Image

എന്റെ പുസ്തകം-സണ്ണി മാളിയേക്കല്‍-(1)

Published on 29 June, 2017
എന്റെ പുസ്തകം-സണ്ണി മാളിയേക്കല്‍-(1)
അപ്പൂപ്പന്‍ താടിയും, മയില്‍പ്പീലിയും പാറി നടക്കുന്ന എന്റെ ഗ്രാമം.....! എന്റെ സ്വപ്നങ്ങളും, ചിന്തകളും, സ്‌നേഹവും, ബന്ധങ്ങളും അങ്ങിനെ എനിക്കു പ്രിയപ്പെട്ട എല്ലാം പങ്കുവച്ച എന്റെ നാട്.....!!

ഇനി എനിക്ക് ഓര്‍മ്മ മാത്രം!!!

നെല്‍ക്കതിരുകളും തെങ്ങോലകളും കണികണ്ടുണരാന്‍ ഒരിക്കലും എനിക്കാവില്ലന്നറിയാം. ആ നമിഷങ്ങളെല്ലാം ഓര്‍മ്മയുടെ ചെപ്പിലേക്കു വഴിമാറിപ്പോയി. ശ്രീ സണ്ണി മാളിയേക്കലിന്റെ ആത്മകഥ അടുത്ത ലക്കം മുതല്‍.
എന്റെ പുസ്തകം

അമ്മച്ചിയുടെ മടിയില്‍ കിടന്നു ഞാന്‍ കഥ കേള്‍ക്കും.
എന്റെ പ്രിയ വല്ല്യവല്ല്യമ്മച്ചി.
അമ്മയുടെ അപ്പന്റെ അമ്മ. മൂന്നു തലമുറയുടെ സ്‌നേഹം നുകര്‍ന്ന എന്റെ ബാല്യം. സ്‌നേഹത്തില്‍ പൊതിയുമായിരുന്നു വല്ല്യവല്ല്യമ്മച്ചി.

''നിന്നെ എപ്പോഴും ഒരു മുലപ്പാലിന്റെ മണമാണല്ലോടാ...?''

അപ്പോള്‍ ഞാന്‍ പറയും:-

''വല്ല്യമ്മച്ചിയെ മുറുക്കാന്റെ മണമാണെന്ന്.''

വല്ല്യവല്ല്യമ്മച്ചി നന്നായി മുറുക്കും. ആ മണം ഇപ്പോഴും എന്റെ ശ്വാസത്തിലുണ്ട്. ഇന്ന് ആരെങ്കിലും വെറ്റില മുറുക്കുമ്പോള്‍, അറിയാതെ എന്റെ മനസ്സ് വല്ല്യമ്മച്ചിയിലേക്ക് ഓടിയെത്തും. എനിക്കത്ര ഇഷ്ടമായിരുന്നു. അതിനൊരു കാരണമുണ്ട്. എനിക്കൊന്നു സംസാരിയ്ക്കണമെങ്കില്‍ തല ഉയര്‍ത്തി മുകളിലേക്കു നോക്കേണ്ട ആവശ്യം ഇല്ല. നാലോ അഞ്ചോ വയസ്സു മാത്രം പ്രായമുള്ള എന്റെ പൊക്കം ഊഹിക്കാമല്ലോ? അത്രയും പൊക്കമേ വല്ല്യമ്മച്ചിക്ക് ഉണ്ടായിരുന്നുള്ളൂ. പ്രായാധിക്യം കൊണ്ടു സംഭവിച്ചുപോയൊരു കൂന്.

എന്റെ വിനോദങ്ങള്‍ രണ്ടാണ്. സമയംകിട്ടുമ്പോഴെല്ലാം മുലപ്പാല്‍ കുടിക്കുക. ഏഴുവയസ്സുവരെ മുലപ്പാല്‍ കുടിക്കുമായിരുന്നു. പിന്നെ വല്ല്യമ്മച്ചിയുടെ മടിയില്‍ കിടന്നുള്ള കഥകേള്‍ക്കലും.

സന്ധ്യാപ്രാര്‍ത്ഥനയ്ക്കു ശേഷം തടുക്കുപായും വിരിച്ചിട്ട് വല്ല്യമ്മച്ചിയുടെ മടിയില്‍ കിടന്നു ഞാന്‍ കഥ കേള്‍ക്കും. പേടിപ്പിക്കുന്ന കഥകള്‍ പറയും വല്ല്യവല്ല്യമ്മച്ചി. പകല്‍ സമയങ്ങളില്‍ കുട്ടികള്‍ കാട്ടിക്കൂട്ടുന്ന വികൃതികള്‍ക്ക് അന്ന് പ്രായമായ അമ്മമാര്‍ കൊടുക്കുന്ന ശിക്ഷയാണ് ഉറങ്ങാന്‍ നേരം പേടിപ്പിക്കുന്ന കഥകള്‍ പറഞ്ഞുകേള്‍പ്പിക്കുക എന്നത്. അങ്ങിനെയാണ് ദേ... മാക്കാന്‍ വരണ്, ദേ... കോക്കാന്‍ വരണ് എന്ന പദപ്രയോഗങ്ങള്‍തന്നെ ഞാന്‍ കേട്ടുതുടങ്ങിയത്.

അപ്പോഴേക്കും ചെവികള്‍ പൊത്തി കണ്ണുകള്‍ ഇറുക്കി അടച്ചുകിടക്കും ഞാന്‍. പിന്നെ അറിയാതെ ഉറങ്ങിപ്പോകും.

പിറ്റേ ദിവസം വല്ല്യമ്മച്ചിക്കിട്ട് ഞാനൊരു പണികൊടുക്കും. വലിയ തേങ്ങാക്കുട്ടയുടെ അടിയില്‍ കയറി ഒളിച്ചിരിക്കും. എന്നെ എല്ലായിടത്തും അന്വേഷിക്കും. അവസാനം തേങ്ങാക്കുടയുടെ അടിയില്‍ കയറി ഒളിച്ചിരിക്കുന്ന എന്നെ കണ്ടുപിടിച്ച് നല്ല തല്ലുതരും. എന്നെ തല്ലാനുള്ള അധികാരം വല്ല്യമ്മച്ചി തീറെഴുതി വാങ്ങിയിരുന്നു. പലപ്പോഴും ഓരോന്നു പറഞ്ഞ് ചേച്ചിമാര്‍ എന്നെ പ്രകോപിപ്പിക്കുമ്പോള്‍ ഞാന്‍ നല്ല തല്ലുകൊടുക്കും. അച്ചാച്ചന്‍ ഈര്‍ക്കിലിയുമായി വന്ന് എന്നെ അടിക്കും. ആ സന്ദര്‍ഭങ്ങളില്‍ വല്ല്യവല്ല്യമ്മച്ചി രക്ഷയ്ക്കായി ഓടിയെത്തും. എന്നിട്ടു പറയും:-

''പെമ്പിള്ളേര് കെടന്നു തുള്ളിതുള്ളി എന്റെ മോനെ തല്ലുകൊള്ളിച്ചിട്ടു കിടന്നു ചിരിക്കണതു കണ്ടോ?''

എനിക്കു ചെറിയൊരു അസുഖം വന്നാല്‍പ്പോലും വല്ല്യവല്ല്യമ്മച്ചിയുടെ ആധിയും, പ്രയാസവും ഇന്നും ഞാനോര്‍ക്കുന്നു. പകല്‍ മുഴുവന്‍ വല്ല്യവല്ല്യമ്മച്ചി ചിന്തയിലായിരിക്കും. രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്നോടു പറയേണ്ട പേടിപ്പിക്കുന്ന കഥകളെക്കുറിച്ചുള്ള ചിന്ത.

ചിലപ്പോള്‍ പണിക്കാരന്‍ അയ്യപ്പന്റെ കഥ പറയും. ഞാന്‍ ഇന്നും ഓര്‍ക്കുന്നു അയ്യപ്പനെ. തെക്കേപറമ്പിന്റെ മൂലയ്ക്ക് ഒരു പന നില്പുണ്ട്. പറമ്പുകിളയ്ക്കുമ്പോള്‍ അവിടം മാത്രം ഒഴിച്ചിടും. വീട്ടില്‍ എല്ലാവരും പറഞ്ഞു ഇത്തവണ പറമ്പു കിളയ്ക്കുമ്പോള്‍ അവിടം കൂടിയൊന്നു കിളയ്ക്കണമെന്ന്. അയ്യപ്പന്‍ കിളച്ചുകൊണ്ടിരുന്നപ്പോള്‍ അയല്‍വക്കത്തുള്ള പലരും തടസ്സം പറഞ്ഞു അയ്യപ്പന്‍ കേട്ടില്ല. പണി കഴിഞ്ഞ് പുഴയില്‍ കുളിക്കാന്‍പോയ അയ്യപ്പന്‍ പുഴയിലെ കല്‍ക്കെട്ടില്‍ വീണു. കണ്ടു നിന്നവര്‍ ഓടിച്ചെന്നു അയ്യപ്പനെ പൊക്കിയെടുത്തു. അപ്പോള്‍ ദേഹത്തു മുഴുവന്‍ നെല്ലിക്കാമുഴുപ്പുള്ള കുരുക്കള്‍. ഈ കഥ പൊടിപ്പും തൊങ്ങലും ഒക്കെ ചേര്‍ത്ത് വല്ല്യമ്മച്ചി പറഞ്ഞു തുടങ്ങുന്നത് ഇങ്ങനെയാണ്.

പണി കഴിഞ്ഞ അയ്യപ്പന്‍ ഷാപ്പില്‍ കയറി കള്ളും മോന്തി ഒരു ചൂട്ടു കത്തിച്ചു പിടിച്ച് വീട്ടിലേക്കു പോകുകയായിരുന്നു. (വഴിവിളക്ക് ഇല്ലാത്ത കാലമായതിനാല്‍ അക്കാലത്ത് രാത്രികാലങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ സാധാരണ തെങ്ങിന്റെ ഉണങ്ങിയ ഓല കൂട്ടിക്കെട്ടി അതു കത്തിച്ചുകൊണ്ടു നടക്കുമായിരുന്നു. ഇന്നത്തെ കുട്ടികള്‍ക്ക് ഒരുപക്ഷേ ഇത് അറിയാന്‍ സാദ്ധ്യതയില്ല.) വീട്ടില്‍ച്ചെന്ന അയ്യപ്പന്‍ ചൂട്ടുകെട്ട് കുത്തിക്കെടുത്തിയപ്പോള്‍, നാലു കണ്ണും, നാലു കൈകളും ഉള്ള ഒരു രൂപം തൊട്ടു മുന്‍പില്‍. ഇങ്ങനെ പറഞ്ഞു തുടങ്ങിയാല്‍ ഏതു കുട്ടിയാ പേടിക്കാത്തത്.

ആലുവ തോട്ടയ്ക്കാട്ടുകരയിലാണു ഞങ്ങളുടെ വീട്. അതിനോട് അടുത്തുതന്നെയാണ് അമ്മവീടും. ചേട്ടന്റേയും, ചേച്ചിമാരുടേയും തണലില്‍ എന്റെ കുട്ടിക്കാലം വളരെ രസകരമായിരുന്നു. വേനല്‍ അവധി ആകുമ്പോള്‍ ഞങ്ങളെല്ലാം അമ്മവീട്ടില്‍ ഒത്തുകൂടും. പിന്നെ ഒന്നര മാസത്തെ ആഘോഷപരിപാടിയുടെ കൊടിയേറ്റം.

ആത്മകഥയുടെ രചന തുടങ്ങിയപ്പോഴാണ് മനസ്സ് ആ പഴയ കാലത്തേക്കു ഊളിയിട്ടു പോയത്. ബന്ധുവീടുകളില്‍ നിന്നുള്ള സമപ്രായക്കാരായ മറ്റു കുട്ടികളും ഉണ്ടാകും. അതില്‍ ശാന്തക്കുട്ടിയോടാണ് എനിക്കേറെ ഇഷ്ടം. കാരണം കട്ടിയുള്ള പേപ്പര്‍ കൊണ്ട് ശാന്തക്കുട്ടി വളരെ മനോഹരമായി കടലാസു തോണിയുണ്ടാക്കും. മുറ്റത്തെ ചക്കരമാവിന്റെ കൊമ്പത്തുകെട്ടിയ ഊഞ്ഞാലില്‍ ഓരോരുത്തരായി ആട്ടം തുടങ്ങുമ്പോഴാണ് തെല്ലുമാറിയിരുന്ന് ശാന്തക്കുട്ടി തോണിയുടെ നിര്‍മ്മാണം തുടങ്ങുന്നത്. ഊഞ്ഞാലാട്ടമായിരിക്കും എല്ലാ ദിവസത്തേയും അവസാന ഇനം. പിന്നെ ഞങ്ങളെല്ലാവരും ശാന്തക്കുട്ടി ഉണ്ടാക്കിയ തോണിയും കൊണ്ട് തെക്കേ പറമ്പിലെ കുളിക്കടവിലേക്കു പോകും. കുഞ്ഞോളങ്ങള്‍ വന്നു മുത്തമിടുന്ന കുളക്കടവിലെ കല്‍വരമ്പത്ത് ഞങ്ങളിരിക്കും. നീറ്റിലിറക്കുന്ന തോണിയില്‍ വയ്ക്കാനായി സൗരഭ്യമുള്ള ചെറുപൂക്കളുമായി അപ്പോഴേയ്ക്കും കുഞ്ഞാറ്റയും എത്തും. ഞങ്ങളുടെ ഒരു അകന്ന ബന്ധുവിന്റെ മകള്‍ കുഞ്ഞാറ്റ.

ഇന്ന് കുഞ്ഞാറ്റയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അറിയാതെ മനസ്സ് തേങ്ങിപ്പോകുന്നു. തിമിര്‍ത്തുപെയ്യുന്ന ഒരു മഴയത്ത് ഒറ്റയ്ക്ക് അവള്‍ ഉണ്ടാക്കിയ കടലാസുതോണി കുളത്തിലൂടെ ഒഴുക്കാന്‍ പോയതാണ്, ആരും കാണാതെ. വൈകുന്നേരം നാലുമണി. നാലുമണിയ്ക്ക് ഒരു പ്രത്യേകതയുണ്ട്. അമ്മണിക്കുഞ്ഞമ്മ ഓട്ടുപാത്രത്തില്‍ കോലുകൊണ്ട് അടിച്ചു ശബ്ദമുണ്ടാക്കും. പിന്നെ ഞങ്ങളെല്ലാം ഊണു മുറിയിലേക്കുള്ള ഓട്ടമായിരിക്കും. കുഞ്ഞമ്മ ഉണ്ടാക്കിയ പായസം കഴിക്കാന്‍. എല്ലാവരും ഓടിയെത്തി. പക്ഷേ അവള്‍ കുഞ്ഞാറ്റ മാത്രം എത്തിയില്ല. പലരും പലവഴിക്ക് ഓടി. രാത്രിയുടെ ഏതോ സമയത്ത് പണിക്കാരന്‍ ചോതി ചലനമറ്റ കുഞ്ഞാറ്റയുടെ ശരീരവുമായി എത്തി. രാത്രിയുടെ ഏകാന്തതയില്‍ ഇരുന്ന് ഈ വരികള്‍ കുറിച്ചപ്പോള്‍ മനസ്സിലൊരു തേങ്ങല്‍.

വേനല്‍ അവധിയും കഴിഞ്ഞ് തിരിച്ചു വീട്ടിലെത്തിയാലും മനസ്സ് അമ്മവീട്ടില്‍ തന്നെയായിരിക്കും. ആ വിഷമം മാറ്റാനായി ഞാന്‍ പുഴക്കടവിലേക്കു പോകും. ഞങ്ങളുടെ വീടിനോടു ചേര്‍ന്നാണ് ആലുവാപ്പുഴ. എന്നിട്ടു നിരനിരയായി കിടക്കുന്ന കെട്ടുവള്ളങ്ങള്‍ കാണും. അതൊരു കാഴ്ചതന്നെയാണ്. കുടുംബസമേതം കെട്ടുവള്ളങ്ങളില്‍ കുളിച്ചു താമസിക്കുവാന്‍ വരുന്നവര്‍. പാചകം ചെയ്യലും താമസവും എല്ലാം വള്ളത്തില്‍. ചിലര്‍ പുഴയില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കും. അതുതന്നെയാണ് ''നദി''യെന്ന പഴയകാല സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതും.

സിനിമാ തീയേറ്ററിലെ വെള്ളിത്തിരയില്‍ മാത്രം കണ്ടിരുന്ന നസീറിനേയും, ശാരദയേയും ഞാന്‍ നേരില്‍കണ്ടത് ഈ സിനിമയുടെ ചിത്രീകരണവേളയിലാണ്.

വിരസത മാറ്റാനായി ഞാന്‍ ഓലകൊണ്ടുള്ള കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കും. തെങ്ങിന്റെ ഓലകൊണ്ടുള്ള ഓലപ്പന്ത്, ഓലപ്പാമ്പ്, ഓലപ്പീപ്പി, ഓലവാച്ച് ഇതു കാണുമ്പോള്‍ ചേച്ചിമാരും ഓടിയെത്തും. അവര് ചിരട്ടയില്‍ മണ്ണുകൊണ്ട് മണ്ണപ്പം ഉണ്ടാക്കും. എന്നേയും കളിയില്‍ കൂട്ടും. ഇലകളൊക്കെ കൊണ്ടുവന്ന് ചെറുതായി അറിഞ്ഞ് ചിരട്ടയിലാക്കി മൂന്ന് കല്ലുകള്‍ കൊണ്ട് അടുപ്പു മാതിരി ഉണ്ടാക്കി പാചകം ചെയ്യലും, ഞാന്‍ കൈയ്യും കഴുകി ഭക്ഷണം കഴിക്കാന്‍ വരുന്നതും എല്ലാം ഓര്‍ത്ത് ഇന്നും ഞാന്‍ ചിരിക്കാറുണ്ട്.

നിങ്ങടെ കളികഴിഞ്ഞ് ചിരട്ട വലിച്ചെറിയല്ലേ. ഇസ്തിരിപ്പെട്ടിയില്‍ ഇട്ടു കത്തിക്കാനുള്ളതാണെന്നും പറഞ്ഞ് വല്ല്യമ്മച്ചി അപ്പോഴേക്കും വഴക്കു പറഞ്ഞുകൊണ്ടുവരും. തേപ്പുപെട്ടിയില്‍ ചിരട്ട ഇട്ടുകത്തിച്ച് കനലാക്കി അതിന്റെ ചൂടുകൊണ്ടാണ് വസ്ത്രങ്ങളെല്ലാം പണ്ടുകാലത്ത് ''അയേണ്‍'' ചെയ്തിരുന്നതെന്ന് ഇന്നത്തെ കുട്ടികളോടു പറഞ്ഞാല്‍ അവര്‍ നമ്മേ കളിയാക്കും ശിലായുഗത്തില്‍ ജനിച്ചവര്‍ എന്നു പറഞ്ഞ്.

വല്ല്യമ്മച്ചിയുടെ മൂത്ത മകനായിരുന്നു എന്റെ അമ്മയുടെ അപ്പന്‍. ചെങ്ങന്നൂരില്‍ ജനിയ്ക്കുകയും, പിന്നീട് ജോലി സംബന്ധമായി കോട്ടയത്തു പാമ്പാടിയില്‍ താമസിയ്ക്കുമ്പോഴായിരുന്നു കല്ല്യാണമെന്നും, വല്ല്യമ്മച്ചിയുടെ പിതാവ് പേരുകേട്ട വിഷഹാരി ആയിരുന്നെന്നും പറഞ്ഞുകേട്ടിട്ടുണ്ട്.

എന്റെ പിതാവ് കോട്ടയത്തു ജനിച്ചു വളര്‍ന്ന് കോട്ടയം സി.എം.എസ് കോളേജിലെ വിദ്യാഭ്യാസത്തിനുശേഷം എറണാകുളം ബര്‍മ്മാഷെല്‍ കമ്പനിയില്‍ ജോലി നോക്കുന്ന സമയത്തായിരുന്നു വിവാഹം. 1952 ഫെബ്രുവരി 8-ാം തീയതി ആലുവ തൃക്കുന്നത്തു സെമിനാരിയില്‍ വച്ച്.

ഞങ്ങള്‍ നാലുമക്കള്‍. കുഞ്ഞുമോന്‍, മോളി, ആലീസ്, സണ്ണി. ജോലിയേക്കാളും നല്ലത് ബിസിനസ്സ് ആണെന്നു മനസ്സിലാക്കിയ അച്ചാച്ചന്‍, ബര്‍മ്മാഷെല്ലില്‍ നിന്നു രാജിവച്ചുപോന്ന്, ആലുവ ചന്തയ്ക്കു സമീപം നല്ല രീതിയില്‍ ഒരു കച്ചവട സ്ഥാപനം തുടങ്ങി. കൊച്ചിന്‍ സ്റ്റോഴ്‌സ് & ഇന്‍ഡസ്ട്രീസ് എന്ന ഇരുമ്പുകട. അങ്ങിനെ അച്ചാച്ചന് ഒരു പേരു വീണു കിട്ടി. 'ഇരുമ്പുകട പൈലോചേട്ടന്‍' എല്ലാവരുടേയും പ്രിയങ്കരനായിരുന്നു അച്ചാച്ചന്‍. മറ്റു കടക്കാര്‍ വില്‍ക്കുന്നതിനേക്കാളും വില കുറച്ച് സാധനങ്ങള്‍ വിറ്റാല്‍പ്പിന്നെ പ്രിയങ്കരന്‍ ആകാതിരിക്കുമോ...?

അച്ചാച്ചന്‍ എറണാകുളത്ത് ചരക്കെടുക്കാന്‍ പോകും. ചരക്കുമായി വരുന്നത് വള്ളത്തില്‍ ആയിരിക്കും. മറ്റു പലരും വാഹനത്തില്‍ കൊണ്ടുവരുമ്പോള്‍ അച്ചാച്ചന്‍ കെട്ടുവള്ളത്തിലും. അതുകൊണ്ടു മാത്രമാണ് അച്ചാച്ചന് വില കുറച്ച് സാധനങ്ങള്‍ വില്‍ക്കാന്‍ സാധിക്കുന്നത്.

അച്ചാച്ചന്‍ ചരക്കെടുക്കാന്‍ എറണാകുളത്തു പോകുമ്പോള്‍ ചിലപ്പോള്‍ ഞാനും കൂടെപ്പോകും. അതിന്റെ ഉദ്ദേശം മറ്റൊന്നാണ്. എറണാകുളത്തെ ഏറ്റവും വലിയ ഹോട്ടലാണ് 'സീലോര്‍ഡ്' അവിടെ കയറി ഭക്ഷണം. പിന്നെ തിരിച്ച് ചരക്കുമായി വള്ളത്തിലും. പ്രകൃതിയുടെ വിസ്മയം ആസ്വദിച്ചുകൊണ്ടുള്ള ആ യാത്ര ഒരിക്കലും മറക്കാന്‍ പറ്റില്ല. ഒരിക്കല്‍ ഞാന്‍ കാളവണ്ടിയിലും യാത്ര ചെയ്തു. വളരെയേറെ രസകരമാണ് ആ യാത്ര. എട്ടുപത്തു കാളവണ്ടികള്‍ നിരനിരയായി നീങ്ങും. മുന്‍പേ പോകുന്ന വണ്ടിക്കാരന്‍ മാത്രം രാത്രി ഉണര്‍ന്നിരുന്ന് കാളകളെ നിയന്ത്രിക്കും. പിന്നാലെയുള്ള കാളകള്‍ മുന്‍പില്‍ നീങ്ങുന്നവരുടെ ദിശനോക്കി സഞ്ചരിക്കും. നിത്യ പരിചയം കൊണ്ടായിരിക്കാം കാളകള്‍ വളവൊക്കെ കൃത്യമായി തിരിഞ്ഞ് ആലുവായില്‍ എത്തും. അപ്പോഴേക്കും നേരം പുലര്‍ന്നിരിക്കും.

ഞങ്ങള്‍ താമസിച്ചിരുന്ന തോട്ടയ്ക്കാട്ടുകര താഴ്ന്ന പ്രദേശമായിരുന്നു. പണ്ടൊക്കെ ഈ പ്രദേശം പാടമായിരുന്നെന്നും, അതു മുല്ലപ്പള്ളി മനവക സ്ഥലമായിരുന്നെന്നും, പിന്നീട് മണ്ണിട്ട് നികത്തിയതാണെന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്.

മഴക്കാലം വന്നാല്‍ വെള്ളം ഇറങ്ങിപ്പോകാന്‍ ദിവസങ്ങള്‍ എടുക്കും. ആ സമയത്ത് പ്രദേശവാസികളും ഞങ്ങളെല്ലാവരും കൂടി ആലുവ യു.സി. കോളേജിലേക്കു പോകും. അങ്ങിനെ ഒരു ദിവസം അതായത് 1961ലെ വെള്ളപ്പൊക്ക സമയത്ത് ഞങ്ങളെല്ലാം വഞ്ചിയില്‍ പോകുന്നു. നല്ല അടിയൊഴുക്ക്, കുത്തിയൊലിച്ചാണ് വെള്ളം വരുന്നത്, വള്ളത്തിന്റെ സൈഡില്‍ ഇരുന്ന എന്റെ ചേട്ടന്‍ എങ്ങിനേയോ വെള്ളത്തില്‍ വീണു. അമ്മ കരച്ചില്‍ തുടങ്ങി. വഞ്ചിക്കാരന്റെ സാമര്‍ത്ഥ്യം കൊണ്ടു മാത്രമാണ് അന്നു ചേട്ടന്‍ രക്ഷപ്പെട്ടതെന്ന് വല്ല്യമ്മച്ചി പറയുമായിരുന്നു.

ആ സംഭവം അച്ചാച്ചനെ വല്ലാതെ വിഷമിപ്പിച്ചു. വെള്ളം പൊങ്ങുന്ന സമയത്ത് യു.സി. കോളേജിലേക്കു പോകുന്ന പരിപാടി ഇതോടെ അവസാനിക്കുന്നുവെന്നു പറഞ്ഞ് ഞങ്ങളുടെ വീട് അച്ചാച്ചന്‍ രണ്ടു നിലയായി ഉയര്‍ത്തി.

ചേച്ചിമാരുടേയും, ചേട്ടന്റേയും തണലില്‍ എന്റെ വിദ്യാഭ്യാസം വളരെ രസകരമായിരുന്നു. വള്ളിനിക്കറും, വെള്ളയില്‍ നീലവരയുള്ള ഷര്‍ട്ടും ധരിച്ച് ചേച്ചിമാരുടെ അരികുപറ്റി രാവിലെ സ്‌കൂളിലേക്കു വച്ചുപിടിക്കും. ചെമ്മണ്‍പാത തുടങ്ങുന്ന ചാക്കോസാറിന്റെ പറമ്പിലെ പഞ്ഞി മരത്തില്‍ നിന്നും കാറ്റത്ത് അപ്പൂപ്പന്‍ താടി വേര്‍പെട്ട് താളാത്മകമായി ഒഴുകിനടക്കുന്നതും, അതിനെ പിടിക്കാന്‍ മോളിചേച്ചി പിന്നാലെ ഓടുന്നതും, പിടിതരാതെ അത് പറന്നകലുന്നതും ഇപ്പോഴും എന്റെ മനസ്സിലുണ്ട്. ആലീസു ചേച്ചിയുടെ വിനോദം മറ്റൊന്നാണ്. ആരും കാണാതെ പുസ്തകത്താളുകളില്‍ മയില്‍പ്പീലി ഒളിപ്പിച്ചുവയ്ക്കും. എന്നിട്ട് ഇടയ്ക്കിടെ പുസ്തകം തുറന്നു നോക്കും, മയില്‍പ്പീലി പ്രസവിച്ചിട്ടുണ്ടോയെന്ന്. അക്കാലത്തെ ഒരു വിശ്വാസമാണ് മാനം കാണാതെ മയില്‍പ്പീലി ഒളിപ്പിച്ചുവച്ചാല്‍ പ്രസവിയ്ക്കുമെന്നുള്ളത്.

അപ്പൂപ്പന്‍താടിയുടെ പിറകേ ഓടുന്ന ചേച്ചിയെ ശ്രദ്ധിച്ചു നിന്നപ്പോഴാണ് എന്റെ കണ്ണുകള്‍ അറിയാതെ ഞങ്ങള്‍ക്കു പുറകില്‍ നിന്ന കുറുപ്പുമാഷിലേക്കു പോയത്. ഗൗരവത്തില്‍ ഞങ്ങളെ നോക്കിപ്പോയ മാഷ് സ്‌കൂളില്‍ ചെന്നപ്പോള്‍ എന്റെ ചേട്ടനോട് ആ ദേഷ്യം തീര്‍ത്തു. പാഠഭാഗം വായിച്ചപ്പോള്‍ തപ്പിത്തടഞ്ഞു എന്ന ഒറ്റക്കാരണം പറഞ്ഞു കുറെ തല്ലി. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വീട്ടിലെത്തിയപ്പോള്‍ അമ്മച്ചി കാര്യം തിരക്കി. പിറ്റേദിവസം കലിതുള്ളി സ്‌കൂളില്‍ വന്ന അച്ചാച്ചന്‍ ഞങ്ങളുടെ നാലു പേരുടേയും ടി.സി. വാങ്ങി. ചേച്ചിമാരെ രണ്ടുപേരെയും കോണ്‍വെന്റ് സ്‌കൂളിലും, എന്നേയും ചേട്ടനേയും ആലുവ സെറ്റില്‍മെന്റ് സ്‌കൂളിലേക്കും മാറ്റി.

കൗമാരം അതിന്റെ എല്ലാ ഭാവാത്മകതയോടും വിഹരിക്കുന്ന സ്‌കൂള്‍. പരിഷ്‌കാരത്തിന്റെ പേരിലുള്ള വച്ചുകെട്ടലൊന്നും ഇല്ലാത്ത തനി ഗ്രാമീണാന്തരീക്ഷം നിറഞ്ഞു നിന്ന വിദ്യാലയം. എന്റെ ബാല്യകൗമാരങ്ങള്‍ പുഷ്പിച്ച് പന്തലിച്ച എന്റെ വിദ്യാലയം. അവിടെ വച്ചാണ് എനിക്കു രണ്ടു സുഹൃത്തുക്കളെ കിട്ടുന്നത്. അഗസ്റ്റിന്‍, രമണന്‍.

പഠിക്കുന്ന ചെറുപ്പകാലമാണ് സൗഹൃദങ്ങളുടെ വര്‍ണ്ണകാലം. വിദ്യാഭ്യാസമെന്നാല്‍ കൂട്ടുകാരാണെന്നു ഞാന്‍ മനസ്സിലാക്കിയിരുന്ന കാലം. ആത്മാവ് ഏകാന്തമായിരിക്കുമ്പോള്‍ നമ്മളാരും ആശിച്ചുപോകും ഒരു സുഹൃത്ത് ഉണ്ടായിരുന്നെങ്കിലെന്ന്? സ്വകാര്യമായ കാര്യങ്ങളൊക്കെ പറയാനും അവരുടേതു കേള്‍ക്കാനുമുള്ളൊരു മോഹം.

ലോകത്തിന്റെ ഏതു കോണില്‍ ഇരുന്നാലും, ഞാനടക്കമുള്ള ഏതു മലയാളിയേയും മോഹിപ്പിക്കുന്ന ഒരു വികാരമുണ്ട് ഞാന്‍ പഠിച്ച വിദ്യാലയം!! എന്റെ നാട്! ഒരിക്കലും മടങ്ങി വരില്ലെന്നറിഞ്ഞിട്ടും മനസ്സുകൊണ്ട് മടങ്ങാന്‍ കൊതിക്കുന്ന കുട്ടിക്കാലത്തെക്കുറിച്ച്, മങ്ങാതെ മായാതെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ബാല്യത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍, സ്വപ്ന സദൃശ്യമായ ആ ഓര്‍മ്മകളിലേക്കു ഞാനൊന്നു ഊളിയിടട്ടേ....!

തുടരും
എന്റെ പുസ്തകം-സണ്ണി മാളിയേക്കല്‍-(1)
Join WhatsApp News
വിദ്യാധരൻ 2017-06-29 13:02:29
ഗതകാല ചിന്തകളെ ഉണർത്തുന്ന ആരംഭം. വിരസതയില്ലാതെ വായിക്കാവുന്ന ശൈലി. അമ്മച്ചിയും തടുക്കുപായും പനയും യക്ഷിയും ഒക്കെ ഒരു കാലഘട്ടത്തിന്റെ കഥ പറയുന്നു.  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക