Image

ജര്‍മനിയില്‍ വിദ്വേഷ പ്രചാരണം നീക്കം ചെയ്യാത്ത സമൂഹ മാധ്യമങ്ങള്‍ക്ക് 50 മില്യണ്‍ യൂറോ പിഴ

Published on 01 July, 2017
ജര്‍മനിയില്‍ വിദ്വേഷ പ്രചാരണം നീക്കം ചെയ്യാത്ത സമൂഹ മാധ്യമങ്ങള്‍ക്ക് 50 മില്യണ്‍ യൂറോ പിഴ
     ബെര്‍ലിന്‍: വിദ്വേഷ പ്രചാരണങ്ങള്‍ നീക്കം ചെയ്യാതിരിക്കുന്ന സമൂഹ മാധ്യമങ്ങള്‍ക്ക് അന്പതു മില്യണ്‍ യൂറോ പിഴ ചുമത്താന്‍ നിര്‍ദേശിക്കുന്ന ബില്‍ ജര്‍മന്‍ പാര്‍ലമെന്റ് പാസാക്കി.

ഈ വിഷയത്തില്‍ ലോകത്തു തന്നെ നടപ്പാക്കുന്ന ഏറ്റവും കടുത്ത നിയമ നിര്‍മാണങ്ങളിലൊന്നാണിത്. ഓണ്‍ലൈനായി വംശീയ വിവേചനപരമായ വിദ്വേഷ പ്രചാരണങ്ങള്‍ പെരുകി വരുന്ന സാഹചര്യത്തിലാണ് നടപടി. 2015 മുതല്‍ തുടരുന്ന അഭയാര്‍ഥി പ്രവാഹത്തെത്തുടര്‍ന്നാണ് രാജ്യത്ത് അവര്‍ക്കെതിരേ വിദ്വേഷ പ്രചാരണം രൂക്ഷമായത്.

അതേസമയം, സ്വതന്ത്രമായ ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിന് നിയമ നിര്‍മാണം വിഘാതമാകുമെന്നും ചിലര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ഫൈന്‍ ഒഴിവാക്കുന്നതിന് ട്വിറ്ററും ഫെയ്‌സ്ബുക്കും മറ്റും അമിത ശ്രദ്ധയോടെ പല പോസ്റ്റുകളും അനാവശ്യമായി നീക്കം ചെയ്യാനുള്ള സാധ്യതയാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

വിദ്വേഷ പ്രചാരണം ഏതെന്നു തീരുമാനിക്കാനുള്ള അവകാശം സമൂഹ മാധ്യമങ്ങള്‍ക്കാണ് നല്‍കുന്നത്. എന്നാല്‍, വധഭീഷണി, അവഹേളനം, വിദ്വേഷം പ്രചരിപ്പിക്കല്‍ എന്നിവ അഭിപ്രായ സ്വാതന്ത്ര്യത്തില്‍പെടില്ലെന്ന് ജസ്റ്റീസ് മിനിസ്റ്റര്‍ ഹെയ്‌കോ മാസ് വിശദീകരിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക