Image

പനി ബാധിച്ചു ആളുകള്‍ മരിച്ചു വീഴുമ്പോള്‍ സെക്രട്ടറിയേറ്റിലിരുന്ന് മുഖ്യമന്ത്രി വീണ വായിക്കുന്നുവോ ? (രമേശ് ചെന്നിത്തല)

Published on 04 July, 2017
പനി ബാധിച്ചു ആളുകള്‍ മരിച്ചു വീഴുമ്പോള്‍ സെക്രട്ടറിയേറ്റിലിരുന്ന് മുഖ്യമന്ത്രി വീണ വായിക്കുന്നുവോ ? (രമേശ് ചെന്നിത്തല)
നമ്മുടെ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളെ മുഴുവന്‍ നോക്കുകുത്തിയാക്കിക്കൊണ്ട് കേരളം മുഴുവന്‍ പനി പടരുകയാണ്. സാധാരണരീതിയില്‍ മഴക്കാലത്ത് പനി പടര്‍ന്ന് പിടിക്കാറുണ്ടെങ്കിലും അത് പെട്ടെന്ന് തന്നെ ശമിക്കാറുമുണ്ട്. എന്നാല്‍ ഇത്തവണ ഓരോ ദിവസം ചെല്ലുന്തോറും പനി നിയന്ത്രണാതീതമാവുകയാണ്.

നിരവധി ആളുകള്‍ പനിമൂലം മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുകയും പനി മൂലം മരിക്കുകയും ചെയ്തവരുടെ കണക്ക് ഇപ്പോഴും ലഭ്യമല്ല. 12 ലക്ഷത്തിലധികം പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ശരിക്കും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഓരോ ദിവസവും പുതുതായി പനി ബാധിച്ച് പതിനായിരക്കണക്കിനാളുകളാണ് ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്നത്. സ്വകാര്യ ആശുപത്രികളില്‍ ഇതിന്റെ ഇരട്ടിയിലധികം രോഗികള്‍ എത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ സുരക്ഷാ പദ്ധതികള്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് തന്നെയാണ് ഇതെല്ലാം തെളിയിക്കുന്നത്.

ആശുപത്രികള്‍ നിറഞ്ഞ് കവിഞ്ഞിരിക്കുന്നതിനാല്‍ പുതിയതായി എത്തുന്ന രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയുന്നില്ല. പലരും വരാന്തയിലും, നിലത്തുമാണ് കിടക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ രോഗികളെ പ്രവേശിപ്പിക്കാതെ പറഞ്ഞ് വിടുകയാണ്. പലയിടങ്ങളിലും ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും പനിയുടെ പിടിയിലാണ്. ആശുപത്രികള്‍ തന്നെ രോഗ വിതരണ കേന്ദ്രങ്ങളായി മാറുകയാണ്. ആരോഗ്യ മന്ത്രിയാകട്ടെ എല്ലാ പരിഹാര മാര്‍ഗങ്ങളും പ്രസ്താവനയില്‍ ഒതുക്കുകയാണ്. മഴക്കാലത്തിന് മുന്‍പ് അടിയന്തിരമായി ചെയ്ത് തീര്‍ക്കേണ്ട കാര്യമായിരുന്നു മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അതുമായി ബന്ധപ്പെട്ട് യാതൊരു നടപടികളും ഉണ്ടായില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കുറ്റം പറയുക എന്ന കൃത്യം മാത്രമെ മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഭാഗത്ത് നിന്നുണ്ടായുള്ളു. മഴക്കാല പൂര്‍വ്വ ശൂചീകരണപ്രവര്‍ത്തനങ്ങള്‍ ഇത്തവണ അമ്പേ പരാജയപ്പെട്ടു. പനി പടര്‍ന്നു പിടിക്കുന്നതിനുള്ള പ്രധാനകാരണങ്ങളിലൊന്ന് ഇതാണ്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് സാധാരണ മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടക്കേണ്ടത്. ഇത്തവണ അതുണ്ടായില്ലെന്ന് മാത്രമല്ല യു ഡി എഫ് കാലത്ത് ഇതിനായി നിയോഗിക്കപ്പെട്ട കരാര്‍ തൊഴിലാളികളെയെല്ലാം കൂട്ടത്തോടെ പിരിച്ചുവിടപ്പെടുകയും ചെയ്തു.

നാട്ടില്‍ കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യേണ്ടതുണ്ട് . കേരളത്തിന്റെ പ്രത്യേക പരിതസ്ഥിതിയില്‍ മാലിന്യങ്ങള്‍ ദിനം പ്രതി അളവില്ലാതെ വര്‍ധിക്കും. ഇത് നീക്കം ചെയ്യാനുള്ള നടപടികള്‍ അടിയന്തരമായി ഉണ്ടാകണം, അല്ലാത്ത പക്ഷം സ്ഥിതി അതീവ ഗുരുതരമാകും. അതോടൊപ്പം ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുകയും വേണം. എല്ലായിടത്തും അടിയന്തരമായി മരുന്ന് ലഭ്യമാക്കുകയും, കിടത്തി ചികിത്സിക്കാന്‍ സ്ഥലമില്ലാത്ത ആശുപത്രികളില്‍ അതിനുള്ള താല്‍ക്കാലിക സംവിധാനവും ഉണ്ടാക്കണം. അതോടൊപ്പം രക്ത പരിശോധന നടത്താനുള്ള ക്യാംപുകളും ഉടനടി എല്ലായിടത്തും സജ്ജീകരിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ത്തന്നെ പനിയും പകര്‍ച്ച വ്യാധികളും ഒരു പരിധി വരെ തടയാന്‍ കഴിയും.

പനി ബാധിച്ചു ആളുകള്‍ സംസ്ഥാനത്ത് നിരന്തരം മരിച്ചു വീഴുമ്പോള്‍ സെക്രട്ടറിയേറ്റിലിരുന്ന് വീണ വായിക്കുന്ന മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇനിയെങ്കിലും അവിടെ നിന്നെഴുന്നേല്‍ക്കണം. യാഥാര്‍ത്ഥ്യബോധത്തോടെ ആരോഗ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുള്ള നിര്‍ദേശം കൊടുക്കണം.

വെറുതെ ആശുപത്രി സന്ദര്‍ശനങ്ങള്‍ മാത്രം പോര, അതുകൊണ്ട് മന്ത്രിയുടെ പടം ചാനലുകളില്‍ വരുമെന്നല്ലാതെ രോഗം ബാധിച്ചവര്‍ക്ക് പ്രത്യേക ഗുണമൊന്നുമില്ല. സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഗുരുതരമായ സ്ഥിതിവിശേഷമായിരിക്കും സംസ്ഥാനത്ത് സംജാതമാകാന്‍ പോകുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക