Image

ഫോമാ കേരളാ കണ്‍വന്‍ഷന്‍: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Published on 03 July, 2017
ഫോമാ കേരളാ കണ്‍വന്‍ഷന്‍: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
തിരുവനന്തപുരം: പിറന്ന നാടും പ്രവാസ ഭൂമിയും തമ്മിലുള്ള പൊക്കിള്‍കൊടി ബന്ധം സുദൃഢമാക്കിക്കൊണ്ട് അമേരിക്കന്‍ മലയാളികളുടെ എക്കാലത്തെയും കരുത്തും കര്‍മ ശേഷിയുമുള്ള ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) കേരളാ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായി സംഘടനയുടെ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അറിയിച്ചു. 2017 ഓഗസ്റ്റ് 4-ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് വര്‍ണാഭമായ പരിപാടികളോടെ കണ്‍വന്‍ഷന്‍ അരങ്ങേറുന്നത്. ഭരണമേറ്റെടുത്ത് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ അമേരിക്കയിലേയും കേരളത്തിലേയും മലയാളികള്‍ക്കായി ഒട്ടനവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകാപരമായ നേതൃത്വം നല്‍കിക്കൊണ്ടാണ് ഫോമാ ഒരിക്കല്‍ കൂടി ജന്മഭൂമിയുടെ പൂമുഖത്തെത്തി നെയ്ത്തിരി തെളിയിച്ച് ഗൃഹപ്രവേശം നടത്തുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളാ കണ്‍വന്‍ഷന്റെ മുഖ്യാതിഥി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ പി.ജെ. കുര്യന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സി.പി.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍, രാജു എബ്രഹാം എം.എല്‍.എ, ഒ. രാജഗോപാല്‍ എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ. തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളും സാമൂഹിക സാംസ്കാരിക രംഗത്തെ ആദരണീയരായ വ്യക്തിത്വങ്ങളും ഫോമാ കുടുംബാംഗങ്ങള്‍ക്കൊപ്പം കണ്‍വന്‍ഷനില്‍ പങ്കെടുക്കും. ചാരിറ്റി ഫണ്ട് വിതരണം, ഫോമാ പൊളിറ്റിക്കല്‍ ഫോറം സെമിനാര്‍, കള്‍ച്ചറല്‍ നൈറ്റ് തുടങ്ങിയവ കേരളാ കണ്‍വന്‍ഷന്റെ പ്രധാനപ്പെട്ട പരിപടികളില്‍ ഉള്‍പ്പെടുന്നു.

കേരളാ കണ്‍വന്‍ഷനോടനുബന്ധിച്ചു തിരുവനന്തപുരത്ത് കിള്ളി എന്ന സ്ഥലത്തുള്ള ബുദ്ധിമാന്ദ്യം സംഭവിച്ച ഏകദേശം 59 കുട്ടികളുടെ സ്കൂളില്‍ അവര്‍ക്കായി സേവന പരിപാടി വിഭാവനം ചെയ്തിട്ടുണ്ട്. അതുപോലെ ചെങ്ങന്നൂരിനു സമീപം പരുമല ആശുപത്രിയോടു ചേര്‍ന്ന് മെഡിക്കല്‍ ക്യാംപ് നടത്തുന്നതിനും ആലോചനയുണ്ട്. ക്യാംപില്‍ എത്തുന്നവര്‍ക്ക് ഹൃദയ ശസ്ത്രക്രിയ വേണ്ടി വന്നാല്‍ അത് നടത്തിക്കൊടുക്കുവാന്‍ ഫോമായുടെ സഹായമുണ്ടാവും. കണ്‍വന്‍ഷനു ശേഷം ഫോമാ പ്രതിനിധികള്‍ ഒരുമിച്ച് ആലപ്പുഴയില്‍ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി കാണാനുള്ള പരിപാടിതയ്യറാക്കിയിട്ടുണ്ട്. ജോണ്‍ ടൈറ്റസ് (ബാബു) കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാനും, അഡ്വ: വര്‍ഗീസ് മാമന്‍ കോ-ഓര്‍ഡിനേറ്ററുമാണ്. 2018 ജൂലൈയില്‍ ചിക്കാഗോയില്‍ നടക്കുന്ന നാഷണല്‍ കണ്‍വന്‍ഷനില്‍ കുടുംബത്തിലെ എല്ലാവര്‍ക്കും ഒരു പോലെ പങ്കെടുക്കാവുന്ന "ഫാമിലി കണ്‍വന്‍ഷന്‍' എന്ന കണ്‍സപ്റ്റിലാണ് ആവിഷ്കരിക്കുന്നതെന്ന് പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പറഞ്ഞു. അതിനായി പരമാവധി രജിസ്ട്രേഷന്‍ സംഘടിപ്പിക്കും.

നാളിതുവരെ ഫോമാ മലയാളഭാഷയ്ക്കും നാടിന്റെ നന്മയ്ക്കുമായി ഒട്ടേറെ കര്‍മപരിപാടികള്‍ ആവിഷ്കരിക്കുകയും അവയെല്ലാം വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കന്‍ മലയാളി സംഘടനകളുടെ കരുത്തുറ്റ ഫെഡറേഷന്‍ എന്ന നിലയില്‍ കര്‍മഭൂമിയെയും ജന്മഭൂമിയെയും ഹൃദയത്താല്‍ ഒരുമിപ്പിച്ചു കൊണ്ട് സംഘടന ജനകീയ കൂട്ടായ്മയുടെ ദീപശിഖയുമായിട്ടാണ് ഇത്തവണയും കേരളകണ്‍വന്‍ഷന് തിരി കൊളുത്തുന്നത്. ഇന്ന് കേരളത്തിലുള്ളവര്‍ക്കും സുപരിചിതമായ ഫോമാ എന്ന പേര് കേള്‍ക്കുമ്പോള്‍ അതിന് ഒരുമയുടെ വിളംബരമുണ്ട്. സഹജീവി സ്‌നേഹത്തിന്റെ മര്യാദയുണ്ട്. പ്രവര്‍ത്തനമികവിന്റെ സാക്ഷ്യവുമുണ്ട്. അമേരിക്കന്‍ മലയാളി സമൂഹത്തിനെന്നപോലെ നാടിന്റെ വികസനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെയായി സഹായഹസ്തം നീട്ടിക്കൊണ്ടാണ് ഫോമായുടെ കര്‍മ പദ്ധതികള്‍ തുടരുന്നത്.

കേരളാ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ എത്രയും വേഗം ഫോമാ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. മാസ്ക്കറ്റ് ഹോട്ടലില്‍ ഫോമായ്ക്കു വേണ്ടി ഡിസ്കൗണ്ട് റേറ്റില്‍ റൂമുകള്‍ ബുക്ക് ചെയ്യുവാന്‍ സാധിക്കുന്നതാണ്. റൂമുകളുടെ റേറ്റ് ഇന്ത്യന്‍ രൂപയില്‍ ഇപ്രകാരം: ഹെരിറ്റേജ് ക്ലാസിക്ക്-2354 (സിംഗിള്‍), 2924 (ഡബിള്‍), ഹെരിറ്റേജ് ഗ്രാന്റ്-3544 (സിംഗിള്‍), 4114 (ഡബിള്‍), ഡീലക്‌സ്-3909 (സിംഗിള്‍), 4489 (ഡബിള്‍), പ്രീമിയം-4567 (സിംഗിള്‍), 5147 (ഡബിള്‍).

കൂടുതല്‍ വിവരങ്ങള്‍ക്ക്:
www.fomaa.net
Mascot Hotel: Ph: 91-471-2318990, Email ID: mascothotel@ktdc.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക