Image

ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നും വീണ്ടുമൊരു ട്രാഫിക് ടിക്കറ്റ്(ഓര്‍മ്മക്കുറിപ്പ്-4) തുടര്‍ച്ച-തോമസ് കൂവള്ളൂര്‍

തോമസ് കൂവള്ളൂര്‍ Published on 01 July, 2017
  ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നും വീണ്ടുമൊരു ട്രാഫിക് ടിക്കറ്റ്(ഓര്‍മ്മക്കുറിപ്പ്-4) തുടര്‍ച്ച-തോമസ് കൂവള്ളൂര്‍
ന്യൂയോര്‍ക്ക്: ഇമലയാളി വായനാവാരം ആഘോഷിക്കുന്ന ഈ വേളയില്‍ 2016 ജനുവരിമാസം 18-ാം തീയതി ന്യൂയോര്‍ക്ക് സിറ്റിയില്‍ വച്ച് എനിക്കുകിട്ടിയ ഒരു ട്രാഫിക് ടിക്കറ്റ് വക്കീലന്മാരുടെ സഹായമില്ലാതെ ഞാന്‍ ഒറ്റയ്ക്ക് എങ്ങിനെ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നു എന്ന് എഴുതാമെന്നു കരുതി. അതൊരു പോരാട്ടത്തിന്റെ കഥ ആയതുകൊണ്ടു മാത്രമാണ് എഴുതാന്‍ തീരുമാനിച്ചത്.

സത്യത്തില്‍ ഞാന്‍ തെറ്റു ചെയ്തിട്ടില്ല എന്ന പൂര്‍ണ്ണമായ വിശ്വാസം എനിക്കുള്ളതു കൊണ്ടു മാത്രമാണ് ആ ടിക്കറ്റു തന്ന നടപടിക്കെതിരായി ഞാന്‍ ശബ്ദമുയര്‍ത്താനും നടപടി എടുക്കാനും തയ്യാറായത്. എനിക്കു ടിക്കറ്റുകിട്ടിയ ആ ദിവസം മാര്‍ട്ടീന്‍ ലൂഥര്‍ കിംഗ് ജൂണിയറിന്റെ അനുസ്മരണാ ദിനം ആയിരുന്നു. അന്ന് അമേരിക്കയില്‍ പൊതു ഒഴിവു ദിവസവും ആയിരുന്നു എന്ന് എനിക്കറിയാമായിരുന്നു.

സംഭവം ഇങ്ങിനെയാണ്. അന്നേ ദിവസം രാവിലെ 6 മണിക്ക് ഞാന്‍ താമസിക്കുന്ന യോങ്കേഴ്‌സില്‍ നിന്നും ന്യൂയോര്‍ക്ക് സിറ്റിയിലുള്ള ന്യൂയോര്‍ക്ക് പ്രസ്ബിറ്റേറിയന്‍ ഹോസ്പിറ്റലിന്റെ ഭാഗമായ അല്ലല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന എന്റെ മകളെ ജോലികഴിഞ്ഞ് കൊണ്ടുവരാന്‍ ഇന്റര്‍ സേറ്റേറ്റ് ഹൈവേ 87 സൗത്ത് എടുത്തു പോവുകയായിരുന്നു. ഹൈവേയില്‍ 230, വെസ്റ്റ് എക്‌സിറ്റ് എടുത്ത് ബ്രോഡ് വെയിലാണ് ഹോസ്പിറ്റല്‍.

ജനുവരി മാസം വിന്റര്‍ സീസണ്‍ ആയതിനാല്‍ വഴിയില്‍ കണ്ടമാനം ഐസ് ഉണ്ടായിരുന്നതിനാല്‍ ഞാന്‍ പോകുന്ന വഴിയില്‍ നിരവധി അപകടങ്ങള്‍ ഉണ്ടായതായി റേഡിയോയില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. സാധാരണ ദിവസങ്ങളിലാണെങ്കില്‍ ഹൈവേയിലെ സ്‌നോ അപ്പോള്‍ത്തന്നെ മാറ്റും. ഒരു പക്ഷേ അവധിദിവസം ആയിരുന്നതിനാല്‍ അധികാരികള്‍ വേണ്ടത്ര ശ്രദ്ധിച്ചു കാണുകയില്ല അതായിരിക്കണം വഴിയില്‍ ഐസ് കണ്ടമാനം ഉണ്ടാവാന്‍ കാരണമെന്ന് ഊഹിക്കാം.

ഏതായാലും പതിവുള്ള എക്‌സിറ്റ് എടുക്കാതെ അതിനു മുമ്പുള്ള വാന്‍കോര്‍ട്ട്‌ലാന്റ് എക്‌സിറ്റ് ഞാന്‍ എടുത്തു. ആ വഴികളെല്ലാം എനിക്ക് നന്നായി പരിചയമുള്ളതുമാണ്. കാരണം അമേരിക്കയില്‍ 29 വര്‍ഷങ്ങള്‍ക്കു മുമ്പ് വന്ന കാലഘട്ടത്തില്‍ എനിക്ക് ആദ്യമായി ജോലികിട്ടിയത് അതിനടുത്തുള്ള ഫീല്‍ഡ്സ്റ്റണ്‍ ലോഡ്ജ് നേഴ്‌സിങ്ങ് ഹോമില്‍ ആയിരുന്നു.

ശനിയാഴ്ചയും ഞായറാഴ്ചയും തിരിയാമെങ്കില്‍ അവധി ദിവസവും തിരിഞ്ഞുകൂടേ? ഇതാണ് എന്റെ ചോദ്യം.

ഞാന്‍ ചെയ്ത കുറ്റം എന്ന് ആരോപിക്കപ്പെട്ടിരിക്കുന്നത് ആ ട്രാഫിക് സൈനില്‍ ഞാന്‍ രാവിലെ 7 മണിക്കുശേഷം ഇടത്തേയ്ക്കുതിരിഞ്ഞു എന്നുള്ളതാണ്. 2016 ജനുവരി 18 ഒരു തിങ്കളാഴ്ച ആയിരുന്നു. അതിനാലാണ് ടിക്കറ്റ് എനിക്കു തന്നത് എന്നാണ് പോലീസിന്റെ ന്യായം. ശനിയും, ഞായറും അവിടെ തിരിയാമെങ്കില്‍ പൊതു അവധി ദിവസവും അവിടെ തിരിയാം എന്നുള്ളതാണ് എന്റെ വാദം. കൂടാതെ രാവിലെ വഴിയില്‍ ഐസ് ആയതിനാല്‍ റോഡപകടങ്ങള്‍ ഉണ്ടായതിനാല്‍ ഞാന്‍ പതിവായി എത്താറുള്ള സമയം വൈകാന്‍ കാരണമായി എന്നതാണ് മറ്റൊരു വസ്തുത. ഞാന്‍ പ്രസ്തുത സ്ഥലത്തെത്തിയപ്പോള്‍ 7 മണി കഴിഞ്ഞ് കൂടിയാല്‍ പത്തു മിനിറ്റ് വൈകിയിരിക്കും.

ഇനി എന്താണഅ സംഭവിച്ചതെന്നറിയേണ്ടേ. കിംഗ്‌സ് ബ്രിഡ്ജ് അവന്യുവും 228 സ്ട്രീറ്റും കൂട്ടിമുട്ടുന്നിടത്ത് ട്രാഫിക് ലൈറ്റ് പച്ചതെളിഞ്ഞപ്പോള്‍ ഞാന്‍ ഇടത്തേയ്ക്കു തിരിഞ്ഞപ്പോള്‍ അവിടെ ഡബിള്‍ പാര്‍ക്ക് ചെയ്ത് ഒരു ഇംഫാല കാറ് കിടക്കുന്നതു ഞാന്‍ കണ്ടു എങ്കിലും അകത്തിരിക്കുന്നത് ആരാണെന്ന് ശ്രദ്ധിച്ചില്ല. കാരണം റോഡിന്റെ രണ്ടുഭാഗത്തും കാറുകള്‍ പാര്‍ക്കു ചെയ്തിരുന്നതിനു പുറമെ ഏറെക്കുറെ വഴിയുടെ നടുഭാഗത്താണ് ആ നീലനിറത്തിലുള്ള കാറ് കിടന്നിരുന്നത്. ആ കാറിനെ ഓവര്‍ടേക്ക് ചെയ്ത് ബ്രോഡ് വെയെ ലക്ഷ്യമാക്കി ഞാന്‍ മുമ്പോട്ടു പോയപ്പോള്‍ പിറകില്‍നിന്നും സൈറണ്‍ അടിച്ചപ്പോഴാണ് അതൊരു അണ്ടര്‍കവര്‍ പോലീസുകാരനാണെന്ന വിവരം ഞാന്‍ അറിഞ്ഞത്. ഒരു 50 അടി മുമ്പോട്ടു പോയി ആര്‍ക്കും തടസ്സം സൃഷ്ടിക്കാത്ത വിധത്തില്‍ ഞാന്‍ സൈഡില്‍ പാര്‍ക്കു ചെയ്തു. അരയില്‍ തോക്കുമായി പോലീസ് യൂണിഫോമില്‍ ഒരു വെള്ളക്കാരന്‍ പോലീസ് നടന്നുവന്ന് എന്റെ കാറിനടുത്തെത്തി ഡ്രൈവേഴ്‌സ് ലൈസന്‍സ് ആവശ്യപ്പെട്ടു. ഞാന്‍ തൊട്ടടുത്തുള്ള ഹോസ്പിറ്റലില്‍ എന്റെ മകളെ കൊണ്ടുവരാന്‍ പോകയാണെന്നും, അന്നേ ദിവസം മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ അവധി ദിവസം ആയതിനാലാണ് ഞാന്‍ അവിടെ തിരിഞ്ഞതെന്നും പറഞ്ഞു. പക്ഷേ അയാള്‍ അതൊന്നും ഗൗനിക്കാതെ നേരേ അയാളുടെ കാറില്‍ പോയി പഴഞ്ചന്‍ മോഡലിലുള്ള ഒരു ട്രാഫിക് വയലേഷന്‍ ടിക്കറ്റ് എഴുതി എന്റെ കൈയില്‍ കൊണ്ടു വന്നു തന്നു.

സംഗതിയുടെ ഗൗരവം മനസ്സിലാക്കിയ ഞാന്‍  നോക്കിയിട്ടു കാര്യമില്ല. ആ ടിക്കറ്റ് അസാധു ആക്കിക്കുന്നതിനുവേണ്ടി പൊരുതാന്‍ തന്നെ തീരുമാനിച്ചു. കാറില്‍ നിന്നിറങ്ങി എന്റെ കൈവശമുണ്ടായിരുന്ന ഐഫോണ്‍ കൊണ്ട് സംഭവസ്ഥലത്തെ ഫോട്ടോകള്‍ എടുത്തു. അക്കൂടെ പോലീസുകാരന്റെ കാറിന്റെ ഫോട്ടോയും എടുത്തു. ഞാന്‍ അയാളുടെ കാറിന്റെ ഫോട്ടോ എടുക്കുന്നതു കണ്ട അയാള്‍ കാറില്‍ നിന്നും ചാടിയിറങ്ങി നീ എന്തിനാണ് ഫോട്ടോ എടുക്കുന്നതെന്നു ചോദിച്ചു. അപ്പോള്‍ ഞാന്‍ ഇംഗ്ലീഷില്‍ അറിയാവുന്ന ഭാഷയില്‍ നീ നിന്റെ ജോലി ചെയ്തുകഴിഞ്ഞു. ഇനി ഞാനെന്റെ ജോലി ചെയ്യട്ടെ. ഞാന്‍ ഒരു ഇല്ലീഗല്‍ ഇമിഗ്രന്റാണെന്നു നീ കരുതുന്നെങ്കില്‍ അതു തെറ്റാണ് ഞാന്‍ യു.എസ്.സിറ്റിസണ്‍ തന്നെയാണ് എന്ന് ആ പ്രദേശത്തുള്ളവര്‍ കേള്‍ക്കെ ഉച്ചത്തില്‍ പറഞ്ഞു. അതുകേട്ട് പലരും ശ്രദ്ധിക്കുന്നുണ്ടെന്നു കണ്ട ആ പോലീസുകാരന്‍ അതേ പടി കാറിലേയ്ക്കു കയറി. ഒരു പക്ഷേ ആരും ചുറ്റുപാട് ഇല്ലായിരുന്നുവെങ്കില്‍ അയാള്‍ മറ്റു പല കറുത്ത വര്‍ഗ്ഗക്കാരെയും കൊന്നിട്ടുള്ളതും പോലെ അയാളുടെ തോക്കെടുത്ത് വെടിവെയ്ക്കാനും മടിക്കയില്ലായിരുന്നു എന്നും എനിക്കറിയാം. പക്ഷേ നീതിക്കുവേണ്ടി ജീവത്യാഗം ചെയ്യാനും എനിക്കു മടിയില്ല എന്ന് അയാളുണ്ടോ അറിയുന്നു.

ഫോട്ടോ എടുക്കല്‍ കഴിഞ്ഞ് ഞാന്‍ എന്റെ കാറില്‍ കയറി വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ അയാള്‍ എന്റെ ഇടതുവശത്ത് തൊട്ടു പിറകില്‍ കാര്‍ കൊണ്ടുവന്നു നിര്‍ത്തി കൊച്ചു കുട്ടികള്‍ കാണിക്കുന്നതുപോലെ കൈകൊണ്ട് ഒരു 'ടാറ്റാ ബൈബൈ' യും തന്നു വിട്ടു.
ഈ സംഭവം കഴിഞ്ഞ് ഞാന്‍ എന്റെ മകള്‍ ജോലി ചെയ്യുന്നിടത്തെത്തിയപ്പോള്‍ അരമണിക്കൂര്‍ താമസിച്ചിരുന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ. ആ പോലീസുകാരന്‍ സാമാന്യ മര്യാദ ഉള്ളവനായിരുന്നെങ്കില്‍ എന്റെ പ്രായത്തെ മാനിച്ച് എന്റെ ഡ്രൈവേഴ്‌സ് ഐഡി നോക്കിയശേഷം ഞാന്‍ ഒരു ക്രിമിനല്‍ ആണോ അല്ലയോ എന്ന് കമ്പ്യൂട്ടറിലൂടെ നോക്കിയശേഷം ഒരു താക്കീത് നല്‍കി വിടാമായിരുന്നു. പക്ഷേ പറഞ്ഞിട്ടെന്തു പ്രയോജനം.

അന്നത്തെ ദിവസം അവധി ആയിരുന്നതിനാല്‍ പിറ്റേന്ന് ഞാന്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റില്‍ വിളിച്ച് തലേദിവസം സ്റ്റേറ്റ് അവധി ദിവസം ആണെന്ന് ഉറപ്പു വരുത്തിയശേഷം ഓണ്‍ലൈനിലൂടെ ഒരു സിവിലിയന്‍ കംപ്ലയിന്റ് ന്യൂയോര്‍ക്ക് സിറ്റി ഡോട്ട് ഗവ എന്ന സൈറ്റില്‍ പോയി അയച്ചു. സംഭവം അല്പം പൊടിപ്പും തൊങ്ങലോടും കൂടിയാണയച്ചത്. എന്റെ പരാതി കിട്ടിയതായും സിവിലിയന്‍ കംപ്ലെയിന്റ് റിവ്യൂ ബോര്‍ഡ് അന്വേഷണത്തിനു വിട്ടിരിക്കുന്നതായും മറുപടി ലഭിച്ചു.

ഒന്നുരണ്ടാഴ്ചകള്‍ക്കുശേഷം കംപ്ലെയിന്റ് റിവ്യൂ ബോര്‍ഡില്‍ വിളിച്ചു ചോദിച്ചപ്പോള്‍ എന്റെ കേസ് ഒരു ഏജന്‍സിയെ ഏല്‍പിച്ചിരിക്കുകയാണെന്നും ഓഫീസ് ഓഫ് ദി ചീഫ് ഓഫ് ദി ഡിപ്പാര്‍ട്ടുമെന്റില്‍ വിളിക്കാനും പറഞ്ഞു. അവര്‍ തന്ന നമ്പറില്‍ വിളിച്ചു ചോദിച്ചപ്പോള്‍ എന്റെ പരാതി ചീഫ് ഓഫ് പട്രോളിന് ഇലക്ട്രോണിക്ക് മെസ്സേജ് ആയി ട്രാന്‍സ്മിറ്റ് ചെയ്തു എന്ന ഉത്തരമാണ് ലഭിച്ചത്. എങ്കിലും ഞാന്‍ നിരാശനാകാതെ ഓരോ ഡിപ്പാര്‍ട്ടുമെന്റിന്റെയും ഫോണ്‍ നമ്പരുകള്‍ കിട്ടിയതിനാല്‍ തുടര്‍ച്ചയായി വിളിച്ചു കൊണ്ടിരുന്നു. ഇതിനിടെ എനിക്ക് കോടതിയില്‍ നിന്നുമുള്ള സമന്‍സും കിട്ടി. 2016 ഡിസംബര്‍ 28 നും ഉച്ചകഴിഞ്ഞ് 1 മണിക്ക് കോടതിയില്‍ ഹാജരാകാന്‍. ജനുവരി 18നു കിട്ടിയ ട്രാഫിക് ടിക്കറ്റ് 12-ാം മാസത്തില്‍ വിചാരണയ്ക്ക്. എങ്ങിനെയെങ്കിലും ആ ടിക്കറ്റ് ഡിസ്മിസ് ചെയ്യിക്കണം എന്ന ദൃഢനിശ്ചയം ഞാനെടുത്തു. അതിനുള്ള പഴുതുകളെല്ലാം ആലോചിച്ച് ഓരോന്നു കുറിച്ചു വച്ചു. ഇതിനിടെ ഒരു വലിയ പോയിന്റ് കണ്ടുപിടിച്ചു. എനിക്കു ടിക്കറ്റു തന്ന പോലീസ് ഉദ്യോഗസ്ഥന്‍ അയാളുടെ പേരെഴുതി ഒപ്പിട്ടിട്ടില്ല എന്ന പ്രധാനപ്പെട്ട ഒരു പോയിന്റ്. അതായത് ഒരു പോലീസുകാരന്‍ ഒരാളെ കുറ്റക്കാരനായി പിടിച്ചാല്‍ തന്റെ വാദം സത്യമാണെന്നും, നിയമം ലംഘിച്ചാല്‍ കുറ്റക്കാരനായിരിക്കും എന്നും ഉള്ള സ്ഥലത്ത് അയാളുടെ പേരും റാങ്കും എഴുതി ഒപ്പിട്ടിരിക്കണം. എന്റെ ജീവിതത്തില്‍ നിരവധി കേസുകള്‍ ഒറ്റയ്ക്ക് കൈകാര്യം ചെയ്തിട്ടുള്ള പരിചയത്തില്‍ നിന്നാണ് ഈ പഴുതു കണ്ടുപിടിക്കാന്‍ ഇടയാക്കിയത്.

ഏറ്റവും ഒടുവില്‍ ഞാന്‍ സംസാരിച്ച ഓഫീസര്‍ ഗിബ്‌സ് എന്നയാളോടും സംസാരിച്ചപ്പോള്‍ എനിക്കു പോലീസുകാരന്‍ തന്ന ട്രാഫിക് ടിക്കറ്റില്‍ അയാള്‍ പേരെഴുതി ഒപ്പിട്ടിട്ടില്ല എന്ന കാര്യം ഞാന്‍ സൂചിപ്പിച്ചു. എന്റെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനോട് ഈ വിവരം ധരിപ്പിക്കാന്‍ അയാള്‍ പറഞ്ഞു.

വീണ്ടും എനിക്ക് വ്യക്തമായ മറുപടി കിട്ടാത്തതിനാല്‍ ഞാന്‍ വിളി തുടര്‍ന്നു കൊണ്ടിരുന്നു. ഒടുവില്‍ ഞാന്‍ ആകെ മടുത്ത് നിരാശനായി എന്ന് പിന്നീടു സംസാരിച്ച സ്പാ എന്ന സ്ത്രീയെ അറിയിച്ചു. എനിക്കു ടിക്കറ്റുതന്ന പോലീസ് സ്‌റ്റേഷനിലെ ലഫ്റ്റനന്റ് ജോണ്‍ ട്രോട്ട എന്ന ഉദ്യോഗസഥനെ വിളിച്ച് വിവരം അന്വേഷിക്കാന്‍ അവര്‍ പറഞ്ഞു. അയാളെ വിളിച്ചപ്പോള്‍ എന്റെ പരാതിയുടെ ഒരു കോപ്പി അയാള്‍ക്ക് അയച്ചുകൊടുക്കാന്‍ പറഞ്ഞു. അയാളുടെ ഇമെയില്‍ ആവശ്യപ്പെട്ട പ്രകാരം എനിക്കു കിട്ടി. പോലീസുദ്യോഗ്സ്ഥന്‍ അയാളുടെ പേര് എഴുതി സൈന്‍ ചെയ്തിട്ടില്ല എന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ ആ മേലുദ്യോഗസ്ഥന്‍ ക്ഷമാപണം നടത്തി. ഞാന്‍ ആ ഉദ്യോഗസഥന് അയച്ച ഇമെയില്‍ എന്റെ പല സുഹൃത്തുക്കള്‍ക്കും, ഒരു പക്ഷേ സുഹൃത്തുക്കളെന്നു നടിച്ചിരുന്ന ശത്രുക്കള്‍ക്കും അയച്ചുകൊടുത്തിരുന്നു. അവരില്‍ പലരും കമന്റും പാസ്സാക്കി 'കൂവള്ളൂരിന്റെ കഥ ഇതോടെ തീരും- കാരണം പോലീസ് ഉന്നതാധികാരികളുമായാണ് ഏറ്റുമുട്ടിയിരിക്കുന്നത്' എന്ന്.

ലഫ്റ്റനന്റ് ജോണ്‍ ട്രോട്ട എത്ര നല്ല ആളാണെന്ന് പിന്നീടെനിക്കു മനസ്സിലായി. ഞങ്ങള്‍ ഹൃദയം തുറന്നു പലകാര്യങ്ങളും സംസാരിച്ചു. എന്റെ ടിക്കറ്റ് ഡിസ്മിസ് ചെയ്യിക്കാന്‍ അയാള്‍ക്കു സാധിക്കുമോ എന്നു ചോദിച്ചപ്പോള്‍ കോടതിക്കു വിട്ടതിനാല്‍ കോടതിയില്‍ ഞാന്‍ ചെന്നു വിവരം പറഞ്ഞാല്‍ മതി എന്നു പറഞ്ഞു. എന്റെ പേരിലുണ്ടായിരുന്ന പരാതിയില്‍ ആ വിവരം കെട്ട പോലീസ് ഉദ്യോഗസ്ഥന്‍ എഴുതിയത് ട്രാഫിക് സൈന്‍ ഞാന്‍ അനുസരിച്ചില്ല എന്നാണ്.
ഒടുവില്‍ എന്റെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ സര്‍ജന്റ് മൈക്കിള്‍ ഹെന്നലി എന്നയാള്‍ എന്നെ വിളിച്ചു. ഞാന്‍ എന്റെ പരാതി അയാളുടെ അടുക്കല്‍ വ്യക്തമാക്കി.

പിന്നീട് എന്തൊക്കെ സംഭവിച്ചു എന്നറിയേണ്ടേ? എന്റെ പരാതി സിവിലിയന്‍ കംപ്ലയിന്റ് റിവ്യൂബോര്‍ഡ് അന്വേഷിച്ചതിന്റെ ഫലമായി എനിക്ക് പോലീസ് ഉദ്യോഗസ്ഥന്‍ ടിക്കറ്റു തരാന്‍ കാരണമായ ട്രാഫിക്‌സൈന്‍, അതായത് തിങ്കള്‍-വെള്ളി ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ 9വരെ ഇടതുവശത്തേയ്ക്ക വാഹനങ്ങള്‍ തിരിയാന്‍ പാടില്ല എന്ന സൈന്‍ എന്റെ പരാതി കിട്ടി 6 മാസത്തിനുള്ളില്‍ എടുത്തു മാറ്റി. ഞാന്‍ പറയുന്നത്, എഴുതുന്നത്, സത്യമാണോ അല്ലയോ എന്നു സംശയമുള്ളവരുടെ സംശയ നിവാരണത്തിനുവേണ്ടിയാണ് ഞാന്‍ ഇത്രമാത്രം വ്യക്തമായി എഴുതുന്നത്.

2016 ഡിസംബര്‍ 28ന് കോടതിയില്‍ ഹാജരാകാനുള്ള നിര്‍ദ്ദേശപ്രകാരം ഞാന്‍ ഹാജരായിരുന്നു. അന്നേ ദിവസം എന്റെ കേസ് വിചാരണയ്‌ക്കെടുത്തില്ല പകരം ആ പോലീസുകാരന്റെ പേരും, ഞാന്‍ കുറ്റക്കാരനല്ല എന്നിടത്ത് ഒരു ഒപ്പും ഇട്ട് ഒരു രസീത് എനിക്കു തന്നു. എന്റെ കേസ് 2017 ഏപ്രില്‍ 19ന് ഹാജരാകാന്‍ അതില്‍ ഉണ്ടായിരുന്നു. പക്ഷേ 2017 ഏപ്രില്‍ 3ന് എനിക്ക് കോടതിയില്‍ നിന്നും മറ്റൊരു ലെറ്റര്‍ വന്നു അതില്‍ എന്റെ കേസ് 2017 നവംബര്‍ 14ലേയ്ക്ക് മാറ്റിവച്ചിരിക്കുന്നു എന്നാണ്.

ഇതില്‍ നിന്നും മനസ്സിലാക്കാവുന്നത് സര്‍ക്കാരിന്റെ ചുവപ്പു നാടയാണ്. സര്‍ക്കാര്‍ ഒരിക്കലും ഒരു കാര്യത്തിലും തീരുമാനമെടുക്കുകയില്ല. അതിന് അവസാനം കുറിക്കേണ്ടത്, കുറിപ്പിക്കേണ്ടത് ജനങ്ങളാണ്. ഇപ്പോള്‍ എനിക്കു കിട്ടിയിരിക്കുന്ന കോടതിയില്‍ നിന്നുള്ള നോട്ടീസില്‍ കാരണം (റീസണ്‍) എന്നിടത്ത് എഴുതിയിരിക്കുന്നത് അഡ്മിനിസ്‌ട്രേറ്റീവ് എന്നാണ്. നേരത്തെ തന്നെ കോടതി നോട്ടീസില്‍ കാരണം എന്നിടത്ത് 'നോട്ട് ഗില്‍റ്റി പ്ലീ' - അതായത് കുറ്റക്കാരനല്ല എന്ന വാദം ആയിട്ടാണ്.

ഏതായാലും ജീവിച്ചിരുന്നാല്‍ നവംബര്‍ 14ന് ഹാജരായില്ലെങ്കില്‍ ചിലപ്പോള്‍ എന്റെ ലൈസന്‍സ് പോയെന്നിരിക്കും. ഞാന്‍ കോടതിയില്‍ ഹാജരായാല്‍ പോലീസുകാരന്‍ ചിലപ്പോള്‍ കുറ്റക്കാരനായെന്നുമിരിക്കും.

ഒരു വക്കീലുപോലും മില്ലാതെ ഇത്രയും ചെയ്യാനെനിക്കു കഴിഞ്ഞത് എഴുതിയില്ലെങ്കില്‍ അതൊരു നഷ്ടം തന്നെയല്ലേ? വായനക്കാര്‍ എന്തു പറയുന്നു.

തുടരും.

  ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നും വീണ്ടുമൊരു ട്രാഫിക് ടിക്കറ്റ്(ഓര്‍മ്മക്കുറിപ്പ്-4) തുടര്‍ച്ച-തോമസ് കൂവള്ളൂര്‍  ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നും വീണ്ടുമൊരു ട്രാഫിക് ടിക്കറ്റ്(ഓര്‍മ്മക്കുറിപ്പ്-4) തുടര്‍ച്ച-തോമസ് കൂവള്ളൂര്‍
Join WhatsApp News
sudhir panikkaveetil 2017-07-01 12:19:35
ഇ മലയാളിയുടെ വാരാഘോഷം പ്രമാണിച്ച് കൂവള്ളൂർ സാർ എഴുതിയ കുറിപ്പ് വായിച്ചു.  സാഹിത്യത്തിന്  മനുഷ്യനെ, ചിന്തിപ്പിക്കാൻ, എഴുതാൻ, ആസ്വദിപ്പിക്കാൻ, മാർഗ്ഗദർശനം നൽകാൻ ഒക്കെ
കഴിവുണ്ട്.   ടോൾസ്റ്റോയ് ഒന്നുമാകാതെ തന്നെ എഴുത്തിലൂടെ തന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ച താങ്കൾ നല്ല എഴുത്തുകാരനാണ്. താങ്കളുടെ പരാതി പ്രകാരം ബോർഡ് മാറ്റുകയും,  കാരണം കാണിക്കുന്നേടത് അഡ്മിനിസ്റ്ററേറ്റിവ് എന്നാക്കുകയും ചെയ്ത സ്ഥിതിതിക്ക് കൂവള്ളൂർ സാർ വിജയശ്രീലാളിതനായി വരുമെന്ന് വിശ്വസിക്കുന്നു. ഈ കുറിപ്പിലൂടെ മറ്റുള്ളവർക്കും ഇത്തരം അവസരങ്ങളെ എങ്ങനെ നേരിടാം എന്ന അറിവും നൽകുന്നു.  ബാക്കി ഭാഗങ്ങൾ വായിക്കാൻ കാത്തിരിക്കുന്നു.
mole hill 2017-07-01 15:53:09
A good example of how Koovalloor 'makes a mountain out of a mole hill' through exaggeration!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക