Image

ജി.എസ്.ടി വിപ്ലവം: ഇനി പുതിയ ഇന്ത്യ, ഒരൊറ്റ നികുതി

എ.എസ് ശ്രീകുമാര്‍ Published on 01 July, 2017
ജി.എസ്.ടി വിപ്ലവം: ഇനി പുതിയ ഇന്ത്യ, ഒരൊറ്റ നികുതി
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക വിപ്ലവം എന്ന് മോദി സര്‍ക്കാര്‍ വിശേഷിപ്പിക്കപ്പെടുന്ന ജി.എസ്.ടി (ഗുഡ്‌സ് ആന്റ് സര്‍വീസസ് ടാക്‌സ്-ചരക്ക് സേവന നികുതി) രാജ്യത്ത് നിലവില്‍ വന്നു. എക്സൈസ്, സര്‍വ്വീസ്, വാറ്റ് തുടങ്ങി കേന്ദ്രത്തിനും സംസ്ഥാനത്തിനുമായി ഇനി 17 നികുതികള്‍ ഇല്ല. ഒരൊറ്റ നികുതി മാത്രം, അതാണ് ജി.എസ്.ടി. ഇത് യാഥാര്‍ഥ്യമാകുന്നതിന് മുന്നോടിയായി ഇന്നലെ (ജൂണ്‍ 30) അര്‍ധരാത്രി നടന്ന പ്രത്യേക പാര്‍ലമെന്റ് യോഗത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞ വാക്കുകള്‍ കടമെടുത്താല്‍ ഇനി പുതിയ ഇന്ത്യ. ഒരൊറ്റ രാജ്യം ഒരൊറ്റ നികുതി. ആറര മില്യന്‍ നികുതിദായകരും രണ്ടര ലക്ഷത്തിലധികം വ്യാപാരികളുമാണ് ജി.എസ്.ടിയില്‍ ചേരുക. 

ജി.എസ്.ടി പ്രബല്യത്തിലാകുന്നത് രാജ്യത്തിന്റെ സമ്പത്തിക വളര്‍ച്ചയിലും പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യ ഒട്ടാകെ ഒരേയൊരു നികുതിഘടനയാണ് ജി.എസ്.ടി കൊണ്ട് ഉദ്ദേശിക്കുന്നത്. കേന്ദ്ര വാറ്റ്, സംസ്ഥാന വാറ്റ്, സെന്‍ട്രല്‍ എക്സൈസ് ഡ്യൂട്ടി, കസ്റ്റംസ് ഡ്യൂട്ടി, സേവന നികുതി, സര്‍ചാര്‍ജുകള്‍ തുടങ്ങി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ ചുമത്തി വന്നിരുന്ന പ്രത്യക്ഷവും പരോക്ഷവുമായ നികുതികള്‍ക്ക് പകരമായി ഒറ്റ നികുതി. ഒരു ഉല്‍പന്നത്തിന് നിര്‍മ്മാണ വിതരണ-വില്‍പന-ഘട്ടങ്ങളില്‍ ഇതുവരെ ഒന്നിലധികം തവണ നികുതി ചുമത്തിയിരുന്നെങ്കില്‍ ഇയതുണ്ടാകില്ല.

ജി.എസ്.ടി ഒരു വിവിധഘട്ട നികുതിയാണ്. നിര്‍മ്മാണത്തിന് വേണ്ട അസംസ്‌കൃതവസ്തുക്കളുടെ സംഭരണം മുതല്‍  അന്തിമോല്‍പ്പന്നത്തിന്റെ വിപണനം വരെ തുടരുകയും ചെയ്യും. ഓരോ ഘട്ടത്തിലും നല്‍കുന്ന നികുതികള്‍ക്ക് വിതരണത്തിന്റെ അടുത്ത ഘട്ടങ്ങളില്‍ ഇളവ് ലഭിക്കും. ഉദ്ദിഷ്ടസ്ഥാനം അല്ലെങ്കില്‍ ഉപഭോഗവുമായി ബന്ധപ്പെട്ട നികുതി സമ്പ്രദായമായതുകൊണ്ടുതന്നെ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ചുമത്തുന്ന സെന്‍ട്രല്‍ എക്സൈസ്, സേവന നികുതി, വാറ്റ്, കേന്ദ്ര വില്‍പ്പന നികുതി, ഒക്ട്രോയി, പ്രവേശനനികുതി, ആഡംബര നികുതി, വിനോദനികുതി തുടങ്ങിയ ബഹുമുഖ നികുതികളെല്ലാം ഇല്ലാതാകും. ഇത് ഉപഭോക്താക്കളുടെ നികുതിഭാരം കുറയ്ക്കും. നിലവില്‍ ഒരു സംസ്ഥാനത്തുനിന്നും മറ്റൊന്നിലേക്ക് നീങ്ങുന്ന ചരക്കുകളില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്ന് 17 നികുതികളാണ് ചുമത്തുന്നത്.

ജി.എസ്.ടി കൗണ്‍സില്‍ അഞ്ച് ശതമാനം, 12 ശതമാനം,18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാലു വിശാലമായ നികുതി നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ജി.എസ്.ടി നടപ്പാക്കുമ്പോള്‍ ആദ്യ അഞ്ചുവര്‍ഷം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന വരുമാനനഷ്ടത്തിന് പരിഹാരം നല്‍കുന്നതിനായി ആഡംബര വസ്തുക്കള്‍ക്കും അയോഗ്യമായ ചരക്കുകള്‍ക്ക് മേലും സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിക്കവാറും എല്ലാ ചരക്കുകളും സേവനങ്ങളും ഈ നാലു നിരക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സ്വര്‍ണ്ണം, പരുക്കന്‍ വൈരം എന്നിവയ്ക്ക് പ്രത്യേക നികുതി നിരക്കും നിശ്ചയിച്ചിട്ടുണ്ട്. അതോടൊപ്പം ചിലവയെ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. അവശ്യവസ്തുക്കളെ ഏറ്റവും കുറഞ്ഞ നികുതി നിരക്കിലാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതേസമയം ആഡംബര വസ്തുക്കള്‍, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം ഉയര്‍ന്ന നികുതി പരിധിയിലുമാണ്.

അവശ്യ വസ്തുക്കള്‍ക്ക് വില കുറയുന്നതോടെ ജി.എസ്.ടിയുടെ നേട്ടം ഏറ്റവും കൂടുതല്‍ ലഭ്യമാകുക സാധാരണക്കാര്‍ക്കാണെന്നാണ് കരുതപ്പെടുന്നത്. കര്‍ഷകര്‍ക്കും പ്രയോജനമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പാവപ്പെട്ട ജനങ്ങള്‍ക്കു മേല്‍ നികുതിഭാരം അടിച്ചേല്‍പ്പില്ല എന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ജി.എസ്.ടി ഉദ്ഘാടന വേളയില്‍ ഉറപ്പ് നല്‍കി. ജി.എസ്.ടി നിലവില്‍ വന്നതോടെ വില കുറയുന്നതും കൂടുന്നതുമായ സാധനങ്ങളുടെ പട്ടിക ഇപ്രകാരമാണ്...

വില കുറയുന്നവ: വില കുറയുന്ന ഭക്ഷ്യവസ്തുക്കള്‍ പാല്‍പ്പൊടി, തൈര്, ബട്ടര്‍ മില്‍ക്ക്, പ്രകൃതിദത്ത തേന്‍, ജാമുകള്‍, ഇന്‍സ്റ്റന്റ് ഫുഡ് മിക്സുകള്‍, മിനറല്‍ വാട്ടര്‍, ഐസ്, പഞ്ചസാര, ബിസ്‌ക്കറ്റ്, ഉണക്കമുന്തിരി,ബേക്കിങ്ങ് പൗഡര്‍, വെണ്ണ,കശുവണ്ടിപ്പരിപ്പ്, ഗോതമ്പ്, അരിപ്പൊടി, മുളകുപൊടി, പാം ഓയില്‍, കടുകെണ്ണ, എള്ളെണ്ണ, ശര്‍ക്കര, മധുരപലഹാരങ്ങള്‍, നൂഡില്‍സ്, പഴങ്ങള്‍, പച്ചക്കറികള്‍, സോസുകള്‍, അച്ചാറുകള്‍ എന്നിവയാണ്. സോപ്പ്, ഡിറ്റര്‍ജന്റുകള്‍, ഹെയര്‍ ഓയിലുകള്‍, ടിഷ്യൂ പേപ്പര്‍, നാപ്കിനുകള്‍, മെഴുകുതിരി, തീപ്പെട്ടി, കല്‍ക്കരി, മണ്ണെണ്ണ, ഗ്യാസ് അടുപ്പുകള്‍, സ്പൂണ്‍, തവി, ഫോര്‍ക്ക്, കത്തി, അഗര്‍ബത്തികള്‍, ടൂത്ത്പേസ്റ്റ്, കണ്‍മഷി, എല്‍.പി.ജി സ്റ്റൗ, പ്ലാസ്റ്റിക് ടാര്‍പോളിന്‍ എന്നീ സാധനങ്ങള്‍ക്ക് വില കുറയും.

നോട്ട്ബുക്കുകള്‍, ഗ്രാഫ് പേപ്പറുകള്‍, സ്‌കൂള്‍ ബാഗുകള്‍, ഡ്രോയിങ്ങ്, കളറിങ്ങ് ബുക്കുകള്‍, പൊതിച്ചില്‍ പേപ്പറുകള്‍, കാര്‍ബണ്‍ പേപ്പറുകള്‍ എന്നീ സ്റ്റേഷനറി സാധനങ്ങള്‍ക്കെല്ലാം വില കുറയും. ഇന്‍സുലിന്‍, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുള്ള എക്സ്റേ ഫിലിമുകള്‍, പരിശോധനാ കിറ്റുകള്‍, ലെന്‍സുകള്‍, പ്രമേഹം, ക്യാന്‍സര്‍ എന്നിവയ്ക്കുള്ള മരുന്നുകള്‍ എന്നിവക്കെല്ലാം വില കുറയും സില്‍ക്ക്,വൂളന്‍ ഫാബ്രിക്കുകള്‍,ഖാദി വസ്ത്രങ്ങള്‍, ഖാദി തൊപ്പികള്‍, 500 രൂപക്കു താഴെയുള്ള പാദരക്ഷകള്‍, 1000 രൂപ വരെയുള്ള വസ്ത്രങ്ങള്‍ എന്നിവയാണ് വില കുറയുന്ന തുണിത്തരങ്ങള്‍.  15 എച്ച്.പിയില്‍ കുറവുള്ള ഡീസല്‍ എഞ്ചിനുകള്‍, ട്രാക്ടര്‍ ടയറുകള്‍, ട്യൂബുകള്‍, സ്റ്റാറ്റിക് കണ്‍വേര്‍ട്ടറുകള്‍, ഇലക്ട്രിക് ട്രാന്‍സ്ഫോര്‍മറുകള്‍, വിന്‍ഡിങ്ങ് വയറുകള്‍, ക്രാക്കര്‍, ഹെല്‍മറ്റ്, ലൂബ്രിക്കന്റുകള്‍, ബൈക്കുകള്‍, 100 രൂപയില്‍ താഴെയുള്ള സിനിമാ ടിക്കറ്റുകള്‍, പട്ടം, ആഢംബര കാറുകള്‍, മോട്ടോര്‍ സൈക്കിള്‍, സ്‌കൂട്ടര്‍, ഇക്കണോമി ക്ലാസുകളിലെ വിമാന ടിക്കറ്റുകള്‍, 75,00 രൂപയില്‍ താഴെയുള്ള ഹോട്ടല്‍ താമസ നിരക്കുകള്‍, സിമന്റ്, ഇഷ്ടിക തുടങ്ങിയവക്കെല്ലാം ജി.എസ്.ടിയുടെ വരവോടെ വില കുറയും.

പനീര്‍, കോണ്‍ഫ്ളേക്സ്, കാപ്പി, മസാല പൗഡര്‍, ചൂയിംഗം, ഐസ്‌ക്രീം ചോക്ലേറ്റുകള്‍, ആയുര്‍വേദ മരുന്നുകള്‍, സ്വര്‍ണ്ണം, 7500 രൂപക്കു മുകളിലുള്ള ഹോട്ടല്‍ താമസം, റെസ്റ്റോറന്റുകളിലെ താമസം, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കുള്ളിലെ റസ്റ്റോറന്റുകളിലെ താമസം, 100 രൂപക്കു മുകളിലുള്ള സിനിമാ ടിക്കറ്റുകള്‍, ഐ.പി.എല്‍ ടിക്കറ്റുകള്‍, 1000 രൂപക്കു മുകളിലുള്ള വസ്ത്രങ്ങള്‍, ഷാംപൂ, പെര്‍ഫ്യൂം, എസി, ഫസ്റ്റ് ക്ലാസ് ട്രെയിന്‍ ടിക്കറ്റുകള്‍, ബിസിനസ് ക്ലാസ് യാത്രകള്‍, ്രഫിഡ്ജ്, വാഷിങ്, മെഷീന്‍, ടെലിവിഷന്‍, കൊറിയര്‍ സര്‍വ്വീസുകള്‍, മൊബൈല്‍ ഫോണ്‍ ബില്ലുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയം, ബാങ്കിങ്ങ് നിരക്കുകള്‍, ബ്രോഡ്ബാന്‍ഡ് സര്‍വ്വീസുകള്‍, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍, 35000ക്കു മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍, ചെറുകാറുകള്‍, എസ്.യു.വി ബൈക്കുകള്‍, മീന്‍വല, സ്മാര്‍ട്ട് ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഫിറ്റ്നസ് ഉപകരണങ്ങള്‍, സിഗരറ്റ്, പുകയില, ആല്‍ക്കഹോള്‍ അംശമുള്ള പാനീയങ്ങള്‍ എന്നിവയെല്ലാം ചിലവേറും.

നികുതിയടവും രേഖപ്പെടുത്തലും എല്ലാം ഓണ്‍ലൈന്‍ വഴിയായി. അതോടെ നികുതി വെട്ടിപ്പ് കുറയും, ക്രമേണെ സംസ്ഥാന അതിര്‍ത്തികളിലെ ചെക്ക് പോസ്റ്റുകള്‍ ഇല്ലാതാകും.ഒട്ടു മിക്ക ഉല്‍പന്നങ്ങള്‍ക്കും നികുതി കുറയുന്നതോടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആദ്യ അഞ്ച് വര്‍ഷത്തേക്കെങ്കിലും വലിയ വരുമാന നഷ്ടമുണ്ടകും. ഇക്കാലയളവില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കുറയുമെന്നും വിലയിരുത്തപ്പെടുന്നു. എന്നാല്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍. രാജ്യത്തെ ചരക്കു സേവന നികുതികളെ ഏകീകരിക്കുന്നതിനപ്പുറം രാഷ്ട്രീയമായും സാമ്പത്തികമായും ചരിത്രപരമെന്ന വിശേഷണം ജി.എസ്.ടി അര്‍ഹിക്കുന്നു. 1999 ജനുവരി ഒന്നുമുതല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ 'യൂറോ' എന്ന പൊതു കറന്‍സിയുണ്ടാക്കിയതുപോലുള്ള മാറ്റമാണ് ജി.എസ്.ടിയെന്ന് മോദി സര്‍ക്കാര്‍ അവകാശപ്പെടുന്നു.

ജി.എസ്.ടി വിപ്ലവം: ഇനി പുതിയ ഇന്ത്യ, ഒരൊറ്റ നികുതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക