Image

തോക്കെടുത്ത് കാവടി തുള്ളിയും തെറിപ്പായസം വിളമ്പിയും പി.സി കേസില്‍ കുടുങ്ങി (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 30 June, 2017
തോക്കെടുത്ത് കാവടി തുള്ളിയും തെറിപ്പായസം വിളമ്പിയും പി.സി കേസില്‍ കുടുങ്ങി (എ.എസ് ശ്രീകുമാര്‍)
പൂഞ്ഞാറില്‍ ഗ്രാമീണ ഭാഷ സംസാരിക്കുന്ന സ്ഥലം എം.എല്‍.എ പി.സി ജോര്‍ജ് തല്‍ക്കാലം ഓവര്‍ ലോഡായ നാക്കിന് ചെറിയ റെസ്റ്റ് കൊടുത്ത് ആയുധം കൈയിലെടുത്തിരിക്കുകയാണ്. ആയുധമെന്ന് പറഞ്ഞാല്‍ നല്ല ഒന്നാന്തരം ചെക്കോസ്ലോവാക്യന്‍ പിസ്റ്റല്‍.  ഇത്രയും കാലം പി.സി തന്റെ അരയില്‍ ചേടി വച്ചിരുന്ന ആ പിസ്റ്റല്‍ കേരളീയര്‍ക്ക് കാണാന്‍ ഭാഗ്യമുണ്ടായത് ഇന്നലെയാണ്. മുണ്ടക്കയത്തെ തോട്ടം തൊഴിലാളികള്‍ക്ക് തോക്ക് നേരിട്ട് കാണാനും തോക്കുടമയുടെ തുള്ളല്‍ ആസ്വദിക്കാനും കഴിഞ്ഞു. കുറേനാള്‍ മുമ്പ്, പി.സി. ജോര്‍ജിന്റെ പ്രസംഗവും ന്യൂജനറേഷന്‍ സിനിമയും കുട്ടികളെ കാണിക്കരുതെന്ന് കേരളനാട്ടിലെ രക്ഷിതാക്കള്‍ക്ക് ഉപദേശം കിട്ടിയിരുന്നു. രണ്ടിലും ഒരുപോലെ ആദിദ്രാവിഡപദങ്ങള്‍ വിളയാടുന്നതുകൊണ്ടായിരുന്നു അത്. എന്നാല്‍ പ്രസംഗം പോലല്ല തോക്കുകൊണ്ടുള്ള വിളയാട്ടം. അതിന് ചില ഗുരുതരമായ നിയമ പ്രശ്‌നങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് തോക്കെടുത്തയാള്‍ ഒരു ജന പ്രതിനിധി കൂടിയാവുമ്പോള്‍.

അതെ, പി.സി കുടുങ്ങിയിരിക്കുന്നു. മുണ്ടക്കയത്തെ തോട്ടം തൊഴിലാളികള്‍ക്കുനേരെയാണ് പൂഞ്ഞാറിന്റെ തടിയനായ പുത്രന്‍ തോക്ക് ചൂണ്ടിയത്. തൊഴിലാളികള്‍ക്ക് മേല്‍ ആസിഡൊഴിക്കുമെന്നും 28000 വോട്ടിന് ജയിച്ച എം.എല്‍.എ ഭീഷണി മുഴക്കിയത്രേ. മുണ്ടക്കയം വെള്ളനാട് ഹാരിസണ്‍ എസ്റ്റേറ്റില്‍ ഭൂമി കയ്യേറിയെന്ന പരാതി പരിശോധിക്കാന്‍ പി.സി ജോര്‍ജ് എത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍. പി.സി എത്തിയതറിഞ്ഞതോടെ തൊഴിലാളികളും പാഞ്ഞെത്തി. തുടര്‍ന്ന് തൊഴിലാളികളും പി.സിയും തമ്മില്‍ രൂക്ഷമായ വാക്കു തര്‍ക്കം നടന്നു. ചെവിക്കല്ല് പൊട്ടുന്ന തെറിയാണ് പി.സി പറഞ്ഞതത്രേ. താന്‍ തെഴിലാളികളുടെ തന്തയ്ക്ക് വിളിച്ചുവെന്ന് അദ്ദേഹം അഭിമാനത്തോടെ മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തുകയും ചെയ്തു.

പി.സി ജോര്‍ജിന്റെ, 'മ', 'പു' തുടങ്ങിയ അക്ഷരങ്ങളില്‍ തുടങ്ങുന്ന നാടന്‍ വാക്കുകള്‍ പിന്‍വലിക്കണമെന്ന തൊഴിലാളികളുടെ ആവശ്യം നടക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ സ്ഥലത്ത് മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു. കൂടുതല്‍ തൊഴിലാളികളും സ്ഥലത്തെത്തി. ''പി.സി ജോര്‍ജ് ഗോബാക്ക്...'' വിളികള്‍ ഉയര്‍ന്നതോടെ പുള്ളി എളിയില്‍ തിരുകിയ തോക്ക് പുറത്തെടുത്ത് സുരേഷ് ഗോപിയായി. 'ഷിറ്റ്' എന്ന് പറയാഞ്ഞത് ഭാഗ്യം. ഇതോടെ ചിലര്‍ ഇടപെട്ട് പി.സിയെ ശാന്തനാക്കി. ''ഞങ്ങളുടെ ഭൂമി തങ്ങളെന്തിന് കയ്യേണം...'' എന്ന് ചോദിക്കുന്നതും, ''വെടി വെയ്ക്കൂ...'' എന്ന് തൊഴിലാളികള്‍ ആവശ്യപ്പെടുന്നതും ചാനല്‍ ദൃശ്യങ്ങളില്‍ കാണാം. തന്റേത് ലൈസന്‍സുള്ള തോക്കാണെന്നും വേണ്ടി വന്നാല്‍ വെടിവെയ്ക്കും എന്നുമാണ് പി.സി ജോര്‍ജ് ഇന്നലെ പ്രതികരിച്ചത്. ജനപ്രതിനിധി ജനങ്ങള്‍ക്ക് നേരേ തോക്ക് ചൂണ്ടുന്നത് ശരിയാണോ എന്ന് ചോദിച്ച ഒരു ചാനല്‍ വാര്‍ത്താ അവതാരക അദ്ദേഹത്തിന്റെ നാടന്‍ പദാവലികള്‍ ഇഷ്ടം പോലെ മേടിച്ചു കെട്ടുന്നതും ഇന്നലെ ജനം കണ്ടു.

പക്ഷേ, ഇന്ന് കാര്യങ്ങള്‍ പി.സിയുടെ കൈവിട്ട് പോയി...ഉണ്ടയില്ലാ വെടിപോലെയായി കാര്യങ്ങള്‍. തോക്കുചൂണ്ടിയ പി.സിക്കെതിരെ കേസെടുത്തു. മുണ്ടക്കയം പൊലീസാണ് കൊലപാതക ശ്രമം, ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ മുണ്ടക്കയം എസ്.ഐ പ്രസാദ് എബ്രഹാം വര്‍ഗീസാണ് കേസ് അന്വേഷിക്കുന്നത്. എം.എല്‍.എക്കെതിരെ പരാതി നല്‍കിയ ഹാരിസണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മൊഴി പൊലീസ് ഉടന്‍ രേഖപ്പെടുത്തും.

''കയറിക്കിടക്കാന്‍ സ്വന്തമായി ഒരു സെന്റ് ഭൂമി പോലുമില്ലാതെ ആറിന്റെ ഓരത്ത് പുറമ്പോക്കില്‍ താമസിക്കുന്ന 52 കുടുംബങ്ങളിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് മുണ്ടക്കയത്ത് ഹാരിസണ്‍ എസ്റ്റേറ്റില്‍ പോയത്. ഇവന്മാരുടെ ഗുണ്ടായിസവും കണ്ട് അവിടെയുള്ള 52 കുടുംബങ്ങളെ സംരക്ഷിക്കാന്‍ കഴിയാതെ ഞാന്‍ അവിടെനിന്ന് പോയാല്‍, പിന്നെ ഞാന്‍ എന്ത് ജനപ്രതിനിധിയാ. എന്റെ അടുക്കല്‍ പരാതിയുമായി വരുന്ന 52 കുടുംബങ്ങളല്ല, ഇനി അത് ഒരു കുടുംബമാണെങ്കിലും, പാവപ്പെട്ടവനെ ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ബോംബ് കയ്യിലുണ്ടേല്‍ അതും എടുക്കും...'' പി.സി ജോര്‍ജ് പറയുന്നു.

ഒരിക്കല്‍ ഈ ലേഖകന്‍ പി.സിയോട് ''താങ്കള്‍ ഒരു സ്ഥിരം വിവാദ വീരനാണോ...'' എന്ന് ചോദിച്ചപ്പോള്‍ മറുപടി ഇപ്രകാരമായിരുന്നു...''വിവാദങ്ങളായ സാമൂഹിക തിന്മകള്‍ക്കും, നാടിനെ കൊള്ളയടിക്കുന്നവര്‍ക്കും, പെണ്‍വാണിഭങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ക്കെതിരെയും ഞാന്‍ ഉറച്ച നിലപാടെടുക്കുന്നു. അതു കൊണ്ടായിരിക്കാം എന്നെ വിവാദനായകന്‍ എന്നു ചിലര്‍ വിശേഷിപ്പിക്കുന്നത്. ഞാന്‍ അതിനു പുല്ലു വില കല്പിക്കുന്നില്ല...'' അതാണ് പി.സി. 

ഇടക്കാലത്ത് കേരള നിയമസഭാ ചീഫ് വിപ്പായിരുന്ന ഇദ്ദേഹത്തെ പലരും 'ചീഫ് വിഴുപ്പ്' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. കൈയിലിരിപ്പു തന്നെ കാരണം. പക്ഷേ, അദ്ദേഹം കുമ്പസാരിക്കും...ഇങ്ങനെ... ''എന്റെ നാവുകൊണ്ട് ഞാന്‍ പാപം ചെയ്യില്ല. എന്നാലും എന്റെ മുന്നില്‍ ദുഷ്ടരുള്ള കാലത്തോളം എന്റെ നാവിന് കടിഞ്ഞാണിടാന്‍ എനിക്കാകയില്ല. വെണ്ണയേക്കാള്‍ മാര്‍ദവമുള്ളതായിരുന്നു എന്റെ വചനങ്ങള്‍. എണ്ണയേക്കാള്‍ മയമുള്ളവയായിരുന്നു എന്റെ വാക്കുകള്‍. തിന്മ കാണുമ്പോള്‍ അവ ഉറയില്‍നിന്ന് ഊരിയ വാളുപോലെ തെറികളായി മാറും.  പലപ്പോഴും ഞാന്‍ മൂകനായി മിണ്ടാതിരുന്നു. എന്റെ ശാന്തതകൊണ്ട് ഫലമുണ്ടായില്ല. എന്റെ വിഷമം വളര്‍ന്നു വഷളായി. എന്റെ ഉള്ളില്‍ ഹൃദയം ചൂടുപിടിച്ചു. ഞാന്‍ ധ്യാനിച്ചപ്പോള്‍ തീയാളി. അപ്പോള്‍ ഞാന്‍ നാവെടുത്തു സംസാരിച്ചു. ഇപ്പൊ തോക്കുമെടുത്തു. തിന്മകള്‍ കാണുമ്പോള്‍ എന്റെ നാവ് കടവായില്‍ പറ്റിപ്പിടിച്ചിരിക്കയില്ല. മണ്‍പാത്രത്തുണ്ടുപോലെ എന്റെ അണ്ണാക്ക് വരണ്ടുപോവുകയില്ല. ഞാന്‍ പ്രതികരിക്കും...ആസിഡ് ബള്‍ബ് എറിയും, ബോംബ് പൊട്ടിക്കും, വെടിയുതിര്‍ക്കും...പറയാത്ത തെറികള്‍ കെട്ടിക്കിടന്ന് കയ്ക്കുന്ന നാവുകൊണ്ട് എല്ലാവര്‍ക്കും സ്തുതി...'' ഈ ജനപ്രതിനിധിയുടെ ലേറ്റസ്റ്റ് രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് 'ജനപക്ഷം' എന്ന് കേള്‍ക്കുമ്പോള്‍, ചിരിക്കാത്ത പ്രധാനമന്ത്രി എന്ന് പേരുകേട്ട സാക്ഷാല്‍ നരസിംഹ റാവു വരെ കുഴിമാടത്തില്‍ നിന്നെഴുന്നേറ്റ് വന്ന് ചിരിക്കും...

തോക്കെടുത്ത് കാവടി തുള്ളിയും തെറിപ്പായസം വിളമ്പിയും പി.സി കേസില്‍ കുടുങ്ങി (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
പ്രവചനം 2017-07-04 05:23:40

പൊതുജനം പണം കൊടുത്തു സിനിമകള്‍ കാണുന്നത് നിര്‍ത്തിയാല്‍ സിനിമ സ്റ്റാര്‍ കാരുടെ ചാട്ടം നില്കും .

അതു പോലെ പണം കൊടുത്തു നേര്‍ച്ച ഇട്ടുകൊടുത്തു ഉള്ള അരാദന നിര്‍ത്തിയാല്‍ പുരോഹിതരുടെ ചാട്ടംപിഴക്കലും ചാട്ടവും നില്കും .

കള്ള രാഷ്ട്രിയ കാരെ തിരഞ്ഞു എടുക്കാതെ വന്നാല്‍ അവരുടെ ചാട്ടവും നില്കും


ഈ ആളെ കണ്ടിട്ട് ഒരു മെത്രാന്‍ മാത്രം അല്ല , കാതോലിക്ക തന്നെ ആക്കാന്‍ ഉള്ള എല്ലാ യോഗ്യത കാണുന്നു, പാത്രിയാര്‍ക്ക വിഭാഗം കേസ് തോറ്റ സ്ഥിതി ക്ക് gorgine നമുക്ക് കാതോലിക്ക ആക്കാം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക