Image

സ്വകാര്യ നേഴ്‌സുമാരുടെ സമരം ആറാം ദിവസം, തിരിഞ്ഞു നോക്കാതെ സര്‍ക്കാര്‍

എ.എസ് ശ്രീകുമാര്‍ Published on 03 July, 2017
സ്വകാര്യ നേഴ്‌സുമാരുടെ സമരം ആറാം ദിവസം, തിരിഞ്ഞു നോക്കാതെ സര്‍ക്കാര്‍
തിരുവനന്തപുരം: ശമ്പള വര്‍ധനവിനു വേണ്ടി കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ തൊഴില്‍ ചെയ്യുന്ന നേഴ്‌സുമാരുടെ നിരാഹാര സമരം ആറാം (ജൂലൈ 3) ദിവസത്തിലെത്തി. നേഴ്‌സുമാരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനോ, ഗൗരവതരമായ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനോ സര്‍ക്കാര്‍ തയ്യാറാകാത്ത പശ്ചാത്തലത്തില്‍ യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍, ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ സമരം സെക്രട്ടേറിയറ്റ് നടയിലേയ്ക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ജൂലൈ 11ന് സെക്രട്ടേറിയറ്റ് മാര്‍ച്ചും സംസ്ഥാന വ്യാപകമായ സമരവും ശക്തമാക്കും. ശമ്പള കാര്യത്തില്‍ ജൂലൈ 20ന് മുമ്പ് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിന്റെ രൂപം മാറുമെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു.

ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടാത്ത രീതിയിലാണ് നേഴ്‌സുമാരുടെ സമരം നടക്കുന്നത്. നേഴ്‌സുമാരുടെ വേതന-സേവന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്ന് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. സ്വാകാര്യ നേഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കണമെന്ന് 2016 ജനുവരി 29ന് പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങളില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍, മാനേജ്‌മെന്റുകളുടെ താതാപര്യം സംരക്ഷിക്കുന്ന ഏകപക്ഷീയവും മനുഷ്യത്വ രഹിതവുമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു. സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ 80,000ത്തോളം വരുന്ന നേഴ്‌സുമാരെ പങ്കെടുപ്പിക്കും. ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് ജൂണ്‍ 28 മുതല്‍ നേഴ്‌സുമാര്‍ സമര പാതയിലാണ്. ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ ജോലി സുരക്ഷയില്ലാത്ത നേഴ്‌സുമാരുടെ കണ്ണീരൊപ്പാനും അവരുടെ സമരത്തോടൊപ്പം പങ്കു ചേരുവാനും നിരവധി വ്യക്തികളും സംഘടനകളും തീരുമാനിച്ചിട്ടുണ്ട്. സമരക്കാരുടെ ആവശ്യങ്ങള്‍ പാടെ നിഷേധിക്കുന്ന രീതിയിലുള്ള മാനേജ്‌മെന്റുകളുടെ നിലപാടും സര്‍ക്കാരിന്റെ അനങ്ങാപ്പാറ നയവും അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നാണ് ഇവരുടെ അഭിപ്രായം. 

സര്‍ക്കാര്‍ ആശുപത്രികളിലെ ഒരു സ്റ്റാഫ് നേഴ്‌സിന്റെ അടിസ്ഥാന ശമ്പളം പ്രതിമാസം 27,900 രൂപയാണ്. അതേസമയം സ്‌കാര്യ നേഴ്‌സുമാരുടേത് 6,500 രൂപയും. സ്വകാര്യ നേഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് ഡോ. എസ്. ബലരാമന്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപ്പാക്കിയിട്ടില്ല. പ്രസ്തുത റിപ്പോര്‍ട്ട് പ്രകാരം വിവിധ തസ്തികയിലുള്ള നേഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം ഇങ്ങനെയാണ്. സ്റ്റാഫ് നേഴ്‌സ്-12,900 (250 രൂപ ഇന്‍ക്രിമെന്റ്), സീനിയര്‍ സ്റ്റാഫ് നേഴ്‌സ്-മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം-13,650 (300 രൂപ ഇന്‍ക്രിമെന്റ്), ഹെഡ് നേഴ്‌സ്-15,180 (350 രൂപ ഇന്‍ക്രിമെന്റ്), ഡെപ്യൂട്ടി നേഴ്‌സിങ് സൂപ്രണ്ട്-17,740 (400 രൂപ ഇന്‍ക്രിമെന്റ്), നേഴ്‌സിങ് സൂപ്രണ്ട്-19,740 (450 രൂപ ഇന്‍ക്രിമെന്റ്), നേഴ്‌സിങ് ഓഫീസര്‍-21,360 (500 രൂപ ഇന്‍ക്രിമെന്റ്). കേരളത്തില്‍ 1500 ഓളം സ്വകാര്യ ആശുപത്രികളുണ്ട്

ഡോ. എസ്. ബലരാമന്‍ കമ്മിറ്റി കേരളത്തിലെ 14 ജില്ലകളിലുമുള്ള എല്ലാ സ്വകാര്യ ആശുപത്രികളിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആവശ്യത്തിന് നേഴ്‌സുമാരില്ലാത്തത് നേഴ്‌സുമാരുടെ ജോലിഭാരം കൂട്ടുന്നുവെന്നും തന്‍മൂലം മെച്ചപ്പെട്ട ശൂശ്രൂഷ നല്‍കാന്‍ കഴിയുന്നില്ലെന്നും കമ്മിറ്റി കണ്ടെത്തുകയുണ്ടായി. മൂന്നു ഷിഫ്റ്റുകളിലായി ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ജോലിയെടുപ്പിക്കരുതെന്നും ശുപാര്‍ശയുണ്ടായിരുന്നു. സ്വകാര്യ നേഴ്‌സുമാരുടെ അവസ്ഥ ഇപ്പോള്‍ പരിതാപകരമാണ്. കുറഞ്ഞ ശമ്പളത്തിന് അധിക ജോലിയെടുക്കുന്ന അവര്‍ പലയിടങ്ങളിലും മാനേജ്‌മെന്റുകളുടെ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഇരയാവുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭീമമായ തുക ലോണെടുത്തും വസ്തുക്കളും സ്വര്‍ണവും പണയപ്പെടുത്തിയും പഠിച്ച് ജോലികിട്ടിയവര്‍ക്ക് ലോണ്‍ വീട്ടാനോ പലിശയടയ്ക്കാനോ കഴിയാത്ത ദുരവസ്ഥയാണ്. ഇങ്ങനെ കടക്കെണിയില്‍ പെട്ടവര്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളും സമീപ കാലത്ത് ഉണ്ടായിട്ടുണ്ട്. 

സ്വകാര്യ നേഴ്‌സുമാരുടെ സമരം ആറാം ദിവസം, തിരിഞ്ഞു നോക്കാതെ സര്‍ക്കാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക