Image

തീര്‍ഥാടനത്തിന്റെ കഥ (നോവല്‍- അധ്യായം 8: ആന്‍ഡ്രൂ പാപ്പച്ചന്‍)

Published on 28 June, 2017
തീര്‍ഥാടനത്തിന്റെ കഥ (നോവല്‍- അധ്യായം 8: ആന്‍ഡ്രൂ പാപ്പച്ചന്‍)
ഉദയസൂര്യന്റെ പ്രഭ അന്തരീക്ഷത്തില്‍ നിറഞ്ഞു തുടങ്ങി. മുറ്റത്തെ പുല്‍നാമ്പുകള്‍ക്കുമേല്‍ വെളുത്ത മുത്തുകള്‍ പറ്റിപ്പിടിപ്പിച്ചതുപോലെ വെള്ളത്തുള്ളികള്‍ തിളങ്ങി. പുലര്‍ച്ചെ കത്തികൊണ്ട് വരഞ്ഞിട്ട റബര്‍മരങ്ങളില്‍ നിന്നും പാല്‍ തുള്ളിതുള്ളിയായി ചിരട്ടയിലേക്ക് ചാലിട്ടൊഴുകുന്നത് നോക്കി നില്‍ക്കുകയായിരുന്നു മാലിനി. രണ്ട് സ്ത്രീകള്‍ വീട്ടിലേക്കുള്ള വഴിയിലൂടെ നടന്നുവരുന്നതു കണ്ട് മാലിനി വീട്ടിലേക്ക് ചെന്നു. മാലിനിയും ജയകുമാറും വീട്ടിലുണ്ടെന്നറിഞ്ഞാല്‍ സഹായാഭ്യര്‍ഥനകളുമായി ആളുകളെത്തുക പതിവാണ്.

മക്കളുടെ പഠനത്തിനും ഭര്‍ത്താവിന്റെ ചികിത്സയ്ക്കും സഹായം തേടിയായിരുന്നു സ്ത്രീകളെത്തിയത്. അവരില്‍ നിന്ന് അപേക്ഷാ ഫോറം പൂരിപ്പിച്ചു വാങ്ങിവച്ചു. ബാക്കികാര്യങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി താമസമില്ലാതെ ചെയ്തു തരാമെന്നവര്‍ക്കുറപ്പു നല്കി. തിരികെ പോകും മുമ്പ് അവരിലെ പ്രായം ചെന്ന സ്ത്രീ വളരെ സൂക്ഷ്മതയോടെ ഒരു പ്ലാസ്റ്റിക് കവര്‍ പുറത്തെടുത്ത് കുറച്ച് മൂവാണ്ടന്‍ മാമ്പഴം മാലിനിയുടെ കൈയില്‍ വച്ചു കൊടുത്തു. അവരുടെ സ്‌നേഹത്തില്‍ മാലിനിയുടെ ഉള്ള് നിറഞ്ഞു. നിറഞ്ഞ മനസോടെ അവരും യാത്രയായി. നേരം ഉച്ചയോടടുക്കുന്നു. ജയകുമാറും മാലിനിയും വീടിനകത്ത് കമ്പനികാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്. മെലിഞ്ഞ് നിറം മങ്ങി തേജസ് നശിച്ചൊരു സ്ത്രീ അടുക്കള വാതില്‍ക്കല്‍ വന്നു നിന്നു. അടുക്കളയില്‍ ജാനകിയെ കണ്ട അവര്‍ അടുത്തേക്ക് ചെന്നു.

""മാലിനിയും ജയകുമാറും വന്നിട്ടുണ്ടോ അമ്മേ?'' ചോദ്യം കേട്ട് ജാനകി അവളെ സൂക്ഷിച്ചു നോക്കി. മെലിഞ്ഞുണങ്ങിയിരുന്നു രൂപമെങ്കിലും ആ മുഖം പരിചിതമായിരുന്നു ജാനകിക്ക്.

""ശാലിനിയല്ലേ? ഇതെന്തുപറ്റി ശാലിനീ നിനക്ക്? കണ്ടിട്ട് മനസിലായില്ലല്ലോ? ഇതെന്തൊരു കോലമായിത്?''

അതിശയവും സങ്കടവും ഇടകലര്‍ന്ന സ്വരത്തില്‍ ജാനകി ചോദിച്ചു. ശാലിനി ഒന്നും മിണ്ടിയില്ല. അവളെന്തോ ആലോചിക്കുന്നുണ്ടായിരുന്നു.

""എന്തു പറ്റി ശാലിനീ നിനക്ക്. എന്താണെങ്കിലും പറയൂ. എത്ര നാളായി നിന്നെ കണ്ടിട്ട്''ജാനകി വീണ്ടുംപറഞ്ഞു.

""ഞാനൊരു ഭാഗ്യമില്ലാത്തവളാണമ്മേ. ഇപ്പോള്‍ വിധവയുമായി. ജീവിതത്തില്‍ സന്തോഷവും സമാധാനവും എനിക്ക് വിധിച്ചിട്ടില്ലാന്നു തോന്നുന്നു. രണ്ടാഴ്ച മുമ്പ് ചേട്ടനും മരിച്ചതോടെ ഞാനൊറ്റയ്ക്കായി. ഇനിയെനിക്കാരുമില്ല. ജീവിക്കാന്‍ മാര്‍ഗവുമില്ല. ചേട്ടന്‍ ജീവിച്ചിരുന്നപ്പോഴും എന്നെ ആത്മാര്‍ഥമായി സ്‌നേഹിച്ചിട്ടൊന്നുമില്ല. എന്നും മദ്യപിച്ചേ വീട്ടില്‍ വരൂ. സ്ഥലവും വീടുമെല്ലാം വിറ്റ് നശിപ്പിച്ചു. എല്ലാം എന്റെ വിധി. എനിക്കിന്ന് താമസിക്കാനൊരു വീടുപോലുമില്ല. എന്താ ചെയ്യേണ്ടതെന്നെനിക്കറിയില്ല. ഞാന്‍ വീട്ടില്‍ എന്റെയേട്ടന്റൊപ്പം താമസിക്കാമെന്ന് കരുതിയാ വന്നത്.ചേട്ടത്തിക്ക് ഞാനവിടെ സ്ഥിരമായി നില്‍ക്കുന്നതിലത്ര താല്‍പര്യമില്ലന്നു മനസിലായതോടെ എന്തു ചെയ്യണമെന്നെനിക്കറിയില്ല.''

""കുട്ടികളെന്തിയേ? അവരെയൊന്നും കൊണ്ടുവന്നില്ലേ നീ?''

""എനിക്ക് കുട്ടികളില്ലമ്മേ. അതിന്റെ പേരിലാ ചേട്ടനെന്നും കുടിച്ചിരുന്നത്. ഞാനിവിടെ അമ്മയെ സഹായിക്കാന്‍ നില്‍ക്കട്ടേ. ചാരിറ്റി സൊസൈറ്റിയില്‍ എന്തെങ്കിലും പണി കിട്ടിയാലും മതി.. എനിക്ക് പോകാന്‍ മറ്റൊരിടവുമില്ലാഞ്ഞിട്ടാമ്മേ?'' ദയനീയമായിരുന്നു അവളുടെ സ്വരം.

കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. ജാനകി മാലിനിയെയും ജയകുമാറിനെയും വിളിച്ചു.

ബാല്യകാലസഖിയുടെ രൂപം കണ്ട് ജയകുമാറിന്റെ ഉള്ള് നീറിപ്പിടഞ്ഞു. അയാളില്‍ കുറ്റബോധം നാമ്പെടുത്തു. ഞാന്‍ കരുതി ശാലിനീ, നീ ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കുമൊപ്പം സുഖമായി ജീവിക്കുകയാവുമെന്ന്. എത്ര വര്‍ഷങ്ങളായി നമ്മള്‍ കണ്ടിട്ട്. നീയിനി അമ്മയ്‌ക്കൊപ്പം ഇവിടെ നില്‍ക്ക്. അല്ലെങ്കില്‍ ചാരിറ്റി സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്ക്. ഞങ്ങളിവിടെ എല്ലാ ശനിയാഴ്ചയും വരാറുണ്ട്. ഞാന്‍ വന്നില്ലെങ്കില്‍ തന്നെ മാലിനി ഉറപ്പായും വരും.'' ജയകുമാര്‍ ശാലിനിയെ ആശ്വസിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. താന്‍ ആദ്യമായി ജയകുമാറിന്റെ വീട്ടിലെത്തിയപ്പോള്‍ കണ്ട ചുറുചുറുക്കാര്‍ന്ന, സുന്ദരിയായ ശാലിനിയുടെ രൂപം മാലിനിയുടെ ഓര്‍മയിലെത്തി. അവള്‍ ശാലിനിയുടെ തോളില്‍ തട്ടിക്കൊണ്ടു പറഞ്ഞു.

""നീ വിഷമിക്കണ്ട ശാലിനീ, നിനക്ക് ഞങ്ങളുണ്ട്. നിങ്ങളെപ്പോലെ പ്രയാസങ്ങളില്‍ ജീവിക്കുന്നവരെ സഹായിക്കാനാ ഞങ്ങളിവിടെയുള്ളത്, ഞങ്ങളുടെ ചാരിറ്റി സംഘടനയുള്ളത്. ജയകുമാര്‍ പറഞ്ഞതുപോലെ നീ അമ്മയ്‌ക്കൊപ്പം നിന്നോളൂ. അത് താല്‍പര്യമില്ലെങ്കില്‍ സൊസൈറ്റിയില്‍ നില്‍ക്കാം. ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ.''

""അവളെനിക്കൊപ്പം ഇവിടെ നില്‍ക്കട്ടെ. എനിക്കൊരു കൂട്ടും സഹായവുമാകും.'' ജാനകി പറഞ്ഞു.

സന്തോഷം കൊണ്ട് ശാലിനിയുടെ കണ്ണ് നിറഞ്ഞു. ജയകുമാറിനും ആശ്വാസമായി. വിഷമത്തോടെ അയാള്‍ പുറത്തേക്ക് നോക്കി നിന്നു. ശാലിനിക്കൊപ്പം തൊടിയിലും തോട്ടത്തിലും ഓടിക്കളിച്ചത്, സ്കൂളിലേക്ക് ഒരുമിച്ച് പോയത്, ചെറുപ്പത്തിലെ ഓര്‍മകള്‍ അയാളിലേക്ക് ഓടിയെത്തി.

ഗൃഹപാഠം ചെയ്യാനും സാറ്റും കബഡിയും കളിക്കാനും കടയില്‍ പോയി സാധനം വാങ്ങാനും ജയകുമാറും സഹോദരിമാരും ശാലിനിയും എന്നും ഒരുമിച്ചായിരുന്നു. പിന്നെയെപ്പോഴോ ശാലിനി തന്നെയിഷ്ടപ്പെട്ടു തുടങ്ങിയതും ജയകുമാര്‍ തിരിച്ചറിഞ്ഞെങ്കിലും അപ്പോഴേക്കും അയാള്‍ മാലിനിയെ കണ്ടെത്തിയിരുന്നു.

""ജീവിതം ചിലപ്പോള്‍ നമ്മോട് ക്രൂരമായി പെരുമാറും. പക്ഷേ തളരരുത് ശാലിനീ. നിന്റെയീ കണ്ണുകള്‍ ഇനി നിറയരുത്. ഞങ്ങളുണ്ടിവിടെ നിന്നെ സഹായിക്കാന്‍. നിനക്ക് ഞങ്ങള്‍ ശമ്പളവും തരും.'' അവസരത്തിനൊത്തുയര്‍ന്ന് മാലിനി ശാലിനിയെ ആശ്വസിപ്പിക്കുന്നതു കേട്ട് ജയകുമാര്‍ ചിന്തകളില്‍ നിന്നുണര്‍ന്നു.

""മാലിനിയുടെ നല്ല ഹൃദയത്തെകുറിച്ച് ഞാനേറെ കേട്ടിട്ടുണ്ട്. അതുകൊണ്ടാ ഞാനിങ്ങോട്ടു തന്നെ വന്നത്. ഇവിടെയുള്ള പാവങ്ങള്‍ക്കുവേണ്ടി നീ ചെയ്ത നല്ല കാര്യങ്ങളൊക്കെ എനിക്കറിയാം. അവര്‍ നിന്നെ സ്‌നേഹിക്കുന്നു. ആദരിക്കുന്നു. നീ നന്മയുള്ളവളാ... പാവങ്ങളെ സഹായിക്കുന്നതിന് ദൈവം നിന്നെ അനുഗ്രഹിക്കും. ഞാനിവിടെ അമ്മയ്‌ക്കൊപ്പം നിന്ന് എല്ലാ കാര്യങ്ങളിലും സഹായിക്കാം. നല്ല കരങ്ങളില്‍ തന്നെയാണമ്മയുടെ സംരക്ഷണമെന്ന് നിങ്ങള്‍ക്ക് സമാധാനിക്കാം. അമ്മയ്ക്ക് ഞാന്‍ ഭക്ഷണമുണ്ടാക്കി നല്‍കാം. നിങ്ങള്‍ വരുമ്പോള്‍ നിങ്ങള്‍ക്കും.'' ആരാധനാഭാവത്തില്‍ മാലിനിയെ നോക്കി ശാലിനി പറഞ്ഞു.

""നീ പോയി നിന്റെ സാധനങ്ങളൊക്കെയെടുത്ത് വന്നോളൂ ശാലിനീ.'' മാലിനി പറഞ്ഞു.

""ഞാന്‍ പോയിട്ട് രാവിലെ വരാം മാലിനീ.''

""ഓ.കെ ശാലിനീ. രാവിലെ ഞങ്ങളിവിടുണ്ടാകും. നീയിവിടെ വന്ന് കാര്യങ്ങളേറ്റിട്ടേ ഞങ്ങളിവിടുന്ന് പോകൂ. നാളെ കാണാം നമുക്ക്.''

മാലിനിയോട് യാത്ര പറഞ്ഞ് ശാലിനി പോകുന്നത് ജയകുമാര്‍ വിഷമത്തോടെ നോക്കി നിന്നു. എന്താണ് തന്റെ മനസിലെന്ന് അയാള്‍ക്ക് തന്നെ മനസിലാകുന്നുണ്ടായിരുന്നില്ല. അവളോടുള്ള അനുകമ്പയും സ്‌നേഹവും ആ മിഴികളില്‍ തിരയടിച്ചു നിന്നു. മാലിനി വന്നെന്തോ പറഞ്ഞപ്പോഴാണ് അയാള്‍ ചിന്തകളില്‍ നിന്ന് തിരിച്ചെത്തിയത്. രാത്രി ഭക്ഷണത്തിനിരിക്കെ ജയകുമാര്‍ വീണ്ടും ശാലിനിയെ കുറിച്ചുള്ള സംസാരത്തിലേക്കു വന്നു.

""ശാലിനിയുടെ കാര്യം എത്ര കഷ്ടമായല്ലേ. ചെറുപ്പത്തില്‍ എത്ര സുന്ദരിയായിരുന്നു അവള്‍. സ്കൂള്‍ വിട്ടുവന്നാലവള്‍ ഞങ്ങള്‍ക്കൊപ്പമായിരുന്നു, കളിയും പഠനവുമൊക്കെ. അവളുടെ ഇപ്പോഴത്തെ അവസ്ഥ ക്രൂരമായിപ്പോയി. ആ കുടിയനെക്കൊണ്ടൊരിക്കലും അവളെ കെട്ടിക്കരുതായിരുന്നവര്.''

""എല്ലാം ശരിയാകും ജയകുമാര്‍. ഇവിടെ കുറ്റബോധത്തിന്റെ കാര്യമില്ല. എല്ലാം അവളുടെ വിധിയാ... അങ്ങനെ വിശ്വസിച്ചേ പറ്റൂ.''

""ഒരാളുടെ ഭാവി, അയാളെകുറിച്ചുള്ള വിധി, അല്ലെങ്കില്‍ ദൈവനിശ്ചയം ഇതിന്റെയൊക്കെ അര്‍ഥമെന്താ...്. ഇവ തമ്മിലെന്താ വ്യത്യാസം?''

""വ്യത്യാസമുണ്ട്. വിധിയെ നമുക്ക് മാറ്റാനാകില്ല. സംഭവിക്കാനുള്ളത് സംഭവിച്ചിരിക്കും. പക്ഷേ ഭാവിയെ നമുക്കൊരു പരിധി വരെ നമ്മുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാനാകും. എങ്ങനെ പഠിക്കുന്നു, ഏത് തൊഴില്‍ തിരഞ്ഞെടുക്കുന്നു, എന്നിവയെ ആശ്രയിച്ചാവും ഓരോരുത്തരുടെയും ഭാവി ജീവിതം തീരുമാനിക്കപ്പെടുക. നന്നായി പഠിച്ച് ഡോക്ടര്‍മാരോ എന്‍ജിനീയര്‍മാരോ അധ്യാപകരോ ആകാനായിരിക്കും ചിലരുടെ നിയോഗം.

ഏതു മേഖലകളിലും ചിലര്‍ കഴിവു തെളിയിക്കും. ബിസിനസ് ചെയ്യുന്നവരിലും ചിലര്‍ ലാഭം കൊയ്യും. ചിലര്‍ക്ക് നഷ്ടമാകും ഫലം. വിധിയുടെ നിയോഗമാണ്, ഓരോ തൊഴിലുകളിലേക്കും ഓരോരുത്തരെയും നിയോഗിക്കുന്നതും വിജയിപ്പിക്കുന്നതും.''

""ശാലിനിയിലേക്ക് തന്നെ വരാം. അവള്‍ പാവപ്പെട്ടവളാണ്. കൂട്ടിനൊരു മകനോ മകളോയില്ല. അവള്‍ വിധവയായത് വിധിയുടെ നിയോഗമോ? അതോ ദൈവനിശ്ചയമോ? എന്തു വിശദീകരണം നല്‍കും അവളുടെ ഈ നിസഹായതയ്ക്ക്.''

""വിധിയും ദൈവനിശ്ചയവും മാറി മാറി ഉപയോഗിക്കാവുന്ന പദങ്ങളാണ്. ശാലിനിയുടെ കാര്യത്തില്‍ നമുക്ക് പറയാനാകും ഇത് അവളുടെ വിധിയാണെന്ന്, അല്ലെങ്കില്‍ അവളെ കുറിച്ചുള്ള ദൈവനിശ്ചയമാണെന്ന്. ദൈവനിശ്ചയമെന്നു പറയുന്നതിനെ മാറ്റാനാവില്ല. ശാലിനി അവളുടെ പഠനം പാതിവഴിയില്‍് നിര്‍ത്തി മുറച്ചെറുക്കനെ കല്യാണം കഴിച്ചതോടെ അവളുടെ ഭാവി പരിതാപകരമായി. അവള്‍ പഠനം തുടര്‍ന്നിരുന്നെങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലായേനെ. അങ്ങനെയെങ്കില്‍ അവളുടെ ഭാവി മറ്റൊന്നായേനെ.''പറഞ്ഞിട്ട് മാലിനി പ്രതികരണമറിയാന്‍ ജയകുമാറിനെ നോക്കി.

അവള്‍ പറഞ്ഞതു കേട്ടൊന്ന് ഞെട്ടിയെങ്കിലും ഉള്ളിലുള്ളതു പുറത്തു കാട്ടാതെ ജയകുമാര്‍ പറഞ്ഞു.

""അവളുടെ ഭാഗത്തു നിന്നത്തരമൊരു നീക്കമുണ്ടായിരുന്നെങ്കില്‍ പഠനം പൂര്‍ത്തിയാക്കാന്‍ ഞാനവളെ പ്രോത്സാഹിപ്പിച്ചേനെ. ചിലപ്പോള്‍ നീ പറഞ്ഞതുപോലെ അവളുമായി വിവാഹവും നടന്നേനെ. അങ്ങനെയായിരുന്നെങ്കില്‍ നമ്മള്‍ രണ്ടാളുടെയും ഭാവിയും മറ്റൊന്നായേനെ. അതിനുപകരം ഞാന്‍ മാലിനിയെ കണ്ടെത്തിയതുകൊണ്ട് നമ്മുടെ ഭാവി ശോഭനീയമായി.''

""സന്തോഷവും ദുഖവും ഇഴ ചേര്‍ന്ന എത്രയോ സംഭവങ്ങള്‍ കോര്‍ത്തിണക്കിയതാണീ ജീവിതയാത്ര. ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ല. മരണമെന്ന അവസാന രംഗത്തോടെ ഈ യാത്ര പൂര്‍ത്തിയാകുന്നു. മരണം ദൈവനിശ്ചയമാണ്. അതെപ്പോള്‍, എങ്ങനെ സംഭവിക്കുമെന്ന് നമുക്കൊരു രൂപവുമില്ല.'' ജയകുമാര്‍ പറഞ്ഞതു ശരിവെച്ച് മാലിനി പറഞ്ഞു.

""നീയിത്ര ഗഹനമായ വിഷയങ്ങളെകുറിച്ചൊക്കെ എങ്ങനെ സംസാരിക്കുന്നു?'' ജയകുമാര്‍ ചോദിച്ചു.

""ചിന്തിച്ച് സ്വയം കണ്ടെത്തുന്ന ഉത്തരങ്ങളാ ഇതൊക്കെ. ജീവിതത്തെ വിലയിരുത്തി, ചോദ്യങ്ങള്‍ക്ക് എന്റേതായ ഉത്തരം കണ്ടെത്താറുണ്ട് ഞാന്‍. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ ദൈവനിശ്ചയത്തെയും അംഗീകരിക്കും. കൈരേഖ നോക്കിയും നക്ഷത്രം നോക്കിയും ആളുകള്‍ ഭാവി പ്രവചിക്കുന്നു. പക്ഷേ, മഷിനോട്ടക്കാര്‍ക്കുപോലും നമ്മെ സംബന്ധിച്ച ദൈവത്തിന്റെ വിധിയെ പ്രവചിക്കാനാവില്ല. തിരിച്ച് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ ഒരു ചെറിയ അപകടമുണ്ടായാല്‍ മതി, കാലോ കൈയോ ഒടിയാനും മരണം സംഭവിക്കാനും. നമ്മള്‍ കോളജില്‍ വച്ച് കണ്ടുമുട്ടിയതും സ്‌നേഹത്തിലായതും കല്യാണം കഴിച്ചതുമൊക്കെ നമ്മെ സംബന്ധിച്ച ദൈവനിയോഗമാണ്. ഡിഗ്രിക്ക് ഫസ്റ്റ് റാങ്ക് നേടിയതും എം.ബി.എയ്ക്ക് പോയതും ബിസിനസുകാരനായി വിജയിച്ചതും വഴി ജയകുമാര്‍ സ്വന്തം ഭാവിയെ ഒരു പരിധിവരെ വിജയകരമായി വഴിതിരിച്ചുവിട്ടു. ഫസ്റ്റ് റാങ്ക് കിട്ടിയില്ലായിരുന്നുവെങ്കില്‍ ജയകുമാറിനെ അഛന്റെ മുമ്പില്‍ ധൈര്യത്തോടെനിക്ക് പരിചയപ്പെടുത്താന്‍ സാധിക്കില്ലായിരുന്നു. അഛന്‍ കമ്പനിയില്‍ ഇന്റേണ്‍ഷിപ്പും അനുവദിക്കില്ല. വിധിയും ദൈവനിശ്ചയവും ഒരുമിച്ചു ചേര്‍ന്നതാ മനുഷ്യ ജീവിതം. ജീവിതത്തെ നമ്മള്‍ എങ്ങനെ സ്വീകരിക്കുന്നുവെന്നോ എങ്ങനെ നമ്മുടെ ജീവിതം രൂപപ്പെടുത്തുന്നുവെന്നോ ആശ്രയിച്ചിരിക്കും നമ്മുടെ ഭാവിയും വിധിയും.''

""എനിക്ക് ചിലപ്പോള്‍ തോന്നിയിരുന്നു ജീവിതത്തിനര്‍ഥമില്ലെന്ന്. മാലിനിയുടെ സ്‌നേഹവും സഹവാസവും എനിക്ക് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ മാറ്റി മറിച്ചു.''

""ദാമ്പത്യജീവിതമെന്നു പറയുന്നത് പരസ്പര പൂരകമാണ്. എന്റെ സാന്നിധ്യം ജയകുമാറിന് പ്രചോദനമായിരിക്കാം. അതേ ജയകുമാറിന്റെ സ്‌നേഹവും സാന്നിധ്യവുമാണ് എന്റെ ജീവിതത്തിനും അര്‍ഥം നല്കിയതെന്നു പറയാന്‍ എനിക്ക് മടിയില്ല.'' സംസാരിച്ചിരുന്ന് നേരം ഉച്ചയായി. ജാനകി ഊണ് വിളമ്പി വച്ചിട്ട് വന്ന് വിളിച്ചു. ഇലയിലായിരുന്നു ഊണ്. ശര്‍ക്കര പുരട്ടിയും പായസവും കറികളും ഇലയില്‍ ഭംഗിയായി വിളമ്പിയിരുന്നു. ഊണിനിടെ ജാനകി പറഞ്ഞു.

""ദൈവമാണ് ശാലിനിയെ ഇവിടെയെത്തിച്ചത്. എനിക്കാണെങ്കില്‍ പ്രായമേറെയായിവരുന്നു. ആരെങ്കിലും ഒരു സഹായത്തിനില്ലാതെ പറ്റില്ല. ശാലിനി നമുക്ക് കുഞ്ഞുന്നാള്‍ മുതല്‍ അറിയാവുന്നവളല്ലേ. എത്ര മിടുക്കിയായിരുന്നവള്‍ ചെറുപ്പത്തില്. ഇന്നത്തെയവളുടെ രൂപം കണ്ടിട്ട് നല്ല വിഷമമുണ്ട്. ആ കുടിയനവളെ കെട്ടിച്ചു കൊടുക്കരുതായിരുന്നു. അവളോട് ചെയ്ത ക്രൂരതയായിപ്പോയത്.''

""ഞങ്ങളും അക്കാര്യം തന്നെയാ പറഞ്ഞതമ്മേ. എന്തുകൊണ്ടിങ്ങനെയൊക്കെ സംഭവിക്കുന്നു. അതവളെ കുറിച്ചുള്ള ദൈവതീരുമാനമാ. അവള്‍ക്ക് മക്കളുണ്ടായിരുന്നെങ്കില്‍ അവരാരെങ്കിലും സഹായിക്കാനുണ്ടാകുമായിരുന്നു. ഇപ്പോഴവള്‍ക്കാരുമില്ല.''

""എന്തായാലും അമ്മയിന്ന് നല്ല സന്തോഷത്തിലാ അല്ലേ മാലിനീ.... അമ്മയ്ക്ക് കൂട്ടായിട്ട് നമുക്കറിയാവുന്നൊരാളെ തന്നെ കിട്ടിയതു നന്നായി.''ജയകുമാര്‍ പറഞ്ഞു.

പിറ്റേന്ന് രാവിലെ ശാലിനിയെത്തി. അവളുടെ മുഖത്തെ തെളിച്ചം കണ്ട് ജയകുമാറിന്റെ മനസ് ആശ്വസിച്ചു. കുറച്ചു പണമെടുത്ത് ശാലിനിയെ ഏല്‍പിച്ചിട്ട് മാലിനി പറഞ്ഞു. ""ഇത് വച്ചോളൂ. എന്തെങ്കിലും ആവശ്യം വന്നാലോ?''

മടങ്ങുംമുമ്പ് പതിവുപോലെ ജയകുമാര്‍ കുറച്ചു പണം അമ്മയെ ഏല്‍പിച്ചു. മാലിനിയും ജയകുമാറും മടങ്ങുന്നത് ശാലിനിയും അമ്മയും നോക്കി നിന്നു.

ദിവസങ്ങളും വര്‍ഷങ്ങളും കൊഴിഞ്ഞു കൊണ്ടിരുന്നു. സൊസൈറ്റിയിലെ തിരക്കും കമ്പനികാര്യങ്ങളുമൊക്കെ മാലിനി നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു.

വെളിച്ചം കടന്നുവരാന്‍ മടിച്ചു നിന്നൊരു പ്രഭാതം. രാവിലെ ഓഫിസിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ് മാലിനി. കൊളുത്തിപ്പിടിക്കുന്നതുപോലെ വയറ്റിനുള്ളിലൊരു വേദന. കുറച്ചുനേരം കിടന്നാല്‍ വേദന മാറിക്കൊള്ളുമെന്ന് കരുതി അവള്‍ കട്ടിലില്‍ കിടന്നു.

""ഇന്നിനി ഓഫിസില്‍ പോകണ്ട, വീട്ടില്‍ വിശ്രമിച്ചോളൂ. കുറച്ചുസമയം കഴിയുമ്പോഴേക്കും വേദന മാറിക്കൊള്ളും.'' ജയകുമാര്‍ പറഞ്ഞു. മാലിനി വേദനകൊണ്ട് തിരിഞ്ഞും മറിഞ്ഞും കിടന്നു. വേദനയ്‌ക്കൊരു കുറവുമില്ല.

ഓഫിസിലെത്തിയിട്ടും ജയകുമാറിന് ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. അത്യാവശ്യകാര്യങ്ങള്‍ ചെയ്തിട്ട് അയാള്‍ വീട്ടില്‍ തിരിച്ചെത്തി. മാലിനിയെ കൂട്ടി ആശുപത്രിയിലേക്ക് പോയി. അമ്മ സുശീലയും അവര്‍ക്കൊപ്പമെത്തിയിരുന്നു. പതിവു പരിശോധനകള്‍ക്കുശേഷം ഡോക്ടര്‍ പറഞ്ഞു.

""ഗര്‍ഭപാത്രത്തിലൊരു മുഴയുണ്ട്. എല്ലാ മുഴകളും അപകടകാരികളാകണമെന്നില്ല. പക്ഷേ ക്യാന്‍സറിന്റെ ടെസ്റ്റ് കൂടി ചെയ്ത് അപകടമില്ലെന്നുറപ്പാക്കണം.''

""ക്യാന്‍സറാണെന്നുണ്ടെങ്കി സുഖപ്പെടുത്താന്‍ മാര്‍ഗമുണ്ടോ ഡോക്ടര്‍?''

നിസഹായമായിരുന്നു ജയകുമാറിന്റെ ശബ്ദം.

""ഗര്‍ഭപാത്രം ഓപ്പറേഷനിലൂടെ നീക്കിയിട്ട് റേഡിയേഷന്‍ കൊടുത്ത് ക്യാന്‍സര്‍ സെല്ലുകളെ നശിപ്പിക്കണം. കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിച്ചിട്ടില്ലെങ്കില്‍ രക്ഷപ്പെട്ടു. മെല്ലെ സുഖമായിക്കോളും.''

ഡോക്ടര്‍ പറഞ്ഞതു കേട്ട് ജയകുമാര്‍ ഒരു നിമിഷം സ്തബ്ധനായി നിന്നു. പിന്നെ അയാള്‍ മാലിനിയുടെ കിടക്കയ്ക്കരികിലേക്ക് ചെന്നു. മയങ്ങാനുള്ള മരുന്ന് കൊടുത്തതിനാല്‍ ഉറക്കത്തിലായിരുന്നു മാലിനി. ഡോക്ടര്‍ പറഞ്ഞത് ജയകുമാര്‍ സുശീലയോടും രഘുവിനോടുമായി പറഞ്ഞു. എല്ലാവരും വിഷമത്തിലായി. വര്‍ഷങ്ങളായി കെട്ടിയുയര്‍ത്തിയ മോഹക്കൊട്ടാരങ്ങളൊക്കെയും ആടിയുലയുന്നതുപോലെ തോന്നി ജയകുമാറിന്.

എന്താണ് സംഭവിക്കാനിരിക്കുന്നതെന്നോര്‍ത്ത് വിഷമിച്ച് അയാള്‍ മുറിക്ക് പുറത്തു കൂടി ചിന്തയിലാണ്ട് നടന്നു. മാലിനിയെ തനിക്ക് നഷ്ടപ്പെടുമോ? അങ്ങനെയൊരു കാര്യം ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല ജയകുമാറിന്.

ഏറ്റവും നല്ല ചികിത്സ നല്‍കി മാലിനിയുടെ ജീവന്‍ രക്ഷിക്കണം. ഇങ്ങനെ മനസിലുറപ്പിച്ച് വീണ്ടും മുറിയില്‍ ചെന്ന് മകനെ അടുത്തു വിളിച്ചു പറഞ്ഞു.

""കമ്പനി കാര്യങ്ങള്‍ നീയിനി കൂടുതലായി ഏറ്റെടുക്കണം. അസുഖം മാറുന്നതുവരെ എനിക്കിനി അമ്മയുടെ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഫാക്ടറിയിലേക്കെന്നും പോകാതെ ടൗണിലെ ഹെഡ് ഓഫിസിലേക്ക് നീ പ്രവര്‍ത്തനം മാറ്റണം.''

""ഞാനെല്ലാം വേണ്ടതുപോലെ ചെയ്തുകൊള്ളാമഛാ, അഛനതോര്‍ത്ത് വിഷമിക്കണ്ട.'' രഘു പറഞ്ഞു.

ജയകുമാര്‍ പ്രവീണിനെ വിളിച്ച് മാലിനിയുടെ വിവരങ്ങള്‍ പറഞ്ഞു. ടൗണിലെ ഓഫിസില്‍ രഘുവിനൊരു മുറി തയാറാക്കാനും ഏല്പിച്ചു. ജയകുമാര്‍ വീണ്ടും ഓരോന്നാലോചിച്ചു കൂട്ടി. തലയ്ക്ക് കനം കൂടി വരുന്നു. അയാള്‍ വീണ്ടും ഡോക്ടറുടെ മുറിയിലെത്തി.

""ഡോക്ടര്‍, പണമെത്രയായാലും പ്രശ്‌നമില്ല. ഏറ്റവും മികച്ച ചികിത്സ മാലിനിക്ക് നല്‍കണം.'' യാചിക്കുകയായിരുന്നു അയാള്‍. ജയകുമാറിന്റെ മുഖത്തെ ദൈന്യതയും നിരാശയും ഡോക്ടര്‍ തിരിച്ചറിഞ്ഞു.

""എന്നെക്കൊണ്ട് പറ്റുന്ന വിധമെല്ലാം ചെയ്യാം ജയകുമാര്‍. വിഷമിക്കാതിരിക്ക്. എന്തായാലും ടെസ്റ്റുകളുടെ ഫലം കിട്ടട്ടെ. എല്ലാറ്റിനും പരിഹാരമുണ്ടാകും.''

""ഉവ്വ് ഡോക്ടര്‍. എല്ലാം വരുന്നതുപോലെ വരട്ടെ. എന്തും നേരിടാനൊരുക്കമാ ഞാന്‍.'' അയാളുടെ വാക്കുകള്‍ ഇടറിയിരുന്നു.

അടുത്ത ദിവസം പരിശോധനകളുടെ ഫലം വന്നു. ഗര്‍ഭപാത്രത്തില്‍ ക്യാന്‍സര്‍ബാധ സ്ഥിരീകരിച്ചു.

""അടുത്ത ദിവസം തന്നെ ഓപ്പറേഷന്‍ നടത്തി, റേഡിയേഷന്‍ തുടങ്ങണം.'' ഡോക്ടര്‍ പറഞ്ഞു.

ജയകുമാറിനൊപ്പം ഡോക്ടറും മാലിനിയുടെയരികിലെത്തി. ജയകുമാറിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതു കണ്ടപ്പോഴേ മാലിനിക്ക് കാര്യം മനസിലായി. മാലിനിയുടെ നോട്ടം തന്നെ തേടി വന്നപ്പോഴേക്കും അയാള്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. അയാള്‍ മാലിനിയുടെ കൈകളില്‍ മുറുകെ പിടിച്ച് കരഞ്ഞു. മാലിനിക്ക് ക്യാന്‍സര്‍ സ്ഥിരീകരിച്ചുവെന്ന് എല്ലാവര്‍ക്കും ബോധ്യമായി.

എല്ലാവരുടെയും മുഖത്ത് വിഷാദം പടരുന്നത് കണ്ടെങ്കിലും മാലിനി പതറിയില്ല. അവര്‍ എഴുന്നേറ്റിരുന്നു. എന്നിട്ട് പറഞ്ഞു.

""ഡോക്ടര്‍ പറയാന്‍ പോകുന്നതെന്താണെന്നെനിക്കറിയാം.എനിക്ക് ക്യാന്‍സറുണ്ടെന്നല്ലേ? ഇത്ര കഠിനമായ വേദന വന്നപ്പോഴേ ഞാന്‍ കരുതിയിരുന്നു.അമ്മയും ജയകുമാറും എന്നെയോര്‍ത്ത് കരയരുത്. '' പറഞ്ഞിട്ട് അവര്‍ ജയകുമാറിന്റെ കരങ്ങളില്‍ മെല്ലെ പിടിച്ചു. മാലിനി എല്ലാകാര്യങ്ങളും മനസിലാക്കിയതില്‍ ഡോക്ടര്‍ ആശ്വസിച്ചു.

""നീ ഒന്നുകൊണ്ടും വിഷമിക്കണ്ട. ഞങ്ങളെല്ലാരുമില്ലേ നിനക്ക്? ചികിത്സ കഴിഞ്ഞ് വേഗം സുഖമാകും.'' ജയകുമാര്‍ ആശ്വസിപ്പിച്ചു.

അടുത്ത ദിവസം തന്നെ ഓപ്പറേഷന്‍ വിജയകരമായി നടന്നു. ഒരാഴ്ചയ്ക്കുള്ളില്‍ മാലിനി വീട്ടിലെത്തി. ജയകുമാര്‍ മാലിനിയുടെ അടുത്തുതന്നെയായിരുന്നു മുഴുവന്‍ സമയവും.

""എപ്പോഴും എനിക്കൊപ്പം നിന്നാല്‍ കമ്പനികാര്യങ്ങളെങ്ങനെ നടക്കും?'' മാലിനി ചോദിച്ചു.

""രഘു ഇപ്പോള്‍ ടൗണിലെ ഓഫിസിലാ് ജോലി ചെയ്യുന്നത്. എന്റെ ജോലിക്കാര്യങ്ങള്‍ കൂടി അവനെ ഏല്‍പിച്ചു. പ്രവീണിനോട് അവനെ സഹായിക്കാനും പറഞ്ഞു.''

""അവനെല്ലാം നന്നായി നോക്കിനടത്തുമെന്ന് കരുതാം. ഇനി നല്ലൊരു പെണ്‍കുട്ടിയെകൂടി നമുക്കവനായി കണ്ടെത്തണം.''

""ഞാനും അതുതന്നെ ആലോചിച്ചിരിക്കുവാരുന്നു. കോട്ടയത്തുള്ള എന്റെ കൂട്ടുകാരന്‍ ചന്ദ്രനില്ലേ. അവന്റെ മകളൊരു നല്ല മിടുക്കി കുട്ടിയാ. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ എം.എ കഴിഞ്ഞതേയുള്ളൂ. നമുക്കവളെയൊന്നാലോചിച്ചാലോ?''

""ജയകുമാറിന് താല്‍പര്യമാണെങ്കി നമുക്കാലോചിക്കാം. പിന്നെ ഒരു കാര്യം. ഒത്തിരിതാമസിപ്പിക്കണ്ട. എല്ലാം വേഗം തീരുമാനിക്കണം.''

മാലിനിയുടെ വാക്കുകളിലെ തിടുക്കം ജയകുമാര്‍ ശ്രദ്ധിച്ചെങ്കിലും ഒന്നും ചോദിച്ചില്ല.

റേഡിയേഷന്‍ ചികിത്സ ഒരു മാസത്തിനുശേഷമാണ് തുടങ്ങിയത്. മാലിനിയുടെ മുടിയെല്ലാംകൊഴിഞ്ഞു. മുടിയിഴകള്‍ കൂട്ടമായി കൊഴിയുന്നത് കണ്ട് മാലിനിയുടെ ഉള്ള് പിടഞ്ഞു. തലയില്‍ സ്കാര്‍ഫ് ചുറ്റിയിരുന്നെങ്കിലും ആളുകളുടെ നോട്ടം കാണുമ്പോള്‍ അവര്‍ മറ്റെവിടേക്കെങ്കിലും ബോധപൂര്‍വംശ്രദ്ധ തിരിക്കും. റേഡിയേഷന്‍ ചികിത്സ തീര്‍ന്ന ദിവസം ഡോക്ടര്‍ പറഞ്ഞു.

""ക്യാന്‍സര്‍ സെല്ലുകള്‍ നശിച്ചിട്ടുണ്ട്. ഇനിആറു മാസത്തിലൊരിക്കല്‍ പരിശോധനയ്ക്ക് വരണം'' ഡോക്ടര്‍ പറഞ്ഞപ്പോള്‍ മാലനിക്കൊപ്പം ജയകുമാറും രഘുവും ആശ്വസിച്ചു. ഒരാഴ്ച വീട്ടില്‍ തങ്ങിയെങ്കിലും മാലിനിയുടെ മനസ് മൂവാറ്റുപുഴയിലായിരുന്നു. മാലിനിയുടെ നിര്‍ബന്ധത്തിന് വഴങ്ങി, ജയകുമാര്‍ വീട്ടിലേക്ക് തിരിച്ചു. മാലിനിയെത്തിയതറിഞ്ഞതേ അയല്‍ക്കാരും നാട്ടുകാരുമായി പലരും കാണാനെത്തി.

""ഞങ്ങളെന്നും പ്രാര്‍ഥിച്ചിരുന്നു. മാലിനിയുടെ പേരില്‍ പുഷ്പാഞ്ജലിയും ചെയ്തിരുന്നു.'' അടുത്തവീട്ടിലെ കല്യാണിക്കുട്ടി പറഞ്ഞു.

""അതുകൊണ്ടൊക്കെയല്ലേ കല്യാണിക്കുട്ടിയമ്മേ എനിക്കീ ജീവിതം തിരികെ കിട്ടിയത്.'' മാലിനി സ്‌നേഹത്തോടെ പറഞ്ഞു.

""ഞങ്ങളെല്ലാരും എത്ര വിഷമിച്ചെന്നോ മാലിനീ. ശാലിനിയും ഞാനും എന്നുംഅമ്പലത്തിത്തില്‍ പോയി പ്രാര്‍ഥിച്ചിരുന്നു നിനക്കായ്.''അമ്മ പറഞ്ഞു.

രഘു ചന്ദ്രന്റെ മകള്‍ മായയെ പോയി കണ്ടു, വിവാഹം ഉറപ്പിച്ചു. മകന്റെ വിവാഹം തീരുമാനിക്കപ്പെട്ടതോടെ മാലിനി സന്തോഷത്തിലായി. ഒരുക്കങ്ങള്‍ തിടുക്കത്തില്‍ നടന്നു. കല്യാണത്തിന് തീയതി കുറിപ്പിക്കാനും സദ്യവട്ടങ്ങള്‍ക്ക് ആളെ കണ്ടെത്താനും മാലിനി മുന്നിട്ടിറങ്ങി.

കോളജ് പഠനകാലത്തെ കൂട്ടുകാരും അവരുടെ കുടുംബങ്ങളും വിവാഹത്തിനെത്തിയിരുന്നു. കോളജ് ദിനങ്ങള്‍ തിരിച്ചെത്തിയ അനുഭവമായിരുന്നുഎല്ലാവര്‍ക്കും. കൂട്ടുകാരെ കണ്ടതില്‍ സന്തോഷമായിരുന്നു മാലിനിക്ക്. രഘുവിന്റെ കല്യാണം കൂടി നടന്നതോടെ കമ്പനികാര്യങ്ങളില്‍ ഇനി ശ്രദ്ധിക്കേണ്ടെന്ന് മാലിനി തീരുമാനിച്ചു. രഘു കമ്പനിയുടെ ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി. ഐ.ടി വകുപ്പില്‍ മാനേജ്‌മെന്റ് ട്രെയിനിയായി മായയെയും നിയമിച്ചു. രഘു കൂടുതല്‍ ഉത്തരവാദിത്വങ്ങളേറ്റതിനാല്‍ ജയകുമാറിന് ജോലിഭാരം കുറഞ്ഞു. മാലിനിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലാണിപ്പോള്‍ ജയകുമാറിന്റെ ശ്രദ്ധ മുഴുവന്‍.ജയകുമാറും മാലിനിയും പണ്ടത്തേതുപോലെതന്നെ ആഴ്ചയിലൊരിക്കലെങ്കിലും മൂവാറ്റുപുഴയ്ക്ക് പോയി.

""എനിക്ക് ക്യാന്‍സറാണെന്ന് കേട്ടപ്പോള്‍ ജയകുമാറിനെന്തു തോന്നി?'' ഒരു വൈകുന്നേരം ഒരുമിച്ച് വണ്ടിയില്‍ ടൗണിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു മാലിനിയുടെ ചോദ്യം. ഡ്രൈവ് ചെയ്യുന്നതിനിടയിലും ഒരു നിമിഷം മാലിനിയുടെ കണ്ണുകളിലേക്കുറ്റുനോക്കി ജയകുമാര്‍ പറഞ്ഞു.

""എനിക്കന്നുണ്ടായ മനോവേദന തനിക്കൊരുപക്ഷേ പറഞ്ഞാല്‍ മനസിലാകില്ല. അത്രയ്ക്ക് തളര്‍ന്നു പോയി. ഡോക്ടര്‍ പറഞ്ഞിരുന്നു രോഗം സുഖപ്പെടുത്താമെന്ന്. പക്ഷെങ്കി തനിക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കീ....താനില്ലാത്തൊരു ജീവിതം എനിക്ക് സഹിക്കാന്‍ പറ്റില്ല. ഞാനീ ലോകത്തേറ്റവും വെറുക്കുന്നത്, അങ്ങനൊരു ജീവിതമാ.''

""ജീവിതത്തെക്കുറിച്ച് നമുക്കൊന്നും പ്രവചിക്കാനാവില്ല. ഇപ്പോഴെനിക്ക് സുഖമുണ്ടെന്നതു നേരുതന്നെ. പക്ഷെങ്കി ഈ റേഡിയേഷന്റെയെല്ലാം ശക്തി എനിക്ക് താങ്ങാനാവുമോന്നറിയില്ല. ക്ഷീണം ദിവസവും കൂടിവരുന്നു. മനോധൈര്യം കൈവിടാതെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. എന്തും നേരിടാന്‍ തയാറായിരുന്നേ പറ്റൂ.''

""തനിക്കിങ്ങനൊക്കെപ്പറയാന്‍ എങ്ങനെ കഴിയുന്നു. താനാണെന്റെ ജീവിതത്തിന് പിന്നിലെ എല്ലാം. താനില്ലാതൊരു ജീവിതം എനിക്കില്ല. എന്റെ വിഷമമെന്താ തനിക്ക് മനസിലാകാത്തത്?''

""നമ്മള്‍ ദൈവനിശ്ചയത്തെയും വിധിയെയും കുറിച്ചൊക്കെ നേരത്തെ സംസാരിച്ചതാണ്. ഈ രോഗവും എന്നെ സംബന്ധിച്ച ദൈവനിശ്ചയമായിരിക്കും.''

""പക്ഷേ എനിക്കീ ദൈവനിശ്ചയത്തെ അഭിമുഖീകരിക്കാന്‍ വയ്യ. പണവും ആഡംബരവുമൊന്നും എനിക്കു വേണ്ട. മാലിനി എനിക്കൊപ്പമുണ്ടാകണം. അതുമാത്രമാണെന്റെ ആഗ്രഹം. നമുക്കീ സംസാരം ഇവിടെ നിര്‍ത്താം മാലിനീ.'' ജയകുമാര്‍ പറഞ്ഞു. മാലിനിക്കും ആ സംസാരം തുടരാന്‍ താല്‍പര്യമുണ്ടായില്ല. അവള്‍ ചോദിച്ചു.

""എല്ലാ കാര്യങ്ങളും രഘു ഉത്തരവാദിത്വത്തോടെ ചെയ്യുന്നുണ്ടോ?''

""അവന്‍ നമ്മുടെ മോനല്ലേ. മിടുക്കനാണവന്‍. എനിക്കവനെയോര്‍ത്തഭിമാനമുണ്ട്. അവന്‍ എല്ലാം ഉത്തരവാദിത്വത്തോടെ നടത്തുന്നു. മാനേജര്‍മാര്‍ക്കൊക്കെ അവനെ വലിയ താല്‍പര്യമാ. മായയും കമ്പനികാര്യങ്ങളില്‍ അവനെ സഹായിക്കാറുണ്ട്. പിള്ളാര് രണ്ടും കാര്യങ്ങളെല്ലാം, മനസിലാക്കി ചെയ്യുന്നു.''

വര്‍ഷങ്ങള്‍ രണ്ട് കടന്നുപോയി. ഇതിനിടയ്ക്ക് മൂന്ന് ചെക്കപ്പുകള്‍ കഴിഞ്ഞിരുന്നു.

""മാലിനീ നീ സ്വയമൊന്ന് ശരീരത്തെ ശ്രദ്ധിച്ചോണം. എന്തെങ്കിലും അസ്വാഭാവികമായി കണ്ടാല്‍ പ്രത്യേകം പറയണം.''

ജയകുമാര്‍ മാസത്തിലൊരിക്കലെങ്കിലും മാലിനിയെ ഓര്‍മിപ്പിക്കും.

ഒരു ശനിയാഴ്ച ഉച്ചതിരിഞ്ഞ സമയം. മാലിനി ഏതോ പുസ്തകം വായിക്കുകയാണ്. അരുതാത്ത ചിന്തകളെ അകറ്റാന്‍ മാലിനിയിപ്പോള്‍ വായനയില്‍ ശ്രദ്ധിക്കുകയാണ് പതിവ്. പുറത്താരോ വന്നതറിഞ്ഞ് മാലിനി വായന നിര്‍ത്തിയെണീറ്റു.

നോക്കുമ്പോള്‍ മുന്നില്‍ സ്റ്റെല്ല. കോളജ് പഠനകാലത്തെ തന്റെ ആത്മസഖി. ഒരു നിമിഷം രണ്ടുപേരും കണ്‍നിറയെ പരസ്പരം നോക്കി നിന്നു. മാലിനിയുടെ തലയില്‍ മുടി വന്നു തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ.

""ഓ.... എന്റെ സ്റ്റെല്ലാ... നീ വന്നല്ലോ. നിന്നെയൊന്ന് കാണാന്‍ പറ്റിയല്ലോ? എനിക്ക് സന്തോഷമായി. നീ ഇവിടമൊന്നും മറന്നില്ലല്ലോ? എത്രനാളായി നമ്മള്‍ കണ്ടിട്ട്. എനിക്ക് നിന്നോടൊരു നൂറു കൂട്ടം കാര്യങ്ങള്‍ പറയാനുണ്ട്. നിന്റെ മക്കളൊക്കെ എന്തു ചെയ്യുന്നു? നിനക്ക് സന്തോഷമാണോ?''

സ്റ്റെല്ല മാലിനിയുടെ കൈപിടിച്ച് അവള്‍ക്കരികിലിരുന്നു, വിശേഷങ്ങള്‍ പറഞ്ഞു. ""എനിക്ക് രണ്ട് ആണ്‍മക്കളാ... രണ്ടുപേരും ഡിഗ്രിക്ക് പഠിക്കുന്നു. കുടുംബസമേതം ഡല്‍ഹിയിലാണ് താമസം. ഇപ്പോള്‍ അവധിക്ക് വീട്ടില്‍ വന്നപ്പോള്‍ അമ്മച്ചി പറഞ്ഞാണ് മാലിനിയുടെ വിവരമറിഞ്ഞത്. ആരോ പറഞ്ഞാ അമ്മച്ചി വിവരമറിഞ്ഞത് ഞങ്ങള്‍ മൂന്നുനാലുവര്‍ഷം കൂടുമ്പോഴേ നാട്ടിലേക്ക് വരാറുള്ളൂ. വന്നാല്‍ തന്നെ അധികം തങ്ങാന്‍ സമയം കിട്ടാറില്ല.''

""എന്നാലും എനിക്ക് നിന്നെ കാണാന്‍ പറ്റിയല്ലോ. എന്റെ മനസേറെ കൊതിച്ചതാണ് നിന്നെയൊന്ന് കാണണമെന്ന്.'' മാലിനിയുടെ മിഴികള്‍ സ്‌നേഹം കൊണ്ടാര്‍ദ്രമായി.

വിശേഷങ്ങളെല്ലാം പറഞ്ഞ് മാലിനിയുടെ അമ്മയൊരുക്കിയ കപ്പ വേവിച്ചതും മീന്‍കറിയും കഴിച്ചിട്ടാണ് സ്റ്റെല്ല പോയത്.

""നീ സന്തോഷമായിരിക്ക് മാലിനീ. ഞാനിനി കത്തെഴുതിക്കോളാം. നീയും എഴുതണം. എല്ലാ വിവരത്തിനും.''

യാത്ര പറയുമ്പോള്‍ ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞു. മാലിനി ഏറെ നേരം അവള്‍ പോയ വഴിയേ നോക്കി നിന്നു. മുറ്റത്തെ മന്ദാരത്തില്‍ പൂവുകള്‍ വാടിക്കൂമ്പി നിന്നു. പ്രഭാതത്തില്‍ എത്ര പ്രസരിപ്പായിരുന്നു ഈ പൂവുകള്‍ക്ക്. മനുഷ്യന്റെ കാര്യവും ഇങ്ങനെ തന്നെ. മാലിനി മനസിലോര്‍ത്തു.

ദിവസങ്ങളും മാസങ്ങളും പിന്നെയും കടന്നുപോയി. ഒരു വൈകുന്നേരം. വീട്ടില്‍ എല്ലാവര്‍ക്കുമൊപ്പം സംസാരിച്ചിരിക്കുകയായിരുന്നു മാലിനി.

""തല കറങ്ങുന്നതുപോലെ.''

പറയുമ്പോഴേക്കും മാലിനി ബോധരഹിതയായി. ജയകുമാര്‍ ഉടന്‍ തന്നെ വണ്ടിയെടുത്തു മാലിനിയെ ആശുപത്രിയിലെത്തിച്ചു.

എന്താണാവോ സംഭവിക്കാന്‍ പോകുന്നത്, അയാളുടെ മനസ് പിടഞ്ഞു.

രേഗം വീണ്ടും പടര്‍ന്നതായി പരിശോധനയില്‍ കണ്ടെത്തി.

മാലിനിയുടെ നില വീണ്ടും ഗുരുതരമായിരിക്കുന്നു. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. ഡോക്ടര്‍ പറഞ്ഞു. ജയകുമാര്‍ ഒരു നിമിഷം വിദൂരതയിലേക്ക് മിഴികള്‍ നട്ട് നിന്നു, ചലനമറ്റവനെപ്പോലെ. എന്തുചെയ്യണമെന്നയാള്‍ക്കൊരു രൂപവുമില്ലായിരുന്നു.

പിന്നെ മനസിനെ നിയന്ത്രിച്ച് സ്ഥലകാലബോധം വീണ്ടെടുത്തു. അയാള്‍ മാലിനിക്കൊപ്പം ആശുപത്രിയില്‍ തന്നെ ചെലവിട്ടു, രാവും പകലും . വേദനയൊന്നു കുറഞ്ഞ സമയത്ത് മാലിനി ജയകുമാറിനോട് പറഞ്ഞു.

""വൈകാതെ മരണത്തിന് കീഴടങ്ങേണ്ടിവരുമെന്നെനിക്കറിയാം. എന്നെസംബന്ധിച്ചേടത്തോളം ഇത് ദൈവനിശ്ചയമാണ്. നമ്മളെത്ര സ്‌നേഹിച്ചാണ് കല്യാണം കഴിച്ചത്. ഞാനില്ലാതായാല്‍ ജയകുമാറിനത് വല്ലാത്ത വിഷമമാകുമെന്നെനിക്കറിയാം. എന്നാലും എന്നെ സംബന്ധിച്ച ദൈവനിശ്ചയമെല്ലാം പൂര്‍ത്തിയാകുകയാണെന്നെന്റെ മനസ് പറയുന്നു. രഘു, അമ്മ, നാട്ടുകാര്... എല്ലാരും എന്നെ സ്‌നേഹിക്കുന്നുണ്ടെന്നെനിക്കറിയാം. പക്ഷേ സമയമായാല്‍ പോയല്ലേ പറ്റൂ. മാലിനിയുടെ വാക്കുകള്‍ കുഴഞ്ഞുകൊണ്ടേയിരുന്നു.

""മൂവാറ്റുപുഴയിലെ വീട്ടിലെ പറമ്പില്‍ വേണം എന്റെ ശരീരം ദഹിപ്പിക്കാന്‍. എനിക്കിപ്പോള്‍ നല്ല സമാധാനമുണ്ട്. ഞാന്‍ മരിച്ചാലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരണം. കമ്പനിയും സ്കൂളും നോക്കി നടത്തണം. രഘുവിന് എല്ലാ കാര്യങ്ങളിലും സഹായമായി ഒപ്പം നില്‍ക്കണം.'' മാലിനിയുടെ സംസാരം കേട്ട് ജയകുമാറിന് സങ്കടം നിയന്ത്രിക്കാനായില്ല.

മാലിനിയുടെ കൈകളില്‍ അയാള്‍ മുറുകെ പിടിച്ചു. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

""എനിക്കു നീയില്ലാതൊരു ജീവിതമില്ല മാലിനീ.''

അയാള്‍ അവളുടെ തല മെല്ലെ സ്വന്തം മടിയിലേക്കെടുത്തുവെച്ച് മുടിയിഴകളില്‍ തലോടി. മാലിനി ജയകുമാറിന്റെ കൈകളെടുത്തു പിടിച്ചു. കുറച്ചുനേരംആ കൈകളങ്ങനെ കോര്‍ത്തു പിടിച്ച നിലയിലായിരുന്നു.

മെല്ലെ മെല്ലെ മാലിനിയുടെ കൈ അയാളുടെ കരവലയത്തില്‍ നിന്ന് വിട്ടുമാറി താഴേക്ക് വീണ് നിശ്ചലമായി.

അയാള്‍ ഞെട്ടിപ്പിടഞ്ഞ് ആ കൈകളെടുത്ത് വീണ്ടും വീണ്ടും പിടിച്ചുനോക്കി.

ജീവന്റെ അവസാനത്തെ കണികയും അപ്രത്യക്ഷമായിരുന്നു.

""എന്റെ മാലിനീ.....''അയാളൊരു കൊച്ചുകുഞ്ഞിനെപ്പോലെ തേങ്ങി. ഡോക്ടറും നേഴ്‌സുമാരും ഓടിയെത്തി. അവര്‍ ജയകുമാറിനെ താങ്ങി കസേരയിലിരുത്തി.

""എന്റെ ജീവിതത്തിലിനി ഒന്നും പ്രതീക്ഷിക്കാനില്ല. എന്റെയെല്ലാമെല്ലാം എനിക്ക് നഷ്ടമായി.

എനിക്ക് നീയില്ലാതെ പറ്റില്ലല്ലോ മാലിനീ?'' അയാള്‍ പരിസരബോധമില്ലാതെ പറഞ്ഞുകൊണ്ടിരുന്നു.

കരഞ്ഞു കരഞ്ഞു മുഖം ചുവന്നു. സുശീലയും രഘുവും ആശുപത്രിയിലെത്തി. കരച്ചിലിനിടയിലും എല്ലാവരും പരസ്പരം ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. സംസ്കാര ചടങ്ങുകള്‍ക്ക് പ്രവീണ്‍ മുന്‍കൈയെടുത്തു. ശരീരം ജയകുമാറിന്റെ വീട്ടിലേക്ക് കൊണ്ടുപോയി മാലിനിയുടെ ഇഷ്ടപ്രകാരം സംസ്കരിക്കാന്‍ തീരുമാനിച്ചു.

""ഒരു മാലാഖയെ നാടിന് നഷ്ടമായി. നമുക്ക് ജീവിതവും സന്തോഷവും തന്നെ മാലാഖയെ.''

ഗ്രാമീണര്‍ പരസ്പരം പറഞ്ഞു. ജയകുമാര്‍ ആരോടുംഒന്നും സംസാരിച്ചില്ല. ശവസംസ്കാരകര്‍മങ്ങള്‍ക്കായി പന്തലൊരുങ്ങി. മുറ്റത്തെ മാവ് വെട്ടി ചിതയൊരുക്കി.

""ഞങ്ങള്‍ക്ക് അമ്മയെപോലായിരുന്നു മാലിനി. സഹോദരിയുടെയും കൂട്ടുകാരിയുടെയും സ്ഥാനമുണ്ടായിരുന്നു അവള്‍ക്ക് ഞങ്ങളുടെ മനസില്‍. ദേവതയായിരുന്നു അവള്‍. ഞങ്ങളെ എല്ലാരെയും അവര്‍ സ്‌നേഹിച്ചു. ദൈവം അവരെ ഞങ്ങളില്‍ നിന്നെടുത്തു.''ആളുകള്‍ പറഞ്ഞുകൊണ്ടിരുന്നു.

സംസ്കാര ചടങ്ങുകള്‍ക്കിടയില്‍ മഴ തൂകി പ്രകൃതി ദുഃഖം അറിയിച്ചു. ചിതയെരിഞ്ഞു തീര്‍ന്നു ചിതാഭസ്മം ഒരു കുടത്തില്‍ ശേഖരിച്ചു. ജയകുമാര്‍ കുടമെടുത്ത് ബെഡിന്നരികില്‍ വച്ചു. രഘുവും ജാനകിയും മുറിയില്‍ ജയകുമാറിന്നരികില്‍ തന്നെ നിന്നു.

""എന്നെ ഒറ്റയ്ക്കാക്കിയിട്ട് അവള്‍ക്കെങ്ങനെ പോകാന്‍ തോന്നി. അവളില്ലാതൊരു ജീവിതം എനിക്ക് ചിന്തിക്കാനേ പറ്റില്ല. എനിക്കുപദേശങ്ങളും സ്‌നേഹവും സഹായവുമായി അവളെനിക്കൊപ്പമുണ്ടായിരുന്നു ഇത്രകാലവും. അവളില്ലാതെ ഞാനിനിയെന്തു ചെയ്യും.''

ജയകുമാര്‍ എന്തൊക്കെയോ മനസ് നൊന്ത് പറഞ്ഞു കൊണ്ടിരുന്നു. രാത്രി ഉറങ്ങിയതേയില്ല. രാവിലെ അയാളെഴുന്നേറ്റ് കുടത്തില്‍ തൊട്ടുകൊണ്ടുപറഞ്ഞു.

""നീയെനിക്ക് ജീവിതമെന്തെന്ന് കാണിച്ചുതന്നു. സന്തോഷവും സമാധാനവും നീ തന്നു. ഇപ്പോള്‍ നീയെന്നില്‍ ദുഖം നിറച്ച് കടന്നുപോയി. ഞാനിനിയെന്തു ചെയ്യും. എനിക്കിനി സന്തോഷവും സമാധാനവും ഒരിടത്തു നിന്നും കിട്ടില്ല. ഞാനാകെ നിരാശയിലാണ്. എനിക്കിനിയൊന്നും വേണ്ട. നിനക്കൊപ്പമായിരുന്നാല്‍ മതിയെനിക്ക്.''അയാള്‍ വിലപിച്ചുകൊണ്ടിരുന്നു.

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക