Image

മൊത്തത്തിലെടുത്താല്‍ കേരളത്തിന് വളരെ ഗുണകരമായിരിക്കും ജി.എസ്.ടി. ഡോ. ടി. എം. തോമസ് ഐസക് (ധനകാര്യമന്ത്രി)

Published on 04 July, 2017
മൊത്തത്തിലെടുത്താല്‍ കേരളത്തിന് വളരെ ഗുണകരമായിരിക്കും ജി.എസ്.ടി. ഡോ. ടി. എം. തോമസ് ഐസക് (ധനകാര്യമന്ത്രി)
മൊത്തത്തിലെടുത്താല്‍ കേരളത്തിന് വളരെ ഗുണകരമായിരിക്കും ജി.എസ്.ടി. കഴിഞ്ഞ മൂന്നു വര്‍ഷമായി കേരളത്തിന്റെ നികുതി വരുമാനവളര്‍ച്ച പത്തുശതമാനമാണ്. ഇത് 20 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം ആദ്യം മൂന്നു മാസം നഷ്ടപ്പെട്ടു കഴിഞ്ഞു. അടുത്ത മൂന്നു മാസം പുതിയ നികുതി നടപ്പാക്കുമ്പോഴുണ്ടാകാവുന്ന ആശയക്കുഴപ്പം ഉണ്ടാകും. അതുകൊണ്ട് നടപ്പുവര്‍ഷത്തില്‍ 15 ശതമാനത്തിനപ്പുറം പ്രതീക്ഷ വേണ്ട. എന്നാല്‍, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നികുതിവരുമാനം ഗണ്യമായി ഉയരും എന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന ധന ആസൂത്രണം നടത്തുന്നത്.ജി.എസ്.ടി വന്നാല്‍ സാധനങ്ങളുടെ വില വര്‍ധിക്കുമോ? ഒരുദാഹരണം പറയാം. മിഠായിയുടെ മേല്‍ ഇപ്പോള്‍ 12.5 ശതമാനം എക്‌സൈസ് നികുതിയും 0.14 ശതമാനം സേവനനികുതിയും 2.5 ശതമാനം മറ്റു നികുതികളും 14.5 ശതമാനം വാറ്റുനികുതിയുമടക്കം 29.5 ശതമാനം നികുതിയുണ്ട്. ജി.എസ്.ടി നികുതിയാകട്ടെ 18 ശതമാനമേയുള്ളൂ. 11.5 ശതമാനമാണ് നികുതിയിളവ്.

നേരത്തേ കച്ചവടക്കാരന്‍ മിഠായിയുടെ ബില്ലെഴുതുമ്പോള്‍ സംസ്ഥാനത്തിന്റെ 14.5 ശതമാനം വാറ്റു നികുതിയാണ് ഉപഭോക്താവിന്റെ ദൃഷ്ടിയിലുണ്ടായിരുന്നത്. ഇപ്പോള്‍ അതേ തുകയ്ക്ക് 18 ശതമാനം ജി.എസ്.ടി ബില്ലെഴുതി ഉപഭോക്താവിനെ കബളിപ്പിക്കാം. അതുകൊണ്ട് മിഠായിയുടെ നികുതി കുറഞ്ഞെങ്കിലും കൂടിയ വിലയ്ക്കാണ് ഉപഭോക്താവിന് ലഭിക്കുക. ഇതാണ് ജി.എസ്.ടി നടപ്പാക്കിയ പല രാജ്യങ്ങളിലും ഉണ്ടായ വിലക്കയറ്റത്തിനു കാരണം. നമ്മുടെ നാട്ടിലും ഇതാവര്‍ത്തിക്കുമോ എന്നത്, മേല്‍പ്പറഞ്ഞ സാഹചര്യമെങ്ങനെ മറികടക്കും എന്നതിനെ ആശ്രയിച്ചിരിക്കും.
ജി.എസ്.ടി വരുന്നതുകൊണ്ട് സാധാരണക്കാര്‍ക്കാണോ പണക്കാര്‍ക്കാണോ കൂടുതല്‍ നേട്ടം എന്ന ചോദ്യവും പ്രസക്തമാണ്. ജി.എസ്.ടി നികുതി ഒറ്റ നിരക്കു മാത്രമേ പാടുള്ളൂ എന്ന വാദക്കാരുണ്ടായിരുന്നു. അരിപോലുള്ള അവശ്യവസ്തുക്കള്‍ക്കും ആഡംബര വസ്തുക്കള്‍ക്കും ഒരേ നികുതി ചുമത്തുന്നത് ആരെയാണ് സഹായിക്കുക എന്നതു വിശദീകരിക്കേണ്ടതില്ലല്ലോ. ജി.എസ്.ടിയില്‍ രണ്ടോ മൂന്നോ നിരക്കുകളില്‍ കൂടുതല്‍ പാടില്ല എന്ന ഔദ്യോഗിക നിലപാടിനെ പൊളിക്കുന്നതില്‍ കേരളം വലിയ പങ്കുവഹിക്കുകയുണ്ടായി.

ജി.എസ്.ടിയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് 24ല്‍ നിന്ന് 28 ശതമാനമായി ഉയര്‍ത്തുന്നതിനും അവശ്യവസ്തുക്കളുടെ നിരക്ക് ആറു ശതമാനത്തില്‍നിന്നു അഞ്ചു ശതമാനമായി താഴ്ത്തുന്നതിനും കഴിഞ്ഞത് കേരളത്തിന്റെ ശക്തമായ ഇടപെടല്‍ മൂലമായിരുന്നു. എന്നിട്ടുപോലും തൊണ്ണൂറു ശതമാനം ആഡംബരവസ്തുക്കളുടെയും നികുതിയില്‍ ഗണ്യമായ കുറവുണ്ടായി. ജി.എസ്.ടി നിരക്കുകള്‍ താഴ്ത്തി നിശ്ചയിച്ചപ്പോള്‍ കൂടുതല്‍ നേട്ടമുണ്ടായത് പണക്കാര്‍ക്കാണ്.

ജി.എസ്.ടി നികുതിനിരക്കുകള്‍ നിലവിലുണ്ടായിരുന്ന മൊത്തം എക്‌സൈസ് സേവന വാറ്റ് നികുതിഭാരത്തേക്കാള്‍ ഗണ്യമായി താഴ്ന്നതാണ്. ജി.എസ്.ടി കൗണ്‍സില്‍തന്നെ ഇതു തെളിയിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്റെ കണക്കുകൂട്ടല്‍ പ്രകാരം നികുതിപിരിവിന്റെ കാര്യക്ഷമത പോലുള്ള കാര്യങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ നിരക്കിലുള്ള ഇടിവു മൂലം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വരുമാനത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ കുറവ് ഉണ്ടാകും. ഈ ഭീമന്‍ തുക കോര്‍പറേറ്റുകള്‍ക്കു ലഭിക്കുമോ ഉപഭോക്താക്കള്‍ക്കു ലഭിക്കുമോ എന്നതാണ് ചോദ്യം. എം.ആര്‍.പി വില നികുതിയിളവിന് ആനുപാതികമായി താഴ്ത്താന്‍ കമ്പനികളും കച്ചവടക്കാരും തയ്യാറായാലേ ഉപഭോക്താവിനു നേട്ടമുണ്ടാകൂ. അല്ലാത്തപക്ഷം കോര്‍പറേറ്റുകളുടെ കൊള്ളലാഭമായി ജി.എസ്.ടി മാറും.

ജി.എസ്.ടി വരുന്നതിന്റെ ഫലമായി കേരളത്തിന്റെ നികുതിവരുമാനം വര്‍ധിക്കുമെന്നത് യാഥാര്‍ഥ്യമാണ്. നികുതി ഭരണത്തില്‍ സംസ്ഥാനങ്ങളുടെ താല്‍പര്യങ്ങള്‍ ഒരു പരിധിവരെ സംരക്ഷിക്കാന്‍ കഴിഞ്ഞതാണ് പ്രധാന നേട്ടം. ഒന്നരക്കോടിയില്‍ താഴെ വിറ്റുവരുമാനമുള്ള നികുതിദായകര്‍ പൂര്‍ണമായും സംസ്ഥാന നിയന്ത്രണത്തിലായിരിക്കണമെന്നും ബാക്കിയുള്ളവരെ പകുതിവീതം വീതിക്കണമെന്നുമുള്ള ആവശ്യത്തിന് കേരളവും ബംഗാളുമാണ് മുന്‍കൈയെടുത്തത്. കേന്ദ്രമാകട്ടെ, സേവനദാതാക്കളെ മുഴുവന്‍ തങ്ങള്‍ക്കു വേണമെന്നും ബാക്കിയുള്ളവരെ പകുതിവീതമാക്കാമെന്നും നിലപാടെടുത്തു.

അവസാനം ഒന്നരക്കോടിയില്‍ താഴെ വിറ്റുവരുമാനമുള്ളവരുടെ പത്തുശതമാനം കേന്ദ്രത്തിനു വിട്ടുകൊടുത്തു. ഒന്നരക്കോടിക്കു മുകളില്‍ വിറ്റുവരുമാനമുള്ളവരെയും സേവനദാതാക്കളെയും പകുതിവീതം പങ്കിടാനും തീരുമാനിച്ചു. തീരദേശത്തെ വ്യാപാരത്തിലുള്ളവരുടെ നികുതി സംസ്ഥാന നിയന്ത്രണത്തിലായി. സ്റ്റാമ്പ് ഡ്യൂട്ടിയെയും പെട്രോളിനെയും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തെ എതിര്‍ത്തു തോല്‍പ്പിക്കാനും കഴിഞ്ഞു.

ആഡംബരക്കാറിനും അരിപ്പൊടിക്കും ഒരേനികുതിയെന്നത് കടുത്ത അനീതിയായിരിക്കുമെന്ന നിലപാട് കേരളം മുറുകെപ്പിടിച്ചു. ജി.എസ്.ടിക്ക് ഒറ്റനികുതി നിരക്കു മതി എന്ന വാദക്കാരുണ്ടായിരുന്നു. ഏറിയാല്‍ രണ്ടോ മൂന്നോ നിരക്ക് എന്ന നിലപാടുകാരായിരുന്നു മറ്റുള്ളവരില്‍ ഭൂരിപക്ഷം. കേരളമാണ് ഇതിനെ നഖശിഖാന്തം എതിര്‍ത്തത്. കേന്ദ്ര സാമ്പത്തിക ഉപദേഷ്ടാവിന്റെ റിപ്പോര്‍ട്ട് പ്രകാരം 6,12, 24 എന്നിങ്ങനെ മൂന്നു ജി.എസ്.ടി നിരക്കുകളാണ് നിര്‍ദേശിക്കപ്പെട്ടത്. ഇന്ന് 3040 ശതമാനം നികുതി വരുന്ന ആഡംബര വസ്തുക്കളുടെയെല്ലാം നികുതി നിരക്ക് 24 ശതമാനമായി കുറയും. അതേസമയം നികുതിയില്ലാത്തതും അഞ്ചോ അതില്‍ താഴെയോ നികുതിയുള്ളതുമായ അവശ്യവസ്തുക്കളുടെയെല്ലാം നികുതിനിരക്ക് ആറു ശതമാനമായി ഉയരും. ഇത് അനീതിയായിരിക്കും, അസമത്വം വര്‍ധിപ്പിക്കും എന്ന നമ്മുടെ വാദം ക്രമേണെ അംഗീകാരം നേടി. അങ്ങനെയാണ് നികുതിയില്ലാത്ത നൂറ്റമ്പതോളം ചരക്കുകളെ നികുതിയില്‍നിന്ന് ഒഴിവാക്കാന്‍ ആറു ശതമാനമെന്ന താഴ്ന്ന നികുതി അഞ്ചാക്കി കുറയ്ക്കുന്നതിനും 24 ശതമാനം നികുതി 28 ആക്കി ഉയര്‍ത്തുന്നതിനും 12നു മുകളിലായി ഒരു 18 ശതമാനനിരക്കു സൃഷ്ടിക്കുന്നതിനും തീരുമാനിച്ചത്.

ലോട്ടറിയുടെ കാര്യത്തിലാണ് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന ഇടപെടല്‍ നാം നടത്തിയത്. അഞ്ചു ശതമാനം നികുതിയാണ് ലോട്ടറിക്ക് ജി.എസ്.ടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്തത്. സകല ചൂതാട്ടത്തിനും 28 ശതമാനം നികുതി ചുമത്തുമ്പോള്‍ ലോട്ടറിയെ മാത്രം ഒഴിവാക്കുന്നതിനെതിരേ വ്യക്തമായ ഗൃഹപാഠത്തോടെ കേരളം ഉറച്ചുനിന്നു പോരാടി. എല്ലാ ലോട്ടറിക്കും 28 ശതമാനം നികുതി എന്നതായിരുന്നു വിട്ടുവീഴ്ചയില്ലാത്ത നിലപാട്.

ഓരോ കൗണ്‍സില്‍ യോഗത്തിലും ലോട്ടറിയെ സൗകര്യപൂര്‍വം മാറ്റിവച്ച് അവസാനയോഗത്തില്‍ ഝടുതിയില്‍ പാസാക്കാനായിരുന്നു ശ്രമം. അങ്ങനെ തീരുമാനിച്ചാല്‍ യോഗം ബഹിഷ്കരിച്ച് ജനങ്ങളോടു കാര്യങ്ങള്‍ തുറന്നുപറയുമെന്ന് ശഠിക്കേണ്ടി വന്നു. അപ്പോഴാണ് സംസ്ഥാന ലോട്ടറിക്ക് 12 ശതമാനവും അന്യസംസ്ഥാന ലോട്ടറിക്ക് 28 ശതമാനവുമെന്ന ഒത്തുതീര്‍പ്പു ഫോര്‍മുല മുന്നോട്ടു വയ്ക്കപ്പെട്ടത്. ആ തീരുമാനം കൗണ്‍സില്‍ അംഗീകരിച്ചു. അഞ്ചു ശതമാനം നികുതി നിശ്ചയിച്ച് ലോട്ടറി മാഫിയയെ സഹായിക്കാനുള്ള ശ്രമത്തെ ഏതാണ്ട് ഒറ്റയ്ക്കാണ് കേരളം ചെറുത്തുതോല്‍പ്പിച്ചത്.

മൊത്തത്തിലെടുത്താല്‍ കേരളത്തിന് വളരെ ഗുണകരമായിരിക്കും ജി.എസ്.ടി. കഴിഞ്ഞ മൂന്നു വര്‍ഷമായി കേരളത്തിന്റെ നികുതി വരുമാനവളര്‍ച്ച പത്തുശതമാനമാണ്. ഇത് 20 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം ആദ്യം മൂന്നു മാസം നഷ്ടപ്പെട്ടു കഴിഞ്ഞു. അടുത്ത മൂന്നു മാസം പുതിയ നികുതി നടപ്പാക്കുമ്പോഴുണ്ടാകാവുന്ന ആശയക്കുഴപ്പം ഉണ്ടാകും. അതുകൊണ്ട് നടപ്പുവര്‍ഷത്തില്‍ 15 ശതമാനത്തിനപ്പുറം പ്രതീക്ഷ വേണ്ട. എന്നാല്‍, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നികുതിവരുമാനം ഗണ്യമായി ഉയരും എന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന ധന ആസൂത്രണം നടത്തുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക