Image

ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ ആത്മശാന്തിക്കായി ദിവ്യബലിയര്‍പ്പിച്ച് മാര്‍ സ്രാന്പിക്കല്‍

Published on 30 June, 2017
ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ ആത്മശാന്തിക്കായി ദിവ്യബലിയര്‍പ്പിച്ച് മാര്‍ സ്രാന്പിക്കല്‍

      എഡിന്‍ബറോ: സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍ ദുരൂഹസാചര്യത്തില്‍ മരിച്ച റവ. ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയ്ക്കുവേണ്ടി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പണം നടന്നു. സ്‌കോട്ട്‌ലന്‍ഡിലും പരിസരപ്രദേശങ്ങളിലുമുള്ള വിശ്വാസികളെ പ്രതിനിധീകരിച്ചു അര്‍പ്പിച്ച ദിവ്യബലിയില്‍ ആറു വൈദികരും നൂറുകണക്കിനു വിശ്വാസികളും തങ്ങളുടെ പ്രിയപ്പെട്ട മാര്‍ട്ടിന്‍ അച്ചനുവേണ്ടി വേദനനിറഞ്ഞ ഹൃദയവുമായി പ്രാര്‍ത്ഥിക്കാനെത്തി. 
വി. കുര്‍ബാനയുടെ സമാപനത്തില്‍ അച്ചനുവേണ്ടി ഒപ്പീസ് പ്രാര്‍ത്ഥനയും നടന്നു.

എപ്പോഴും സന്തോഷവാനായിരുന്ന വൈദികനായിരുന്നു മാര്‍ട്ടിനച്ചനെന്ന് അനുസ്മരണ സന്ദേശത്തില്‍ മാര്‍ സ്രാന്പിക്കല്‍ പറഞ്ഞു. ആഴമായ വിശ്വാസമുള്ളവര്‍ക്കേ സന്തോഷത്തോടെയായിരിക്കാന്‍ പറ്റൂ എന്നും ഈ സന്തോഷം നിറഞ്ഞ വിശ്വാസമാണ് സ്തുത്യര്‍ഹമായ സേവനം സമൂഹത്തില്‍ ചെയ്യാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനുമുന്പ് സ്‌കോട്ട്‌ലന്‍ഡില്‍ വന്ന രണ്ടു അവസരങ്ങളിലും മാര്‍ട്ടിനച്ചനെ കണ്ടിരുന്നെന്നും അച്ചന്റെ ആകസ്മിത വേര്‍പാടിന്റെ വാര്‍ത്ത കേട്ട പലരും തന്നെ ഫോണില്‍ വിളിച്ചു അച്ചനെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ പങ്കുവച്ചെന്നും മാര്‍ സ്രാന്പിക്കല്‍ അനുസ്മരിച്ചു. ഇന്നലെ വൈകിട്ട് 5.30നാണ് എഡിന്‍ബറോ സെന്റ് കാതറീന്‍ ദേവാലയത്തില്‍ വച്ചു മാര്‍ട്ടിനച്ചനുവേണ്ടി അനുസ്മരണ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടന്നത്.

അച്ചന്‍ ശുശ്രൂഷ ചെയ്തിരുന്ന എഡിന്‍ബറോ അതിരൂപതിയില്‍ മാര്‍ട്ടിനച്ചന്റെ അനുസ്മരണാര്‍ത്ഥം ദിവ്യബലിയും മറ്റു പ്രാര്‍ത്ഥനാ ശുശ്രൂഷകളും ജൂലൈ ആറിനു വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45ന് എഡിന്‍ബറോ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. തിരുകര്‍മ്മങ്ങള്‍ക്ക് ആര്‍ച്ച്ബിഷപ്പ് നേതൃത്വം നല്‍കും. എഡിന്‍ബറര്‍ഗ് അതിരൂപതിലെ എല്ലാ ഇടവകകളില്‍ നിന്നും വിശ്വാസികളും പ്രതിനിധികളും പങ്കെടുക്കും.
മാര്‍ട്ടിനച്ചന്റെ പോസ്റ്റുമോര്‍ട്ടം ഇന്നു നടന്നെങ്കിലും തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ക്കായി റിസള്‍ട്ട് പുറത്തുവിട്ടിട്ടില്ലെന്നും വരുന്ന തിങ്കളാഴ്ചയോടു കൂടി അറിയാന്‍ സാധിച്ചേക്കുമെന്നും പോലീസ് അധികാരികള്‍ അറിയിച്ചതായി ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍, ഫാ. ടെബിന്‍ സിഎംഐ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക