Image

ദിലീപ് കൂടുതല്‍ കുരുക്കിലേയ്ക്ക്, അറസ്റ്റ് സൂചന നല്‍കി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

Published on 03 July, 2017
ദിലീപ് കൂടുതല്‍ കുരുക്കിലേയ്ക്ക്, അറസ്റ്റ് സൂചന നല്‍കി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെയും നാദിര്‍ഷയെയും ഉടന്‍ ചോദ്യം ചെയ്യും. ഇരുവരും ആലുവ പോലീസ് ക്ലബ്ബില്‍ വച്ചു നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ദിലീപ്, നാദിര്‍ഷാ എന്നിവരെ കൂടാതെ കാവ്യാ മാധവന്‍, കാവ്യയുടെ അമ്മ, മറ്റാരു നടി, ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി എന്നിവരും ചോദ്യം ചെയ്യലിന് വിധേയരാവും. നാദിര്‍ഷയെ പള്‍സര്‍ സുനി ജയിലില്‍ നിന്ന് പലവട്ടം വിളിച്ചതിന്റെ രേഖകള്‍ പോലീലിന് ലഭിച്ചിട്ടുണ്ട്. ആലുവ പോലീസ് ക്ലബിലെ ചോദ്യം ചെയ്യലില്‍, പള്‍സര്‍ സുനിയെ താന്‍ കണ്ടിട്ടില്ലെന്നായിരുന്നു ദിലീപിന്റെ മൊഴി. എന്നാല്‍ ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നത് ദിലീപിന് തിരിച്ചടിയായി. തന്റെ ലൊക്കേഷനുകളില്‍ ഒന്നും പള്‍സര്‍ സുനി എത്തിയിട്ടില്ല. തനിക്ക് പള്‍സര്‍ സുനിയെ അറിയില്ല, തുടങ്ങിയ നിലപാടാണ് ദിലീപ് സ്വീകരിച്ചിരുന്നത്. എന്നാല്‍ 'ജോര്‍ജ്ജേട്ടന്‍സ് പൂര'ത്തിന്റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതിന്റെ ചിത്രങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ദിലീപ് പറയുന്ന കാര്യങ്ങള്‍ അന്വേഷണ സംഘം പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

2016 നവംബര്‍ 13ന് ഒരേ ടവറിനു കീഴില്‍ ദിലീപും പള്‍സര്‍ സുനിയും ഒന്നിച്ചുണ്ടായിരുന്നു. ഈ സമയം തൃശൂര്‍ നഗരത്തിലെ പ്രമുഖ ക്ലബ്ബില്‍ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ചിത്രീകരണം നടക്കുന്നുണ്ടായിരുന്നു. കൈകള്‍കെട്ടി ദൂരെ മാറിനില്‍ക്കുന്ന സുനിയുടെ ചിത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇവിടെനിന്ന് ക്ലബ്ബിലെ ജീവനക്കാര്‍ പകര്‍ത്തിയ സെല്‍ഫി ചിത്രങ്ങളിലാണ് പള്‍സര്‍ സുനി ഇടംപിടിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയത്. ആക്രമിക്കപ്പെട്ട നടി ഈ ക്ലബ്ബിലെ ഹെല്‍ത്ത് ക്ലബ്ബില്‍ എത്തുന്നുണ്ടായിരുന്നെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ചിത്രം ലഭിച്ചതോടെ ക്ലബ്ബിലെ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്ത അന്വേഷണ സംഘം ഇവിടുത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പകര്‍ത്തി. ഈ പശ്ചാത്തലത്തില്‍ 2013 മുതലുള്ള ദിലീപിന്റെ സിനിമകളെക്കുറിച്ച് അന്വേഷിക്കും. സിനിമ ലൊക്കേഷനുകളില്‍ പള്‍സര്‍ സുനി ജോലി ചെയ്തിട്ടുണ്ടോ എന്ന് കണ്ടെത്താനാണിത്.
 
കേസ് ഇപ്പോള്‍ കൂടുതല്‍ ശക്തമായിട്ടുണ്ട്. മുഖ്യപ്രതിയായ പള്‍സറിന്റെ ഫോണ്‍വിളിയെക്കുറിച്ചും കത്തിനെക്കുറിച്ചും വ്യത്യസ്ത മൊഴികളാണ് ദിലീപും നാദിര്‍ഷയും അന്വേഷണ സംഘത്തിനു മുമ്പാകെ നല്‍കിയത്. ഇതോടെയാണ് സംഭവത്തില്‍ ദുരൂഹതയുള്ളതായി തെളിഞ്ഞത്. ഇത് പുറത്തു കൊണ്ടുവരാനാണ് വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. അതേസമയം കേസില്‍ അറസ്റ്റിന്റെ സാധ്യത ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ തള്ളിക്കളയുന്നില്ല. കേസ് ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന് ബെഹ്‌റ വ്യക്തമാക്കി. അറസ്റ്റ് വേണോ എന്ന് അന്വേഷണ സംഘം തീരുമാനിക്കും. തെളിവ് പൂര്‍ണമായി കിട്ടിയാലേ അറസ്റ്റ് ചെയ്യാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൃത്യമായ ഏകോപനമുണ്ടെന്നും ഡി.ജി.പി പറഞ്ഞു. ദിലീപിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചന തന്നെയാണ് ഡി.ജി.പി നല്‍കുന്നത്.  അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് പോലീസ് മേധാവിയുടെ നിര്‍ദ്ദേശവുമുണ്ട്.

കേസില്‍ നിര്‍ണായകമെന്ന് കരുതുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചുവെന്ന് സൂചനയുണ്ട്. വാഹനത്തില്‍ നടിയെ പ്രതി പള്‍സര്‍ സുനി ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന് കരുതുന്ന ദൃശ്യങ്ങളാണിതത്രേ. ഇതിന്റെ ആധികാരികത ഉറപ്പുവരുത്താനുള്ള പരിശോധനയിലാണ് പോലീസ്. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ഏല്‍പ്പിച്ചെന്നാണ് പോലീസിന് പള്‍സര്‍ സുനി നല്‍കിയ മൊഴി. കൂട്ടുപ്രതിയായ വിജീഷാണ് ഇത് കാക്കനാട് മാവേലിപുരത്തുളള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ 'ലക്ഷ്യ'യില്‍ എത്തിച്ചതെന്നും സുനി മൊഴി നല്‍കിയിരുന്നു. നേരത്തെ ഈ മെമ്മറി കാര്‍ഡിനും മൊബൈല്‍ ഫോണിനുമായി പോലീസ് നിരവധി തവണ തിരച്ചില്‍ നടത്തിയിരുന്നു. പക്ഷേ ഒന്നും കണ്ടെത്തിയില്ല. നടി ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ആക്രമണത്തിന് ഇടയാക്കിയതെന്നുമുള്ള അനുമാനത്തിലാണ് പോലീസ്. ചോദ്യം ചെയ്യലിനോടു സഹകരിക്കാത്ത സംവിധായകന്‍ നാദിര്‍ഷായെ കസ്റ്റഡിയിലെടുക്കാത്തത് വിമര്‍ശന വിധേയമായിട്ടുണ്ട്. 

ലക്ഷ്യയില്‍ നിന്ന് സി.സി.ടി.വി ദൃശ്യങ്ങളും കമ്പ്യൂട്ടറിലെ വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി സിഡിറ്റിലേക്ക് അയച്ചു. നടിയെ ആക്രമിച്ചതിനുശേഷം ഒളിവില്‍ പോകുന്നതിന് മുന്‍പാണ് പ്രതി കാക്കനാട്ടെ ഷോപ്പില്‍ എത്തിയതായും ദിലീപ് ആലുവയിലാണെന്ന മറുപടിയാണ് ലഭിച്ചതെന്നും പള്‍സര്‍ മൊഴി നല്‍കിയിരുന്നു. ഇതിനിടെ, ദിലീപ് നായകനായ പുതിയ ചിത്രം രാമലീലയുടെ റിലീസിംഗ് മാറ്റി. വരുന്ന ഏഴാം തീയതി നടക്കേണ്ട റിലീസിംഗാണ് മാറ്റിവച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ദിലീപിനെതിരെ ഉയര്‍ന്ന വിവാദങ്ങളാണ് കാരണമായതെന്നാണ് സൂചന. വിവാദം സിനിമയുടെ കളക്ഷനെ സാരമായി ബാധിക്കുമെന്ന ആശങ്ക നിര്‍മാതാവ് ടോമിച്ചന്‍ മുളകുപ്പാടത്തിനും മറ്റുമുണ്ട്.

അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനു ശേഷം വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഒരു വാക്ക് പോലും മോശമായി സംസാരിച്ചിട്ടില്ലെന്ന് നടനും എം.എല്‍.എയുമായ മുകേഷ്. രാഷ്ടീയത്തില്‍ താന്‍ തുടക്കകാരനാണ്. അതുകൊണ്ട് തന്നെ തെറ്റുകള്‍ സംഭവിക്കാം. അത് സ്വഭാവികം മാത്രമാണെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, കേസില്‍ മുന്‍നിലപാടില്‍ നിന്ന് നടനും എം.എല്‍.എയുമായ കെ.ബി. ഗണേശ് കുമാര്‍ മലക്കം മറിഞ്ഞു. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിന് അയച്ച കത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഗണേശ് കുമാര്‍ ഉന്നയിച്ചിരിക്കുന്നത്. കേസില്‍ അമ്മ ഫലപ്രദമായി ഇടപെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ഗണേശ് ആക്രമിക്കപ്പെട്ട നടിക്കു പിന്തുണ നല്‍കുന്നതില്‍ പരാജയപ്പെട്ട സംഘടന പിരിച്ചുവിടണമെന്നും ആവശ്യപ്പെടുന്നു. കത്ത് ഇന്നലെ രാവിലെയാണ് പുറത്തായത്. നടി ആക്രമിക്കപ്പെട്ടപ്പോള്‍ സംഘടനാ നേതൃത്വം തിരശീലയ്ക്കു പിന്നിലൊളിച്ചു. പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവര്‍ത്തകയുടെ അത്മാഭിമാനമാണെന്ന് ഓര്‍ക്കണം. ഇത്തരമൊരു സംഘടന നടീനടന്മാര്‍ക്ക് നാണക്കേടാണെന്നും ഗണേശ് കത്തില്‍ കുറ്റപ്പെടുത്തുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ വേണ്ടത്ര ജാഗ്രതയോടെ ഇടപെട്ടില്ല എന്ന വിമര്‍ശനം നിലനില്‍ക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അമ്മയുടെ ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ ചേര്‍ന്നത്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുന്നതിനേക്കാള്‍ അമ്മയ്ക്ക് പ്രഥമ പരിഗണന ആരോപണ വിധേയനായ നടനോടാണ് എന്ന തരത്തിലായിരുന്നു കാര്യങ്ങള്‍. അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ ദിലീപിന് വേണ്ടി വാദിക്കുകയും അമ്മയെ പിളര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് പ്രഖ്യാപിക്കുകയും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേ ആക്രോശിക്കികയും ചെയ്ത വ്യക്തി ആയിരുന്നു ഗണേഷ്. 

സോളാര്‍ കേസിലെ വിവാദ നായിക സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ രംഗ പ്രവേശമാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. നടി അപമാനിക്കപ്പെട്ട കേസില്‍ ഫെനി ബാലകൃഷ്ണന്‍ ഇന്നലെ മൊഴി നല്‍കി. പോലീസ് കാണിച്ച ചിത്രത്തില്‍ നിന്ന് തന്നെ വന്നു കണ്ട, പള്‍സര്‍ സുനിയുടെ സുഹൃത്തുക്കളായ മനോജ്, രാജേഷ് എന്നിവരില്‍ നിന്ന് ഫെനി മനോജിനെ തിരിച്ചറിഞ്ഞു. സുനിയുടെ സുഹൃത്തുക്കള്‍ പറഞ്ഞ മാഡത്തെ കുറിച്ച് അന്വേഷണ സംഘം ചോദിച്ചത്രേ. അറിയാവുന്ന കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നും ഫെനി പറഞ്ഞു. നടി ആക്രമിക്കപ്പെട്ടതിനു ശേഷം സുനിക്ക് കോടതിയില്‍ കീഴടങ്ങുന്നതിന് നിയമ സഹായം തേടി സുനിയുടെ രണ്ട് സുഹൃത്തുക്കള്‍ തന്നെ വന്നു കണ്ടിരുന്നുവെന്നും ഇവര്‍ ഒരു മാഡത്തെ കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നുവെന്നും ഫെനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഫെനിയോട് മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടത്. പള്‍സര്‍ സുനി പറഞ്ഞ 'മാഡ'ത്തെക്കുറിച്ച് പോലീസ് ചോദിച്ചാല്‍ നടി മഞ്ജു വാര്യരുടെയോ റീമാ കല്ലിങ്കലിന്റെയോ പേരു പറയണമെന്ന് തനിക്ക് സമ്മര്‍ദ്ദമുണ്ടായതായും ഫെനി വെളിപ്പെടുത്തുന്നു. എന്നാല്‍ ആ മാഡം താനല്ലെന്നായിരുന്നു സരിതയുടെ കമന്റ്.

അമ്മയ്ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ഗണേഷ് കുമാറിന്റെ കത്ത് തുറന്നുവിട്ട വിവാദത്തിന് പിറകേ അടുത്ത വിവാദവും പുകയുന്നു. സിനിമ താരവും നിര്‍മാതാവും ആയ ബാബുരാജാണ് ഇപ്പോള്‍ അമ്മയ്ക്കെതിരെ ഫേസ്ബുക്കില്‍ രംഗത്തെത്തിയിട്ടുള്ളത്. ഒരംഗത്തിന് ആപത്ത് സംഭവിച്ചാല്‍ പോലും ഇമേജ് നോക്കുന്ന നടന്‍മാര്‍ അമ്മയുടെ ഭാരവാഹി സ്ഥാനങ്ങള്‍ ഒഴിയണം എന്നാണ് ബാബുരാജ് ആവശ്യപ്പെടുന്നത്. താന്‍ ഒരു അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ കിടക്കുമ്പോള്‍ പലരും വിളിച്ചില്ലെന്നും ബാബുരാജ് പറയുന്നുണ്ട്. അമ്മയടെ പ്രസിഡന്റ് ഇന്നസെന്റിനെതിരെയാണ് ബാബുരാജിന്റെ അതിരൂക്ഷമായ ആരോപണങ്ങള്‍.

നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ നടന്മാരായ ദിലീപ്, സലീം കുമാര്‍, നിര്‍മ്മാതാവ് സജി നന്ത്യാട്ട് എന്നിവര്‍ക്കെതിരെ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ ദേശീയ വനിതാ കമ്മീഷനില്‍ പരാതി നല്‍കി. ആക്രമിക്കപ്പെട്ട നടിയും കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയും സുഹൃത്തുക്കളാണെന്ന രീതിയിലാണ് നടന്‍ ദിലീപ് പരാമര്‍ശം നടത്തിയത്. പിന്നീട് താന്‍ അങ്ങനെയല്ല പറഞ്ഞതെന്ന് വ്യക്തമാക്കിയ ദിലീപ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. പീഡനത്തിനിരയായ നടി നുണ പറയുകയാണെന്നും നടിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നുമായിരുന്നു നടന്‍ സലീംകുമാര്‍ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടത്. ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ സലീംകുമാര്‍ പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞിരുന്നു.

നടിക്ക് നേരിടേണ്ടി വന്നത് വെറും രണ്ടര മണിക്കൂര്‍ നേരത്തെ പീഡനമാണെന്നും, എന്നാല്‍ ഈ സംഭവത്തിന്റെ പേരില്‍ നടന്‍ ദിലീപ് നാലു മാസത്തോളമായി പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നുമാണ് നിര്‍മ്മാതാവും ഫിലിം ചേംബര്‍ പ്രതിനിധിയുമായ സജി നന്ത്യാട്ട് പറഞ്ഞത്. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്ന സജി നന്ത്യാട്ടിന്റെ പരാമര്‍ശം. സജിയും പരമാര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. നേരത്തെ, ആക്രമണത്തിനിരയായ നടിയുടെ പേര് ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ വെളിപ്പെടുത്തിയെന്ന പരാതിയില്‍ തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമിക്കെതിരെ കളമശേരി പോലീസ് കേസെടുത്തിരുന്നു.

ദിലീപ് കൂടുതല്‍ കുരുക്കിലേയ്ക്ക്, അറസ്റ്റ് സൂചന നല്‍കി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക