്തം അദ്ദേഹം എതിര്‍ക്കുകയുണ്ടായി. അങ്ങനെ ചെയ്താല്‍ അവര്‍ സാമ്പത്തീക ആനുകൂല്യങ്ങള്‍ കൈപറ്റുക മാത്രം അല്ല സംവരണ സീറ്റുകളില്‍ മത്സരിക്കുവാന്‍ അര്‍ഹത നേടി രാഷ്ട്രീയ അധികാരം നേടിയെടുക്കുമെന്നും അദ്ദേഹം വാദിച്ചു. അദ്ദേഹം രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ അതേ ആദര്‍ശം പിന്തുടരുന്ന ആള്‍ ആണ് എല്ലാ അര്‍ത്ഥത്തിലും കാര്യത്തിലും. അതില്‍ അതിശയവും ഇല്ല.

മീരാകുമാര്‍ കോണ്‍ഗ്രസ്-പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആകുന്നത് അവരുടെ, പ്രത്യേകിച്ചും, കോണ്‍ഗ്രസിന്റെ, ദളിത് പ്രേമം കൊണ്ട് ഒന്നും അല്ല. ബി.ജെ.പി. ഒരു ദളിതനെ സ്ഥാനാര്‍ത്ഥി ആയി പ്രഖ്യാപിച്ചു. അതുകൊണ്ട് കോണ്‍ഗ്രസ്-പ്രതിപക്ഷവും ഒരു ദളിതനെ സ്ഥാനാര്‍ത്ഥി ആയി പ്രഖ്യാപിച്ചു. അത്രമാത്രം. 2004 ലും 2009 ലും ഒരു ദളിതനെ പ്രസിഡന്റ് ആക്കാമായിരുന്നപ്പോള്‍ കോണ്‍ഗ്രസ് അത് ചെയ്തില്ല എന്നതും ഓര്‍മ്മിക്കണം.
മീരാകുമാറിന്റെ ദളിത് മുദ്ര അവര്‍ ബാബു ജഗജീവന്‍ റാമിന്റെ മകള്‍ ആണ് എന്നത് മാത്രം ആണ്. ബാബുജി എന്ന് വിളിക്കപ്പെ്ടുന്ന ജഗജീവന്‍ റാം ഒരു ദളിതും ദളിത് നേതാവും ആയിരുന്നു. ഒരു പക്ഷേ അംബേദ്ക്കറിനുശേഷം ഇന്‍ഡ്യ കണ്ട ഏറ്റവും വലിയ ദളിത് മുഖം. ആദ്യത്തെ ദളിത് പ്രധാനമന്ത്രി ആകാമായിരുന്ന അദ്ദേഹത്തെ ചില രാഷ്ട്രീയ ഗൂഢനീക്കങ്ങള്‍ ആണ് ആസ്ഥാനത്ത് എത്തുന്നതില്‍ നിന്നും തടഞ്ഞത്. പക്ഷേ, അദ്ദേഹം ആദ്യത്തെ ദളിത് ഉപപ്രധാനമന്ത്രിവരെ ഉയര്‍ന്നു.
മീരാകുമാര്‍ ജ•ം കൊണ്ട് മാത്രം ദളിത് ആണ്. ഡെറാഡൂണിലെ വെല്ലം സ്‌ക്കൂളില്‍ ഏത് ദളിതന് പഠിക്കുവാന്‍ ആകും. വെല്ലം സ്‌ക്കൂള്‍ ഇന്‍ഡ്യയിലെ ഏറ്റവും ശ്രേഷ്ഠം ആയിട്ടുള്ള പബ്ലിക്ക് സ്‌ക്കൂളുകളില്‍ ഒന്നാണ്. ഡൂണ്‍ സ്‌കൂള്‍ പോലെയും, ലൗ ഡെയില്‍ ഊട്ടി പോലെയും, ലോറന്‍സ് സ്‌ക്കൂള്‍ സനാവര്‍ പോലെയും ബിഷപ്പ് കോട്ടണ്‍ സിംല പോലെയും ധനികരുടെ മക്കള്‍ മാത്രം പഠിക്കുന്ന സ്‌ക്കൂള്‍ ആണ്. പക്ഷേ, ദളിത് വിഭാഗത്തില്‍ വരാതെ പൊതുവിഭാഗത്തില്‍ വരാവുന്ന മികവുറ്റ ഒരു പൊതുപ്രവര്‍ത്തകയാണ് മീരാകുമാര്‍ എന്നത് അവര്‍ തെളിയിച്ചിട്ടുണ്ട്. പക്ഷേ, കോവിന്ദയെപോലെ തന്നെ ദളിത് സമൂഹത്തിനായി കാര്യമായി ഒന്നും ചെയ്തിട്ടില്ല. ഇന്‍ഡ്യന്‍ വിദേശ സര്‍വ്വീസ് പരീക്ഷ ജയിച്ച് നയതന്ത്രജ്ഞ ആയി. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നും (ഉത്തര്‍പ്രദേശ്, ബീഹാര്‍, ദല്‍ഹി) 5 പ്രാവശ്യം ലോകസഭയില്‍ ജയിച്ച് വന്നു. ലോകസഭയുടെ ആദ്യത്തെ വനിത സ്പീക്കര്‍ ആയി. ഞാന്‍ ഇന്നും ഓര്‍മ്മിക്കുന്നു അമേരിക്കയിലെ പ്രസിഡന്റ് ബരാക്ക് ഒബാമ ഇന്‍ഡ്യന്‍ പാര്‍ലിമെന്റിലെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് സെന്‍ട്രല്‍ ഹാളില്‍ പ്രസംഗിച്ച വേളയില്‍ ലോകസഭ അദ്ധ്യക്ഷ എന്ന നിലയില്‍ മീരാകുമാര്‍ നടത്തിയ പ്രഭാഷണം. ഒബാമ ഉള്‍പ്പെടെ ഏവരെയും സ്തംബ്ദരാക്കിയ ഒരു പ്രസംഗം ആയിരുന്നു അത്. മീരാകുമാര്‍ ഏത് അര്‍ത്ഥത്തിലും പ്രഗത്ഭയായ ഒരു രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആണ്. പക്ഷേ, അവരെ വെറുതെ ദളിത് വിഭാഗത്തില്‍ പൂട്ടരുത്. പക്ഷേ, അവര്‍ വിജയിക്കുകയില്ലെന്നത് യാഥാര്‍ത്ഥ്യം, ഈ ബീഹാറിന്റെ പുത്രിയെ പിന്തുണയ്ക്കുവാന്‍ ബീഹാറിന്റെ മറ്റൊരു പ്രഗത്ഭന്‍ പോലും തയ്യാറല്ല എന്നതാണ് ദയനീയമായ സത്യം- നിതീഷ്‌കുമാര്‍.

രാഷ്ട്രപതി ഇന്‍ഡ്യ റിപ്പബ്ലിക്കന്‍ ഭരണഘടന പ്രകാരമുള്ള പരമോന്നത അധികാരി ആണ്. പ്രഥമ പൗരന്‍ ആണ്. അദ്ദേഹം ഒരു ആലങ്കാരിക സ്ഥാനാധിപന്‍ ആയിരിക്കാം. അല്ലെങ്കില്‍ വെറും ഒരു റബ്ബര്‍ സ്റ്റാമ്പും. പക്ഷേ, അതിനപ്പുറം സ്വന്തം വ്യക്തിപ്രഭാവം കൊണ്ട് ഉയര്‍ന്നു വ്യത്യസ്തരായവരും ഉണ്ട്. ഫക്രുദ്ദീന്‍ അലി അഹമ്മദിനെ പോലെ കണ്ണടച്ച് അടിയന്തിരാവസ്ഥയുടെ ഉത്തരവില്‍ ഒപ്പ് ഇട്ടവരും ഉണ്ട്.

ഇന്‍ഡ്യ ഇന്ന് ഗുരുതരമായ ഒരു രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്ന് പോവുകയാണ്. കര്‍ഷക ആത്മഹത്യകള്‍, സമരങ്ങള്‍, ദളിത് ആത്മഹത്യകള്‍(രോഹിത് വെമൂല), ദളിത•ാര്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍(ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്), കൊലപാതകങ്ങള്‍, മുസ്ലീങ്ങള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍, കൊലകള്‍ തുടങ്ങിയവ. ഈ റിപ്പബ്ലിക്കിനെ ഇവയില്‍ നിന്നും രക്ഷിക്കുവാന്‍ ദളിതനായ ഒരു രാഷ്ട്രപതിക്ക് എന്തെങ്കിലും ചെയ്യുവാന്‍ സാധിക്കുമോ? അത് രാംനാഥ് കോവിന്ദ ആകട്ടെ മീരാകുമാര്‍ ആകട്ടെ. സാധിക്കുമോ? സാധിച്ചില്ലെങ്കില്‍ ഇതൊക്കെ വെറും പ്രഹസനം അല്ലേ? പൊള്ളയായ ആര്‍ഭാടം അല്ലേ?



   രാഷ്ട്രപതി ഭവനിലെ ദളിത് ഭരണം പിന്നോക്ക ശാക്തീകരണത്തിന് വഴിതെളിക്കുമോ? (ഡല്‍ഹികത്ത് പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക