Image

വിലക്കു നീക്കി വായടപ്പിക്കാന്‍ നോക്കേണ്ട ; വിനയന്‍

Published on 30 June, 2017
വിലക്കു നീക്കി വായടപ്പിക്കാന്‍ നോക്കേണ്ട ; വിനയന്‍

വിലക്കു നീക്കിക്കൊണ്ട് തന്റെ വായടപ്പിക്കാനോ നിലപാടുകളില്‍നിന്ന് വ്യതിചലിപ്പിക്കാനോ ആര്‍ക്കും സാധിക്കില്ലെന്ന് സംവിധായകന്‍ വിനയന്‍. ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും ധൈര്യപൂര്‍വ്വം നിയമത്തിനു മുന്നില്‍ എല്ലാം തുറന്നു പറഞ്ഞ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഒരു പ്രമേയം പോലും അമ്മ പാസാക്കാതിരുന്നത് ഖേദകരമാണെന്നും വിനയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വിനയന്റെ ചിത്രങ്ങളില്‍ അഭിനയിക്കുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള അഭിനേതാക്കളുടെ സംഘടനയായ അമ്മ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചതിന്റെ പശ്ചാത്തലത്തിലാണ് വിനയന്റെ പ്രതികരണം.

അനീതിക്കും അക്രമത്തിനും നുഷത്വമില്ലായ്മയ്ക്കും എതിരെയുള്ള തന്റെ നിലപാടുകള്‍ക്ക് മരിച്ചു മണ്ണടിയുന്ന വരെ ഒരു മാറ്റവുമുണ്ടാകില്ല. എന്തു പ്രലോഭനങ്ങള്‍ ഉണ്ടായാലും ഏതെങ്കിലും സ്വകാര്യനേട്ടങ്ങള്‍ക്കു വേണ്ടി ഞാന്‍ എന്റെ വ്യക്തിത്വം അടിയറവു വയ്ക്കില്ല. ഒരു സംവിധായകനും ചലച്ചിത്രകാരനും എന്ന നിലയില്‍ എന്റെ പ്രൊഫഷണല്‍ ജീവിതത്തിലെ ഏറ്റവും വിലയേറിയ ഒന്‍പതു വര്‍ഷങ്ങള്‍ കവര്‍ന്നെടുത്തവര്‍ ഇനി എന്തു തിരിച്ചു തന്നാലും അതു പരിഹാരമാകില്ലെന്നും അദ്ദേഹം പറയുന്നു.

ഒരു സിനിമാസംഘടനയിലെയും അംഗത്വമില്ലാതെ ഒരാള്‍ക്ക് സിനിമയെടുക്കാം, സെന്‍സര്‍ ചെയ്യാം, പ്രദര്‍ശിപ്പിക്കാം എന്ന് 2009ല്‍ ഞാന്‍ നേടിയ ഹൈക്കോടതി വിധിയും മലയാള സിനിമയില്‍ ഒരു വിലക്കും ഇനി വിലപ്പോകില്ല എന്നു തെളിയിച്ചുകൊണ്ട് ഇപ്പോള്‍ ഇന്ത്യന്‍ കോമ്ബറ്റീഷന്‍ കമ്മീഷനില്‍ നിന്നു നേടിയ വിധിയും അടുത്ത തലമുറയ്ക്കായ് ഞാന്‍ സമര്‍പ്പിക്കുന്നു. എന്റെ മുന്‍നിലപാടുകളിലും അഭിപ്രായങ്ങളിലും ഉറച്ചുനില്‍ക്കുമ്‌ബോള്‍ തന്നെ ഒന്നു പറയട്ടെ, മുന്‍കാലങ്ങളില്‍ തന്നോട് ചെയ്ത ചെയ്തികളുടെ പേരില്‍ തനിക്കാരോടും പകയോ വൈരാഗ്യമോ ഇല്ലെന്നും വിനയന്‍ വ്യക്തമാക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക