Image

"ഇടുങ്ങി ചുവക്കുന്ന തെരുവുകള്‍' (കവിത: ബിന്ദു ടിജി)

Published on 04 July, 2017
"ഇടുങ്ങി ചുവക്കുന്ന തെരുവുകള്‍' (കവിത: ബിന്ദു ടിജി)
രാജ കൊട്ടാരങ്ങളിലേയ്ക്കുണ്ട്
കാവലില്ലാത്ത രഹസ്യവീഥികള്‍
ഇടുങ്ങിയ ഇടനാഴികള്‍
അരണ്ട വെളിച്ചത്തില്‍
മോഹിനികള്‍ നടന്നു നീങ്ങുന്ന
ചുവന്ന പരവതാനികള്‍
ഇല്ലാത്ത പാതകള്‍

മണ്‍കുടിലുകളിലേയ്ക്കുണ്ട്
മുള്ളു പാകിയ ഇടുങ്ങിയ പാതകള്‍
വഴിവിളക്കുകള്‍ കണ്ണ് തുറക്കാത്ത
കൂരിരുട്ടില്‍
ദാഹാര്‍ത്തരായ ചിലര്‍
വഴി ചോദിച്ചറിഞ്ഞെത്തുന്ന
ഒരു തൈജസകീടവും
കണ്ണൊന്നു ചിമ്മാത്ത പാതകള്‍

കാത്തിരിപ്പിന്‍റെ മടുപ്പ് മടുപ്പിക്കാത്ത
കരിമഷി എഴുതിയ കരിമിഴികളുണ്ട്
സിന്ദൂര ശോഭ ചാര്‍ത്തി
ഉമ്മറത്തിണ്ണയില്‍ നിറദീപം തെളിച്ച്
തുളസിക്കതിര്‍ ചൂടി
വഴിക്കണ്ണുമായി കാത്തുനിന്നു
നേരും നുണയും തമ്മിലുള്ള
ദൂരമളന്നു തളര്‍ന്നു മയങ്ങുന്നവര്‍

നക്ഷത്രവിളക്കുകള്‍ക്കു താഴെ
ഉണര്‍ന്നിരിക്കുന്ന ഇളം മിഴികളുണ്ട്
ദാരിദ്ര്യ താപങ്ങള്‍
പിഞ്ചിളം സ്വപ്‌നങ്ങള്‍
പഴയ മണ്‍കുടുക്കയിലൊളിപ്പിച്ച്
നല്‍ചോറരിയുമായെത്തുന്ന
അമ്മത്തലോടലുകള്‍ക്ക് കാതോര്‍ത്തു
വിവശരായി
മയക്കത്തിലേയ്ക്കാണ്ടു പോകുന്നവര്‍ .
Join WhatsApp News
വിദ്യാധരൻ 2017-07-06 20:57:16
ഫൊക്കാനയുടെയും ഫോമയുടെയും 
രഹസ്യ രാജവീഥികളിൽ 
സ്വർണ്ണ തളികയിൽ 
പൊന്നാടയും ഫലകവുമായി
നിൽക്കുന്നവർക്ക് വേണ്ടി 
നിർജ്ജീവഞങ്ങളായ  
ലേഖനം കുറിക്കുന്നതിനേക്കാൾ 
മുള്ള് പാകിയ, 
വഴിവിളക്കുകൾ കണ്ണുതുറക്കാത്ത 
ഇടുക്കുവഴികളിൽ
കാണുന്ന ദാഹാർത്തരായവരെ 
കുറിച്ച് നിങ്ങൾ കവിത കുറിക്കൂ.
അതാണ് നിങ്ങളുടെ തൂലികക്ക് 
ഭൂഷണം  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക