Image

ഇന്ത്യയില്‍ നിയമരാഹിത്യവും അക്രമവും വര്‍ധിച്ചുവരുന്നതില്‍ ഐ എന്‍ ഒ സി ആശങ്ക പ്രകടിപ്പിച്ചു

Published on 05 July, 2017
ഇന്ത്യയില്‍ നിയമരാഹിത്യവും അക്രമവും വര്‍ധിച്ചുവരുന്നതില്‍ ഐ എന്‍ ഒ സി ആശങ്ക പ്രകടിപ്പിച്ചു
ഇന്ത്യാ ഗവണ്‍മെന്റ്‌ ഭരണഘടനാപരവും നിയമപരവുമായി തങ്ങളുടെ പൗരന്‍മാര്‍ക്ക്‌ സംരക്ഷണം നല്‍കാനുള്ള ഉത്തരവാദിത്വത്തില്‍ വീഴ്‌ച വരുത്തുന്നതില്‍ ഐ എന്‍ ഒ സി യു എസ്‌ എ ആശങ്ക പ്രകടിപ്പിച്ചു.

ഇന്ത്യയില്‍ പലയിടത്തും ജനക്കൂട്ടം നിയമം കൈയിലെടുക്കുന്ന സാഹചര്യമുണ്ടാകുന്നത്‌ നാളിതുവരെ പാലിക്കപ്പെട്ടുവന്ന നിയമ സംവിധാനത്തിന്‌ ഭീഷണിയുയര്‍ത്തുന്നുവെന്ന്‌ ഐ എന്‍ ഒ സി യു എസ്‌ എ ചെയര്‍മാന്‍ ജോര്‍ജ്‌ ഏബ്രഹാം പറഞ്ഞു. 

രാജ്യത്ത്‌ ഉയര്‍ന്നുവരുന്ന അക്രമത്തിന്റെ സംസ്‌കാരത്തിന്‌ നിയമം സംരക്‌ഷിക്കേണ്ടവര്‍ തന്നെ പിന്തുണ നല്‍കുന്നുവെന്ന കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുടെ പരാമര്‍ശത്തെ പിന്താങ്ങുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. എന്താണ്‌ ഭക്‌ഷിക്കേണ്ടതെന്നും ആരെയാണ്‌ സ്‌നേഹിക്കേണ്ടതെന്നും എന്തു ചിന്തിക്കണമെന്നും പോലും മറ്രുള്ളവര്‍ തീരുമാനിക്കുന്ന സാഹചര്യം അപലപനീയമാണ്‌. 

ഇന്ത്യയുടെ പരമ്പരാഗതമൂല്യങ്ങളും സംസ്‌കാരവും തച്ചുടയ്‌ക്കപ്പെടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച സോണിയാ ഗാന്ധി തെറ്റുകള്‍ക്കെതിരെ ശബ്‌ദമുയര്‍ത്തണമെന്നും ഇല്ലെങ്കില്‍ ജനങ്ങളുടെ മൗനത്തെ ബന്ധപ്പെട്ടവര്‍ സമ്മതമായി കാണുവെന്നും ആഹ്വാനം ചെയ്‌തത്‌ ഐ എന്‍ ഒ സി ചൂണ്ടിക്കാട്ടി. അവരുടെ ഭാഷ ആധുനികമാണെങ്കിലും ഇന്ത്യയെ അവര്‍ പിന്നോട്ടടിക്കുകയാണന്നു സോണിയ പറഞ്ഞു. 

പശുവിന്റെ പേരില്‍ പതിനാറുകാരന്‍ ജുനൈദിനെയും ജാര്‍ഖണ്‌ഡില്‍ നിന്നുള്ള ഉസ്‌മാന്‍ അന്‍സാരിയെയും കൊലപ്പെടുത്തിയത്‌ സംബന്ധിച്ച്‌ വളര്‍ന്നുവരുന്ന അസഹിഷ്‌ണുതയുടെ പ്രതീകമായി ഐ എന്‍ ഒ സി ചൂണ്ടിക്കാട്ടി. 

ലോകമെങ്ങുമുള്ള വിദേശ ഇന്ത്യന്‍ സമൂഹം ഇന്ത്യയുടെ സംസ്‌കാരത്തെ ലോകത്തിനു മുന്നില്‍ കളങ്കിതമാക്കുന്ന , മതാധിഷ്‌ഠിത രാഷ്‌ട്രീയത്തിലൂന്നിയുള്ള ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ അടിയന്തരമായി മുന്നോട്ടുവരണമെന്ന്‌ ഐ എന്‍ ഒ സി യു എസ്‌ എ ആഹ്വാനം ചെയ്‌തു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക