Image

ഫോമായുടെ 2018-20 കാലഘട്ടം ജീവകാരുണ്യ പ്രവര്‍ത്തനത്തിനും അവകാശങ്ങള്‍ നേടിയെടുക്കാനും: ഫിലിപ്പ് ചാമത്തില്‍

Published on 29 June, 2017
ഫോമായുടെ 2018-20 കാലഘട്ടം ജീവകാരുണ്യ പ്രവര്‍ത്തനത്തിനും അവകാശങ്ങള്‍ നേടിയെടുക്കാനും: ഫിലിപ്പ് ചാമത്തില്‍
ഫോമായുടെ 2018 -20 കാലഘട്ടം ചാരിറ്റിക്കും രാഷ്ട്രീയ പ്രവേശത്തിനും പ്രവാസി പ്രൊട്ടക്ഷന്‍ റൈറ്റ്‌സ് നേടിയെടുക്കുന്നതിനും പ്രാധാന്യം നല്‍കുമെന്നു ഡാലസില്‍ നിന്ന് ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഫിലിപ്പ് ചാമത്തില്‍ (രാജു) Eമലയാളിയോട് പറഞ്ഞു .

ഫോമയുടെ കണ്‍വന്‍ഷന്‍ ഇനി നടക്കേണ്ടത് ഡാളസിലാണ്. ഫോമയുടെ പ്രവര്‍ത്തനം ടെകസാസിലേക്കും വ്യാപിക്കേണ്ടതുണ്ട്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ കുടിയേറുന്ന ഒരു പ്രദേശം ടെകസാസിലെ ഡാളസ് ആണ്. അതു കൊണ്ട് തന്നെ അമേരിക്കന്‍ മലയാളികള്‍ക്ക് സംഘടനയില്‍ കൂടുതല്‍ വിശ്വാസ്യത നേടിയെടുക്കാന്‍ ഈ നേതൃത്വ മാറ്റത്തിന് കഴിയും എന്ന് വിശ്വസിക്കുന്ന മലയാളി സമൂഹം ഇവിടെ ഉണ്ട്.

ഡാലസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഫോമയുടെ 2020ലെ രാജ്യാന്തര കണ്‍വന്‍ഷന്‍ ഡാലസില്‍ വച്ചു നടത്തുവാനുള്ള പ്രാരംഭ ചര്‍ച്ചകള്‍ പൂര്‍ത്തികരിച്ചതായി അസോസിയേഷന്‍ പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

ഉടന്‍ തന്നെ ടെക്‌സസ്, ഒക്‌ലഹോമ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന സൗത്ത് വെസ്റ്റ് പ്രോവിന്‍സിലെ മലയാളികളായ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ വിളിച്ചു ചേര്‍ത്തു ഒരു യോഗം വിളിക്കും .അതിനു ശേഷം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ അഭിമാനം നല്‍കുന്നുണ്ട്. പ്രത്യേകിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഫോമാ കാണിക്കുന്ന താല്പര്യം, അത് കൃത്യമായ കൈകളില്‍ എത്തിക്കുവാനുള്ള പരിശ്രമം .

ഇതില്‍ ഏറ്റവും എടുത്തു പറയേണ്ടത് ഫോമാ തിരുവനതപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിന ്കഴിഞ്ഞ വര്‍ഷം നല്‍കിയ വലിയ സഹായം ആണ്. അത് ഒരു മലയാളിക്കും മറക്കാന്‍ കഴിയാത്ത ഒന്നാണ്. അതുപോലെ കേരളത്തിലെ ജനങ്ങളുടെയും സംഘടനാ പ്രവര്‍ത്തകരുടെയും മനസില്‍ പച്ചപിടിച്ചു നില്‍ക്കുന്ന ചാരിറ്റി പദ്ധതികള്‍ ഫോമയ്ക്കു ഉണ്ടാകണം .

അതിനായി ഇപ്പോള്‍ മുതല്‍ പ്രാരംഭ പ്രവര്‍ത്തങ്ങള്‍ തുടങ്ങണം .സഹായം വേണ്ടവരെ കണ്ടെത്തി നല്‍കുക എന്നത് ചെറിയ കാര്യം അല്ല .അതിനായുള്ള ശ്രമങ്ങള്‍ തുടങ്ങുവാന്‍ വിവിധ അസോസിയേഷനുകളുടെ സഹായം വേണം.

ഫോമയുടെ കാന്‍സര്‍ പ്രോജക്ട് പോലെ വിപുലമായ ഒരു പ്രോജക്ട് മനസില്‍ ഉണ്ട് . അത് അധികാരത്തില്‍ വരുന്നു എങ്കില്‍ എല്ലാവരുടെയും സഹായത്തോടെ നടപ്പിലാക്കുവാനും കൂടുതല്‍ ആളുകളെ ഫോമയിലേക്കു ആകര്‍ഷിക്കുവാനും സാധിക്കും.

പലപ്പോളും അമേരിക്കന്‍ മലയാളി സംഘടനാ നേതൃത്വം അഭിമുഖീകരിക്കുന്ന ഒരു പ്രധാന വിഷയമാണ് അമേരിക്കന്‍ രാഷ്ട്രീയ മേഖലയില്‍ മലയാളികളുടെ സാന്നിധ്യം. അതിനു തുടക്കം കുറിക്കുവാന്‍ സമയബന്ധിതമായി പദ്ധതികള്‍ ഉണ്ടാകണം. അസോസിയേഷനുകളുടെ യുണിറ്റ് തല പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യത്തില്‍ സജീവമാക്കണം .

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം രാഷ്ട്രീയ പ്രവേശനം എന്നത് ഒരു തുടര്‍ പദ്ധതിയാണ് .മലയാളി സമൂഹത്തില്‍ നിന്നും അമേരിക്കന്‍ രാഷ്ട്രീയ രംഗത്തേക്ക് വരുമ്പോള്‍ മലയാളി എന്ന പരിഗണന വേണം ആദ്യം നല്‍കുവാന്‍, അവിടെ അമേരിക്കന്‍ മലയാളികളെ ഒരു കൊടിയുടെ താഴെ നിര്‍ത്തുവാന്‍ നമുക്ക് സാധിക്കണം. അതിനായി മലയാളി കമ്മ്യുണിറ്റി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു .

ഇക്കാര്യങ്ങളില്‍ ഫോമയ്ക്കു നിരവധി കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കുമെന്നാണ് എന്റെ വിശ്വാസം. ഫോമയിലെ എല്ലാ അംഗ സംഘടനകളുടെയും നോര്‍ത്ത് അമേരിക്കയിലെ മുഴുവന്‍ മലയാളികളുടെയും സമ്പൂര്‍ണ്ണ സഹകരണം ആണ് ലക്ഷ്യം.

അമേരിക്കയിലെ അവസരങ്ങള്‍ കണ്ടെത്തി സത്യസന്ധമായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അര്‍ഹരായവരിലെത്തിക്കുന്ന ഒരു മാതൃകാ സാമൂഹിക പ്രവര്‍ത്തന പ്രസ്ഥാനമായി ഫോമയെ മാറ്റുക എന്നതാണ് ലക്ഷ്യം.

അതുപോലെ തന്നെ പ്രവാസികളുടെ നാട്ടിലെ സ്വത്തു സംരക്ഷണവുമായി ബന്ധപ്പെട്ടു ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ഇനിയും കേരളാ ഗവണ്മെന്റിന്റെ സഹായം കൂടിയേ തീരു. കേന്ദ്ര പ്രവാസി ട്രിബ്യുണല്‍ പോലെ ഒരു ട്രിബ്യുണലിനു കേരളവും മുന്നിട്ടിറങ്ങണം.

കേരളത്തിലെ മികച്ച ന്യായാധിപന്മാരുടെ സഹായം ഇക്കാര്യത്തില്‍ ഉണ്ടാകണം. ഫോമാ പൊളിറ്റിക്കല്‍ ഫോറം ഇക്കാര്യത്തില്‍ വലിയ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ച് കഴിഞ്ഞിട്ടുണ്ട്. അതിനു വരാന്‍ പോകുന്ന കമ്മിറ്റിയും എല്ലാ പിന്തുണയും നല്‍കും. പ്രവാസികളുടെ നാട്ടിലെ സ്വത്തു വകകള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതകള്‍ അത് നഷ്ടപ്പെടുന്നവര്‍ക്കേ മനസിലാകൂ.

നാട്ടില്‍ വസ്തു വാങ്ങിയിട്ട ശേഷം പിന്നീട് അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന നിരവധി കേസുകള്‍ ഉണ്ട്. എറണാകുളത്തു വര്ഷങ്ങള്ക്കു മുന്‍പ് അല്പം ഭൂമി വാങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു ചെന്ന് നോക്കിയപ്പോള്‍ വഴി കെട്ടിയടച്ച സംഭവം രാജു ചാമത്തില്‍ പങ്കുവച്ചു . ഇത് ഒരാളുടെ പ്രശ്‌നമല്ല. അമേരിക്കന്‍ മലയാളികളില്‍ ഭൂരിഭാഗം ആളുകളും അനുഭവിക്കുന്നതാണ് .ഇക്കാര്യത്തില്‍ കേരളാ ഗവണ്‍മെന്റില്‍ നിന്നും വ്യക്തത ഉണ്ടായേ പറ്റു.

ഫോമായുടെ 2018 -20 കാലഘട്ടം അമേരിക്കന്‍ സംഘടനാ ചരിത്രത്തിലെ തന്നെ മികച്ച ഒരു കാലഘട്ടമായി മാറ്റുവാന്‍ എല്ലാ അംഗ സംഘടനകളും ശ്രമിക്കണം .അതിനായി അമേരിക്കന്‍ മലയാളികള്‍ക്കൊപ്പവും അവരുടെ ജീവല്‍ പ്രശനങ്ങളിലും ഒപ്പം നില്‍ക്കുക എന്ന ദൗത്യം കൂടി ഉണ്ട് .അത് ഒരു ഭാരിച്ച ഉത്തരവാദിത്വം ആണ് എന്ന ഉത്തമ ബോധ്യവും ഉണ്ട്.

അതിനായി ഒരു ടീമിനെ തന്നെ റെഡിയാക്കി എടുക്കുവാനാണ് പദ്ധതി. കൂടുതല്‍ ചെറുപ്പക്കാരെ ഫോമയിലേക്കു ആകര്‍ഷിക്കുവാനുള്ള ഒരു പ്രവര്‍ത്തനത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തിപരമായി ഇതിനോടകം തുടക്കം കുറിച്ചിട്ടുണ്ട് . ഒരു നല്ല സംരംഭമായി അത് ഉടനെ അമേരിക്കന്‍ മലയാളികള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു .
ഫോമായുടെ 2018-20 കാലഘട്ടം ജീവകാരുണ്യ പ്രവര്‍ത്തനത്തിനും അവകാശങ്ങള്‍ നേടിയെടുക്കാനും: ഫിലിപ്പ് ചാമത്തില്‍
Join WhatsApp News
observer 2017-06-29 08:29:15
ഇതാരാ പുതിയ ഒരാൾ? കേട്ടിട്ടില്ലല്ലോ?
Watcher 2017-06-29 09:13:29
കാണാൻ പോകുന്ന പൂരം പറഞ്ഞു കേൾപ്പിക്കണോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക