Image

ന്യൂനപക്ഷത്തില്‍പെട്ടവര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നതിന് മോഡി മറുപടി പറഞ്ഞേപറ്റൂ (ജോയ് ഇട്ടന്‍)

Published on 05 July, 2017
ന്യൂനപക്ഷത്തില്‍പെട്ടവര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നതിന് മോഡി മറുപടി പറഞ്ഞേപറ്റൂ (ജോയ് ഇട്ടന്‍)
തങ്ങളുടെ പ്രതീക്ഷയും വെളിച്ചവുമായി വളര്‍ന്നുവരുന്ന ഒരംഗത്തെ നഷ്ടപ്പെട്ട വേദനയില്‍ കണ്ണീര്‍പൊഴിച്ചിരിക്കുകയാണ് ഹരിയാനയിലെ ആ കുടുംബം. പട്ടാപ്പകല്‍ ജനങ്ങളുടെ മുന്നില്‍വച്ചു നടന്ന ഈ കൊടുംക്രൂരതയെക്കുറിച്ച് ആരോടു പറഞ്ഞാലാണു നീതി ലഭിക്കുകയെന്നു നിശ്ചയമില്ലാത്ത അവസ്ഥയിലാണവരിപ്പോള്‍ .

ആരെയും കണ്ണീരിലാഴ്ത്തുന്നതായിരുന്നു ഹരിയാനയില്‍ ജുനൈദ് പതിനാറുകാരന്റെ കൊലപാതകം.ജുനൈദിനെ ഡല്‍ഹിയില്‍നിന്നു വീട്ടിലേയ്ക്കുള്ള യാത്രാമധ്യേ ട്രെയിനില്‍വച്ച് ഒരുകൂട്ടം കാപാലികര്‍ നിഷ്കരുണം വധിക്കുകയായിരുന്നു.

ജനം നോക്കിനില്‍ക്കെയാണതു നടന്നത് എന്നോര്‍ക്കണം . നോക്കി നിന്നവരാരും പ്രതിരോധിക്കാന്‍ മുന്നോട്ടുവന്നില്ല. എന്നുമാത്രമല്ല, ഇന്ത്യയില്‍ ദൈനംദിനം വര്‍ധിച്ചുവരുന്ന കൊലകളുടെ നിരയിലേയ്ക്ക് എല്ലാവരും അതിനെ വളരെ ലാഘവത്തോടെ ചേര്‍ത്തുവയ്ക്കുകയും ചെയ്തു. സംഭവം നടന്നു ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഒരക്ഷരം ഉരിയാടിയിട്ടുമില്ല. ആ കുടുംബത്തിനു സാന്ത്വനം പകരാന്‍ ജനപ്രതിനിധികളാരും അങ്ങോട്ടു കടന്നുചെന്നിട്ടുമില്ല.

പൗരന്മാര്‍ക്ക്, വിശിഷ്യാ ന്യൂനപക്ഷത്തില്‍പെട്ടവര്‍ക്കു, നീതി നിഷേധിക്കപ്പെടുന്നതിനു മോഡി മറുപടി പറഞ്ഞേപറ്റൂ.
എന്തിനാണ് ജുനൈദ് വധിക്കപ്പെട്ടത്.
അവന്റെ രക്തത്തിന് ഈ മണ്ണില്‍ ഒരു വിലയുമില്ലേ.

എല്ലാ അര്‍ഥത്തിലും വര്‍ഗീയവിദ്വേഷം നിഴലിച്ചുനില്‍ക്കുന്നതാണു ജുനൈദിന്റെ കൊല. പശുമാംസം ഭക്ഷിക്കുന്നവര്‍, രാജ്യദ്രോഹികള്‍ എന്നു തുടങ്ങിയുള്ള അവരുടെ വിളികള്‍ കൊലയാളികള്‍ ആരാണെന്നും അവരുടെ ആവശ്യം എന്താണെന്നും വ്യക്തമാക്കുന്നുണ്ട്.

നിരപരാധികളെ ജനമധ്യത്തിലിട്ട് അടിച്ചും തൊഴിച്ചും കൊലചെയ്യാന്‍ അവരെ പ്രേരിപ്പിച്ച ഘടകവും അവര്‍ക്ക് ആത്മബലം നല്‍കിയ വസ്തുവും എന്താണെന്നാണ് അന്വേഷിക്കപ്പെടേണ്ടത്. രാജ്യം ഇന്നു നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും അതാണ്. പരസ്പരം മതസ്പര്‍ധ വളര്‍ത്തി, ഒരുമിച്ചുനില്‍ക്കേണ്ടവരെ കൊന്നൊടുക്കാനാണ് ഇത്തരം ഘടകങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

നിസ്സാരമായി എഴുതിത്തള്ളേണ്ട സംഗതിയല്ല ഇത്. പശുവും ദൈവവും ഇവിടെ വിഷയമേയല്ല. ലോകമറിഞ്ഞു ചര്‍ച്ച ചെയ്യപ്പെട്ട കൊലകള്‍തന്നെ പത്തിലേറെ വരും. അതിലുമെത്രയോ മുകളിലാണ് അറിയപ്പെടാത്ത സംഭവങ്ങള്‍. പശുവിന്റെ പേരില്‍ ദലിതുകളും താഴ്ന്നജാതിക്കാരും അനുഭവിക്കുന്ന പീഡനങ്ങള്‍ വേറെയും.

കക്ഷി, ജാതി ഭേദമെന്യേ ഇതിനെതിരേ സംഘടിക്കാനും ഫാസിസ്റ്റ് ഭീകരതയെ ചെറുക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും സമയം അതിക്രമിച്ചിരിക്കുന്നു. പുതുതായി രൂപപ്പെട്ട പശുഭീകരത ഒട്ടും മനുഷ്യപ്പറ്റില്ലാത്ത നരനായാട്ടാണു നടത്തിക്കൊണ്ടിരിക്കുന്നത്. ഗോരക്ഷകര്‍ ആരെയും എപ്പോഴും നിഷ്കരുണം വധിക്കും. കഴിഞ്ഞമാസങ്ങളില്‍ യു.പിയിലും മറ്റും അതാണു സംഭവിച്ചത്. മനുഷ്യരുടെ ജീവന്‍ രക്ഷിക്കുന്നതിനു പകരം പശുവിന് ആധാര്‍കാര്‍ഡ് ഒരുക്കുന്നതിലും ആശുപത്രി പണിയുന്നതിലും വ്യാപൃതരാണു കേന്ദ്രസര്‍ക്കാര്‍.

രാജ്യത്തു വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ അരാജകത്വത്തെ യുക്തമായ പ്രതിവിധികള്‍ വഴി ചെറുത്തുതോല്‍പിച്ചേ മതിയാവൂ. മതേതരത്വ രാജ്യമായ ഇന്ത്യയില്‍ ഭരണഘടന ഇതിനു വഴി പറയുന്നുണ്ട്. മതേതരകക്ഷികളുടെ കൂട്ടായ്മയാണ് ഇതിനാവശ്യം. രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിഭാഗീയത മറന്ന് അത്തരം വേദിയെക്കുറിച്ച് ചിന്തിക്കണം. അല്ലെങ്കില്‍, ന്യൂനപക്ഷങ്ങള്‍ക്കു രാജ്യത്തു ജീവിക്കുന്നതും യാത്രചെയ്യുന്നതും ദുസ്സഹമായി മാറും.

ഇന്ത്യയുടെ ബഹുസ്വരതയുടെ സ്‌നേഹപശ്ചാത്തലത്തില്‍ ഇതൊന്നും വിഷയമേയല്ല. എല്ലാവരും എവിടെയും സഹകരിക്കുകയും സൗകര്യങ്ങളൊരുക്കിക്കൊടുക്കുകയുമാണു പതിവ്. സംഘ്പരിവാര്‍ തിളപ്പിച്ചുവിടുന്ന മതസ്പര്‍ധയും വിദ്വേഷവും ഇതിനെല്ലാം ഭീഷണിയാവുകയാണ്. സുരക്ഷിതബോധത്തോടെ യാത്ര ചെയ്യാന്‍പോലും ന്യൂനപക്ഷങ്ങള്‍ക്കു ഭയമായിരിക്കുന്നു. മനുഷ്യാവകാശങ്ങള്‍ക്കും പൗരജീവിതത്തിനും വിലകല്‍പിക്കുന്ന ഭരണഘടനയുള്ള രാജ്യത്ത് ഇതൊരിക്കലും അനുവദിക്കപ്പെട്ടുകൂടാ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക