Image

തോമസ് ജേക്കബ്, നന്ദി (മാമ്മന്‍ മാത്യു, ചീഫ് എഡിറ്റര്‍, മലയാള മനോരമ)

Published on 01 July, 2017
തോമസ് ജേക്കബ്, നന്ദി (മാമ്മന്‍ മാത്യു, ചീഫ് എഡിറ്റര്‍, മലയാള മനോരമ)
കഴിഞ്ഞ അന്‍പതു വര്‍ഷത്തിനുള്ളില്‍ മലയാള മനോരമ ഈശ്വരസഹായത്താല്‍ കൈവരിച്ച ഉയരത്തിനും അംഗീകാരത്തിനും ജനപ്രിയതയ്ക്കുമൊക്കെയുള്ള മനോഹരമായ കാരണങ്ങളിലൊന്നാണ് തോമസ് ജേക്കബ്. ദീര്‍ഘമായ അന്‍പത്തിയാറു വര്‍ഷത്തിനു ശേഷം ഇന്നലെ അദ്ദേഹം വിരമിച്ചപ്പോള്‍ മനോരമ നന്ദിപൂര്‍വം ആ സമര്‍പ്പിതസേവനം ഹൃദയത്തോടു ചേര്‍ത്തുവയ്ക്കുന്നു.

ഞാനാവര്‍ത്തിക്കട്ടെ: ഒരു പുരുഷായുസ്സിലെ അന്‍പത്തിയാറു വര്‍ഷങ്ങള്‍. അതും ഓരോ ദിവസവും കര്‍മനിരതവും ക്ലേശഭരിതവുമായ അന്‍പത്തിയാറു വര്‍ഷങ്ങള്‍. തോമസ് ജേക്കബുമായി ഏറ്റവുമധികം ഇടപഴകിയവരില്‍ ഒരാളെന്ന നിലയ്ക്ക് എനിക്കുറപ്പിച്ചുപറയാനാവും, മനോരമയില്‍നിന്നോ പത്രപ്രവര്‍ത്തനത്തില്‍നിന്നോ ഒരിക്കല്‍പ്പോലും ഈ കാലയളവില്‍ തോമസ് ജേക്കബിനെ എനിക്കു വേര്‍തിരിച്ചുകാണാനായിട്ടില്ല. അത്രമാത്രം ലയനം. അത്രമാത്രം ചേര്‍ന്നുനില്‍ക്കല്‍. ഈ ലയനമാണ് തോമസ് ജേക്കബിനെ ഇരുപത്തിയാറാം വയസ്സില്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ന്യൂസ് എഡിറ്ററാക്കിയത്. ഈ ലയനമാണ് വിരമിക്കുമ്പോള്‍ മലയാള മനോരമയുടെ മാത്രമല്ല, കേരളത്തിലെ എത്രയോ പത്രബന്ധുക്കളുടെ സ്‌നേഹപ്രണാമം നേടിക്കൊടുക്കുന്നത്.

ഞങ്ങളെ സംബന്ധിച്ചിടത്തോളം തോമസ് ജേക്കബ് ഒരു പേരല്ല. ഒരു പ്രതീകമാണ്. സ്വജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാലമത്രയും പത്രലോകത്തിനുവേണ്ടിയും തന്റെ പത്രസ്ഥാപനത്തിനുവേണ്ടിയും എങ്ങനെ സഫലമായി സമര്‍പ്പിക്കാം എന്നതിന്റെ പ്രതീകം.

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വദേശാഭിമാനി – കേസരി പുരസ്‌കാരം അടക്കമുള്ള അംഗീകാരങ്ങളേറെ ലഭിച്ചൊരാള്‍ പക്ഷേ, മനസ്സുകൊണ്ട് ഇപ്പോഴും ആദ്യമാഗ്രഹിക്കുന്നത് ഇതൊന്നുമല്ലെന്ന് എനിക്കറിയാം. അത് മലയാള മനോരമയുടെ വളര്‍ച്ച മാത്രമാണ്. മലയാള പത്രപ്രവര്‍ത്തനത്തിന്റെ വളര്‍ച്ചയും എപ്പോഴും അദ്ദേഹത്തിന്റെ മുന്നിലുണ്ട്.

കോഴിക്കോട്ടെ മനോരമക്കാലമായിരുന്നു തോമസ് ജേക്കബ് എന്ന പ്രഗത്ഭനായ പത്രപ്രവര്‍ത്തകനെ പുറംലോകത്തിനും അദ്ദേഹത്തിനുതന്നെയും കാണിച്ചുകൊടുത്തതെന്ന് ഞാന്‍ വിശ്വസിക്കുന്നു. കോട്ടയത്തുനിന്ന് മനോരമ കോഴിക്കോട്ടെത്തിയ ആരംഭവേളയില്‍ നേരിടാനിടയായ പ്രതിസന്ധികളാവും ആ യുവ ന്യൂസ് എഡിറ്ററെ കരുത്തനാക്കിയത് എന്നും തോന്നാറുണ്ട്. തോമസ് ജേക്കബും സംഘവും പൊരുതി നേടിയ വിജയംതന്നെയാണ് കോഴിക്കോട്ടെ മനോരമയുടേത്. ആയിടയ്ക്കുമാത്രം നിയമിച്ച കെ.ആര്‍. ചുമ്മാര്‍, ടി.കെ.ജി. നായര്‍, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, കടവനാട് കുട്ടിക്കൃഷ്ണന്‍, കെ. അബൂബക്കര്‍ എന്നിവരോടൊപ്പം കോട്ടയം മനോരമയിലെ ഏറ്റവും ജൂനിയറായ തോമസ് ജേക്കബിനെയും ചേര്‍ത്ത് കോഴിക്കോട് മനോരമ കെട്ടിപ്പടുക്കാന്‍വിട്ട അന്നത്തെ ചീഫ് എഡിറ്ററും എന്റെ പിതൃസഹോദരനുമായ കെ.എം. ചെറിയാന്റെയും എന്റെ പിതാവ് കെ.എം. മാത്യുവിന്റെയും ധൈര്യം ഇന്നും എനിക്കുമുന്നിലുള്ള അത്ഭുതമാണ്. അച്ചടിക്കാന്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ഉപയോഗിച്ച പഴയ പ്രസ്സായിരുന്നു അവരുടെ ആശ്രയം. എന്നിട്ടും, തോമസ് ജേക്കബും സംഘവും തോറ്റില്ലെന്നു മാത്രമല്ല, ജയിക്കുകയും ചെയ്തു.

കോഴിക്കോട്ടുനിന്ന് തോമസ് ജേക്കബ് കൊച്ചി വഴി കോട്ടയത്തെത്തി. നടന്നയിടത്തെല്ലാം, പാദമുദ്രകളില്‍നിന്നു താമരപ്പൂക്കള്‍ വിരിയിച്ചയാളെപ്പറ്റി കഥയില്ലേ, അതുപോലെ ചെന്നിടത്തെല്ലാം സ്വന്തം മുദ്രകള്‍ നല്‍കാന്‍ കഴിഞ്ഞയാളാണ് തോമസ് ജേക്കബ്. ബഹുമുഖങ്ങളില്‍, ബഹുതലങ്ങളില്‍ മലയാള പത്രപ്രവര്‍ത്തനത്തെത്തന്നെ കഴിഞ്ഞ അരനൂറ്റാണ്ടിനിടെ വളര്‍ച്ചയിലേക്കു നയിക്കാനായി എന്നതാണ് തോമസ് ജേക്കബിന്റെ പ്രസക്തി.

ഇത്രയും കാലം മലയാള മാധ്യമരംഗത്തെ സജീവസാന്നിധ്യം ആവുക മാത്രമല്ല, സഹപ്രവര്‍ത്തകര്‍ക്കും സഹപത്രങ്ങള്‍ക്കും എപ്പോഴും ആശ്രയിക്കാവുന്നയാള്‍ കൂടിയായി മാറി എന്നതിലാണ് തോമസ് ജേക്കബ് വ്യത്യസ്തനാവുന്നത്. എഡിറ്റോറിയല്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന മലയാള മനോരമയുടെ ഉയര്‍ച്ചയ്ക്കുവേണ്ടി മാത്രമല്ല, മലയാള പത്രപ്രവര്‍ത്തനത്തിന്റെ സമഗ്ര വളര്‍ച്ചയ്ക്കും സമൂല പ്രഫഷനലിസത്തിനും വേണ്ടി സ്വയം സമര്‍പ്പിച്ചതുകൊണ്ടുകൂടി അദ്ദേഹം തന്റെ പത്രപ്രവര്‍ത്തകജീവിതത്തെ സാര്‍ഥകമാക്കുന്നു.

റിപ്പോര്‍ട്ടിങ്, എഡിറ്റിങ്, കാര്‍ട്ടൂണ്‍, ചിത്രങ്ങള്‍, രൂപകല്‍പന, ഏകോപനം, നിര്‍വഹണം തുടങ്ങി പത്രകല്‍പനയുടെ മിക്ക മേഖലകളിലും മികവിന്റെ കയ്യൊപ്പിടാനായ തോമസ് ജേക്കബ് തന്റെ പ്രതിഭയുടെ കൈമുതലുകള്‍ സഹപത്രങ്ങള്‍ക്കായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. മല്‍സരാധിഷ്ഠിതമായ പത്രലോകത്ത് ഇങ്ങനെ ചിന്തിക്കാനും ചെയ്യാനുമൊക്കെയായി ഒരാള്‍ ഉണ്ടായത് എത്ര വലിയ കാര്യമാണെന്ന് എനിക്കു തോന്നാറുണ്ട്.

സഹപ്രവര്‍ത്തകരെ അഭിനന്ദിക്കുകയും തിരുത്തുകയും ചെയ്യുമ്പോള്‍ തന്നെ, മറ്റുള്ളവര്‍ക്കു മുന്നില്‍ അവരുടെ കുറ്റങ്ങള്‍ ഏറ്റെടുക്കുകയും നേട്ടങ്ങളുടെ ക്രെഡിറ്റ്, അതില്‍ തനിക്കുള്ള പങ്കു മറച്ചുവച്ചുകൊണ്ടുപോലും, അവര്‍ക്കു വിട്ടുകൊടുക്കുകയും ചെയ്യുന്ന ശീലം പത്രപ്രവര്‍ത്തകരുടെ തലമുറകള്‍ക്ക് അദ്ദേഹത്തെ സ്വന്തക്കാരനാക്കി. മനോരമയിലെ പത്രാധിപസമിതിയിലെ നേതൃസ്ഥാനത്തിരിക്കുമ്പോള്‍ സ്ഥാപനത്തിലെ മറ്റു ഡിവിഷനുകള്‍ക്കൊക്കെയും അദ്ദേഹം പ്രിയങ്കരനായത് ആ തുറന്ന മനസ്സും മിതവാദവുംകൊണ്ടാണ്. പത്രത്തിന്റെ പൊതുവായ നന്മയായിരുന്നു എന്നും മനസ്സില്‍.

കാര്‍ട്ടൂണിസ്റ്റാകാന്‍ വന്ന് മനോരമ പത്രാധിപസമിതിയുടെ നേതൃസ്ഥാനത്തെത്തിയ തോമസ് ജേക്കബിന്റെ കഥ, മനോരമയുടെ കഥയോടൊപ്പം ഇഴുകിച്ചേര്‍ന്ന് ഒഴുകുന്നതു കണ്ടുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാനും. ഒരാള്‍ തന്റെ സ്ഥാപനത്തോടൊപ്പം പൂര്‍ണമായി ലയിച്ചുചേരുന്നതെങ്ങനെ എന്നു വിശദീകരിക്കാന്‍, വരുംകാലത്തു മനോരമയിലെത്തുന്ന പുതുമുഖങ്ങള്‍ക്ക് അക്കാലത്തു ക്ലാസെടുക്കുന്ന മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ പറഞ്ഞുകൊടുക്കുന്ന മുഖ്യകഥകളിലൊന്ന് തോമസ് ജേക്കബിന്റേതായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ പിതാവ്, കെ.എം. മാത്യു ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്: 'മനോരമയ്ക്കുവേണ്ടി ഞാനെടുത്ത ശരിയായ തീരുമാനങ്ങളില്‍ സുപ്രധാനമായ ഒന്നാണ് തോമസ് ജേക്കബിനെ മനോരമയില്‍ എടുത്തത്'.

ഇന്ത്യന്‍ സേനയുടെ ഫീല്‍ഡ് മാര്‍ഷല്‍മാര്‍ വിരമിക്കാറില്ല, വിശ്രമിക്കാറേയുള്ളൂ. തോമസ് ജേക്കബ് എന്ന മനോരമയുടെ ഫീല്‍ഡ് മാര്‍ഷലും വിരമിക്കുകയല്ല, വിശ്രമജീവിതത്തിലേക്കു മാറുന്നതേയുള്ളൂ. അതുകൊണ്ട് പ്രിയപ്പെട്ട ഫീല്‍ഡ് മാര്‍ഷല്‍, ന്യൂസ് റൂമിലെ യുദ്ധങ്ങള്‍ അവിടെ നടന്നോട്ടെ, താങ്കള്‍ കുറ്റമറ്റു പരിശീലിപ്പിച്ച എത്രയോ പേര്‍ പോരാട്ടവീര്യത്തോടെ അവിടെ ഇരിക്കുന്നുണ്ട്. താങ്കള്‍ ഇനി സ്വച്ഛശാന്തം വിശ്രമിക്കുക

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക