Image

സ്വാഭാവിക കള്ളില്‍ ഡയസ്പാമും ഫിനോബാര്‍ബിറ്റോണും (അധ്യായം 20: ഫ്രാന്‍സിസ് തടത്തില്‍)

Published on 29 June, 2017
സ്വാഭാവിക കള്ളില്‍ ഡയസ്പാമും ഫിനോബാര്‍ബിറ്റോണും (അധ്യായം 20: ഫ്രാന്‍സിസ് തടത്തില്‍)

ഇരിങ്ങാലക്കുട വ്യാജക്കള്ള് നിര്‍മാണ കേന്ദ്രത്തില്‍ നിന്നു ശേഖരിച്ച വ്യാജക്കള്ളിന്റെ സാമ്പിളും ഫിനോബാര്‍ബിറ്റോണ്‍, ഡയസ്പാം മിശ്രിതങ്ങളുടെ സാമ്പിളും ബാംഗ്ലൂരിലെ നാഷണല്‍ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്കയച്ചിരിക്കുന്നു ...ഈ വിവരമറിഞ്ഞ പ്രതികൾ ഞെട്ടി...പരിശോധനാ ഫലം ഔദ്യോഗികമായി പുറത്തറിയും മുമ്പേ വിവരമറിഞ്ഞ സംഘം റിപ്പോര്‍ട്ട്  തിരുത്താന്‍ ശ്രമിച്ചു . 
കൂടാതെ മറ്റൊരു സ്വകാര്യ ലാബില്‍ ഇവര്‍ നാച്വറല്‍ കള്ളിന്റെ സാമ്പിളും പരിശോധനയ്ക്കയച്ചു . ഇരിങ്ങാലക്കുടയിലെ വ്യാജക്കള്ളില്‍ 12 മുതല്‍ 16 വരെ ശതമാനം ഡയസിപാമും 10 മുതല്‍ 12 ശതമാനം വരെ ഫിനോബാര്‍ബിറ്റോണും അടങ്ങിയിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ . ഇവ രണ്ടും ആറു ശതമാനം വീതം കുറച്ച് ഡയസീപാം 6 ആക്കാനും ഫിനോബാര്‍ബിറ്റോണ്‍ 4 മുതല്‍ 6 വരെ ശതമാനമാക്കി മാറ്റാനുമാണ് ഇവര്‍ ശ്രമിച്ചത് . 

കൂടാതെ ബാംഗ്ലൂരില്‍ തന്നെയുള്ള ഒരു സ്വകാര്യ ലാബില്‍ അവര്‍ മറ്റൊരു പരിശോധനയും നടത്തി . ഇതേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു .  ലാബ് റിപ്പോര്‍ട്ട് തിരുത്തിയപ്പോഴുള്ള നമ്പര്‍ പ്രകാരം അശോകന് ജാമ്യം ലഭിക്കുമെന്നുറപ്പായി . കാരണം സ്വാഭാവിക കള്ളില്‍ 6.8 ശതമാനം ഡയസിപാമും 4.6 ശതമാനം വരെ ഫിനോബാര്‍ബിറ്റോണും അടങ്ങിയിരിക്കുന്നുവെന്ന് ലാബില്‍ ശാസ്ത്രീയമായി തെളിയിച്ചു . ഡല്‍ഹിയില്‍ നിന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്റെ നിയമോപദേശമനുസരിച്ച് ഈ റിപ്പോര്‍ട്ടില്‍ അശോകനു ജാമ്യം ഉറപ്പ് . അശോകനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയ പോലീസിനെ വെട്ടിച്ച് കോടതിയില്‍ ഹാജരാക്കാന്‍ ലഭിച്ച നിയമോപദേശത്തെ തുടര്‍ന്ന്അതിരാവിലെ കോടതി നടപടികള്‍ തുടങ്ങും മുമ്പ് രണ്ടു മൂന്നു ടാറ്റാ സുമോകളുടെ അകമ്പടിയോടെ അശോകന്‍ കോടതി മുറ്റത്തെത്തി .ഇതിനകം അശോകന്‍ കീഴടങ്ങുമെന്ന വാര്‍ത്ത പുറത്തായതിനെ തുടര്‍ന്ന് കോടതി പരിസരം മുഴുവന്‍ പോലീസ് വലയത്തിലായി കോടതി വരാന്തയിലും ചുറ്റിലും പത്ര ഫോട്ടോഗ്രാഫര്‍മാര്‍ തലങ്ങും വിലങ്ങും വന്നു . അപ്പോഴതാ ഒരലര്‍ച്ച

പിടിക്കെടാ ...അശോകന്‍ ദേ വരുന്നു ..
ഒരു പോലീസുകാരന്‍ അലറി വിളിച്ചു . കട്ടിമീശ ഉണ്ടായിരുന്ന അശോകന്‍ ക്ലീന്‍ ഷേവ് ചെയ്തതിനാല്‍ പെട്ടെന്നാരും തിരിച്ചറിഞ്ഞില്ല . അപ്പോഴേയ്ക്കും അശോകന്‍ കോടതി മുറിയുടെ വരാന്തയില്‍ നിന്നും വാതില്‍ വരെ എത്തിയിരുന്നു . പോലീസുകാരന്റെ അലര്‍ച്ച കേട്ട അശോകന്റെ അഭിഭാഷകന്‍ അയാളെ പിടിച്ചൊരുന്ത് ...പകച്ചു പോയ അശോകനു കാര്യം പിടികിട്ടിയില്ല . വേച്ചു വീഴാന്‍ തുടങ്ങിയ അശോകനെ വക്കീല്‍ തന്നെ പിടിച്ചെഴുന്നേല്‍പിച്ചിട്ടു പറഞ്ഞു ...ഇനി പേടിക്കാനില്ല . കോടതി മുറി വാതിലിനു പുറത്ത് പോലീസുകാര്‍ നിരാശരായി നിന്നു . കോടതി മുറിയില്‍ വച്ചു പ്രതികളെ അറസ്റ്റു ചെയ്യാന്‍ പാടില്ലെന്നാണ് നിയമം . ഇതിനിടെ ഷൈജനും സംഘവും ഞങ്ങളുടെ അടുത്തു വന്ന് കുറേ പരിഹസിച്ചു ....അശോകേട്ടനെ അറസ്റ്റു ചെയ്യണമെന്നല്ലേ നിങ്ങളുടെ ആഗ്രഹം ...അതേതായാലും സ്വപ്നം കണ്ടാല്‍ മതി .

പത്തുമണിയായി . കോടതി നടപടികള്‍ തുടങ്ങി . അശോകന്റെ വക്കീല്‍ വാദം തുടങ്ങി . സ്വാഭാവിക കള്ളില്‍ ഡയസിപാമും ഫിനോബാര്‍ബിറ്റോണും അടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയായിരുന്നു വാദം . ഈ കെമിക്കലുകളുടെ പ്രവര്‍ത്തനം മൂലമാണ് കള്ളുകുടിക്കുന്നവര്‍ പൂസാകുന്നതെന്നു പറഞ്ഞു പ്രതിഭാഗം വക്കീല്‍ , ലാബ് റിപ്പോര്‍ട്ട് വരുമ്പോള്‍ എല്ലാം ബോധ്യമാകുമെന്നും വിശദീകരിച്ചു . ഇതിനു പുറമേ മുലപ്പാലിലും ഇവ രണ്ടും അടങ്ങിയിരിക്കുന്നുവെന്നും അതിനാലാണ് കുഞ്ഞുങ്ങള്‍ മുലപ്പാല്‍ കുടിച്ച് ഉറങ്ങുന്നതെന്നും അതിനു തെളിവായി മുലപ്പാലില്‍ ഇവ അടങ്ങിയതിന്റെ ലാബ് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു . 

എന്നാല്‍ പ്രോസിക്യൂഷന്റെ വാദം മറ്റൊന്നായിരുന്നു . സ്വാഭാവിക കള്ളില്‍ ഈ രണ്ടു രാസപദാര്‍ഥങ്ങളും അടങ്ങിയിട്ടുണ്ട് എന്നതു സത്യം തന്നെയാണ് .എന്നാല്‍ അശോകന്റെ ഗോഡൌണില്‍ നിന്നും പിടിച്ച വ്യാജക്കള്ളിന്റെ സാമ്പിള്‍ പരിശോധനയില്‍ ക്രമാതീതമായി ഉണ്ടെന്നാണ് റിപ്പോര്‍ട്ട് . ഇത് തെളിയിക്കുന്ന റിപ്പോര്‍ട്ട് ഉടന്‍ തന്നെ ലാബില്‍ നിന്നെത്തുമെന്നറിയിച്ച പ്രോസിക്യൂഷനെ നോക്കി പ്രതിഭാഗം വക്കീല്‍ അര്‍ഥഗര്‍ഭമായി ചിരിച്ചു കൊണ്ട് വരട്ടെ ..എന്നു പറഞ്ഞു . റിപ്പോര്‍ട്ടിന്റെ ഫാക്‌സ് വരുന്നതു നോക്കിയിരുന്ന ഇരു കക്ഷികളുടെയും ആകാംക്ഷയ്ക്കിടയില്‍ കോടതി ഉച്ചയൂണിനു പിരിഞ്ഞു .

ഉച്ച കഴിഞ്ഞ് കോടതി വീണ്ടും കൂടിയപ്പോള്‍ അത്യാഹ്ലാദത്തോടെ ഔദ്യോഗിക റിപ്പോര്‍ട്ട് വരും മുമ്പേ ലാബ് റിപ്പോര്‍ട്ടിന്റെ ഫാക്‌സ് കോപ്പിയുമായി പ്രതിഭാഗം വക്കീല്‍ കോടതിയിലേക്ക് ഓടിയെത്തി . റിപ്പോര്‍ട്ട് വായിച്ച ജഡ്ജി എന്തെങ്കിലും പറയാനുണ്ടോ എന്ന് പ്രോസിക്യൂട്ടറോടു ചോദിച്ചപ്പോള്‍ അദ്ദേഹം ഒരു കുറിപ്പ് ജഡ്ജിക്കു നല്‍കി . കോടതി മുറിയില്‍ ഒരു നിമിഷം സമ്പൂര്‍ണ നിശബ്ദത പടര്‍ന്നു . എല്ലാ കണ്ണുകളും ജഡ്ജിയിലേക്കു തിരിഞ്ഞു . കേസ് നാലുമണിക്കു വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി . പ്രതിഭാഗത്താര്‍ക്കും ഒന്നും മനസിലായില്ല . ഇനിയെന്തു പരിഗണിക്കാന്‍ ...ജാമ്യം നല്‍കുക മാത്രം വഴി ...പക്ഷേ , എന്തായിരിക്കും ആ കുറിപ്പ് ...
സമയം നാലുമണി . ആകാംക്ഷകള്‍ക്ക് അന്ത്യം കുറിച്ച് പ്രോസിക്യൂട്ടര്‍ തന്റെ റൂമില്‍ നിന്ന് ഒരു ഫാക്‌സ് സന്ദേശവുമായി കോടതിമുറിയിലെത്തി . റിപ്പോര്‍ട്ടിന്റെ ഔദ്യോഗിക കോപ്പിയായിരുന്നു പ്രോസിക്യൂട്ടര്‍ സമര്‍പ്പിച്ചത് . ഇതായിരുന്നു റിപ്പോര്‍ട്ടിന്റെ സാരാംശം.

സ്വാഭാവിക കള്ളില്‍ 6.8 ശതമാനം ഡയസിപാമും 4.6 ശതമാനം ഫിനോബാര്‍ബിറ്റോണും ഉണ്ട് . ഇത്രയും വായിച്ചപ്പോള്‍ അശോകനും കൂട്ടരും ആഹ്ലാദ ഭരിതരായി . ജഡ്ജി തുടര്‍ന്നു –
എന്നാല്‍ വി.കെ. അശോകന്‍ എന്ന അബ്കാരി കോണ്‍ട്രാക്റ്ററുടെ കള്ളു ഗോഡൌണില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥരും സംഘവും ശേഖരിച്ച കള്ള് ഹൈദരാബാദിലെ നാഷനല്‍ ഫോറല്‍സിക് ആന്‍ഡ് കെമിക്കല്‍ ലാബില്‍ നടത്തിയ രാസപരിശോധനയില്‍ ഈ കള്ളില്‍ 12-16 ശതമാനത്തോളം ഡയസീപാമും 10-12 ശതമാനം ഫിനോബാര്‍ബിറ്റോണും അടങ്ങിയതായി തെളിഞ്ഞിട്ടുണ്ട് . ഇത് തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ആന്തരികാവയവക്ഷതവും പെട്ടെന്നുള്ള മരണവും വരെ വിളിച്ചു വരുത്തും ..
ഞെട്ടിപ്പോയി അശോകനും വക്കീലും ..

സര്‍ , ഇതെങ്ങനെ ശരിയാകും .. പരിശോധന നടത്തിയത് ബാംഗ്ലൂരിലാണല്ലോ . അഭിഭാഷകന്‍ ചോദിച്ചു . ബാംഗ്ലൂരിലെ ലാബ് പരിശോധനയില്‍ വിശ്വാസമില്ലാത്തതിനാല്‍ ഹൈദരബാദ് ഉള്‍പ്പടെ നാലിടത്ത് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതായി പ്രോസിക്യൂട്ടര്‍ വെളിപ്പെടുത്തി . ഇരിങ്ങാലക്കുട വ്യാജക്കള്ളു ഡിപ്പോയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളാണ് വിവിധ കേന്ദ്രങ്ങളില്‍ പരിശോധനയ്ക്കയച്ചതെന്നും പ്രോസിക്യട്ടര്‍ അറിയിച്ചു . 

ഇതു കേട്ട അശോകനും കൂട്ടര്‍ക്കും ആകാശംകീഴ്‌മേല്‍ മറിഞ്ഞു ...തങ്ങളറിയാതെ ഈ ഭരണചക്രം എങ്ങനെ തിരിഞ്ഞുവെന്നായി അവരുടെ ചിന്ത ...അതാണ് കളക്ടര്‍ ടിക്കാറാം മീണ...പ്രതികളുടെ നീക്കം മുന്‍കൂട്ടി അറിഞ്ഞ് ഒരു മുഴം മുമ്പേ എറിഞ്ഞ് വി.കെ. അശോകന്‍ എന്ന പ്രതിയോഗിയായ ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദ് ...

ഇനി വിധിയെന്തെന്നറിയേണ്ടതുണ്ടോ ..ജാമ്യമില്ലാ വകുപ്പുകളോടെ അശോകന്‍ അകത്ത്. എല്ലാം സുരക്ഷിതമെന്നു കരുതിയ അഭിഭാഷകന് ഇത്ര വലിയൊരു പിഴവു വന്നതില്‍ പരിതപിക്കുകയല്ലാതെ മറ്റു വഴിയില്ലല്ലോ ....ഇതിനിടെ അശോകനെതിരെ കൂടുതല്‍ തെളിവുകളുമായി എസ്പി ബി സന്ധ്യയും രംഗത്തെത്തി. പല തവണ ജാമ്യത്തിനായി ശ്രമിച്ച അശോകനെതിരെ പുതിയ കേസുകളും പുതു പുത്തന്‍ തെളിവുകളുമായി കോടതിയിലെത്തിയ സന്ധ്യ അശോകനു കൂച്ചു വിലങ്ങിട്ടു . കോടിക്കണക്കിനു രൂപയുടെ കിസ്ത് അടയ്ക്കാത്തതിന്മേല്‍ ഖജനാവിനു വരുത്തിയ സാമ്പത്തിക നഷ്ടം അനധികൃത സ്വത്തു സമ്പാദനം ,...ഇതിനിടെ അശോകന്റെ പല ഗോഡൌണുകളില്‍ നിന്ന് ബീവറേജസ് കോര്‍പറേഷന്റെ സ്റ്റിക്കര്‍ ഇല്ലാത്ത വിദേശമദ്യങ്ങളും പിടികൂടി . 

ഈ ഗോഡൌണുകളിലെ ഒരു മുറി തുറന്ന പരിശോധനസംഘം ഞെട്ടി . ബിവറേജസ് കോര്‍പറേഷന്‍ എംഡി യുടെ ഒപ്പ് പ്രിന്റ് ചെയ്ത സ്റ്റിക്കറുകളുടെ വന്‍ ശേഖരം . ബോട്ടിലിംഗ് യൂനിറ്റുകളില്‍ നിന്ന് ബീവറേജസ് കോര്‍പറേഷനുകളിലേക്കു പോകേണ്ട വിദേശ മദ്യ ലോഡ് കടത്തിക്കൊണ്ട് വന്ന് സ്റ്റിക്കര്‍ ഒട്ടിച്ച് സ്വന്തം ബാറുകളിലും വിദേശ മദ്യ ഷോപ്പുകളിലും വിതരണം ചെയ്യുന്നതിനായിരുന്നു ഈ സ്റ്റിക്കര്‍ കടത്തല്‍ . ഇതെങ്ങനെ പ്രിന്റു ചെയ്തുവെന്ന് ഇന്നും തെളിഞ്ഞിട്ടില്ല . ഓര്‍ക്കുക , ബോട്ടിലിംഗ് യൂനിറ്റില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് പ്രൂഫ് ലിറ്ററിന് 200 ശതമാനം കിസ്ത് ഈടാക്കിയ ശേഷമാണ് ബിവറേജസ് കോര്‍പറേഷന്‍ എംഡിയുടെ ഒപ്പ് അടിച്ച സ്റ്റിക്കര്‍ ഒട്ടിക്കുന്നത് . അതായത് , ഒരു ലിറ്റര്‍ ഹണിബീയ്ക്ക് 100 രൂപയാണ് ബോട്ടിലിംഗ് യൂനിറ്റില്‍ വില്‍ക്കുന്നതെങ്കില്‍ അതിന്റെ രണ്ടായിരം ശതമാനം നികുതി ഈടാക്കിയ ശേഷം 300 രൂപയ്ക്കായിരിക്കണം കടകളില്‍ വില്‍ക്കേണ്ടത് . അതായത് സര്‍ക്കാരിന് ഒരു കുപ്പിക്ക് ലഭിക്കേണ്ട 200 രൂപ നേരെ  പോക്കറ്റിലേക്ക് . അങ്ങനെ ഒന്നിനു പുറകേ ഒന്നായി കേസുകളുടെ കൂട്ടപരമ്പര . അതു പിന്നീട് അശോകനെന്ന ധനാഢ്യനും സന്ധ്യ എന്ന ഐപിഎസ് ഉദ്യോഗസ്ഥയും തമ്മിലുള്ള നേര്‍ക്കു നേര്‍ പോരാട്ടമായി .

 ഏതായാലും സമ്പത്തും അധികാരവും തമ്മിലുള്ള പോരാട്ടം ഏതാണ്ട് രണ്ടു മാസത്തോളം അശോകനെ ജയിലഴികളെണ്ണിച്ചു . പിന്നീട് ഹൈക്കോടതിയില്‍ നിന്ന് ഒറ്റ സിറ്റിങിന് നാലും അഞ്ചും ലക്ഷം വാങ്ങുന്ന സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനെത്തിയാണ് അശോകന് ജാമ്യം നേടിക്കൊടുത്തത് .

അധികാരമോ സമ്പത്തോ ...ഏതാണ് ജയിച്ചത് ...ആദ്യ വിജയം അധികാരത്തിനായിരുന്നുവെങ്കില്‍ അന്തിമ വിജയം സമ്പത്തിനു തന്നെയായിരുന്നു . എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിക്കുന്ന കാലത്തായിരുന്നു ഈ സംഭവം . ടി. ശിവദാസമേനോനായിരുന്നു എക്‌സൈസ് മന്ത്രി . ആദ്യ കാലത്തു മീണയ്‌ക്കൊപ്പം നിന്ന സര്‍ക്കാര്‍ പിന്നീടു നിലപാടു മാറ്റി . എന്തായിരിക്കാം കാരണമെന്നൂഹിക്കാമല്ലോ ....മാസപ്പടി ....അതു തന്നെ കാരണം ...അതിലെ ചില പേരുകള്‍ പുറത്തു വന്നാല്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും സല്‍പ്പേരിനു കളങ്കം ചാര്‍ത്തും . 

 നേരിട്ടാവശ്യപ്പെട്ടിട്ടും മീണ ഡയറിയില്‍ പേരു വെട്ടിക്കളയാനോ പേജു കീറിക്കളയാനോ തയാറായില്ല . തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ തെറിച്ചു പോകട്ടെ എന്ന നിലപാടില്‍ നിന്ന മീണ ഉടന്‍ തന്നെ തെറിച്ചു . തൃശൂര്‍ ജില്ലയില്‍ തന്നെ സ്വതന്ത്രാധികാരമുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അഡ്മിനിസ്‌ട്രേഷന്‍ (കില ) ഡയറക്ടറായിട്ടായിരുന്നു നിയമനം . പകരം ജില്ലാ കളക്ടറായി എത്തിയതാകട്ടെ കില ഡയറക്ടറായിരുന്ന രാജു നാരായണ സ്വാമി. കാതു കുത്തിയവന്‍ പോയപ്പോള്‍ കടുക്കനിട്ടവന്‍ വന്നു ....അത്ര തന്നെ .. 

കാലങ്ങള്‍ കഴിഞ്ഞു . കേസുകള്‍ ഓരോന്നായി തീര്‍ന്നു . അശോകന്‍ അബ്കാരി ജീവിതത്തില്‍ വീണ്ടും അടി വെച്ചു കയറി . ഇതിനിടെ ആന്റണി സര്‍ക്കാര്‍ വന്നപ്പോള്‍ സ്വകാര്യ മേഖലയില്‍ മദ്യ നിരോധനമേര്‍പ്പെടുത്തിയത് അശോകനെ ഉലച്ചു . എന്നാല്‍ കള്ളിലും ബാര്‍ ഹോട്ടല്‍ ശൃംഖലകളിലും പിടിച്ചു നിന്ന അശോകന്‍ തളര്‍ന്നില്ല . സന്ധ്യ സ്ഥാനക്കയറ്റം കിട്ടി ഐജിയായി സ്ഥലം മാറിപ്പോയി . വര്‍ഷങ്ങള്‍ക്കു ശേഷം അശോകന്റെ കേസുകള്‍ ഒന്നൊന്നായി തീര്‍ന്നു . വേണ്ടത്ര തെളിവുകളില്ല എന്ന കാരണത്താല്‍ എല്ലാ കേസുകളും തള്ളിപ്പോയി . ഇപ്പോള്‍ അശോകന്‍ പൂര്‍ണമായും സ്വതന്ത്രന്‍. നിരവധി ബാറുകളുടെ , അല്ല ബിയര്‍ പാര്‍ലര്‍ ശൃംഖലകളുടെ ഉടമ .

അന്തിമ വിജയം ആര്‍ക്ക് ...അധികാരത്തിനോ സമ്പത്തിനോ ...ഇതാണ് നമ്മുടെ ജനാധിപത്യം എന്ന സത്യം .  വ്യാജക്കള്ളു റെയ്ഡില്‍ പിടിക്കപ്പെട്ട മറ്റൊരു അബ്കാരി കൂടിയുണ്ടായിരുന്നു . കല്ലട ബാറുകളുടെ ഉടമ . അശോകനു ജാമ്യം കിട്ടി . പക്ഷേ കല്ലടയ്ക്കതു കിട്ടിയില്ല . നിരവധി വര്‍ഷത്തെ കിസ്ത് കുടിശിക അടയ്ക്കാന്‍ വിധിക്കപ്പെട്ട ഈ അബ്കാരി കോണ്‍ട്രാക്റ്റര്‍ സാമ്പത്തികമായി തകര്‍ന്നു പോയതായാണ് അറിവ് .

ടിക്കാറാം മീണ എന്ന ജില്ലാ കളക്ടര്‍ വളരെ ജനകീയനായിരുന്നു . അന്യ സംസ്ഥാനക്കാരനായ ഇദ്ദേഹത്തെ തൃശൂര്‍ക്കാര്‍ ഏറെ ആദരിച്ചിരുന്നു . അദ്ദേഹം എപ്പോഴും ജനങ്ങള്‍ക്കൊപ്പമായിരുന്നു . ജനാധിപത്യ വ്യവസ്ഥകളെ അങ്ങേയറ്റം ബഹുമാനിച്ചിരുന്നു . അദ്ദേഹത്തിന്റെ കാലത്താണ് അധികാര വികേന്ദ്രീകരണവും ത്രിതല പഞ്ചായത്ത് സംവിധാനവും ജില്ലയില്‍ നടപ്പിലാക്കിയത് .അധികാര വികേന്ദ്രീകരണ സംവിധാനത്തില്‍ പ്രോട്ടോക്കോള്‍ പ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആണ് ജില്ലാ കളക്ടര്‍ക്കു മുമ്പില്‍ . 

എന്നാല്‍ എക്‌സിക്യൂട്ടീവ് അധികാരം ജില്ലാ കളക്ടര്‍ക്കു തന്നെ . പലയിടത്തും ഉദ്യോഗസ്ഥര്‍ക്കിടയില്‍ മുറുമുറുപ്പുകളും പല്ലിറുമ്മലുകളും ഉണ്ടായെങ്കിലും ഉത്തരേന്ത്യക്കാരനായ ഈ സിവില്‍ സര്‍വീസ് ഓഫീസര്‍ അന്നത്തെജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിശാലാക്ഷി ടീച്ചര്‍ക്ക് ബഹുമാനത്തോടെ അധ്യക്ഷ പദവികള്‍ ഒഴിഞ്ഞു നല്‍കിയിരുന്നു .
നേരത്തെ സൂചിപ്പിച്ച പോലെ മീണ പോയപ്പോള്‍ സ്വാമി വന്നു . സ്വാമി വന്നപ്പോള്‍ കോലാഹലം മറ്റൊന്നായിരുന്നു . സ്വാമിയുടെ വിശേഷങ്ങള്‍ അടുത്ത അധ്യായത്തില്‍.

Contact:
fethadathil@gmail.com,fethadathil@yahoo.com
Ph 973-792-8785 (Home)
973-518-3447(Cell)
സ്വാഭാവിക കള്ളില്‍ ഡയസ്പാമും ഫിനോബാര്‍ബിറ്റോണും (അധ്യായം 20: ഫ്രാന്‍സിസ് തടത്തില്‍)സ്വാഭാവിക കള്ളില്‍ ഡയസ്പാമും ഫിനോബാര്‍ബിറ്റോണും (അധ്യായം 20: ഫ്രാന്‍സിസ് തടത്തില്‍)സ്വാഭാവിക കള്ളില്‍ ഡയസ്പാമും ഫിനോബാര്‍ബിറ്റോണും (അധ്യായം 20: ഫ്രാന്‍സിസ് തടത്തില്‍)സ്വാഭാവിക കള്ളില്‍ ഡയസ്പാമും ഫിനോബാര്‍ബിറ്റോണും (അധ്യായം 20: ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക